Image

ജോണ്‍ ടൈറ്റസ്, ജോണ്‍ സി.വര്‍ഗീസ്, ജോസഫ് ഔസോ: ചരിത്രം തിരുത്തിയ തിരുവല്ല കണ്‍വന്‍ഷന്റെ അമരക്കാര്‍ (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 14 April, 2019
ജോണ്‍ ടൈറ്റസ്, ജോണ്‍ സി.വര്‍ഗീസ്, ജോസഫ് ഔസോ:  ചരിത്രം തിരുത്തിയ തിരുവല്ല കണ്‍വന്‍ഷന്റെ അമരക്കാര്‍ (അനില്‍ പെണ്ണുക്കര)
ജോണ്‍ ടൈറ്റസ്, ജോണ്‍ സി.വര്‍ഗീസ്, ജോസഫ് ഔസോ-ഈ പേരുകള്‍ അമേരിക്കന്‍ മലയാളികള്‍ മറക്കില്ല. ചില പേരുകള്‍ നമ്മള്‍ മറക്കാതിരിക്കുന്നതിന് കാരണം ആ വ്യക്തികള്‍ക്ക് സമൂഹം നല്‍കുന്ന സ്വീകാര്യതയാണ്. അതിനു കാരണമുണ്ട് .ഫോമയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായക തുടക്കം കുറിച്ച കമ്മിറ്റിയായിരുന്നു ജോണ്‍ ടൈറ്റസിന്റെ നയിച്ച ഫോമാ 2008 -2010 കാലഘട്ടം .

അമേരിക്കന്‍ മലയാളികളുടെ സംഘശക്തിയുടെ പ്രതീകമായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്-ഫോമായുട 2010 ലെ കേരളാ കണ്‍വന്‍ഷന്‍ തിരുവല്ലയില്‍ വച്ചായിരുന്നു . ചരിത്രം തിരുത്തിക്കുറിച്ച കേരളാ കണ്‍വന്‍ഷന്‍.

2010 ജനുവരി പതിനാറിന് തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമാ പാരിഷ് ഹാളില്‍ ആയിരുന്നു കണ്‍വന്‍ഷന്‍. നിര്‍ദ്ധനരായ മുപ്പത്തിയഞ്ച് കുടുംബങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ 38 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ മഹനീയ മുഹുര്‍ത്തമായിരുന്നു 2010 ലെ കേരളാ കണ്‍വന്‍ഷന്‍.

ഫോമാ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ ഉടമസ്ഥതയിലുള്ള എയ്‌റോ കണ്‍ട്രോള്‍സ് ആയിരുന്നു 38 വീടുകളുടേയും പ്രധാന സ്‌പോണ്‍സര്‍. തുടക്കത്തില്‍ 25 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ 38 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവല്ല പൗരാവലി കണ്ട ഏറ്റവും വലിയ ചടങ്ങുകളില്‍ ഒന്നായിരുന്നു രണ്ടാമത് ഫോമാ കേരളാ കണ്‍വന്‍ഷന്‍.

മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ സാംസ്‌കാരിക നായകന്‍മാര്‍, സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ കണ്‍വന്‍ഷന്‍ കൂടിയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഭവന രഹിതര്‍ക്കായിരുന്നു വീടുകള്‍ നല്‍കിയത്. സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉള്ള വീടില്ലാത്തവര്‍ക്കായിരുന്നു അന്ന് വീടുകള്‍ നല്‍കിയത്.

മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍, മന്ത്രിമാരായ ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, മാത്യു. ടി. തോമസ്, പ്രൊഫ. പി.ജെ കുര്യന്‍ തുടങ്ങി നിരവധി വ്യക്തികള്‍ പങ്കെടുത്തു. തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ചെയര്‍മാനായ വിപുലമായ കമ്മിറ്റിയാണ് കണ്‍വന്‍ഷനു നേതൃത്വം നല്‍കിയത്.

ഇതിനു പുറമെ ഫോമാ റീജിയണല്‍ വൈസ് പ്രസിഡണ്ടായ ബാബു സഖറിയ ആയിരുന്നു ജനല്‍ കണ്‍വീനര്‍. ഇടുക്കി ജില്ലയില്‍ വച്ച് വിപുലമായ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെട്ടു. ഇടുക്കിയില്‍ സംഘടിപ്പിച്ച ക്യാമ്പ് മന്ത്രി. പി.ജെ.ജോസഫ് ഉത്ഘാടനം ചെയ്തു. പി.ടി. തോമസ,് എം.പി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്ന് ഫോമാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു

ദീര്‍ഘവീക്ഷണം, കഠിനാധ്വാനം , സാമൂഹിക പ്രതിബദ്ധത എന്നിവയിലൂടെ വ്യവസായ-വാണിജ്യ രംഗത്തും സാമൂഹിക-സാംസ്‌കാരിക സംഘടന പ്രവര്‍ത്തനത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍ ടൈറ്റസ് നേതൃത്വം നല്‍കിയ ഫോമയുടെ രണ്ടുവര്‍ഷ കാലയളവ് ഫോമയുടെ വളര്‍ച്ചയുടെ കാലഘട്ടം കൂടി ആയിരുന്നു എന്ന് എടുത്ത് പറയേണ്ടതാണ്. വീടുകള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നതിനും തുടക്കം മുതല്‍ താക്കോല്‍ ദാനം വരെ നിര്‍മ്മാണ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേരിട്ടുള്ള ശ്രദ്ധയും ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .

അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാക്കാനും അഭിമാനിക്കാനും ഉള്ള ഉത്തമമായ വിജയഗാഥയുടെ ഉടമയായ ജോണ്‍ ടൈറ്റസ്, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു. നിരവധി സംഘടനകളുടെ സാരഥ്യം വഹിക്കുകയും, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത ജോണ് സി വര്‍ഗീസ് , സാംസ്‌കാരിക, സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര താരവും കൂടിയായ ജോസഫ് ഔസോ എന്നിവരുടെ ഒത്തുചേരല്‍ ഫോമയ്ക്ക് വലിയ കരുത്താണ് അന്ന് നല്‍കിയത്.

ഇന്നും ഈ മൂന്നു നേതാക്കളും അന്നുണ്ടായിരുന്ന ടീമും ഇപ്പോഴും പ്രവര്‍ത്തന നിരതരായി ഫോമയ്ക്കൊപ്പമുണ്ട്- വൈസ് പ്രസിഡന്റ് ആയിരുന്ന യോഹന്നാന്‍ ശങ്കരത്തില്‍, ജോ: സെക്രട്ടറി ജോസി കുരിശുങ്കല്‍, ജോ: ട്രഷറര്‍ രാജ് കുറുപ്പ്, ഫോമാ ന്യൂസ് എഡിറ്റര്‍ സജി എബ്രഹാം (ഇന്ന് ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), മാനേജിങ് എഡിറ്റര്‍ അനിയന്‍ ജോര്‍ജ് ആകട്ടെ ഫോമാ ഫണ്ട് റേയ്സിംഗ് കമ്മിറ്റി ചെയര്‍മാനും .

ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഫോമയിലേക്ക് വന്ന സമയം കൂടി ആയിരുന്നു 2008 -2010 കാലഘട്ടം. റ്റാമ്പായില്‍ സംഘടിപ്പിച്ച യുവജനോത്സവം കൂടുതല്‍ അംഗസംഘടനകളെയും, യുവജനങ്ങളെയും ഫോമയിലേക്ക് ആകര്‍ഷിക്കുവാന്‍ ഇടയാക്കി. ഫോമാ കാലങ്ങളോളം നിലനില്‍ക്കും എന്ന് തെളിയിക്കുകകൂടി ചെയ്ത വലിയ ഇവന്റ് ആയിരുന്നു ഫോമാ യൂത്ത് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെ. ഉഷാ ഉതുപ്പ്, ജി. വേണുഗോപാല്‍, മജീഷ്യന്‍ സാമ്രാട്ട്, നടി സുവര്‍ണ്ണ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാ പരിപാടികളും ശ്രദ്ധിക്കപ്പെട്ടു.

ലാസ് വെഗസില്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനും ചരിത്രവിജയമായിരുന്നു. ഫോമയ്ക്ക് ബലമുള്ള ഒരു അടിത്തറ പാകുവാന്‍ ജോണ്‍ ടൈറ്റസിനും ടീമിനും സാധിച്ചു എന്നത് വസ്തുതയാണ് .

ഇപ്പോള്‍ ഫിലിപ്പ് ചാമത്തില്‍ നേതൃത്വം നല്‍കുന്ന പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല്‍പ്പതിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഫോമാ വില്ലേജിന്റെ ഉത്ഘാടനം ജൂണ്‍ രണ്ടിന് തിരുവല്ല കടപ്രയില്‍ നടക്കുമ്പോള്‍ പ്രോജക്ടിന്റെ ഭാഗമായി ജോണ്‍ ടൈറ്റസും, ജോസഫ് ഔസോയും ഭവന പദ്ധതിക്കൊപ്പമുണ്ട് .

ഫോമയുടെ വളര്‍ച്ച കാലത്തിനൊപ്പവും, പ്രവര്‍ത്തിക്കുവാന്‍ മനസുള്ള, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഇടനിലക്കാരില്ലാതെ എത്തണം എന്നാഗ്രഹിക്കുന്ന പച്ചയായ കുറച്ചു മനുഷ്യര്‍ക്കൊപ്പവുമാണ്. ഒരു പക്ഷെ ചരിത്രവും കാലവും കാത്തുവച്ച നിയോഗമാകാം തിരുവല്ലയിലേക്ക് ഫോമയുടെ ഒരു പ്രോജക്ട് കൂടി വരുവാന്‍ ഇടയായത് .

ഇത്തരം പദ്ധതികള്‍ ഇനിയും ഉണ്ടാകണം. വീടില്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ക്കെല്ലാം വീടുണ്ടാകണം. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. അതിനെല്ലാം അമേരിക്കന്‍ മലയാളികളുടെ സഹായം ഉണ്ടാകണം. അങ്ങനെ ഫോമാ വളരട്ടെ ..കാലങ്ങളോളം.
ജോണ്‍ ടൈറ്റസ്, ജോണ്‍ സി.വര്‍ഗീസ്, ജോസഫ് ഔസോ:  ചരിത്രം തിരുത്തിയ തിരുവല്ല കണ്‍വന്‍ഷന്റെ അമരക്കാര്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക