Image

സി.ലിസി വടക്കേലിനോട് ചോദ്യങ്ങളുമായി എഫ്.സി.സി പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍

Published on 26 March, 2019
 സി.ലിസി വടക്കേലിനോട് ചോദ്യങ്ങളുമായി എഫ്.സി.സി പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍
 
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്‍കിയ സി.ലിസി വടക്കേലിനോട് ഒരുപിടി ചോദ്യങ്ങളുമായി ഫ്രാന്‍സിസ്‌കന്‍ ക്ലാരീസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) വിജയവാഡ നിര്‍മ്മല പ്രൊവിന്‍സ് സുപ്പീരിയര്‍ സി.അല്‍ഫോന്‍സാ ഏബ്രഹാം. കന്യാസ്ത്രീ പീഡനത്തിന് ഇരയായെന്ന് 2015 ല്‍ തന്നെ അറിയാമെങ്കില്‍ എന്തുകൊണ്ട് അക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല എന്നാണ് കഴിഞ്ഞ ദിവസം അയച്ച വാണിംഗ് ലെറ്ററില്‍ ചോദിക്കുന്നത്.

മൂവാറ്റുപുഴ ജ്യോതിഭവനില്‍ കഴിയുന്ന സി.ലിസി വടക്കേലിന് ഇതിനകം നല്‍കിയ സ്ഥലമാറ്റ ഉത്തരവുകള്‍ പാലിക്കണമെന്നും മാര്‍ച്ച് 31നകം തിരിച്ച് വിജയവാഡയില്‍ എത്തണമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി ജ്യോതിഭവനില്‍ താമസിക്കാന്‍ അനുമതി തേടണമെന്നും കത്തില്‍ പറയുന്നുണ്ട്.

കുറവിലങ്ങാട്ടെ മഠത്തില്‍ നടന്ന പീഡനത്തെ കുറിച്ച് അന്വേഷണ സംഘത്തിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്നതോടെയാണ് സി.ലിസി വടക്കേലിന് തുടര്‍ച്ചയായി സഭാ നേതൃത്വം സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്. മഠത്തിനുള്ളില്‍ നേരിടുന്ന ഭീഷണികളെ കുറിച്ച് മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ അവര്‍, തന്റെ ജീവനു ഭീഷണിയുണ്ടെന്നും മനോരോഗിയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നും അങ്ങനെ തന്റെ മൊഴി കോടതിയില്‍ അസാധുവാക്കാനുള്ള നീക്കമാണ് നടത്തിയതെന്നും അവര്‍ ആരോപിച്ചിരുന്നു. നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന തനിക്ക് മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് എഫ്.സി.സി പ്രൊവിന്‍ഷ്യാളിന്റെ കത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക