Image

പാലായില്‍ മാണിയുടെ പിന്‍ഗാമി നിഷ . . . പാര്‍ട്ടി ചെയര്‍മാനാകാന്‍ ജോസ് കെ. മാണിയും

Published on 12 April, 2019
പാലായില്‍ മാണിയുടെ പിന്‍ഗാമി നിഷ . . . പാര്‍ട്ടി ചെയര്‍മാനാകാന്‍ ജോസ് കെ. മാണിയും

മാണി പോയതോടെ നാഥനില്ലാത്ത അവസ്ഥയിലായ കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്താനും കൂടെ നിര്‍ത്താനും അണിയറയില്‍ നീക്കങ്ങള്‍ ശക്തം. മാണി വഹിച്ചിരുന്ന ചെയര്‍മാന്‍, നിയമസഭ കക്ഷി നേതാവ്, പാലാ സീറ്റ് എന്നിവയിലേക്കാണ് പകരക്കാരനെ കണ്ടത്തേണ്ടത്. ഇതില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭ മണ്ഡലത്തില്‍ നിഷ ജോസ്.കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

നേരത്തെ കോട്ടയം ലോകസഭ സീറ്റിലേക്ക് മാണിയുടെ ഈ മരുമകളുടെ പേര് സജീവമായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷ തന്നെ പിന്‍മാറുകയായിരുന്നു. പി.ജെ. ജോസഫ് അവസാന നിമിഷം വരെ കോട്ടയം സീറ്റിനു വേണ്ടി ലക്ഷ്യമിട്ടെങ്കിലും അത് അംഗീകരിക്കാന്‍ മാണി വിഭാഗം തയ്യാറായിരുന്നില്ല. ഒടുവിലാണ് തോമസ് ചാഴിക്കാടന് നറുക്ക് വീണിരുന്നത്.


പാലായിലും കോട്ടയത്തും പൊതു രംഗത്ത് സജീവ സാന്നിധ്യമായ നിഷ ജോസിനെ ഉപതിരഞ്ഞെടുപ്പില്‍ പാലയില്‍ നിന്നും മത്സരിപ്പിക്കണമെന്ന ആഗ്രഹമാണ് മാണിവിഭാഗത്തിലെ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ നിഷ ജോസിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ജോസഫ് വിഭാഗം പകരം മാണി വഹിച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ പദവി ജോസഫിന് നല്‍കണമെന്ന നിലപാടിലാണ്. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ ജോസഫിന് അതിനുള്ള അര്‍ഹത ഉണ്ടെന്നാണ് ഈ വിഭാഗത്തിന്റെ വാദം. എന്നാല്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ മാണി ഉടന്‍ തന്നെ നിയമിതനാകുമെന്നും മറ്റൊരു പേരും പരിഗണിക്കുന്ന പ്രശ്‌നമില്ലന്നും മറു വിഭാഗവും വാദിക്കുന്നു.

മാണി അന്തരിച്ചതോടെ സ്ഥാനമാനങ്ങളെ ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് കേരള കോണ്‍ഗ്രസ്സിനെ നിലവില്‍ കാത്തിരിക്കുന്നത്. ഒരാള്‍ക്ക് രണ്ടു സ്ഥാനം വേണ്ടന്ന ഭേദഗതിയോടെയാണ് കേരള കോണ്‍ഗ്രസ്സ് സ്ഥാപക ചെയര്‍മാന്‍ കെ.എം ജോര്‍ജ് സ്ഥാനം ഒഴിഞ്ഞിരുന്നത്.പിന്നീട് മന്ത്രിയായപ്പോള്‍ സി.എഫ്.തോമസും ചെയര്‍മാന്‍ സ്ഥാനം വിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി.ജെ. ജോസഫ് പിളര്‍ന്ന് പോയതും ചെയര്‍മാന്‍ സ്ഥാനം ലഭിക്കാതെ വന്നപ്പോഴാണ്.


നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫിന് പുറമെ സി.എഫ് തോമസ് ഡപ്യൂട്ടി ചെയര്‍മാനും കെ.എം മാണിയുടെ മകന്‍ ജോസ്.കെ മാണി വൈസ് ചെയര്‍മാനുമാണ്.ഇവരില്‍ ആര്‍ക്ക് വേണമെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരാം. ജോസ് കെ മാണിയെ അംഗീകരിക്കുന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷമായാല്‍ സി.എഫ് തോമസിന് വീണ്ടും സാധ്യതയുണ്ട്. മാണിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണ് ഇദ്ദേഹം.

പദവി സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കേണ്ട ഉന്നതാധികാര സമിതിയിലും സ്റ്റിയറിംങ്ങ് കമ്മറ്റിയിലും മുന്‍ തൂക്കവും മാണി വിഭാഗത്തിന് തന്നെയാണ്. ഈ കണക്കിലാണ് ജോസ്.കെ മാണിയുടെ പ്രതീക്ഷ.


പാലായില്‍ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കുക.മാണിയുടെ കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന് പുറത്ത് നിന്നും ഒരു സ്ഥാനാര്‍ത്ഥി ഇവിടെ ഉണ്ടാവാന്‍ സാധ്യത ഇല്ല. അതേസമയം, ജോസ്.കെ മാണിക്ക് 5 വര്‍ഷത്തോളം രാജ്യസഭയില്‍ കാലാവധി ഉള്ളതിനാല്‍ രാജി വച്ച്‌ മത്സരിക്കാന്‍ യു.ഡി.എഫ് സമ്മതിക്കാന്‍ സാധ്യതയില്ല.

രാജ്യസഭയിലേക്ക് ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാല്‍ കണക്ക് പ്രകാരം ഇടതുപക്ഷമാണ് വിജയിക്കുക. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷ തന്നെ പാലായില്‍ മത്സരിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നത്. മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

നിഷ പാലായില്‍ സ്ഥാനാര്‍ത്ഥിയാവുകയും ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാവുകയും ചെയ്താല്‍ അത് കേരളാ കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറിയിലേക്ക് തന്നെ കാര്യങ്ങള്‍ എത്തിച്ചേക്കും. ഇത്തരമൊരു സാഹചര്യത്തില്‍ പി.ജെ. ജോസഫ് വിഭാഗം പിളര്‍ന്ന് മാറി മറ്റൊരു വിഭാഗമായി യു.ഡി.എഫില്‍ തന്നെ നിലയുറപ്പിക്കാനോ ഇടതു പക്ഷത്തേക്ക് മടങ്ങാനോ സാധ്യത ഏറെയാണ്.


കോട്ടയം ലോകസഭ സീറ്റിന്റെ കാര്യത്തില്‍ ഉടക്കിയ ജോസഫിനെ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചിരുന്നത്. ഇനി മാണി കൂടി ഇല്ലാത്ത സ്ഥിതിക്ക് പൊട്ടിത്തെറി ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യുക യു.ഡി.എഫ് നേതൃത്വത്തെ സംബന്ധിച്ചും എളുപ്പമാകില്ല. ജോസ് കെ മാണിയുടെ നേതൃപാടവം വ്യക്തമാക്കേണ്ട ദിനങ്ങളാണ് വരാനിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന് തിരിച്ചടിയാകുന്ന നിലപാടുകളിലേക്ക് പോകരുതെന്ന് പിജെ ജോസഫിനോടും ജോസ് കെ മാണിയോടും കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പിയും കാര്യങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിനകം തന്നെ പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയുടെ ഭാഗമായി കഴിഞ്ഞു. കേന്ദ്രത്തില്‍ മോദിക്ക് രണ്ടാം ഊഴം ലഭിക്കുവാന്‍ ജോസ് കെ മാണിയുടെയും പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ഒരു എം.പിയുള്ള പാര്‍ട്ടിയെ പോലും പരിഗണിക്കുമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത്. ഏത് വിധേയനേയും ഭണ തുടര്‍ച്ച ഉറപ്പാക്കുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക