Image

ദശാവതാരം (ഡോ. എന്‍.പി.ഷീല)

Published on 23 April, 2012
ദശാവതാരം (ഡോ. എന്‍.പി.ഷീല)
സമസ്‌ത സൃഷ്‌ടികളെയും കാത്തു പരിപാലിക്കുന്ന സംരക്ഷകന്‍ ത്രിമൂര്‍ത്തികളില്‍ രണ്ടാമനായ മഹാവിഷ്‌ണു ആണെന്നത്‌ സനാതന ധര്‍മ്മ വിശ്വാസമാണ്‌. മൂന്നു പ്രകാരത്തിലുള്ള അവതാരങ്ങള്‍ ഭഗവാന്‍ സ്വീകരിക്കാറുണ്ട്‌. അവതാരം ആവേശം, അംശം എന്നിങ്ങനെ. ഇതില്‍ സമ്പൂര്‍ണ്ണ ശക്തിയുള്ളത്‌ - അവതാരം. താത്‌ക്കാലിക ശക്തിയുള്ളത്‌ ആവേശം- അംശം കൊണ്ട്‌ ജനിക്കുന്നത്‌ അംശാവതാരം.

മഹാവിഷ്‌ണുവിന്‌ അസംഖ്യം അവതാരങ്ങളുണ്ട്‌. മഹര്‍ഷിമാരും. മനുക്കളും , ദേവന്മാരും മനു പുത്രന്മാരും മറ്റും അംശാവതാരങ്ങളുടെ ഗണത്തില്‍ പെടുന്നു.

പൂര്‍ണ്ണാവതാരങ്ങള്‍ പത്താണെന്നു പറയുമെങ്കിലും ബലഭദ്രരാമനെ ഇതില്‍ പെടുത്താതെ പകരം ശ്രീബുദ്ധനെ അവതാരമായി ഗണിച്ചു പോരുന്നു.

അവതാരകാരണങ്ങള്‍ പലതാണ്‌. അവയില്‍ ഒന്ന്‌ ഭൃഗ മഹര്‍ഷിയുടെ ശാപമാണെന്ന്‌ ദേവീ ഭാഗവതത്തില്‍ പറയുന്നു. വിസ്‌താരഭയത്താല്‍ ചുരുക്കിപ്പറയുകയാണ്‌.

ദേവാസുര യുദ്ധം പുരാണ കഥകളില്‍ പ്രധാനപ്പെട്ട സംഭവമാണെല്ലൊ. യുദ്ധത്തില്‍ തോറ്റ അസുരന്മാര്‍ ശുക്രന്റെ അമ്മ കാവ്യമാതാവിനെ അഭയം പ്രാപിച്ചു. ദേവന്മാര്‍ മഹാവിഷ്‌ണുവിന്റെ നേതൃത്വത്തില്‍ അവരെ പിന്തുടര്‍ന്നു. എന്നാല്‍ അമ്മ അവരെ യോഗശക്തിക്കൊണ്ട്‌ സ്‌തംഭിതരാക്കി. അപ്പോള്‍ വിഷ്‌ണു സുദര്‍ശന ചക്രത്തെ ധ്യാനിക്കയും അതു വന്ന്‌ കാവ്യാ മാതാവിന്റെ ഗളം ഛേദിക്കയും ചെയ്‌തു. സ്‌ത്രീഹത്യ ചെയ്‌തതിനാല്‍ ഭൃഗുവിന്‌ കഠിനമായ കോപം വന്നു . അദ്ദേഹം വിഷ്‌ണുവിനെ ഇപ്രകാരം ശപിച്ചു.

*ദുര്‍ബുദ്ധിനീ കൃഷ്‌ണസര്‍പ്പം
പോലുള്ളോന്‍ ചതിയില്‍ സദാ
നിന്നെ സാത്വികനെന്നോതും
അുനിമാര്‍ മൂഢര്‍ താനെടോ
ദുഷ്‌ടന്‍, നീ താമസന്‍ തന്നെ
പ്രത്യക്ഷപ്പെട്ടു കേശവ?
എന്‍ ശാപത്താല്‍ നിനക്കുണ്ടാ
അവതാരങ്ങള്‍ ഭൂമിയില്‍
അതിനു ശേഷം അദ്ദേഹം കാവ്യാ മാതാവിനെ പുനരുജ്ജീവിപ്പിക്കുന്നു .

പൂര്‍ണ്ണാവതാരങ്ങള്‍ ഇപ്രകാരമാണ്‌ .
മത്സ്യ കൂര്‍മ്മ വരാഹശു
നരസിംഹശ്വവമാ:
ഇാമോരാമശ്വ രാമശ്വ
കൃഷ്‌ണ: കല്‍ക്കിര്‍ ജനാര്‍ദ്ദന:
ഇനി ഈ അവതാരങ്ങള്‍ എന്തുദ്ദേശത്തോടെ എന്നു ശൃണു (കേട്ടാലും)

മത്സ്യാവതാരം

ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനായ കശ്യപന്‌ അനിതി എന്ന ഭാര്യയില്‍ പിറന്ന വിവസ്വാന്റെ പുത്രനാണ്‌ പ്രസിദ്ധനായ മനു. ഇദ്ദേഹം വൈവസതമനു, സ സത്യവ്രുത മനു, എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ്‌ വിഷ്‌ണുവിന്റെ മനുഷ്യാവതാരം.

വൈവസ്വതമനു ഭക്ത്യാഗ്രേസനായിരുന്നു. ഒരിക്കല്‍ ബദരിയില്‍ തപസനുഷ്‌ഠിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ സംഭവമാണ്‌ മത്സ്യാവതാരത്തിന്‌ നാന്ദികുറിച്ചത്‌. അതിനിടയാക്കിയ സംഭവം ഏതാണ്ടിപ്രകാരമാണ്‌.

ബ്രഹ്മാവ്‌ വേദം ചൊല്ലിക്കൊണ്ടിരിക്കവെ, ഹയ ഗ്രീവനെന്ന അസുരന്‍ വേദ സന്നിധിയില്‍ നുഴഞ്ഞു കയറി വേദ സംഹിത മോഷ്‌ടിച്ചുകൊണ്ട്‌ സമുദ്രത്തിനുള്ളില്‍ ഒളിച്ചിരുന്നു. ആ ദുഷ്‌ടനെ നിഗ്രഹിച്ചു വേദഗ്രന്ഥങ്ങള്‍ തിരിച്ചു കൊടുക്കണമെന്നും, അതിനായി മത്സ്യാവതാരം ചെയ്യാനും ഭഗവാന്‍ നിശ്ചയിച്ചു .

തപസ്സനുഷ്‌ഠിക്കുന്ന മനു സ്‌നാനാര്‍ത്ഥം കൃതമാലാനദിയിലിറങ്ങി; അത്ഭുതമെന്നു പറയട്ടെ, ഒരു ചെറു മത്സ്യം മനുവിനെ സമീപിച്ച്‌ `രാജാവെ എനിക്കു വലിയ മത്സ്യങ്ങളെ പേടിയാണ്‌ . അങ്ങെന്നെ ഉപേക്ഷിക്കരുത്‌' എന്നപേക്ഷിച്ചു. ദയാലുവായ മനു മത്സ്യത്തെയെടുത്ത്‌ ഒരു മണ്‍കുടത്തിലിട്ടു വളര്‍ത്തി. മത്സ്യം വളര്‍ന്ന്‌ ്‌കുടത്തില്‍ കൊള്ളാതായി. മനു അതിനെ വലിയൊരു പാത്രത്തിലാക്കി. അതും പറ്റാതായപ്പോള്‍ അതിനെ കുളത്തില്‍ സൂക്ഷിച്ചു. കുളത്തിലും കൊള്ളാതായപ്പോള്‍ അതിനെ ഗംഗയില്‍ നിക്ഷേപിക്കാനപേക്ഷിച്ചു. മത്സ്യത്തെ വഹിക്കാന്‍ ഗംഗയും അശക്തയായപ്പോള്‍ മത്സ്യം രാജാവിനോട്‌ പറഞ്ഞു: ഏഴു ദിവസത്തിനുള്ളില്‍ ഒരു മഹാ പ്രളയമുണ്ടാകും. അങ്ങ്‌ ഒരു തോണിയുണ്ടാക്കി സപ്‌തര്‍ഷികളെയും കൂട്ടിക്കൊണ്ട്‌ അതില്‍ക്കയറി രക്ഷപെട്ടുകൊള്‍ക. മത്സ്യം കല്‍പിച്ച പ്രകാരം ഉടന്‍തന്നെ രാജാവ്‌ വലിയൊരു തോണിയുണ്ടാക്കി . മത്സ്യത്തിന്‌ തോണികെട്ടിയുറപ്പിക്കാന്‍ പാകത്തിന്‌ തലയില്‍ ഒരു കൊമ്പുമുളച്ചു. മത്സ്യം തോണി വലിച്ചുകൊണ്ട്‌ ഹിമാലയ ശൃംഗത്തിലെത്തി. മനു തോണി അതില്‍ ബന്ധിച്ചു. ആ ശൃംഗ നൗബന്ധന ശ്രംഗം നൗ നൗക എന്ന പേരില്‍ അറിയപ്പെടുന്നു. പ്രളയത്തോടെ സര്‍വ്വചരാചരങ്ങളും നിര്‍മ്മൂലമായി. (മഹാകവി ജയശങ്കര്‍ പ്രസാദിന്റെ `കാമായനി' എന്ന മഹാകാവ്യത്തില്‍ ഈ പ്രളയ സംഭവം സവിസ്‌താരം പ്രതിപാദിക്കുന്നുണ്ട്‌) ബൈബിളിലും ഉല്‍പ്പത്തി 6&7 ലോകത്തില്‍ തിന്മ പെരുകുന്നതും ഭൂമുഖത്ത്‌ മനുഷ്യനെ സൃഷ്‌ടിച്ചതില്‍ കര്‍ത്താവ്‌ പരിതപിക്കുന്നത്‌ ഒടുവില്‍ പ്രളയത്തില്‍ നിന്ന്‌ നീതിമാനായ നോഹയെ രക്ഷിക്കാന്‍ പേടകമുണ്ടാക്കാന്‍ കല്‍പിക്കുന്നതും പ്രളയത്താല്‍ സമസ്‌ത ചരാചരങ്ങളെയും നിഹനിക്കുന്നതുമായ കഥയും പ്രസിദ്ധമാണല്ലൊ. ഈ സമാനകഥകളുടെ ആഖ്യാനവും വ്യാഖ്യാനവുമൊക്കെ നടത്താന്‍ എന്നേപ്പോലെയുള്ള മൂഢമതികള്‍ അശക്തരാണ്‌. ഒരു പക്ഷേ സി. ആഡ്രൂസിനെ പ്പോലെയുള്ള മതിമാന്മാര്‍ പ്രാപ്‌തരായേക്കും.

ഏതായാലും വീണ്ടും ഭൂമുഖത്ത്‌ ജീവന്റെ തുടിപ്പുകള്‍ വളര്‍ന്നു വലുതായി വീണ്ടും മറ്റൊരു സര്‍വ്വനാശത്തിന്റെ വക്കിലേക്ക്‌ നാം നീങ്ങിക്കൊ
ണ്ടി രിക്കുകയാണെന്ന്‌ ബോധ്യമുള്ളവരാണല്ലോ ഞാനും നിങ്ങളും.
തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക