ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം ഏപ്രില്‍ 5 വെള്ളിയാഴ്ച്ച മുതല്‍ 7 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. ഹൈദരാബാദ് കേന്ദ്രമായി 2017 ല്‍ രൂപീകൃതമായ ഷംസാബാദ് സീറോമലബാര്‍ രൂപതയുടെ പ്രഥമബിഷപ്പും പ്രഗല്ഭ ധ്യാനഗുരുവുമായ മാര്‍ റാഫേല്‍ തട്ടില്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്.
മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി അഞ്ചു വ്യത്യസ്ത ട്രാക്കുകളിലായിട്ടാണു ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നയിക്കുന്നത്. ഏപ്രില്‍ 5 വെള്ളിയാഴ്ച്ച അഞ്ചുമണിക്ക് ജപമാലയോടുകൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, വി. കുര്‍ബാന, കുരിശിന്റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം.
ഏപ്രില്‍ 6 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. നിത്യസഹായമാതാവിന്റെ നൊവേന, വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. നാലുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.
ഏപ്രില്‍ 7 ഞായറാഴ്ച്ച രാവിലെ ഒന്‍പതര മണിക്ക് വിശുദ്ധകുര്‍ബാനയോടെ മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് മൂന്നുമണിക്ക് ധ്യാനം സമാപിക്കും.
യുവാക്കള്‍ക്കും, മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ കുട്ടികള്‍ക്കുമുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ച്ചയും, ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. കോളജില്‍ പഠിക്കുന്ന യുവാക്കള്‍ക്കും, ഉദ്യോഗസ്ഥരായ യുവാക്കള്ക്കുമൂള്ള ഇംഗ്ലീഷ് ധ്യാനം നയിക്കുന്നത് പ്രശസ്ത യുവജന വചനപ്രഘോഷകനായ ഷിജു ഫിലിപ് ആണു.
മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ സി. സി. ഡി. കുട്ടികള്‍ക്ക് ജീസസ് യൂത്ത് വോളന്റിയേഴ്സ് ആയിരിക്കും ധ്യാനശുശ്രൂഷ നിര്‍വഹിക്കുന്നത്. എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ക്കായി മതാധ്യാപകര്‍ ക്ലാസുകള്‍ കൊടുക്കും.
ശനിയാഴ്ച്ചയും, ഞായറാഴ്ചയും ആണു യുവാക്കള്‍ക്കും, മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ കുട്ടികള്‍ക്കുമുള്ള ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ ഒന്പതിനാരംഭിച്ച് നാലുമണിക്ക് അവസാനിക്കും. ഞായറാഴ്ച്ച രാവിലെ ഒന്പതരക്ക് ആരംഭിച്ച് ഉച്ചക്കുശേഷം മൂന്നുമണിക്ക് അവസാനിക്കും.
ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു രണ്ടുദിവസവും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ വളരാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന് വറീദ്, ജോര്‍ജ് വി. ജോര്‍ജ് എന്നിവരും, പാരീഷ് കൗണ്‍സിലും സംയുക്തമായി ക്ഷണിക്കുന്നു.
ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ (വികാരി) 630 901 5724
ബിനു പോള്‍ (കൈക്കാരന്) 267 939 7936
ടോം പാറ്റാനി (സെക്രട്ടറി) 267 456 7850