Image

നക്ഷത്രജന്മം(കവിത : മനോജ് മനയില്‍ )

മനോജ് മനയില്‍ Published on 25 March, 2019
നക്ഷത്രജന്മം(കവിത : മനോജ് മനയില്‍ )
പാതിരാനേരത്തു വിണ്‍മുറ്റം ചന്തത്തില്‍
പൂക്കളമാക്കുന്ന താരങ്ങളേ
നിങ്ങളെക്കണ്ടെത്ര ജന്മങ്ങള്‍ ഭൂമിയില്‍
വിസ്മിതനേത്രരായ് നിന്നതല്ലീ!
മണ്ണിലേയ്ക്കുറ്റു നോക്കുന്നൊരു നിങ്ങളെ
കണ്ണാലെകണ്ടുകൊതിതീരുമോ?
നിങ്ങളെക്കാണാതെ പോയിട്ടുണ്ടാവില്ല
ഇമ്മലയാളകവികളൊന്നും
താരത്തിളക്കത്തിന്‍ കണ്ണുകള്‍ കാണാതെ
കാമുകര്‍ പ്രേമിച്ചിട്ടുണ്ടാവില്ല
'ആചന്ദ്രതാരം വിളങ്ങു'ന്നൊരാംശസ
നേരാത്തോരിന്ത്യക്കാരുണ്ടാവില്ല
'നക്ഷത്രമെണ്ണിയ' നോവറിയാത്തൊരു
മാനുഷജീവിതമുണ്ടാവില്ല
താഴത്തേക്കെന്തിത്ര സൂക്ഷിച്ചുനോക്കുവാ
നെന്നല്ലോ പാട്ടുരചിപ്പൂ ഞങ്ങള്‍
താനേ വളര്‍ന്നു പ്രശസ്തി നേടുന്നോരെ
'താര'മെന്നല്ലോ വിളിപ്പു ഞങ്ങള്‍
'അശ്വതി'തൊട്ടിരുപത്തേഴു നക്ഷത്രം
ജന്മനാളായി വിലസുന്നുണ്ട്!

ആദിമധ്യാന്തങ്ങളില്ലാതെ,യാകാശ
മാര്‍ഗത്തില്‍നിന്നു ചിരിപ്പവരേ
നിങ്ങള്‍ പണ്ടെന്നോ മരിച്ചവരാണെന്നു
ചൊല്ലുന്നു ഞങ്ങള്‍തന്‍ വാനശാസ്ത്രം!
കാണുന്നതൊന്നും യഥാതഥമല്ലെന്ന
വാസ്തവം ഞങ്ങള്‍ക്കറിവേകുന്നു
താരകരാജനാകുന്നൊരീ സൂര്യനും
നാളിലൊരിയ്ക്കലണഞ്ഞുപോകും
ഉണ്ടായതൊക്കെയും ഇല്ലാതെയാകുന്ന
സത്യമാണത്രേ പ്രപഞ്ചമാര്‍ഗം
ഇക്കഥയോര്‍ക്കുകില്‍ മാനുഷജീവിത
ഗാഥകള്‍ മറ്റെന്തു പാടിടണം?
എങ്കിലും ജീവിതം മിന്നിത്തിളങ്ങുന്ന
താരകമായൊന്നു തീരുമെങ്കില്‍
അവ്വിധം കാന്തിചുരത്തുന്ന ജീവിതം
നിത്യമായ്ത്തീരുകയല്ലൊ ധന്യം!

നക്ഷത്രജന്മം(കവിത : മനോജ് മനയില്‍ )
Join WhatsApp News
വള്ളത്തോൾ 2019-03-25 21:02:43
താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങൾ നിശ്ചലമായ്
നിങ്ങളെപ്പോലെ അപൂർവം ചിലർ ഈ
ഭൂമിയിൽ മിന്നിത്തിളങ്ങുന്നുവോ?

Sudhir Panikkaveetil 2019-03-25 18:18:57
നല്ല കവിത. നമുക്കൊക്കെ  സ്റ്റാറുകൾ ആകാം. after all we are all made of stars (2002 song ) മനുഷ്യ ജന്മം ശ്രെഷ്ടമെന്ന് മതങ്ങൾ പറയുമെങ്കിലും മരിച്ച്കഴിഞ്ഞ് നക്ഷത്രമായി നിൽക്കാനാണ് മനുഷ്യന് ആഗ്രഹം. നിങ്ങൾ ഭാവനചെയ്യുന്ന നക്ഷത്രജന്മം സംഭവിക്കുന്നുണ്ടാകാം. ചിലരൊക്കെ ഭൂമിയിൽ ജീവിച്ച് തന്നെ stars ഉം super stars ഉം mega star കളും സൂപ്പർനോവ കളും ആകുന്നു. 

കാവ്യ ഭാവനകളെ സൗന്ദര്യത്തോടെ ആവിഷ്‌ക്കരിക്കുമ്പോൾ അനുവാചകന് അനുഭൂതി. അഭിനന്ദനങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക