Image

ചിന്താവിഷ്ടയായ സീത (ഭാഗം 3: സുധീര്‍ പണിക്കവീട്ടില്‍)

Published on 22 April, 2019
ചിന്താവിഷ്ടയായ സീത (ഭാഗം 3: സുധീര്‍ പണിക്കവീട്ടില്‍)
(നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കൃതിയെക്കുറിച്ച് ലഘുപഠനവും സംഗ്രഹവും)

ധര്‍മ്മത്തിന് വേണ്ടി മാനുഷിക ബന്ധങ്ങളെ ബലികഴിക്കുന്ന ക്രൂരതയെ സീത എതിര്‍ക്കുന്നുണ്ട്. അതേസമയം രാജ്യസഭാ തീരുമാനങ്ങള്‍ അനുസരിക്കാന്‍ രാമന്‍ നിര്ബന്ധിതനായതാകാം എന്നും ചിന്തിക്കുന്നു. രാമനെ ഭാനുമല്‍കുലചൂഡാമണി  അതായത്  സൂര്യകുലാധിപനായ രാമന്‍ എന്നും വിശേഷിപ്പിക്കയും രാമനോട് ക്ഷമിക്കാന്‍ സീത തയ്യാറാകുകയും ചെയ്യുന്നു. രാമനും സീതയും തമ്മിലുണ്ടായിരുന്ന പ്രണയവും സ്‌നേഹവും വിശുദ്ധമായിരുന്നുവന്നു സീതയുടെ വിചാരങ്ങളില്‍ പ്രകടമാണ്. അതെ സമയം രാജ്യഭരണം അനിയന്മാരെ ഏല്‍പ്പിച്ച് രാമന് തന്നോടൊപ്പം കാട്ടില്‍ വന്നു താമസിക്കാമല്ലോ എന്ന് സീത ചിന്തിക്കുമ്പോള്‍  സീതയേക്കാള്‍ രാമന് പ്രിയം രാജ പദവിയും അവന്റെ രാജ്യവും അതിലുമുപരി തന്റെ അഭിമാനം കാക്കലും ആകാമല്ലോ എന്ന് വായനക്കാര്‍ ശങ്കിക്കുന്നു.

 രാമന്‍റെ അച്ഛന്‍ ദശരഥന്‍ കൈകേയിക്ക് വരം നല്‍കി പാശ്ചാത്താപ വിവശനായി മരിച്ച കാര്യം സീത ഓര്‍ക്കുന്നു. തന്നെയുമല്ല രാമന്റെ പിതാമഹനായ അജന്‍ ഭാര്യ ഇന്ദുമതി മരിച്ചപ്പോള്‍ ഖിന്നനായി ആത്മേഹത്യ ചെയ്തതും ഓര്‍ക്കുമ്പോള്‍ രാമനില്‍ ഭാര്യസ്‌നേഹം പരമ്പരാഗതമായി ഉണ്ടാകേണ്ടതാണെന്നും സീത ചിന്തിക്കുന്നുണ്ട്.

മുനിപുത്രനെയച്ഛനാനയെ
ന്നനുമാനിച്ചുടനെയ്തു കൊന്നതും
തനിയെ വരമേകി തന്‍ പ്രിയ
യ്ക്കനുതാപാതുരനാ യ് മരിച്ചതും

അജനായ പിതാമഹന്‍ മഹാന്‍
നിജ കാന്താമൃതി കണ്ട് ഖിന്നനായ്
ര്ജ്ജയാര്‍ന്നു മരിച്ചു തലകുല
പ്രജയില്‍ തദ്ഗുണശൈലിയും വരാം

പ്രിയനായ രാമന്‍ ആദ്യത്തെ (സീതാപഹരണസമയത്ത്) വിരഹനാളില്‍ ഉന്മാദിയാകുകയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അധികം സ്‌നേഹിച്ച് സ്‌നേഹവ്യാപ്തി തെളിയിക്കയും ചെയ്തു. അതോര്‍ക്കുകില്‍ ഇപ്പോഴത്തെ വിരഹം എത്ര കഠിനം. എനിക്കിത് സഹിക്കാന്‍ കഴിയും പക്ഷെ അവനു കഴിയില്ല. ഇപ്പോള്‍ യാഗശാലയില്‍ എനിക്ക് പകരം സ്വര്‍ണ്ണ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നു. ധര്‍മതല്പരരായ രാജാക്കന്മാര്‍ക്ക് രാജ്യനീതി സ്വന്തം ഇഷ്ടപ്രകാരം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് സീത രാമന്റെ പ്രവര്‍ത്തിയെ ഇപ്പോള്‍ പരിഭവമില്ലാതെ കാണുന്നു.  രാജധര്‍മ്മത്തിന്റെ ഇടുങ്ങിയ അറയില്‍ തന്നെ ഓര്‍ത്തുകൊണ്ട് രാമന്‍ ദുഖിക്കുന്നുണ്ടാകുമെന്ന് സീത ചിന്തിക്കാന്‍ തുടങ്ങി.

രാമന്‍ തന്നെ ഉപേക്ഷിച്ചത് തന്നില്‍ വിശ്വാസവും സ്‌നേഹവുമില്ലാഞ്ഞിട്ടല്ല മറിച്ച് പാരമ്പര്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടി വരുന്നത്‌കൊണ്ടാണെന്നു സീത തിരിച്ചറിയുന്നു. മാമൂലകളെ മുറുകെ പിടിക്കുമ്പോള്‍ സമൂഹത്തില്‍ അനാചാരങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് നമുക്ക് ലഭിക്കുന്നത്. "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന എഴുതിയ കവിയുടെ തൂലികയില്‍ നിന്ന് ഉതിരുന്ന വാക്കുകള്‍ സീതയുടെ ചിന്തയിലും വാക്കിലും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ രാമന്റെ മഹത്വം വേറെ എന്നും സീത കണ്ടെത്തുന്നു.

മുടി ദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാമാന്യനുവേണ്ടിദേഹവും
മടിവിട്ടു ജനേച്ഛപോലെ, തന്‍
തടി കാത്തൂഴി ഭരിക്ക ദുഷ്കരം

 പ്രതിജ്ഞകള്‍ പാലിക്കാന്‍ പൂര്‍വരാജാക്കന്മാര്‍ രാജ്യത്തെയും ശരീരത്തെയുംതന്നെ ത്യാഗം ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രജകളുടെ ഹിതം പോലെ ഭരണം നടത്തുക ദുഷ്കരമാണ്. അതുകൊണ്ട് രാമന്‍ പൂര്‍വികരെക്കാള്‍ മഹാനാണെന്നു സീത ചിന്തിക്കുന്നു.വീണ്ടുംസീത രാമനെ പുകഴ്ത്തുന്നു ഇങ്ങനെ.

അതിവിസ്തൃത കാലദേശജ
സ്ഥിതിയാല്‍ നീതി വിഭിന്നമാകിലും
ക്ഷിതിനാഥ! പരാര്‍ത്ഥജീവികള്‍
ക്കെതിരില്ലാത്ത നിദര്‍ശനം ഭവാന്‍

വരും തലമുറ അങ്ങയുടെ പ്രവര്‍ത്തിയെ നിതിരഹിതമെന്ന വിധിച്ചാല്‍ കൂടി അങ്ങയുടെ ആത്മത്യാഗത്തിന്റെ മഹത്വത്തെ അവര്‍ മാനിക്കും. ഇത്രയും സമയം രാമനെ വിമര്ശിച്ചുകൊണ്ടിരുന്നതില്‍ സീത ഖേദിക്കയും രാമനോട് മാപ്പ് ചോദിക്കയും ചെയ്യുന്നു.

ക്ഷുഭിതേന്ദ്രിയ !ഞാന്‍ ഭവാനിലി
നുപാദര്‍ശിച്ച കളങ്കരേഖകള്‍
അഭിമാനിനിയാം സ്വകാന്തയില്‍
കൃപയാല്‍ ദേവ ! ഭവാന്‍ ക്ഷമിക്കുക

അഭിമാനിനിയാം കാന്ത എന്നാണ് സീത തന്നെ തന്നെ വിശേഷിപ്പിക്കുന്നത്.  അതിനുശേഷം സീത പറയുന്നു ചാരിത്ര്യവതിയെങ്കിലും തന്റെ കഥ അപമാനകരമാണ്. രാമാ, നിനക്ക് ഞാന്‍ നിരയായി പലവുരു ദുഃഖങ്ങള്‍ നല്‍കി.

നിരൂപിക്കുകില്‍ നിന്ദ്യമാണ് മ
ച്ചരിതം, ഞാന്‍ സുചരിത്രയെങ്കിലും
ഉരുദുഖനിരയ്ക്ക് നല്‍കിനേ
നിരയായിപ്പലാവാറു കാന്തനെ 

സീതയുടെ ചിന്തകള്‍ക്ക് ഇനി മുതല്‍ മാറ്റം വരുന്നു. നിരാശകൊണ്ട് തഴമ്പിച്ച അവരുടെ മനസ്സിന് ഇനി കര്‍മഫലങ്ങളുടെ തീക്ഷ്ണമായ അമ്പുകള്‍ക്ക് നൊമ്പരപ്പെടുത്താന്‍ കഴിയില്ല. അവര്‍ ഇനിമുതല്‍ ലോകചക്രത്തിനൊപ്പം ചലിക്കുന്നില്ല, അവര്‍ അതില്‍ നിന്നെല്ലാം മുക്തയായിയെന്ന് പറയുന്നു.

മതി തീക്ഷ്ണ ശരങ്ങളെ! ശ്രമം ;
ക്ഷതമേലാ മരവിച്ചൊരെന്മനം
കുതികൊള്ളുക ലോകചക്രമേ!
ഹതയാം സീതയെയിങ്ങു തള്ളുക
ലോകത്തിലെ സുഖദുഃഖങ്ങള്‍ അനുഭവിച്ചു ഇനി വീണ്ടും ജീവിതത്തിലേക്ക് പോകുന്നത് ശോഭനമല്ല. കളി തീരുമ്പോള്‍ നടന്‍ അരങ്ങൊഴിയണമെന്ന ഉപമ പറയുന്നു. മനസ്സിലെ വിഷമങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു സന്തോഷവതിയായി സീത വിടവാങ്ങുകയാണ്.

ഇനി യാത്രപറഞ്ഞിടട്ടെ ഹാ !
ദിനസാമ്രാജ്യപത്തെ ! ദിവസ്പതേ !
അനിയന്ത്രിതദീപ്തിയാം കതിര്‍
ക്കനാകാസ്ത്രാ വൃതാനാം ഭവാനു ഞാന്‍.

സ്വര്‍ണ്ണാസ്ത്രങ്ങള്‍ പോലെയുള്ള രസ്മികളാല്‍ ആവൃതനായ സൂര്യന്, മനോഹരമായി മന്ദഹസിക്കുന്ന മൃഗാങ്കന് , ഇരുട്ടിനെ തുളച്ചുകയറുന്ന നക്ഷത്രങ്ങള്‍ക്ക്, ആകാശത്തിന്റെ പടിവാതിലിനു ചിത്രവര്‍ണ്ണമായ തിരശീല നെയ്യുന്ന സന്ധമേഘങ്ങള്‍ക്ക് യാത്ര പറയുന്നു.  രമണീയങ്ങളായ വനങ്ങളെ, വണ്ടുകള്‍ ചുറ്റും പറക്കുന്ന സുമങ്ങളെ, നിങ്ങളെ ആസ്വദിച്ച് മത്തുപിടിച്ചവള്‍ യാത്ര ചോദിക്കുന്നു. പിന്നെ സ്വയം ചിന്തിക്കുന്നു. എനിക്ക് ഈ പ്രകൃതിയിലെ മനോഹരദൃശ്യങ്ങളോട് വിട പറയേണ്ടതില്ല. മണ്ണില്‍ ഞാന്‍ അലിഞ്ഞു ചേരുമ്പോള്‍ എന്റെ മനസ്സ് ഈ സൗന്ദര്യ പ്രദര്ശനങ്ങളോട് ഐക്യം പ്രാപിച്ച് ഒന്നായി തീരും.

ജനയിത്രി ! വസുന്ധരേ! പരം
തനയ സ്‌നേഹമോടെന്നെ യേന്തി നീ
തനതുജ്ജ്വല മഞ്ചഭൂവിലേ
ക്കനഘേ! പോവതു ഹന്ത ! കാണ്മു ഞാന്‍

അമ്മേ, വസുന്ധരേ, മാതൃസ്‌നേഹത്തോടുകൂടി നീ എന്നെ കിടപ്പറയിലേക്ക് കൊണ്ടുപോകുന്നത് ഞാന്‍ കാണുന്നു. അവിടെ കിടന്നു ഞാന്‍ പര്‍വതനിരകള്‍ക്കരികിലൂടെ ഒഴുകുന്ന അരുവികളുടെ സംഗീതം കേള്‍ക്കും. അടുത്തുനില്‍ക്കുന്ന പൂമരങ്ങള്‍ ഭൂമിക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തും. കളകളം പാടിക്കൊണ്ട് പക്ഷികള്‍ മേലെ പറന്നിടും. ആകാശംപോലെ മിന്നുന്ന പുല്‍ത്തകിടികളില്‍ മൃഗങ്ങള്‍ തുള്ളിക്കളിക്കും. വീണ്ടും സീത മേല്‍പറഞ്ഞ "ഈ സൗന്ദര്യ പ്രദര്ശനങ്ങളോട് ഒന്നായി ലയിക്കുമെന്ന" ആശയം പ്രകടിപ്പിക്കുന്നു . ഭൂമാതാവേ അവിടത്തെ മടിത്തട്ടില്‍ ഞാന്‍ ഒന്നുമറിയാതെ ലയിക്കും. ഉടനെ തന്നെ ഇല്ല ഞാന്‍ ലയിക്കുകയില്ല ഞാന്‍ വീണ്ടും ഞാന്‍ കൈകൂപ്പിയുയരും എന്ന് തിരുത്തുന്നു. 


തടിനീ ജലബിംബിതാംഗിയായ്
ക്ഷമയേകുമ്പിടുവൊരു താരപോല്‍
സ്ഫുടമായ് ഭവദംഘൃലീന ഞാ
നമലെ !ദ്യോവിലുയര്‍ന്ന ദീപമാം

ഞാന്‍ ഭൂമിയില്‍ ലയിച്ചാലും എന്റെ ആത്മചൈത്യന്യം ഉപരിലോകത്തില്‍ പ്രതിഷ്ഠിതമായിരിക്കും. അങ്ങനെ സീതയുടെ ജീവാത്മാവ് ഭൂമി വിട്ട് പരമാത്മാവാകുന്ന  ആകാശത്തില്‍ ജ്വലിച്ച് നില്‍ക്കുമെന്ന് അവര്‍ കരുതുന്നു. ഇനി തനിക്ക് ആശ്രയവിശ്രമ സ്ഥാനങ്ങള്‍ ആവശ്യമില്ല.  ആ തിരിച്ചറിവോടെ സീത രാമനോട് താഴെ കാണുന്ന വരികള്‍ പറയുമ്പോള്‍ സീതയിലെ സ്വതന്ത്ര മനസ്സിന്റെ ആരോടും വിധേയമായി കഴിയേണ്ട ആവശ്യമില്ലെന്ന ദൃഢവിശ്വാസത്തിന്റെ കരുത്ത് പ്രകടമാകുന്നു.

പ്രിയ രാഘവ ! വന്ദനം ഭവാ
നുയരുന്നൂ ഭുജശാഖ വിട്ടുഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമീദ്യോവിലൊരാശ്രയംവിനാ

പ്രിയ രാഘവ അങ്ങേക്ക് വന്ദനം .. നിന്റെ കയ്യാകുന്ന വൃക്ഷ ശാഖ വിട്ടു ഞാന്‍ പറന്നു പോകുന്നു. നിന്റെ ആശ്രയം ഇനി എനിക്ക് ആവശ്യമില്ല. ഇനി എനിക്ക് ഭയമില്ല. സ്വതന്ത്രമായ ഈ ആകാശത്തേക്ക് ഞാന്‍ പറക്കുന്നു. വളരെ നേരത്തെ ചിന്തകള്‍ക്ക് ഒടുവില്‍ സീത സ്വതന്ത്രയാകുന്നു. ഇവിടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പതാക ആശാന്‍ പറപ്പിക്കയാണ്.  സ്ത്രീകള്‍ അവരില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള വിധേയത്വം വിട്ട് സ്വതന്ത്ര വിഹായസ്സിലേക്ക് പറന്നുയരണം എന്ന പാഠം ഓര്‍മ്മിപ്പിക്കുന്നു. 
രാമനും തന്നെപോലെ ദുഃഖങ്ങള്‍ സഹിച്ച് പരിപക്വനായി എല്ലാ ഭാരങ്ങളും ഒഴിച്ചുവച്ച് എന്നെപോലെ ഇവിടെയെത്തും. അനുഭവം കൊണ്ട് മാത്രമറിയുന്ന സ്ഥാനം.
രുജയാല്‍ പരിപക്വസത്വനായ്
നിജ ഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൗത്ര ! ഭാവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം
അജപൗത്ര എന്നുപയോഗിച്ചതുകൊണ്ട് അജനെപ്പോലെ ഭാര്യ മരിച്ചപ്പോള്‍ ആ ദുഃഖത്തില്‍ ആത്മഹത്യ ചെയ്ത സ്‌നേഹസമ്പന്നനായ ഭര്‍ത്താവ് എന്ന നിലയിലാകാം.
ഉടനെത്തന്നെ സീത ഒന്ന് വിറക്കുകയും പരിഭ്രമത്തോടെ ഇങ്ങനെ ഉച്ചരിക്കയും ചെയ്തു. സീതയെ  കൊട്ടാരത്തിലേക്ക് തിരിയെ കൊണ്ടുപോകാന്‍ രാമന്‍ വാല്മീകിയെ അയച്ചുവെന്ന തോന്നലുണ്ടാകയും കഠിനമായ വെറുപ്പുകൊണ്ട് അവര്‍ ക്ഷോഭിക്കയും ചെയ്യുന്നു. വീണ്ടും  ഒരു അഗ്‌നിപരീക്ഷണത്തിനു തയ്യാറായാല്‍ തന്നെ സ്വീകരിക്കാന്‍ രാമന്‍ തയാറാണെങ്കില്‍ ആ ഔദാര്യം സ്വീകരിക്കണോ? അവരുടെ മനസ്സ് ചഞ്ചലപ്പെടുന്നു. പക്ഷെ ഉടനെ തന്നെ മനസ്സ് നിയന്ത്രിക്കുന്നു . താന്‍ രാമന്റെ താളത്തിനു തുള്ളുന്ന ഒരു പാവയല്ല. ഭര്‍ത്താവ് പറയുന്ന ഭാര്യ അക്ഷരംപ്രതി അനുസരിക്കണമെന്ന ധര്‍മ്മശാസ്ത്രങ്ങളോട് സീത യോജിക്കുന്നില്ല.  ഈ കാവ്യത്തില്‍ ഓരോ സ്ത്രീയും അവരുടെ ആത്മാഭിമാനം കാത്ത് സൂക്ഷിക്കുകയും സ്ത്രീയെ അടിമയാക്കുന്ന ഒരു ശാസ്ത്രത്തിനും വഴങ്ങരുതെന്നും  ആശാന്‍ സൂചന നല്‍കുന്നു.
അരുതെന്തയി ! വീണ്ടുമെത്തി ഞാന്‍
തിരുമുമ്പില്‍ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവന്‍
കരുതുന്നോ? ശരി! പാവയോയിവള്‍

പാവയോ എന്ന ചോദ്യത്തിലെ ഇനിയും ജനമധ്യത്തില്‍ തന്നെ വിസ്തരിച്ച് അവരെ ബോധ്യപ്പെടുത്താന്‍ തന്റെ ആത്മാഭിമാനം സമ്മതിക്കയില്ലെന്ന പ്രഖ്യാപനമാണ്. സ്ത്രീയുടെ കരുത്തും ആത്മബോധവും ഇവിടെ സീത വെളിപ്പെടുത്തുന്നു. രാമായണത്തിലെ സീത ആചാരാനുഷ്ഠാനങ്ങളുടെ, പുരുഷമേധാവിത്വം അടി ച്ചേല്‍പ്പിക്കുന്ന നിയമങ്ങളുടെ  ഒപ്പം നില്‍ക്കുന്നവളാണ്. എന്നാല്‍ ആശാന്‍ സൃഷ്ടിച്ച സീത സ്ത്രീകള്‍ക്ക് മാതൃകയാകാന്‍ പറ്റിയ കഥാപാത്രമാണ്. ആത്മാഭിമാനത്തിനു ക്ഷതമേല്പിക്കുന്ന ഒരു നിയന്ത്രണവും ബാധിക്കാത്തവിധത്തില്‍ സ്ത്രീകള്‍ സ്വന്തന്ത്രമാകണമെന്ന സന്ദേശം ഇവിടെ കിട്ടുന്നു.

സീത ആ ഉടജാന്തവാടിയില്‍ ഇരിക്കാന്‍ തുടങ്ങീട്ട് സമയമേറെയായി. അന്തിക്ക് ഉദിച്ച് പൊന്തിയ നക്ഷത്രങ്ങള്‍ പടിഞ്ഞാറേ സമുദ്രത്തില്‍ മുങ്ങി. രാത്രി നക്ഷത്രങ്ങള്‍ ഉദിക്കാന്‍ തുടങ്ങി. ഒരു തപസ്വിനി  വന്നു സീതയുടെ മുഖത്ത് തീര്‍ത്ഥജലം തളിച്ച് ആശ്രമത്തില്‍ കൊണ്ടുപോയി കിടത്തി. നേരം പ്രഭാതമാകാറായി. സീത സംശയിച്ച്ചപോലെ തന്നെ വാല്മീകി രാമന്റെ സന്ദേശവുമായി എത്തി. സീത വിസമ്മതിച്ചെങ്കിലും വാല്മീകിയുടെ കാല്‍പ്പാദങ്ങളെ പിന്‍ തുടര്‍ന്ന് മുഖം കുനിച്ച് അയോധ്യയിലെ സഭയുടെ മുന്‍പാകെ എത്തി. പശ്ചാത്താപത്താല്‍ വാടിയ മുഖത്തോടുകൂടിയ രാമനെ ഒന്ന് നോക്കി.  സീതയെക്കുറിച്ച് അപവാദം പറഞ്ഞ പൗരന്മാരുടെ മുമ്പാകെ ആ നില്‍പ്പില്‍ സീത അന്തര്‍ദ്ധാനം ചെയ്തു. െ്രെതമ്പകം വില്ലൊടിച്ച് സീതയെ വേട്ട രാമന്‍ വീണ്ടും അദ്ദേഹത്തിന്റെ വില്ലെടുത്ത് ജാനകിയെ ജീവിതത്തിലേക്ക് വിളിക്കാന്‍ തയ്യാറായോ. ഇല്ല അതിനുമുമ്പ് സീത ഭൂമാതാവിന്റെ മടിയില്‍ മറഞ്ഞു അപ്രത്യക്ഷയായി. ജീവിതം മുഴുവന്‍ പരീക്ഷണങ്ങളാല്‍ പൂരിതമായ ഒരു ജന്മം അങ്ങനെ അവസാനിച്ചു.  ധര്‍മ്മശാസ്ത്രങ്ങള്‍ എപ്പോഴും പുരുഷന് തുണയാകുന്നു. അതിന്റെ തണലില്‍ പുരുഷന്മാര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളോട് പൊരുതി നില്‍ക്കാനുള്ള കഴിവ് അന്നത്തെ സ്ത്രീക്കുണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ ഭൂമിക്കടിയിലേക്ക് രക്ഷപ്പെട്ടു. അതിനെ ഒരു ആത്മഹത്യയായി കണക്കാക്കാം. ഈ കാവ്യം വായിച്ചുകഴിയുമ്പോള്‍  രാമനെക്കാള്‍ മഹത്വം സീത ക്കാണെന്നു തോന്നാവുന്നതാണ്.  സ്വാമി വിവേകാനന്ദന്‍ പറഞ്ഞു നമ്മള്‍ക്ക് രാമന്മാരെ കാണാന്‍ കഴിയും പക്ഷെ സീത ഒന്നേയുള്ളുവെന്നു.

ഈ കാവ്യത്തില്‍ അവസാന ശ്ലോകം മലയാള കാവ്യശാഖയിലെ ഏറ്റവും സുന്ദരമായ ശ്ലോകമാണെന്നു പ്രൊഫ എം. എന്‍. വിജയന്‍ എഴുതിയിട്ടുണ്ട്.

വേണ്ടാ , ഖേദമെടോ, സുതേ ! വരികയെ
ന്നോതും മുനീന്ദ്രന്റെ കാല്‍
ത്തണ്ടാര്‍ നോക്കിനടന്നധോവദനയായ്
ചെന്നാസഭാവേദിയില്‍
മിണ്ടാതന്തികമെത്തി, യൊന്നനുശയ
ക്‌ളാന്താസ്യനാം കാന്തനെ
ക്കണ്ടാള്‍ പൗരസമക്ഷം മന്നിലയിലീ
ലോകം വെടിഞ്ഞാള്‍  സതീ.

വാല്‍മീകി സൃഷ്ടിച്ച സീത ഒരു പാവയായിരുന്നില്ലെങ്കിലും ധര്‍മ്മാനുഷ്ഠാനങ്ങള്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവളായിരുന്നു. യാതൊരു പരാതികളുമില്ലാതെ വാല്‍മീകിയുടെ ആശ്രമത്തില്‍ തന്റെ മക്കളോടൊപ്പം അവര്‍ ജീവിച്ചു. അതിനുശേഷവും ഇന്നും സ്ത്രീകള്‍ സന്താനങ്ങളെ പരിപാലിച്ച് തങ്ങളെ ഉപേക്ഷിച്ച ഭര്‍ത്താക്കന്മാരില്‍  നിന്നും ആശ്രയമോ സഹായമോ ഇല്ലാതെ ജീവിക്കുന്നു. പക്ഷെ ആശാന്‍ അഭിമാനിനിയായ, സ്വന്തം വ്യക്തിത്വമുള്ള ഒരു സീതയെ സൃഷ്ടിച്ചിരിക്കുന്നു.

ശുഭം




https://www.emalayalee.com/varthaFull.php?newsId=184735 part 1

https://www.emalayalee.com/varthaFull.php?newsId=184939  part 2

Join WhatsApp News
josecheripuram 2019-04-22 20:33:26
I knew only little about "ChinthaVishtta aya Sitha".By reading Mr Sudhir's article,gave me it's content of women's freedom,Thank you Sudhieer.
Ninan Mathulla 2019-04-22 21:32:58

Enjoyed reading ‘Chinthavishhtayaya Seetha’ interpretation by Sudhir. I learned a few lines of it by Kumaranaasaan in school, but do not remember seeing those lines here.

 

Ramayana is mythology. Although, it is mythology we can see history in it if you read between lines of Ramayana story. I might need to write a book, “Secret history of India to explain this as time and space will not allow me to go into the details of it here.

 

The problem with Indians is that they do not know who they are as they did not write down their history. We can’t blame our ancestors fully for that as writing script and materials were not freely available in ancient times. So, history was handed over through generations as traditions. It was during the Persian Empire rule that Aramaic was made the official language of the Empire and thus Aramaic became the official language of India from BC 600 to BC 400, after which Alexander the Great conquered India, the beginning of Greek Empire. The Devanagari and Pali script, from which all Indian language scripts and South East Asian scripts are derived, actually derived from Aramaic. All the writings of India are from the Persian rule time as script for writing and materials for writing were available from that time only.

 

Aryans came to India from Central Asia between BC 1700-BC 1500, after they moved in there from Middle East according to their traditions in Vedas and other writings. So, you see that for almost thousand years, from Bc 1500 to BC 600, there were no writings of their history but traditions passed over generations as stories. Memory becomes vague and exaggerations creep in with the passing of each year.

 

You might be surprised to learn that Rama is the same as AbRam of Bible as the name Ram derived from the last three letters of AbRam. AbRam is the Greek name of Avira the Hebrew name for AbRam, and Aryans derived from Avira (the letter ‘v’ was dropped) the Hebrew name for AbRam. Seetha derived from Sarah the name of the wife of AbRam as Sarah became Sera, and then to Seetha with usage. Besides some languages do not have vowels (Hebrew) and certain consonants. You see Jose is read in Spanish as Hosea.

Bible is the best source of ancient human history.

 

 In Bible we read that AbRam sent his children through Kethura to the east and so, all the eastern cultures are children of AbRam through Kethura the third wife of AbRam.  As Ramayana and Mahabharata are mythology, you have to read between lines to elucidate the history in it.

 

AbRm’s father is named ‘Therah’ which means owner of ten chariots which is the same as Dasaratha the father of Rama in Ramayana which means owner of ‘das’ (ten) chariots. Time and space will not allow me to trace all the names in Ramayana and Mahabharata to Bible. So please wait patiently.

വെളിപാട് 2019-04-22 23:22:36
രാമായണം മുഴുവൻ വായിച്ചു കഴിഞ്ഞ് രാമന്റെ അച്ഛൻ ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു അച്ഛൻ എബ്രാഹമാണെന്ന്   രാമായണം ആര് എഴുതി എന്ന് ചോദിച്ചപ്പോൾ പറഞ്ഞു അത് ആരും എഴുതിയതല്ല ബൈബിളിൽ നിന്ന് ഉണ്ടായതാണ് എന്ന് . മനുഷ്യകുലത്തിന്റെ ചരിത്രം അറിയാൻ ഒരേ ഒരു മാർഗ്ഗമേയുള്ളു അത് ബൈബിൾ തുറന്ന് വായിക്കാൻ തുടങ്ങുക എന്നും കൂട്ടിചേർത്തു .  ഈ അറിവ് എവിടെ നിന്നു കിട്ടുന്നു എന്ന് ചോദിച്ചപ്പോൾ പറഞ്ഞു അത് കിട്ടുന്നതല്ല വെളുപ്പെടുത്തി കൊടുക്കന്നതാണ് എന്ന് . അത്കൊണ്ട് ഇദ്ദേഹത്തെ വെളിച്ചപ്പാട് എന്നറിയപ്പെടുന്നു.

Jyothylakshmy Nambiar 2019-04-23 07:10:04

മൂന്നു  ഭാഗങ്ങളിലായി അവതരിപ്പിച്ച ചിന്താവിഷ്ടയായ സീതയെകുറിച്ചുള്ള അവലോകനം വായനക്കാർക്ക് കൃതിയെ കുറിച്ച് പൂർണ്ണമായ അറിവ് നൽകുന്നതായിരുന്നു. ഗഹനമായ പഠനം നടത്തി അതെ കുറിച്ച് വായനക്കാർക്ക് അറിവുപകരുന്ന ഇതുപോലുള്ള  പരമ്പരകൾ ഇനിയും പ്രതീക്ഷിയ്ക്കട്ടെ. അഭിനന്ദനങ്ങൾ

Easow Mathew 2019-04-25 22:29:11
A great poetry study by Sri Sudheer Panikkaveettil! Congratulations! Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക