Image

മൊബൈല്‍ മോഷ്ടാവിന്റെ ആക്രമണം; യുവതി ട്രെയിനില്‍ നിന്നും വീണു

Published on 18 April, 2019
മൊബൈല്‍ മോഷ്ടാവിന്റെ ആക്രമണം; യുവതി ട്രെയിനില്‍ നിന്നും വീണു

മുംബൈയിലെ കുര്‍ള റെയില്‍വേ സ്റ്റേഷനിലായിരുന്നു രാത്രി 8.10ന് സംഭവം നടന്നത്. നിയമ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിയൊന്നുകാരി ഓഫീസില്‍ നിന്നും മടങ്ങവെയാണ് ആസൂത്രിതമായ ആക്രമണത്തിനിരയായത്.

കുര്‍ള സ്റ്റേഷനില്‍ നിറുത്തിയ ട്രെയിന്‍ പുറപ്പെടവെയാണ് വാതിലിന് സമീപം ഇയര്‍ ഫോണിലൂടെ സംസാരിച്ചു കൊണ്ടിരുന്ന യുവതിയുടെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.

മോഷ്ടാവ് ഫോണുമായി പ്ലാറ്റ്ഫോമിലേക്ക് ചാടുവാന്‍ ശ്രമിക്കവെ ഇയര്‍ ഫോണ്‍ ഘടിപ്പിച്ചിരുന്ന ഫോണിനോടൊപ്പം വലിച്ചിഴക്കപ്പെട്ട യുവതി പ്ലാറ്റഫോമില്‍ തലതല്ലി വീഴുകയായിരുന്നു.

തുടര്‍ന്ന് നടന്ന ബഹളത്തിലാണ് യാത്രക്കാരുടെ ഇടപെടലോടെ റെയില്‍വേ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വിദ്യാവിഹാറില്‍ ഇറങ്ങുന്നതിനായാണ് കുര്‍ള സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാതിലിനരികിലേക്ക് വന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ലേഡീസ് കമ്ബാര്‍ട്ട്‌മെന്റില്‍ സഞ്ചരിച്ചിരുന്ന യുവതിയുടെ ബോഗിയിലേക്ക് കടന്ന് ചെന്ന യുവാവിനെ മറ്റു യാത്രക്കാര്‍ വിലക്കിയെങ്കിലും ഗൗനിക്കാതെ വാതിലിനടുത്ത് നിലയുറപ്പിക്കുകയായിരുന്നുവെന്ന് സഹയാത്രികര്‍ അറിയിച്ചു.

21 വയസ്സ് പ്രായമുള്ള പ്രതി ഉമേഷ് ഗാവ്ലിയുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ചുനാബാട്ടിയില്‍ താമസിക്കുന്ന ഇയാളുടെ അമ്മയും രണ്ടു സഹോദരന്മാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.

മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളില്‍ മൊബൈല്‍ മോഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഉപയോക്താക്കളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

2014 കാലഘട്ടത്തില്‍ ഏകദേശം 1500 ഫോണുകളാണ് മോഷ്ടിക്കപ്പെട്ടതെങ്കില്‍ 2018 ല്‍ 22920 മോഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും ഉപയോഗ രീതിയില്‍ വന്ന വ്യത്യാസങ്ങളും മോഷ്ടാക്കള്‍ക്ക് അനുകൂലമായ സാഹചര്യമാണ് തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ സംജാതമായിരിക്കുന്നത്.

ഫേസ്ബുക് വാട്ട്‌സപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ശീലമാക്കിയവരുടെ എണ്ണം കൂടിയതോടെ പലരും പരിസര ബോധമില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയതാണ് മോഷ്ടാക്കള്‍ അവസരമാക്കുന്നത്.

ശിവാജി പ്രതിമക്കും ബുള്ളെറ്റ് ട്രെയിന്‍ പദ്ധതികള്‍ക്കുമായി കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ സാമ്ബത്തിക തലസ്ഥാനമായ മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ യാത്രാ ക്ലേശങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക