Image

ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഒന്നാം ഭാഗം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 08 May, 2019
ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഒന്നാം ഭാഗം: ജോണ്‍ വേറ്റം)
ഇന്‍ഡ്യന്‍ സുപ്രീം കോടതി വിധി നോര്‍ത്തമേരിക്കയിലുള്ള മലങ്കര സഭയിലെ എല്ലാ വിശ്വാസികളേയും ബാധിക്കുമോ? ആകമാനസുറിയാനിസഭയിലെ അമേരിക്കയിലുള്ള ഇരു സഭാവിഭാഗങ്ങളും തമ്മില്‍ യോജിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് അര്‍ത്ഥവത്തായ ഉത്തരം കണ്ടെത്തുന്നതിന് ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ പ്രസ്തുത സഭക്കുള്ളില്‍ വാസ്തവമായി എന്ത് സംഭവിച്ചു എന്ന് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ന്, നോര്‍ത്തമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പട്ടക്കാരും, മേല്‍പട്ടക്കാരും, സഭാനേതാക്കളും, ഭദ്രാസനങ്ങളും എങ്ങനെ എപ്പോള്‍ ഉണ്ടായെന്ന യാഥാര്‍ത്ഥ്യം അറിയണം. അതുകൊണ്ട്, നോര്‍ത്തമേരിക്കയിലെ സുറിയാനിസഭയിലെ ചരിത്രത്തില്‍ ഒന്നെത്തിനോക്കാം.
ന്യൂയോര്‍ക്ക് സിറ്റിയിലുള്ള അഞ്ച് ബറോഗളില്‍ ഒന്നാണ് 'സ്റ്റാറ്റന്‍ ഐലന്‍ഡ്' എന്ന മനോഹരദ്വീപ്. 1972-ാം നൂറ്റാണ്ടില്‍, 'മല്‍ഹറ്റന്‍' ബ്രോങ്ക്‌സ്' എന്നീ ബറോകളില്‍, രണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയങ്ങള്‍ പ്രവര്‍ത്തനത്തില്‍ വന്നു. എന്നാല്‍, 1974 ജൂലൈ മാസം വരെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ മലയാളികള്‍ക്ക് സ്വന്തമായി ആരാധനാ സൗകര്യം ഇല്ലായിരുന്നു. 1974- ആഗസ്റ്റ് മാസത്തില്‍, മന്‍ഹറ്റന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നും ക്ഷണം സ്വീകരിച്ചു വന്ന പട്ടക്കാരന്‍ ഒരു കാത്തോലിയ്ക്കാ പള്ളിയുടെ  ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതോടെ, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കോണ്‍ഗ്രിഗേഷന്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ സ്ഥാപിതമായി.

1975 ജനുവരിമാസത്തില്‍ മന്‍ഹറ്റന്‍ പള്ളിയില്‍ നിന്നും വന്ന പുരോഹിതന്‍ പിന്മാറിയെങ്കിലും, പിറ്റേമാസത്തില്‍, നിയമാനുസൃതമായ ഇന്‍ കോര്‍പ്പറേഷനിലൂടെ സെന്റ തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കോണ്‍ഗ്രിഗേഷന്‍, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ' എന്ന പേരില്‍ അംഗീകൃത ദേവാലയമായി. ആ സമയത്ത്, നോര്‍ത്തമേരിക്കയില്‍ മലങ്കരസഭയുടെ ഭദ്രാസനമോ, നിയമിതനായ മെത്രാപ്പോലീത്തയോ ഉണ്ടായിരുന്നില്ല. അപ്പോഴും, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ അധികാര പരിധിക്കുള്ളില്‍, മാര്‍ അത്താനാസിയോസ് യേശു ശമുവല്‍ മെത്രാപ്പോലീത്തയുടെ ഭരണത്തിന്‍കീഴില്‍, അമേരിക്ക-ക്യാനഡാ ഭദ്രാസനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തത്സമയം, നോര്‍ത്തമേരിക്കയിലെ മലയാളം ദേവാലയങ്ങള്‍ മലങ്കരസഭയുടെ ബാഹ്യകേരളഭദ്രാസനത്തിന്റെ നിയന്ത്രണത്തിലും, ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും ആയിരുന്നു. അതുകൊണ്ട്, സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ ഒരു വികാരിയെ നിയമിക്കുന്നതിനുള്ള നിവേദനം പള്ളി ഭാരവാഹികള്‍ മാത്യൂസ് മാര്‍ അത്താനാസിയോസിന് അയച്ചുകൊടുത്തു. അതിന് അനുകൂല മറുപടി മാര്‍ അത്താനാസിയോസ് നല്‍കിയെങ്കിലും, ഒരു പട്ടക്കാരനെ നിയമിച്ചില്ല. നിയമനം അറിയിച്ചുകൊണ്ടുള്ള കല്പന കിട്ടുമെന്ന പ്രതീക്ഷയോടെ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ അംഗങ്ങള്‍ കാത്തിരുന്നു.

1975-ല്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 'മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ' സ്ഥാപിച്ച സമയത്ത്, ആകമാന സുറിയാനിസഭ ഏകമായിരുന്നു. ഇഗ്നാത്തിയോസ് യാക്കൂബ് ത്രിദീയന്‍ ബാവ അന്തോഖ്യാ പാത്രിയര്‍ക്കീസും, ഔഗേന്‍ പ്രഥമന്‍ ബാവ പൗരസ്ത്യകാതോലിക്കായും ആയിരുന്നു. എങ്കിലും, 1970-ല്‍ ആരംഭിച്ച അസ്സമാധാനം 1975-ല്‍ അഭ്യന്തരകലഹമായി! മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനവും കാതോലിക്കോസിന്റെ അധികാരവും സംബന്ധിച്ച തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചു. 1975 ല്‍, പൗലോസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയെ 'ബസേലിയോസ് പൗലൂസ് രണ്ടാമന്‍' എന്ന പേരില്‍, ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്ത് പാത്രിയര്‍ക്കീസ് വാഴിച്ചു. ആ നിയമനം 1934-ലെ ഭരണഘടനയുടെ ലംഘനമാണെന്ന പരാതി പെട്ടെന്നുണ്ടായി. 1975 ഒക്ടോബര്‍ മാസത്തില്‍, പൗരസ്ത്യ കാതോലിക്ക ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ സഭാഭരണത്തില്‍ നിന്നും പിന്മാറി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഡോ.മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയെ, മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്ന പേരില്‍ മാര്‍തോമാശ്ലീഹായുടെ സിംഹാസനത്തില്‍ മലങ്കരസഭ വാഴിച്ചു. അങ്ങനെ, മലങ്കരയില്‍ രണ്ട് കാതോലിക്കാമാരും, 'ബാവാകക്ഷി'എന്ന പേരുകളില്‍ രണ്ട് സഭാവിഭാഗങ്ങളും ഉണ്ടായി.

ബാഹ്യകേരളഭദ്രാസനാധിപന്‍ കാതോലിക്കാസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നതിന് ഏറെമുമ്പ്, സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിനെ സഹായിക്കണമെന്ന്, ന്യൂയോര്‍ക്കില്‍ എത്തിയ തോമസ് മാര്‍  മക്കാറിയോസിനെ അറിയിച്ചിരുന്നു. അതനുസരിച്ച്, ശുഭപ്രതീക്ഷയോടെ അദ്ദേഹത്തെ സമീപിച്ച മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് അംഗങ്ങള്‍ക്ക് സഹായവാഗ്ദാനം നല്‍കി. എന്നിട്ടും, മെത്രാപ്പോലീത്ത പ്രവര്‍ത്തിച്ചില്ല. മാര്‍ മക്കാറിയോസിനെ പിന്തുണച്ചവരാണ് അതിന്റെ കാരണമെന്ന് കരുതപ്പെടുന്നു. മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് അടയ്ക്കുന്നതിനുള്ള നിഗൂഢശ്രമങ്ങളും കാണാമറയത്തുണ്ടായി. അതിന്റെ ഫലമോ? അംഗങ്ങള്‍ പിരിഞ്ഞുപോയി! ദേവാലയത്തിലെ അംഗസംഖ്യ അഞ്ച് കുടുംബങ്ങളായി കുറഞ്ഞു! പുരോഹിതന്മാര്‍ ആരാധനക്ക് വരാന്‍ മടിച്ചു. അങ്ങനെ, ഒരു വര്‍ഷത്തോളം പട്ടക്കാരില്ലാത്ത ദുരവസ്ഥ തുടര്‍ന്നു. എന്നിട്ടും, ചാപ്പലിന്റെ അഭാവത്തില്‍, കത്തോലിക്ക പള്ളിവക വിദ്യാലയത്തിന്റെ ഭോജനശാലയില്‍, അഞ്ച് കുടുംബങ്ങളടങ്ങിയ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തിച്ചു. 1976-ന്റെ ആരംഭ വേളയില്‍, പ്രസ്തുത ദേവാലയത്തിലെ രണ്ട് അംഗങ്ങള്‍ അമേരിക്ക-ക്യാനഡാ ഭദ്രാസനമെത്രാപ്പോലീത്ത മാര്‍ അത്താനാസിയോസ് യേശു ശമുവേലിനെ സമീപിച്ചു. സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ ആത്മീയാവശ്യങ്ങളും നിസ്സഹായതയും മനസ്സിലാക്കിയ ഭദ്രാധിപന്‍ അവരെ സഹായിക്കാന്‍ സന്നദ്ധനായി. എന്നുവരികിലും, മലയാളിപ്പുരോഹിതന്മാര്‍ അദ്ദേഹത്തോട് സഹകരിച്ചില്ല. അക്കാരണത്താല്‍, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് ഒരു സിറിയന്‍ റമ്പാനെ അയച്ചു. അങ്ങനെ, സ്റ്റാറ്റന്‍ ഐലന്റ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ ആരംഭിച്ച  ആരാധന നോര്‍ത്തമേരിക്കയിലെ  സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മലയാളവിഭാഗത്തിന്റെ തുടക്കമായി. ഇപ്പോഴും, ഈ യാഥാര്‍ത്ഥ്യം മറഞ്ഞു നില്‍ക്കുന്നു അഥവാ മറച്ചുപിടിക്കുന്നു! എന്തിന്?

(തുടരും...)

ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഒന്നാം ഭാഗം: ജോണ്‍ വേറ്റം)
Join WhatsApp News
History can Revenge 2019-05-09 15:15:17
History might look like dead & gone forever;
But don't be fooled.
History is silent but is a full stretched Bow
Sometimes History can retaliate & even Revenge.-andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക