Image

പൊന്‍പുലരി (ചെറുകഥ: വിനോദ് എ.പി)

വിനോദ് എ.പി Published on 12 May, 2019
പൊന്‍പുലരി (ചെറുകഥ: വിനോദ് എ.പി)
ഇടി വെട്ടി മഴ തിമിര്‍ത്ത് പെയ്യുകയാണ്. ഇന്നലെ രാത്രി തുടങ്ങിയതാണ്. നേരം വെളുത്ത് വരുന്നേയുള്ളു. ഇനിയും മഴക്കൊരു ശമനമില്ല. കോരന്‍ തന്റെ പതിവ് തെറ്റിച്ചില്ല. എഴുന്നേറ്റ് പായയും മടക്കി വെച്ച് ഉമ്മറത്തേക്കിറങ്ങി. പടിയുടെ അരികിലായ് ചാരിവെച്ച തൊപ്പിക്കുട ചൂടി പുറത്തിറങ്ങി. നേരെ  തൊഴുത്തിലേക്കാണ് പോയത്. തന്റെ രണ്ട് കാളക്കുട്ടന്‍മാരെ തൊട്ട് തലോടി ആ തൊഴുത്തൊക്കെ വൃത്തിയാക്കി. തലേ ദിവസം എടുത്തുവെച്ച കഞ്ഞി വെള്ളവും വൈക്കോല്‍ കൂനയില്‍ നിന്നും കുറച്ച് വൈക്കോലും അവര്‍ക്ക് കൊടുത്തു. തിരിച്ച് വന്ന് പല്ല് തേപ്പും കുളിയുമെല്ലാം കഴിഞ്ഞ് പാടത്തേക്ക് പോകാനൊരുങ്ങി.

കലപ്പ എടുത്ത് തോളില്‍ വെച്ച് അരിവാള്‍ അരയില്‍ തിരുകി കാളകളുടെ കയറും പിടിച്ച് അയാള്‍ നടന്നു. മഴക്കൊരല്‍പ്പം ശമനമുണ്ട്. ഇടവഴികള്‍ താണ്ടി മുന്നോട്ട് പോകുമ്പോള്‍ മനസ്സ് നിറയെ നിറഞ്ഞ് നില്‍ക്കുന്ന നെല്‍പ്പാടമാണ്..... ഉഴുത് മറിക്കണം. കുറച്ച് വര്‍ഷങ്ങളായി കൃഷിയൊന്നും ചെയ്യാത്ത നിലമാണ്, കളകളും മുള്‍ച്ചെടികളും നിറഞ്ഞ് നില്‍ക്കുന്നു. ആദ്യം അതെല്ലാം വെട്ടി നിരത്തണം. ആഴത്തില്‍ മണ്ണിളക്കി നിലം ഉഴണം. കട്ടകള്‍ ഉടക്കണം. വിത്തിറക്കണം. ആശക്കൊത്ത് വിത്തുകള്‍ വളരുമ്പോള്‍ ഇടയില്‍ വളരുന്ന കളകളെ വേരോടെ പിഴുത് കളയണം. വേണ്ട വിധം വെള്ളവും വളവും നല്‍കണം. അവ വളരും. പാല്‍ക്കതിരിടുമ്പോള്‍ ഒരായിരം പറവകള്‍ വരും. അവരും സന്തോഷിക്കട്ടെ, കതിരുകളെല്ലാം വിളയും, നാട്ടുത്സവമായി ആകതിരുകളെല്ലാം എന്റെ അരി വാള്‍ കൊണ്ട് ഞാന്‍ കൊയ്യും, കറ്റ മെതിക്കും....

ചിന്തകളും പ്രതീക്ഷകളും കാടുകയറി. മഴക്ക് തീര്‍ത്തും ശമനം. കോരന്‍ തന്റെ കൃഷിയിടത്തിലെത്തി. കാളകളെ പാടത്തിറക്കി കലപ്പ നിലത്ത് വെച്ച് കോരന്‍ ആ പാടവരമ്പില്‍ ഇരുന്നു.  മടിക്കുത്തില്‍ കരുതിവെച്ചിരുന്ന വെറ്റിലക്കെട്ടില്‍ നിന്നും ലക്ഷണമൊത്ത ഒരു വെറ്റില എടുത്ത് നൂറും തേച്ച് അടക്കയും ചെറിയൊരു കഷ്ണം പൊകലയുമെടുത്ത് വായിലിട്ട് ചമക്കാന്‍ തുടങ്ങി. വാ നിറഞ്ഞപ്പോള്‍ പാടത്തേക്ക് നീട്ടിത്തുപ്പി. തുപ്പല്‍ വീണിടത്തെ മണ്ണ് ചുകന്നു. ആ ചുകപ്പില്‍ നോക്കി കോരന്‍ ഒന്ന് പുഞ്ചിരിച്ചു.

കോരന്‍ എണീറ്റ് അരയില്‍ തിരുകിയ അരിവാളെടുത്ത് ആ വളര്‍ന്ന് പൊങ്ങി നില്‍ക്കുന്ന പടുകളകളെയെല്ലാം അടിയോടെ വെട്ടി. വെട്ടിയ കളകളെയെല്ലാം ഒരു മൂലയില്‍ കൂട്ടിയിട്ടു. കാളക്കുട്ടന്‍ മാര്‍ക്ക് അത്യാവശ്യം വയറ് നിറക്കാനുള്ള വിഭവങ്ങളും ആ പാടത്തുണ്ട്. അവരും അത് ആസ്വദിച്ചകത്താക്കി. ഏതാണ്ട് വലിയ കളകളെയെല്ലാം ഇല്ലാതാക്കിയ ശേഷം കോരന്‍ നുകവും കരിവീട്ടികൊണ്ടുണ്ടാക്കിയ കലപ്പയും കാളക്കുട്ടന്‍മാരുമായി കൂട്ടിക്കെട്ടി ഒരു മൂലയില്‍ നിന്നും ഉഴാന്‍ തുടങ്ങി. പരമാവധി അടിയിളക്കി ഉഴാന്‍ കാളകളും സഹായിച്ചു. ആഴങ്ങളിലേക്ക് കലപ്പയുടെ കൂര്‍ത്ത അഗ്രം ഇറങ്ങിച്ചെല്ലാന്‍ കോരന്‍ പരമാവധി ശ്രമിച്ചു.

ഏറെ നേരം നീണ്ടു നിന്ന ഉഴുതുമറിക്കലില്‍ ചെറുകളകളെല്ലാം മണ്ണിനടിയില്‍പ്പെട്ടു. കോരനും കാളക്കുട്ടന്‍മാരും നന്നേ ക്ഷീണിച്ചു. ഒരല്‍പ നേരത്തെ വിശ്രമത്തിനായി കാളകളെ നുകത്തില്‍ നിന്നും അഴിച്ച് മാറ്റി കോരന്‍ ആ പാടവരമ്പത്ത് ചെന്നിരുന്നു. പ്രകൃതിയുടെ അനുഗ്രഹമെന്നോണം ഒരു ചെറു കുളിര്‍ കാറ്റോടെ മഴ തുള്ളിയിട്ടു.

കോരന്റെ നെറ്റിയില്‍ പൊടിഞ്ഞിറങ്ങിയ വിശര്‍പ്പില്‍ മഴത്തുള്ളികള്‍ പതിച്ചപ്പോള്‍ അതിലൊരു തുള്ളി ഊര്‍ന്നിറങ്ങി അരികിലെ പുല്‍ക്കൊടിയില്‍ തങ്ങിനിന്നു. കോരന്‍ ആതുള്ളിയെ നോക്കി. സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ഒരു തുള്ളി. പ്രകൃതിയുടെ സ്‌നേഹവും അദ്വാനത്തിന്റെ ശക്തിയും പ്രതീക്ഷകളുടെ കിരണങ്ങളും ഉള്‍ക്കൊണ്ട ഒരു തുള്ളി. കോരന്‍ ആ തുള്ളിയെ ഒരല്‍പ്പനേരം നോക്കി നിന്നു. ഒരു പ്രപഞ്ചം ആ തുള്ളിയില്‍ പ്രതിഫലിക്കുന്നതായി കോരന് തോന്നി. അവിടെ കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യനെ അയാള്‍ കണ്ടു. ചന്ദ്രനെ കണ്ടു, നക്ഷത്രങ്ങളെ കണ്ടു, മലകളും പുഴകളും സമതലങ്ങളും കണ്ടു. വിളഞ്ഞു നില്‍ക്കുന്ന പാടങ്ങളെകണ്ടു. അനന്തവിഹായസ്സില്‍ പാറിപ്പറക്കുന്ന പറവകളെ കണ്ടു, ഒരു പുതിയ ലോകം കണ്ടു. എല്ലാറ്റിനും ഉപരിയായി തന്നെത്തന്നെ ആ തുള്ളിയില്‍ അയാള്‍ കണ്ടു.

വിശ്രമിച്ചിരിക്കാന്‍ നേരമില്ല. കോരന്‍ നെറ്റിത്തടത്തിലെ വിയര്‍പ്പുതുള്ളികള്‍ തുടച്ച് മാറ്റി. പാടത്തിറങ്ങി വലിയ കട്ടകളെല്ലാം തന്റെ മണ്‍വെട്ടി കൊണ്ട് കൊത്തിയുടച്ചു. തന്റെ കൈക്കരുത്തിന് മുമ്പില്‍ ഓരോ കട്ടകളും പൊടിഞ്ഞമര്‍ന്നു. മുന്നോട്ട് മുന്നോട്ട് നിങ്ങുന്തോറും ആ കൈകള്‍ക്ക് ബലമേറി.

കട്ടയുടക്കലിന് ശേഷം പാടത്തിന്റെ മൂലയില്‍ കൂട്ടിയിരുന്ന ചാണകപ്പൊടിയും കുമ്മായവും കൂട്ടിക്കലര്‍ത്തി അതെല്ലാം പാടത്ത് വിതറി.

ഈ സമയത്താണ് ആ പാടത്തിന്റെ മൂലയിലായി രണ്ട് ചെറുകുരുവികള്‍ പറന്നിറങ്ങിയത്. അവ പാടത്ത് ചികഞ്ഞ് എന്തെല്ലാമോ കൊത്തിപ്പെറുക്കുന്നു. കൗതുകത്തോടെ അയാള്‍ ആ കുരുവികളെ നോക്കി നിന്നു.... 

അതിമനോഹരമായ ചിറകുകളുള്ള രണ്ട് കുരുവികള്‍. പ്രകൃതിയുടെ മനോഹാരിത മുഴുവനായി ആ ചിറകുകളില്‍ കാണാമായിരുന്നു. നിര്‍ഭയരായി ആ പാടത്ത് കൊത്തിപ്പെറുക്കി നടക്കുന്നു. അവര്‍ക്ക് നാളെയെക്കുറിച്ചുള്ള ആ കുലതകളില്ല. ഇന്നലെയെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുന്നില്ല. ഇന്ന്... ഇന്നെന്ന സത്യം മാത്രം മുന്നില്‍. സ്വതന്ത്രമായി എവിടേയും പാറിപ്പറക്കാം. അതിരുകളില്ലാത്ത ആകാശത്തിനുടമകള്‍, വിസ്തൃതമായ ഈ ഭൂമിയുടെ അവകാശികള്‍. പോരടിക്കാനില്ല, പോരാട്ടത്തിനില്ല. അധികാര മേധാവിത്വത്തിന്റെ കരാളങ്ങളെ ഭയപ്പാടോടെ നോക്കി കാണേണ്ടതില്ല. മതമില്ല, ജാതിയില്ല, ദേശ ഭാഷാ വ്യതിയാനങ്ങളില്ല. എല്ലാം സമഭാവനയോടെ കാണുന്നവര്‍....

വളരെ നേരം കോരന്‍ അവരെത്തന്നെ നോക്കി നിന്നു. കൊത്തിപ്പെറുക്കല്‍ കഴിഞ്ഞ് ആ കുരുവികള്‍ അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറന്നുയര്‍ന്നു. എവിടേയും ഒരു പാടുകള്‍ വരുത്താതെ.

അവര്‍ കണ്‍വെട്ടത്തു നിന്ന് മറയുന്നത് വരെ കോരന്‍ അവയെത്തന്നെ നോക്കി നിന്നു.

നേരം നട്ടുച്ച കഴിഞ്ഞിരിക്കുന്നു. കോരന് വല്ലാത്ത വിശപ്പും ക്ഷീണവും തോന്നി. പാടവരമ്പില്‍ വെച്ച കൂജയില്‍ നിന്നും കുറച്ച് വെള്ളം കുടിച്ചു. തലയില്‍ കെട്ടിയ തോര്‍ത്തഴിച്ച് അരയില്‍ മുറുക്കിക്കെട്ടി. പോരാട്ടം മണ്ണിനോട് മാത്രമല്ല, പലപ്പോഴും പട്ടിണിയോടും പൊരുതി വിജയിക്കുന്നത് ഒരു ശീലമാണ്. വീണ്ടും കൊട്ടയില്‍ ബാക്കിയുള്ള ചാണകപ്പൊടിയും കുമ്മായവും ശേഷിക്കുന്ന സ്ഥലങ്ങളില്‍ വിതറി.

കൈക്കോട്ടെടുത്ത് പൊട്ടിപ്പൊളിഞ്ഞ വരമ്പെല്ലാം മണ്ണിട്ട് ശരിയാക്കി. ഏതാണ്ട് വൈകുന്നേരത്തോടടുത്തു. പാടം ഒരു വിധം വിത്തിറക്കാന്‍ പാകമായെന്ന് ഉറപ്പ് വരുത്തി. ഇനിയൊരു ചെറുമഴ ലഭിക്കണം. ഏതായാലും പടിഞ്ഞാറ് കാര്‍മേഘങ്ങള്‍ ഉരുണ്ട് വരുന്നുണ്ട്. രാത്രിയില്‍ മഴ പെയ്യുമെന്നുറപ്പാണ്. കോരന്‍ കൈക്കോട്ടും, കലപ്പയും, അരി വാളുമെടുത്ത് കാളകളുടെ കയറ് പിടിച്ച് പാടത്തിന്റെ അരികിലൂടെയൊഴുകുന്ന തോട്ടിലേക്ക് നടന്നു.

പണിയായുധങ്ങളെല്ലാം കഴുകി വൃത്തിയാക്കി കാളകളേയും കുളിപ്പിച്ച് കരക്ക് കയറ്റി. പിന്നീട് വിശാലമായി ക്ഷീണമകറ്റിയുള്ള ഒരു കുളി. കുളികഴിഞ്ഞ് തോട്ടുവരമ്പില്‍ കുറച്ച് നേരം ഇരുന്നു. അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍ കുഞ്ഞോളങ്ങളെ തഴുകിക്കൊണ്ടേയിരുന്നു.

നാളെ പുലരുമ്പോള്‍ പാടത്ത് വരണം. വിത്തിറക്കണം, ആ വിത്തുകളെല്ലാം വളരും, അവക്ക് ഞാന്‍ കാവലിരിക്കും. അവ കതിരിടും, വിളയും. അവയെല്ലാം കൊയ്യണം. കോരന്‍ തന്റെ അരി വാളെടുത്ത് തോര്‍ത്തു കൊണ്ട് തുടച്ചു. സൂര്യന്റെ പൊന്‍ കിരണങ്ങളേറ്റ് ആ അരിവാളിന്റെ വായ്ത്തല തിളങ്ങി. ഒരു പുതിയ പ്രതീക്ഷയുടെ തിളക്കം.....  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക