Image

അകത്തളങ്ങള്‍ (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)

Published on 03 May, 2019
അകത്തളങ്ങള്‍ (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)
ഇരുനൂറ്റിയിരുപത്തിയാറ്,
കിലോമീറ്ററിനപ്പുറവുമിരവും
പകലുമെത്തിയപ്പോളാണ് ,
ഇന്നലെ വരെ
വീട്ടിലായിരുന്നുവെന്നോര്‍മ്മ
വന്നത് ;

നാലാം നിലയിലങ്ങേയറ്റത്തെ
മൂന്നൂറ്റിയാറാം നമ്പര്‍ ,
ഹോസ്റ്റലകത്തു നിന്നു ,
നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ,
അമ്മയെന്ന "ശബ്ദം"
തിരിച്ചറിഞ്ഞത് ;

പടികളിറങ്ങി ,
മെസ്സിലേക്കും ,
മെസ്സില്‍ നിന്നും
വരിയിലേക്കും,
കാല്‍
നീണ്ടപ്പോളാണ് ,
ഇരിക്കുന്നിടത്തേക്ക്
അമ്മയെത്തിച്ച
ചോറിനെ ,
ഇടിമിന്നല്‍ പോലെയോര്‍മ്മ
വന്നത് ;

ഏഴര കഴിഞ്ഞും
എഴുന്നേല്‍ക്കാതെ ,
സൂര്യന്‍ വന്നു
തൊട്ടുണര്‍ത്തിയപ്പോളാണ് ,
ആറു മണി മുതല്‍
നിര്‍ത്താതെ
അടിച്ചു കൊണ്ടിരുന്ന
അമ്മയെന്ന അലാറത്തെ
ഓര്‍മ്മ വന്നത് ;

എട്ടര കഴിഞ്ഞെത്തി ,
മെസ്സിന്റെ വാതിലടച്ചു ,
വെള്ളതുള്ളി ഇറ്റ് വീഴുന്ന
സ്റ്റീല്‍ പാത്രമായി ,
തിരികെ നടക്കേണ്ടി
വന്നപ്പോളാണ് ,
 "ഈ ഇഡലി കൂടി,
 കഴിക്കെടാ " യെന്നു ,
ക്ലാസ്സിലേക്ക് പോകും
മുന്‍പ് ,
അമ്മ പറഞ്ഞതോര്‍മ്മ വന്നത് ;

ചുളിഞ്ഞ ഷര്‍ട്ടുകള്‍ ,
കൊഞ്ഞനം ,
കുത്തിയപ്പോളാണ് ,
വടിവുറ്റ ഷര്‍ട്ടില്‍
മേനി നടിച്ചിരുന്നു , എന്നറിഞ്ഞത്  ;

ചെരിപ്പിടാന്‍ നേരമെത്തിയപ്പോളാണ് ,
"കരുതണെയെടാ "
എന്നമ്മയുടെ പിന്‍വിളി
കേള്‍ക്കാന്‍ ,
വീട്ടിലല്ലെന്നു ,
വീണ്ടുമോര്‍മ്മ വന്നത് ;

ചോറ്റു പാത്രത്തിനകം ,
നിറയാന്‍ ,
ഏഴര വെളുപ്പിനു
അമ്മയുണര്‍ന്നു
വിളിച്ചുണര്‍ത്തിയ ,
ബാല്യമെത്ര വേഗം
കടന്നു പോയിരിക്കുന്നു ;

ഉണരും മുന്‍പ് ഉണര്‍ന്നമ്മ ,
ഉരുകിയൊരുക്കി
തന്നതല്ലാം  ;

ആരറിഞ്ഞു നോവതെല്ലാം ,
അമ്മയ്ക്കുമപ്പുറം ;

ചിന്നി ചിതറിയും
ആര്‍ത്തലച്ചും , ഒരു മഴയിവിടെയുണ്ട് ;

നാട്ടിലേക്ക് നോക്കുമ്പോളൊരു
കാര്‍മേഘമവിടെയും ;

ആ മഴ ഞാനെത്തുമ്പോളെണി
ക്കുകാത്തിരിക്കുന്നെന്നൊരു ,
മേഘമിപ്പോള്‍ കിന്നാരവും ചൊല്ലി ;

ആ മഴ നനയുവാന്‍ ,
അവനവനിടങ്ങള്‍ മാത്രം !

Join WhatsApp News
ബെന്നി 2019-05-15 08:33:06
"തിരികെ നടക്കേണ്ടി 
വന്നപ്പോളാണ് ,
 "ഈ ഇഡലി കൂടി,
 കഴിക്കെടാ " യെന്നു ,
ക്ലാസ്സിലേക്ക് പോകും
മുന്‍പ് ,
അമ്മ പറഞ്ഞതോര്‍മ്മ വന്നത് ;"................
  അതെ............  അമ്മ! 
   


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക