Image

വചനം വളയ്ക്കുന്ന വഴികാട്ടികള്‍ (പി. സി. മാത്യു)

Published on 18 April, 2019
വചനം വളയ്ക്കുന്ന വഴികാട്ടികള്‍ (പി. സി. മാത്യു)
കഷ്ടത പട്ടിണി ദുഃഖം മുറവിളി
കേള്‍ക്കാത്ത നാടിനെ സ്വപ്നമായേകിയ
നല്ലവനാകുമെന്‍ ഈശോയേ
നല്‍കുന്നെന്‍ മാനസം നിനക്കായ്...

മനുഷ്യരെല്ലാം പൊയ്മുഖങ്ങള്‍ മാത്രം
മാറാത്തവന്‍ നീ ഇമ്മാനുവേല്‍ മാത്രം
എന്നുമെന്‍ കൂട്ടായിരുന്നരികിലെത്തി
എന്‍ ദുഖങ്ങളൊക്കെയും പേറുന്ന നല്ല സഖി.

മുറിച്ചു നീയേകിയപ്പക്കഷണങ്ങളൊക്കെയും
മുറിവായിത്തീരുമെന്നോര്‍ത്തീല ഞാന്‍
പെസഹായുടെ കുഞ്ഞാടിനെ വെട്ടുവാനായ്
പരീശന്‍ വച്ചോരു കെണിയാണെന്നറിഞ്ഞീല ഞാന്‍

പകര്‍ന്നു നീ ഏകിയ വീഞ്ഞിന്റെ വീര്യത്തില്‍
പലതും മറന്നവര്‍ നിന്നെയും പിന്നെയെന്നെയും
നിന്നോര്‍മ്മക്കായി എന്നും വിശുദ്ധിയോടപ്പം
നുറുക്കുവാന്‍ ചൊന്ന തിരുവുള്ളം ഉരുകുന്നീലെ ?
 
ഒടുവില്‍ പരീശന്‍ തന്നെയപ്പം നുറുക്കുമെന്നു
ഒരിക്കലുമോര്‍ത്തീലെ നാഥാ മുന്‍കൂട്ടി നീ...
മാനസാന്തരമില്ലാത്തോര്‍ കുഞ്ഞാടിന്‍തോലു
മാറാപ്പിലേന്തിയവര്‍ ഉടക്കുന്നു നിന്‍ ദേഹം...

ഊറ്റുന്നു നിന്‍ രക്തം പാനീയമായി ചഷകത്തില്‍
ഉളിപ്പില്ലാതെ നിന്‍ വേലയെന്നു ചൊല്ലി വിലസുന്നു
പാപികള്‍ ഞങ്ങളെന്നു മുദ്രകുത്തുന്നു ദിനം തോറും
പവിത്രരാണ് തങ്ങളെന്ന് സ്വയം ഭാവിച്ചു കഴിയുന്നു.

കാക്കകള്‍ തന്‍ കൂട്ടില്‍ കടന്നുവന്ന കഴുകനെപോല്‍
കഴുകിയാല്‍ മായാത്ത അഹന്തയുമായവര്‍ നിന്‍ പേര്
ചൊല്ലി ഭയപ്പെടുത്തുന്നടിയങ്ങളെ, പിടിച്ചുനില്‍കുവാന്‍
ചൊരിയുക അനന്തമാം കൃപാവരങ്ങള്‍ കനിവായി...

കുരുടന്മാരായ വഴികാട്ടികളായവര്‍ വളയ്ക്കുന്നു വചനം
കുസൃതി മാറാത്ത കുട്ടികളെപ്പോലെ മടികൂടാതെ
വറ്റിവരണ്ട നീര്‍ത്തോടുപോലെ സ്‌നേഹം വരണ്ടവര്‍
വിലസുന്നിഹത്തില്‍ വരില്ലേ നീ ജ്വാലയായ് വേഗം...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക