Image

ഗുരുദക്ഷിണയായി കലാലയവര്‍ണങ്ങള്‍

Published on 19 April, 2019
ഗുരുദക്ഷിണയായി കലാലയവര്‍ണങ്ങള്‍


കുവൈത്ത് : താളമേളനാദലയങ്ങളുടെ മാന്ത്രിക സ്പര്‍ശത്തിന്റെ അകമ്പടിയോടുകൂടി ബിഷപ്പ് മൂര്‍ കോളേജ് അലൂംനി അസോസിയേഷന്‍ ഒരുക്കിയ ‘കലാലയവര്‍ണ്ണങ്ങള്‍ 2019’ അക്ഷരാര്‍ത്ഥത്തില്‍ പ്രീയപ്പെട്ട ഗുരുനാഥനു ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി മാറി.

1964ല്‍ സ്ഥാപിതമായ മാവേലിക്കര ബിഷപ്പ് മൂര്‍ കോളജിന്റെ തുടക്കം മുതല്‍ അദ്ധ്യാപകനായി സേവനമാരംഭിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഇംഗ്ലീഷ് വിഭാഗം മേധാവി യുമായിരുന്ന പ്രഫ. വി.സി. ജോണിന് മികച്ച അധ്യാപകന്‍ എന്ന നിലയിലുള്ള ‘ഗുരു ശ്രേഷ്ട പുരസ്‌കാരം’ ഗള്‍ഫ് യൂണിവേഴ്‌സിറ്റി സയന്‍സ്ടെക്‌നോളാജി വിഭാഗം പ്രഫസര്‍ ഡോ. നിലെ ലെന്‍സ് സമ്മാനിച്ചു. മാവേലിക്കരയുടെ ദത്തുപുത്രനായ അദ്ദേഹത്തെ സാമൂഹ്യപ്രവര്‍ത്തകനായ ആര്‍.സി. സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. കോളജിലെ ആദ്യ ബാച്ച് മുതലുള്ള പൂര്‍വ്വവിദ്യാര്‍ഥികള്‍ തങ്ങളുടെ ഗുരുവിന് വെറ്റിലയും അടയ്ക്കയും ദക്ഷിണയായി നല്‍കി പരമ്പരാഗതമായ രീതിയില്‍ ഗുരുവന്ദനം നടത്തി.

ഏപ്രില്‍ 12ന് ജലീബ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം പ്രഫ. വി.സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌ക്കൂള്‍ കുവൈറ്റ് സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്‍ മുഖ്യപ്രഭാഷണം നടത്തി.

അലൂംനി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് പരിമണം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കലാലയവര്‍ണങ്ങള്‍ ജനറല്‍ കണ്‍വീനര്‍ ജെറി ജോണ്‍ കോശി സ്വാഗതവും ട്രഷറാര്‍ സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി ബാബുഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോട്ടസ് ട്രേഡിംഗ് കമ്പനി ജനറല്‍ മാനേജര്‍ ആര്‍.സി. സുരേഷ്, പൂര്‍വവിദ്യാര്‍ഥികളായ സാം പൈനുംമൂട് (രക്ഷാധികാരി), ഫിലിപ്പ് സക്കറിയ (ഡാന്‍ ട്രേഡിംഗ് കമ്പനി ജനറല്‍ മാനേജര്‍), രാജീവ് കോടമ്പള്ളില്‍ (പ്രോഗ്രാം ഹെഡ്, ജനം ടിവി., മിഡില്‍ ഈസ്റ്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കലാലയ വര്‍ണങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ഡോ. നിലെ ലെന്‍സിനു ആദ്യപ്രതി നല്‍കി പ്രഫ. വി.സി. ജോണ്‍ പ്രകാശനം ചെയ്തു.

കോളജിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനത്തിനുവേണ്ടി പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന കെ. ശിവന്റെ സ്മരണാര്‍ഥം അലൂംനി അസോസിയേഷനോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനം ചടങ്ങില്‍ പ്രഫ. വി.സി. ജോണ്‍ നിര്‍വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് തെന്നിന്ത്യന്‍ സംഗീതലോകത്ത് മലയാളത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഉദയന്‍ അഞ്ചല്‍, ജോസി ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കിയ മ്യൂസിക്കല്‍ ഫ്യൂഷനും കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ രാജീവ് കോടമ്പള്ളിയും ലേഖാ ശ്യാമും അവതരിപ്പിച്ച സംഗീതനിശയും കലാലയവര്‍ണങ്ങള്‍ക്ക് കൊഴുപ്പേകി.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക