Image

മാറ്റൊലി (കവിത: രമ പ്രസന്ന പിഷാരടി)

Published on 26 March, 2019
മാറ്റൊലി (കവിത: രമ പ്രസന്ന പിഷാരടി)
(കരളില്‍ ചിറകുള്ള സഞ്ചാരപ്രിയരായ മഹാനദികളിലൊന്നിനരികില്‍ പടര്‍ന്ന് പന്തലിച്ച വൃക്ഷത്തിന്റെ ശിഖരങ്ങളില്‍ നിന്ന് സംഗീതമുണര്‍ത്തിയ,  ആത്മാവിലൊരു ചിതയിലൂടെ ചന്ദനപ്പമ്പരം തേടി നടന്ന ബാല്യത്തിന്റെ നിഷങ്കളത്വം നോവിന്റെ അനശ്വരകാവ്യമാക്കി മാറ്റിയ വയലാറിന് സമര്‍പ്പണം)

പഴയ പാട്ടിന്‍ സുഗന്ധമേറുന്നൊരു
പുതിയ  ഭൂമിതന്‍ സൗഗന്ധികങ്ങളില്‍
പകലുകള്‍ അഗ്‌നി തൂവുന്ന ഗ്രീഷ്മത്തി
നുലകളില്‍ വീണു സൂര്യന്‍ ജ്വലിക്കവെ !

വഴി നടന്നു നീങ്ങീടും ഋതുക്കളില്‍
നറു നിലാവിന്റെ സ്വാന്തനസ്പര്‍ശനം
കുതിരകള്‍ അശ്വമേധം നടത്തുന്നു
കവിതകള്‍ മൂന്നു ലോകം ജയിക്കുന്നു

സിരകളില്‍ ഗന്ധമാദനം പൂക്കുന്നു
മൊഴികളില്‍ സ്വര്‍ഗ്ഗവാദ്യങ്ങളേറുന്നു
നദികള്‍ ലോകസഞ്ചാരം നടത്തുന്ന
വഴിയില്‍ വൃക്ഷങ്ങള്‍ വീണയായീടുന്നു

മരണമെന്തെന്നറിയാത്ത ബാല്യമേ!
എവിടെയാണെന്റെ ചന്ദനപ്പമ്പരം?
നിബിഢ കാനനം ദ്രാവിഡപുത്രിയില്‍
നിനവ് തേടിയ വിന്ധ്യശൈലാതലം

അമൃതുതൂവുന്ന ഭാവാനാസാഗരം
നറു നിലാവിന്റെ ചന്ദനപ്പൂവുകള്‍
ഉയിരുണര്‍ത്തും മഹാപര്‍വ്വതങ്ങളില്‍
നദികളുത്ഭവിക്കും പോലെ കവിതകള്‍

അറിയൂ ഭൂമി നീയിന്നും സനാഥയെന്നൊരു
കവി സത്യവാക്യമോതീടുന്നു..
അവിടെ  മാറ്റൊലിക്കൊള്ളുന്ന കവിതയില്‍
ഇനിയുമശ്വമേധം ചെയ്യുമൊരു  കവി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക