Image

ജനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് പ്രതീക്ഷിക്കുന്നത് : രമേശ് ചെന്നിത്തല

രാജു തരകന്‍ Published on 04 May, 2019
ജനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് പ്രതീക്ഷിക്കുന്നത് : രമേശ് ചെന്നിത്തല
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം തികച്ചും പരാജയമാണ്. ഇന്ത്യഒരു മതേതര രാഷ്ട്രമാണെങ്കിലും വര്‍ക്ഷീയ സംഘട്ടനങ്ങള്‍ പല സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ അനുവാചകര്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു. കേന്ദ്രഭരണം തികച്ചും പരാജയമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന ചോദ്യത്തിന് തന്റെ മറുപടി ഇങ്ങനെ തുടരുന്നു. നോട്ടുനിരോധനം മൂലം ജനങ്ങള്‍ക്ക് എന്താണ് ലഭിച്ചത്? നൂറ്റിയിരുപത്തഞ്ച് ജനങ്ങളാണ് തന്മൂലം വിവിധ കാരണങ്ങളാല്‍ മരണപ്പെട്ടത്. പതിനഞ്ച്‌ലക്ഷം രൂപ സാമ്പത്തിക തകര്‍ച്ച നേരിടുന്ന കുടുംബങ്ങളുടെ അകൗണ്ടില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തു. എങ്കിലും അത് നടപ്പാക്കിയില്ല. രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതും പ്രാവര്‍ത്തികമായില്ല. കേരളത്തിലെ പ്രളയദുരിന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ ഉദ്ധാരണത്തിനായി കേന്ദ്രസഹായം പ്രതീക്ഷിച്ചെങ്കിലും നാം പ്രതീക്ഷിച്ചതുപോലെയുള്ള സഹായം ലഭിച്ചില്ല.
   
കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും കുടുംബവാഴ്ചയാണ് കോണ്‍ഗ്രസില്‍ അനുകരിക്കുന്നത് എന്നതിന് തെളിവാണ് നെഹ്‌റുകുടുംബ ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവരെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്നവരാണ്. രാഹുല്‍ഗാന്ധിയായിരിക്കണം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്നാണ് നെഹ്‌റുകുടുംബത്തോട് താല്‍പര്യമുള്ളവര്‍ പ്രതീക്ഷിക്കുന്നത്. ഇതിനും ചെന്നിത്തലയ്ക്ക് മറുപടിയുണ്ട്. കോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പുകള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം നിഷേധിക്കുന്നില്ല. നാടിന് ഒരു പ്രശ്‌നം നേരിടുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ജനങ്ങള്‍ അംഗീകരിക്കുന്ന നേതൃത്വത്തെ കുടുംബവാഴ്ചയായി കാണരുത്. രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായവരുണ്ട് നെഹ്‌റുകുടുംബത്തില്‍. പരിചയവും പാരമ്പര്യവും സിദ്ധിച്ചവരാണ് നേതൃനിരയില്‍ കടന്നുവരേണ്ടത്.
   
ബാര്‍കോഴക്കേസും സോളാര്‍ ആരോപണങ്ങളും പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കാനും സാദ്ധ്യതയുണ്ട്.
   
എല്‍.ഡി.എഫ്  സര്‍ക്കാരിന്റെ ഭരണത്തെ എങ്ങിനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി, കേരളം കണ്ടതില്‍വെച്ച് ഏറ്റവും ദുര്‍ബലമായ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞസര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാലു പുതിയ ഡിസ്റ്റിലറികളും അഞ്ച് ബൂവറി കളും തുടങ്ങുവാന്‍ ഭരണപക്ഷത്തുള്ളവര്‍ താല്‍പര്യപ്പെടുമ്പോള്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ അതിനെ എതിര്‍ത്തു. ജനങ്ങളില്‍ മദ്യപാനശീലം വര്‍ദ്ധിക്കുമെന്നകാരണത്താലാണ് എതിര്‍ത്തത്. തന്മൂലം അവര്‍ക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു.
   
ശബരിമലവിഷയത്തില്‍ ഭരണപക്ഷത്തിന്റെ തീരുമാനം ശരിയായിരുന്നില്ല. പത്തുവയസുമുതല്‍ നാല്‍പ്പതുവയസുവരെയുള്ളവര്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആചാരങ്ങളും അനുഷ്ടാനങ്ങളും ഇത്തരത്തിലുള്ള പ്രവേശനത്തിന് അനുയോജ്യമല്ല. ജനങ്ങളുടെ വിശ്വാസത്തിനാണ് പ്രാധാന്യം. അത് സംരക്ഷിക്കപ്പെടണം. സര്‍ക്കാരല്ല ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. പ്രത്യുത ശബരിമലയില്‍ പോകുന്ന വിശ്വാസികളുടെ തീരുമാനത്തിനാണ് പ്രസക്തിയുള്ളത്.
   
ഹരിപ്പാട് മണ്ഡലത്തില്‍ ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും ഭരണപക്ഷത്തിന്റെ നിസ്സഹകരണം കാരണം അത് നടപ്പാക്കുവാന്‍ കഴിഞ്ഞില്ല. ക്യാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രാബല്യത്തില്‍ വരുത്തുന്നതിനും ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ആര്‍ എസ്സ് എസ്സിന്റെയും ബിജെപിയുടെയും സമീപനം ഭരണത്തിന് പലപ്പോഴും പ്രതികൂലമായിരുന്നു.
   
കേരളത്തില്‍ ഒരു ഭരണമാറ്റം ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാമതേതര കക്ഷികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഭരണത്തിന് കോണ്‍ഗ്രസിനുമാത്രമേ സാധിക്കുകയുള്ളൂ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരജയപ്പെടുവാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ അതിന്റെ മറുപടി സിപിഎമ്മിന്റെയും ബിജെപപിയുടെയും ശക്തമായ പ്രചരണതന്ത്രങ്ങളാണ് എല്‍ഡിഎഫിനെ വിജയത്തിലെത്തിച്ചത്.
   
കേന്ദ്രഭരണത്തിലും സംസ്ഥാനഭരണത്തിലും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് ഭരണം ഏറ്റെടുക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. പ്രവാസി മലയാളികളുടെ ഒരുസ്വപ്നമാണ് ആറന്മുള വിമാനത്താവളം. കോണ്‍ഗ്രസ്പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ അത് സാക്ഷാത്കരിക്കപ്പെടുമെന്ന വാഗ്ദാനവും നല്‍കിയാണ് രമേശ് ചെന്നിത്തല തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

രാജു തരകന്‍  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക