Image

കാനോന്‍ നിയമത്തിന്റെ അധികാരപരിധി പരിമിതപ്പെടുത്തണം: മദ്രാസ് ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Published on 26 March, 2019
കാനോന്‍ നിയമത്തിന്റെ അധികാരപരിധി പരിമിതപ്പെടുത്തണം: മദ്രാസ് ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കോട്ടയം: കാനോന്‍ നിയമത്തെ മറയാക്കി വരുമാന നികുതി അടയ്ക്കാതിരിക്കുന്ന കത്തോലിക്കാസഭയുടെ നിലപാട് തള്ളിയ മദ്രാസ് ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. വിദേശരാജ്യ ഭരണഘടനയായ കാനോന്‍ നിയമം ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന സാഹചര്യമുണ്ടായിട്ടും പല കോടതികളും കണ്ണടയ്ക്കുന്ന പ്രവണത തുടരുകയാണ്. ഇതുമൂലം സാമ്പത്തികവും സാമൂഹികവുമായ വളരെയധികം സങ്കീര്‍ണതകള്‍ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ അവകാശങ്ങള്‍ നിഷേധിക്കാനും അവരെ ചവിട്ടിയരക്കാനും കാനോന്‍ നിയമം മെത്രാന്മാര്‍ ഉപയോഗിക്കുകയാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.

സ്വതന്ത്ര പരമാധികാര മതേതര രാജ്യത്ത് ഭരണഘടനയാണ് പൗരന്മാരുടെ പരമപ്രധാനമായ മാര്‍ഗരേഖ. അതിനെ വെല്ലുവിളിക്കുന്ന യാതൊന്നും അനുവദിക്കാന്‍ പാടില്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാരും സൊസൈറ്റി ഓഫ് മേരി ഇമ്മാക്കുലേറ്റും എതിര്‍കക്ഷികളായലുള്ള വരുമാന നികുതി സംബന്ധിച്ച റിട്ട് അപ്പീല്‍ കേസിലെ വിധിയിലൂടെ  മദ്രാസ് ഹൈക്കോടതി അടിവരയിട്ടുറപ്പിച്ചിരിക്കുകയാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. 

സാമൂഹ്യനീതിക്കായി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന കത്തോലിക്കാ സഭാ വരുമാന നികുതി നല്‍കാത്തത് സാമൂഹികമായി അനീതിയാണ് സൃഷ്ടിക്കുന്നത്. കാനോന്‍ നിയമം സഭയുടെ വിശ്വാസ ആചാരനുഷ്ഠാന പരമായ കാര്യങ്ങളില്‍ മാത്രമേ ബാധകമാകൂ എന്ന സ്ഥിതി വരണമെന്നും സഭയുടെ സമ്പത്ത് ഭരിക്കാനായി ഒരു ജനാധിപത്യ സമിതിക്ക് രൂപംകൊടുക്കുന്ന ചര്‍ച്ച് പ്രൊപ്പര്‍ട്ടീസ് ആക്ട് പാസാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനു വേണ്ടി ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് കെ. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക