Image

പ്രമുഖ സാഹിത്യകാരി അഷിത അന്തരിച്ചു

Published on 26 March, 2019
പ്രമുഖ സാഹിത്യകാരി  അഷിത അന്തരിച്ചു
തൃശ്ശൂര്‍: മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ചെറുകഥാകൃത്തും കവയിത്രിയും വിവര്‍ത്തകയുമായിരുന്ന അഷിത തൃശ്ശൂരിലെ പഴയന്നൂരില്‍ 1956ല്‍ ആണ് ജനിച്ചത്. ഡല്‍ഹിയിലും ബോംബെയിലുമായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

മലയാളത്തിലെ അധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയായിരുന്നു അഷിത. കവയിത്രികൂടിയായിരുന്ന അഷിത, അക്‌സാണ്ടര്‍ പുഷ്കിന്റെ കവിതകള്‍ അടക്കമുള്ള റഷ്യന്‍ കവിതകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

അഷിതയുടെ കഥകള്‍, അപൂര്‍ണവിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്കിന്റെ കവിതകളുടെ മലയാള തര്‍ജ്ജമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖം എറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്കാരം, പത്മരാജന്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക