Image

രമ്യാഹരിദാസിനെതിരായ മോശം പരാമര്‍ശം: എ. വിജയരാഘവന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ താക്കീത്‌

Published on 18 April, 2019
രമ്യാഹരിദാസിനെതിരായ മോശം പരാമര്‍ശം: എ. വിജയരാഘവന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ താക്കീത്‌

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ താക്കീത്‌.

വിജയരാഘവന്‍ തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചുവെന്നും പരാമര്‍ശത്തിലൂടെ അദ്ദേഹം സ്‌ത്രീത്വത്തെ അപമാനിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ വ്യക്തമാക്കി.

തനിക്കെതിരയ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ്‌ കേസെടുക്കാത്തതിനെതിരെ രമ്യാ ഹരിദാസ്‌ ഇന്ന്‌ കോടതിയെ സമീപിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. പരാതി നല്‍കി രണ്ടാഴ്‌ച പിന്നിട്ടിട്ടും പൊലീസ്‌ നടപടിയെടുത്തില്ലെന്ന്‌ രമ്യാ ഹരിദാസ്‌ വ്യക്തമാക്കിയിരുന്നു.


വനിതാ കമ്മീഷനെതിരെയും രമ്യാ ഹരിദാസ്‌ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷന്‍ നടപ്പാക്കുന്നത്‌ രണ്ടു തരം നീതിയാണ്‌.

കണ്ണൂരില്‍ കെ സുധാകരനെതിരെ കമ്മീഷന്‍ നീങ്ങിയത്‌ വാര്‍ത്തകള്‍ കേട്ടിട്ടാണെന്നും എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‌ എതിരെ പരാതി നല്‍കിയിട്ടും കമ്മീഷന്‍ മിണ്ടാതിരിക്കുന്നതായും രമ്യ ഹരിദാസ്‌ പറഞ്ഞിരുന്നു.

പൊന്നാനിയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയാണ്‌ വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക