Image

ടിയാന്‍ (കവിത : ലക്ഷ്മി .പി)

ലക്ഷ്മി .പി Published on 25 March, 2019
 ടിയാന്‍ (കവിത : ലക്ഷ്മി .പി)
രണ്ടുനാളത്തെ പരോളില്‍
കോഴിക്കോട്ടെത്തിയ
ടിയാനയാളുമായി
കാണാമെന്നുറപ്പിച്ചിരുന്ന
സമയത്തിനുമേറെ ശേഷം
പ്രസ്തുത നഗരത്തിലെത്തുകയും
നഗരത്തിന്റെതോ
ശരീരത്തിന്റെതോയെന്ന്
ടിയാനുറപ്പിക്കാനാവാതിരുന്ന
സ്വാതന്ത്ര്യത്തില്‍
അസ്വസ്ഥനാവുകയും
മൈതാനം കടന്ന്
റെയില്‍പ്പാളം കടന്ന്
വൈകുന്നേരത്തെ കടന്ന്
ത്രിസന്ധ്യയോടടുപ്പിച്ച്
ബട്ട്‌റോഡ് കടപ്പുറത്തെത്തുകയും 
ചെയ്തു.

സന്ധ്യയായതിനാല്‍
അയാള്‍ പോയിക്കാണുമെന്നും
അല്‍പനേരത്തേക്ക്
ഒറ്റക്കിരിക്കാമെന്നും
കൂടിയിരിക്കാനുള്ള
സാധ്യതകളുള്ളയൊരാളുടെ
ഒറ്റക്കിരിപ്പ്
എങ്ങനെയായിരിക്കുമെന്നറിയണമെന്നും
ജോഡികളായി വന്നവരുടെയും 
മക്കളെ തൂക്കിയെറിയാനോങ്ങുന്ന
അച്ഛന്മാരുടെയും
കുഞ്ഞിക്കാലില്‍ കടല്‍നനയ്ക്കാന്‍
കൊണ്ടുവന്ന അമ്മമാരുടെയും
ബഹളമൊഴിഞ്ഞ ഒരു മൂല
ജീവിതമെന്ന പോലെ
കടപ്പുറവും 
ടിയാനായി
ബാക്കിവെച്ചിട്ടുണ്ടാവുമെന്ന് 
കരുതുകയും ചെയ്തു.

എന്നാല്‍
ടിയാനെ നോക്കിക്കൊണ്ട്
മറ്റേയറ്റത്തു നിന്നുമൊരാള്‍
വരുന്നതു കണ്ടപ്പോഴാകട്ടെ
ആയിരത്തിയിരുന്നൂറ്
വര്‍ഷങ്ങള്‍ക്ക് ശേഷമായിട്ടു പോലും
തലേന്നു കണ്ടതാണെന്ന പോലെ
ടിയാനയാളെ തിരിച്ചറിയുകയും
അസാധാരണവും അനാവശ്യവുമായിരുന്ന
ആ പരിചിതത്വത്തെപ്രതി
വീണ്ടും അസ്വസ്ഥനാവുകയും ചെയ്തു.

ടിയാനോടയാള്‍ ഒന്നുംതന്നെ
പറഞ്ഞില്ലയെങ്കിലും
വെറുതെ ചിരിച്ചതിലൂടെ
ടിയാനോടൊപ്പം മണലില്‍
കാലുനീട്ടിയിരിക്കാനുള്ള 
സ്വാതന്ത്ര്യം
നിഷ്പ്രയാസമയാള്‍ 
സ്ഥാപിച്ചെടുക്കുകയും
ടിയാന്റെ
വലതുവശത്തായിരിക്കുകയും
കാത്തിരിപ്പിന്റേതെന്ന്
ടിയാന് തോന്നിപ്പിച്ച 
ദീര്‍ഘനിശ്വാസത്തോടെ
കണ്ണടയൂരുകയും
അയാളുടെ തലമുടിത്തലപ്പുകള്‍
കാറ്റിലിളകുന്നത്
ടിയാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

ടിയാനയാളുമായി
പറയാവുന്നതായി
ഒന്നുമുണ്ടായിരുന്നില്ല
എന്നതിലേറെ
ടിയാനാരുമായും
പറയാവുന്നതായിട്ടൊന്നും
നിലനിന്നിരുന്നില്ല
എന്നതിനാല്‍
പറയാനുള്ള വെമ്പലുകളോ
പറയാത്തതിലുള്ള
പരിഭവങ്ങളോ
ഒഴിഞ്ഞതായ
ആ ഇരുപ്പ്
ക്രമേണ ടിയാന്
രസിക്കുകയും 
അപ്പോള്‍
ചുവന്നയാകാശത്തെ മുറിച്ച്
മഞ്ഞബള്‍ബുകള്‍ കത്തുന്ന
ഒരു വിമാനം
അവരുടെ തലയ്ക്കു മുകളിലൂടെ
പടിഞ്ഞാറേ ദിശയിലേയ്ക്ക്
കടന്നുപോവുകയും ചെയ്തു.

കണ്ടുകണ്ടിരിക്കെ 
സൂര്യനസ്തമിച്ചിരുന്നു.
ആളുകളൊഴിഞ്ഞു തുടങ്ങുകയും
പകരം
നക്ഷത്രങ്ങള്‍ തെളിയുകയും
ചെയ്തിരുന്നു.
നക്ഷത്രങ്ങളെ കണ്ടപ്പോഴാകട്ടെ
ടിയാന്‍ താനിപ്പോള്‍
നക്ഷത്രങ്ങളെ കാണുന്നുവല്ലോ
എന്നോര്‍ക്കുകയും
അയാളാകട്ടെ 
യൊരുല്‍ക്കയുടെ വീഴ്ച
കാണുകയുമുണ്ടായി.

കന്യാകുമാരിയിലൊരു നാള്‍
നിലാവ് വീഴുന്നതും കണ്ടിരുന്ന രാത്രി
ടിയാനോര്‍മ്മ വന്നപ്പോഴാകട്ടെ
അയാള്‍ക്ക്
ആയിരത്തിയിരുന്നൂറ് വര്‍ഷങ്ങള്‍ മുമ്പ് 
വീശിയിരുന്ന കാറ്റിന്റെ 
തണുപ്പോര്‍മ്മ വന്നു.

കറുത്തആകാശത്തെ മുറിച്ചുകൊണ്ട്
മഞ്ഞ ബള്‍ബുകള്‍ കത്തുന്ന
മറ്റൊരു വിമാനം
അവരുടെ തലയ്ക്കു മുകളിലൂടെ
പടിഞ്ഞാറേ ദിശയിലേയ്ക്ക്
കടന്നുപോയപ്പോള്‍
അയാളെഴുന്നേല്‍ക്കുകയും
ടിയാന്റെ വലതുവശത്തായി
അല്‍പനേരം നില്‍ക്കുകയും
ടിയാനയാളുടെ കാലുകളില്‍
ആയിരത്തിയിരുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്തേയ്ക്ക്
നടന്ന വഴികള്‍
കാണുമോയെന്ന്
ഒട്ടും കൗതുകപ്പെടാതെയാണെങ്കിലും
നോക്കിപ്പോവുകയും ചെയ്തു.

തിരിച്ചു പോക്കിന്റേതെന്ന്
ടിയാന്‍ മനസ്സിലാക്കിയ
ഒരു ദീര്‍ഘനിശ്വാസത്തോടെ
അയാള്‍ കണ്ണട വെക്കുന്നതും
നടന്നുപോവുന്നതും
ഐസ്‌ക്രീം വില്‍പ്പനക്കാരുടെ
വണ്ടികള്‍ക്കപ്പുറത്തേക്ക്
മറയുന്നതും
പിന്നെയും തിരയടിക്കുന്നതും
അയാളടുത്തിരുന്നപ്പോള്‍
കാണാതെ പോയ
നീല നിറമുള്ള പട്ടങ്ങള്‍
മണലില്‍ നീണ്ടുകിടക്കുന്നതും
പിന്നെയും കാറ്റുവീശുന്നതും
അവസാനത്തെ
ഐസ്‌ക്രീം വണ്ടിക്കാരനും 
തിരിച്ചുപോകാനൊരുങ്ങുന്നതുമെല്ലാം
കണ്ടുകൊണ്ടിരിന്ന
ടിയാന്‍ 
അയാളെ 
ആയിരത്തിയിരുന്നൂറു വര്‍ഷങ്ങള്‍ക്കപ്പുറം
കൊന്നുകളഞ്ഞതെന്തിനായിരുന്നുവെന്ന്
ഓര്‍ക്കുകയും
കറുത്ത ആകാശത്തെ 
മുറിച്ചുകൊണ്ട്
മഞ്ഞ ബള്‍ബുകള്‍ കത്തുന്ന
ഒരു വിമാനം കൂടി
ടിയാന്റെ തലയ്ക്കു മുകളിലൂടെ
പടിഞ്ഞാറേ ദിശയിലേയ്ക്ക്
കടന്നുപോവുകയും ചെയ്തു.

 ടിയാന്‍ (കവിത : ലക്ഷ്മി .പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക