Image

മെയ് 12: നഴ്‌സസ് ഡേ (മീട്ടു റഹ്മത്ത് കലാം)

Published on 12 May, 2019
മെയ് 12: നഴ്‌സസ് ഡേ (മീട്ടു  റഹ്മത്ത് കലാം)

മെയ് 12: നഴ്‌സസ് ഡേ 
ആതുരശുശ്രൂഷയുടെ മാതാവായി കരുതപ്പെടുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം.

അമ്മയുടെ ഗര്‍ഭപാത്രം എന്ന സുരക്ഷാ കവചത്തില്‍ നിന്ന് ആദ്യം പുറത്തു വരുമ്പോള്‍ സ്വാഗതമരുളി ചെറുപുഞ്ചിരിയോടെ അവള്‍ നിന്നു. ജീവിതത്തിന്റെ വിവിധ ഘട്ടത്തില്‍ രോഗങ്ങളുമായി പൊരുതുമ്പോള്‍ ഉറ്റ ബന്ധുവിനേക്കാള്‍ കരുതലോടെ പരിചരിച്ചു.
മരണം പടിവാതിലില്‍ നില്‍ക്കുന്ന രോഗിയും 'ഒന്നും പേടിക്കാനില്ല' എന്ന സാന്ത്വനവുമായി അവളുടെ സാന്നിധ്യം അറിഞ്ഞു. സഹജീവികള്‍ക്ക് ആശ്വാസം പകരുക എന്ന പുണ്യം ജീവിതവ്രതമാക്കിയ ആ മാലാഖമാര്‍ക്ക് പലപ്പോഴും ഒരേ മുഖമാണ്. ആതുരശുശ്രൂഷയുടെ മഹത്വം ചിന്തിക്കുമ്പോള്‍, രോഗാതുര പരിചരണത്തിനായി സ്വന്തം ജീവിത സുഖങ്ങള്‍ ത്യജിച്ച് സേവനത്തിനു പുത്തന്‍ മാനം നല്‍കി പ്രസിദ്ധയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജീവിതകഥ അറിഞ്ഞിരിക്കണം.
ഇംഗ്ലണ്ടില്‍ വില്യം എഡ്വേഡ് നൈറ്റിംഗേലിന്റെയും ഫാനി യുടെയും രണ്ടു പെണ്‍മക്കളില്‍ ഇളയവളായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ . 1820 മെയ് പന്ത്രണ്ടാം തീയതി ഇറ്റലിയിലെ ഫ്‌ലോറന്‍സ് എന്ന നാട്ടില്‍ ജനിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് അവര്‍ മകള്‍ക്ക് ആ
പേര് നല്‍കിയത്. 'ഫ്‌ലോ' എന്നായിരുന്നു വിളിപ്പേര്. നല്ലൊരു അധ്യാപകനെ കണ്ടെത്താന്‍ കഴിയാതിരുന്ന നൈറ്റിംഗേല്‍, മക്കളുടെ അധ്യാപന ചുമതല സ്വയം ഏറ്റെടുത്തു. ഗ്രീക്ക് ,ലാറ്റിന്‍, ജര്‍മന്‍ ,ഫ്രഞ്ച് ,ഇറ്റാലിയന്‍ ഭാഷകളും ചരിത്രവും തത്ത്വശാസ്ത്രവും ബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം മക്കള്‍ക്ക് പകര്‍ന്നു കൊടുത്തു. സംഗീതവും ചിത്രമെഴുത്തും പഠിപ്പിക്കുന്നതിനായി അതില്‍ പ്രാവീണ്യമുള്ള ഒരു സ്ത്രീയെ നിയമിക്കുകയും ചെയ്തു. മൂത്തമകള്‍ 'പാര്‍ത്തനോപ്പ' അമ്മയോടൊപ്പം ഗൃഹജോലികളില്‍ ഏര്‍പ്പെട്ടപ്പോള്‍ 'ഫ്‌ലോ' സദാസമയവും പിതാവിനൊപ്പം ലൈബ്രറിയിലെ ഈടുറ്റതും ഗഹനതയാര്‍ന്നതുമായ പുസ്തകങ്ങള്‍ക്കിടയില്‍ സമയം ചെലവഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ക്ഷണികമായ ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ലെന്നും സഹജീവികളെ സഹായിക്കാന്‍ വേണ്ടി ഉള്ളതാണെന്നും ചെറുപ്രായത്തില്‍ തന്നെ ഫ്‌ലോ തിരിച്ചറിഞ്ഞു. 1842ല്‍ ഇംഗ്ലണ്ടില്‍ കൊടിയ ദാരിദ്ര്യവും പകര്‍ച്ചവ്യാധിയും പിടിപെട്ടപ്പോള്‍ ഫ്‌ലോറന്‍സ് അവിടത്തെ 'ഹോളോവേ' എന്ന ഗ്രാമം സന്ദര്‍ശിച്ചു. ജനങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും അവളെ വിഷമത്തില്‍ ആഴ്ത്തി. ധര്‍മിഷ്ഠയായ അമ്മയെ ആ രംഗങ്ങള്‍ വിവരിച്ചു കേള്‍പ്പിച്ചപ്പോള്‍ പണവും ആഹാരവും വസ്ത്രവും അശരണര്‍ക്ക് നല്‍കുന്നതിനായി ഫാനി മകളെ ഏല്‍പ്പിച്ചു. അവളത് രോഗികളുടെയും പട്ടിണി പാവങ്ങളുടെയും ഇടയില്‍ വിതരണം ചെയ്തു. ഫ്‌ലോറന്‍സ് കുടിലുകള്‍തോറും കയറിയിറങ്ങി ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുകയും തന്നാലാവുന്ന സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു.
രോഗികളുടെയും അശരണരുടെയും കാണപ്പെട്ട ദൈവമായിരുന്ന അമേരിക്കന്‍ ഡോക്ടര്‍ വാര്‍ഡ്ഹൗവേയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ രോഗാതുരസേവനത്തോടുള്ള തന്റെ താല്‍പര്യം ഫ്‌ലോറന്‍സ് അറിയിച്ചു. പഴുപ്പും ചോരയും ഒഴുകുന്ന ദുര്‍ഗന്ധം വമിക്കുന്ന മുറിവുകള്‍ കഴുകാനും മരുന്നുവെച്ച് കെട്ടാനും അവളെപ്പോലെ സമൂഹത്തില്‍ അറിയപ്പെടുന്ന കുടുംബത്തില്‍ നിന്ന് ഒരു കുട്ടി ചിന്തിച്ചത് ഡോക്ടറെ അത്ഭുതപ്പെടുത്തി. മാനം മര്യാദയുള്ള പെണ്‍പിള്ളേര്‍ക്ക് പറ്റിയ തൊഴിലായി അക്കാലത്ത് ഇംഗ്ലണ്ടില്‍ നഴ്‌സിങ്ങിനെ കണ്ടിരുന്നില്ല. സദാചാരം തീരെ നഷ്ടപ്പെട്ട അവിഹിതമായി ഗര്‍ഭംധരിച്ചു പ്രസവിക്കേണ്ടി വന്ന സ്ത്രീകളെയാണ് നഴ്‌സുമാരായി നിര്‍ത്തിയിരുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കളും ഫ്‌ലോറന്‍സിന്റെ ആഗ്രഹത്തെ ശക്തമായി എതിര്‍ത്തു.1852 ല്‍ 'ഫാദര്‍ മാനിംഗ്' എന്ന കത്തോലിക്ക വൈദികനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. കന്യാസ്ത്രീകള്‍ ആതുരശുശ്രൂഷ ചെയ്യുന്ന ആശുപത്രിയില്‍ ഫ്‌ലോറന്‍സിന് ഒരു അവസരം ഉണ്ടാക്കി കൊടുക്കാമെന്ന് ഫാദര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ നിയന്ത്രണത്തിലുള്ള ആശുപത്രി ആയിരുന്നതിനാല്‍ സദാചാരത്തിനും സന്മാര്‍ഗ്ഗത്തിനും വിരുദ്ധമായ അവസ്ഥ ഉണ്ടാകില്ലെന്ന ധൈര്യത്തില്‍ മാതാപിതാക്കളും തര്‍ക്കങ്ങള്‍ക്കൊടുവില്‍ മനസ്സില്ലാമനസ്സോടെ സമ്മതംമൂളി.
യൂറോപ്പിലെ എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച ഫ്‌ലോറന്‍സ് അവിടത്തെ നഴ്‌സിംഗ് സംവിധാനത്തെക്കുറിച്ച് ശരിക്ക് പഠിക്കുകയും വിലയിരുത്തുകയും ചെയ്തു.1853 ഓഗസ്റ്റ് 12ന് ആശുപത്രിയോട് ചേര്‍ന്നുള്ള മന്ദിരത്തിന്റെ ഭരണസാരഥ്യം അവര്‍ ഏറ്റെടുത്തു. ഭരണപരമായ യാതൊരു നൈപുണ്യവും കൈമുതലായി ഇല്ലാത്തവരായിരുന്നു അന്നുവരെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ചില സമുദായക്കാര്‍ക്ക് മാത്രമേ അന്നുവരെ ആശുപത്രിയില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഫ്‌ലോറന്‍സിന്റെ വരവ് അതിനൊക്കെ മാറ്റം കുറിച്ചു. ആശുപത്രിക്കുള്ളിലാകെ പുനക്രമീകരണം നടത്തി. വൃത്തിഹീനമായി കിടന്ന കെട്ടിടം തുടച്ചു വെടിപ്പാക്കി. തറയില്‍ അണുനാശിനി പ്രയോഗിച്ചു. ഓരോ രോഗിയും മാറുമ്പോള്‍ അയാള്‍ ഉപയോഗിച്ചിരുന്ന ഷീറ്റുകള്‍ അലക്കി വൃത്തിയാക്കിയ ശേഷം മാത്രമേ പുതിയതായി വരുന്ന രോഗികള്‍ക്ക് നല്‍കാവൂ എന്ന നിയമം കൊണ്ടുവന്നു. നഴ്‌സുമാരുടെ നിയമനാധികാരം ആശുപത്രി നടത്തിപ്പ് കമ്മിറ്റിയില്‍ നിന്നും ഫ്‌ലോറന്‍സ് എടുത്തുമാറ്റി. പകരം അധികാരം ഡോക്ടര്‍മാരില്‍ നിക്ഷിപ്തമാക്കി.രോഗികളുടെ പരാതി തന്നോട് നേരിട്ട് പറയണമെന്നും ഫ്‌ലോ ആവശ്യപ്പെട്ടു. താന്‍ ആഗ്രഹിക്കുന്ന സവിശേഷതകളോട് കൂടിയ നഴ്‌സുമാരെ ലഭിക്കുന്നതിനായി പ്രത്യേക പരിശീലനം നല്‍കുന്ന വിദ്യാലയം തുടങ്ങണമെന്ന് ഫ്‌ലോറന്‍സ് തീരുമാനിച്ചു. കിംഗ് കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് നഴ്‌സിംഗ് വിദ്യാലയം എന്ന ആശയത്തിന് ചിറകുവിരി യിച്ചു.
ഇംഗ്ലണ്ടും ഫ്രാന്‍സും റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സന്ദര്‍ഭം. ഏകദേശം മുപ്പതിനായിരം പടയാളികള്‍ ക്രീമിയ യുദ്ധത്തിനുവേണ്ടി ബ്രിട്ടനില്‍നിന്ന് അയക്കപ്പെട്ടു. അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലുമുള്ള കരുതലുകള്‍ എടുത്തിരുന്നില്ല. വൃത്തിഹീനമായ അന്തരീക്ഷം മൂലം കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് പടയാളികളില്‍ വലിയൊരു പങ്ക് മരണമടഞ്ഞു. മുറിവേറ്റവര്‍ക്ക് വേണ്ടത്ര പരിചരണം നല്‍കാന്‍ ഉള്ള ആശുപത്രികളോ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഇരുശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് ഭടന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മുറിവേറ്റവരെ പരിചരിക്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. വ്രണങ്ങള്‍ കഴുകിത്തുടച്ച് കെട്ടാനുള്ള തുണിയോ പഞ്ഞിയോ പോലും ഇല്ലായിരുന്നു. ബോധം കെടുത്തുന്നതിനുള്ള മരുന്നുകളുടെ അഭാവംമൂലം കയ്യോ കാലോ മുറിച്ചുകളയേണ്ടി വന്നവരുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ഇരുട്ടത്ത് വിളക്കുമേന്തി ഫ്‌ലോറന്‍സും സംഘവും എത്തിയത് . മരണം മുന്നില്‍ കണ്ടവരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഉള്ള പുതുവെളിച്ചം ആയിട്ടായിരുന്നു ആ വരവ്. കത്തിച്ച റാന്തലുമായി ഓരോ രോഗിയുടെയും അടുത്തു ചെന്ന് അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. വിളക്കേന്തിയ വനിത എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള നിയോഗം ആയിരുന്നിരിക്കാം അത്.
രോഗിപരിചരണം നടത്തിയിരുന്ന 14 പേര്‍ ഫ്‌ലോറന്‍സിന്റെ കൂടെ ഉണ്ടായിരുന്നു. ചാക്കുകളില്‍ വൈക്കോല്‍ നിറച്ച് അവ കൂട്ടി തയ്ച്ച് രോഗികള്‍ക്കാവശ്യമായ കിടക്കകള്‍ ഉണ്ടാക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. പരിസരത്ത് കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മേശകള്‍ , രോഗികള്‍ക്കുള്ള ഭക്ഷണം എന്നിവയും വാങ്ങി. രണ്ടായിരത്തിലധികം പടയാളികളുടെ മരണാവസരത്തില്‍ അവരുടെ തലയ്ക്കല്‍ ഇരുന്ന് ഒരമ്മയെ പോലെ ഫ്‌ലോറന്‍സ് ശുശ്രൂഷിച്ചു.
തന്റെ പടയാളികളുടെ യാതനകള്‍ ഇല്ലാതാക്കാന്‍ അഹോരാത്രം യത്‌നിച്ച ഫ്‌ലോറന്‍സിന്റെ സേവനത്തില്‍ രാജ്യത്തിന് അളവറ്റ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് രേഖപ്പെടുത്തിയതോടൊപ്പം ചില സമ്മാനങ്ങളും റോയല്‍ റെഡ് ക്രോസും നല്‍കി വിക്ടോറിയ രാജ്ഞി ഫ്‌ലോയെ ആദരിച്ചു. അച്ഛനമ്മമാര്‍ മകളെയോര്‍ത്ത് അഭിമാനിച്ച നിമിഷങ്ങള്‍.
ഇംഗ്ലണ്ടിലെ പ്രമുഖ പത്രങ്ങളുടെ പ്രധാന കോളങ്ങളില്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേള്‍ സ്ഥാനംപിടിച്ചു. ആ വീരാംഗനയുടെ വീരേതിഹാസ ചെയ്തികള്‍ വാനോളം പുകഴ്ത്തപ്പെട്ടു. യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുക മാത്രമായിരുന്നില്ല ഫ്‌ലോറന്‍സിലെ ലക്ഷ്യം. ഭടന്മാര്‍ക്കിടയിലെ മദ്യപാനം ഉന്മൂലനം ചെയ്യാനും അവര്‍ യത്‌നിച്ചു. ഒരു വായനശാല സ്ഥാപിച്ചു കൊണ്ടാണ് ആ ലക്ഷ്യത്തിലേക്ക് അവര്‍ നടന്നടുത്തത്. അക്ഷരാഭ്യാസമില്ലാത്ത ഭടന്മാര്‍ക്ക് നിശാപാഠശാലയും ആരംഭിച്ചു. സൈനികരുടെ വേതനം അവര്‍ക്ക് നേരിട്ട് ലഭിക്കുന്നതുകൊണ്ടാണ് പലരും മദ്യത്തിന് അടിമകളാകുന്നത് എന്നും ആ തുക അവരുടെ വീടുകളില്‍ എത്തിക്കാന്‍
വേണ്ട നടപടി എടുക്കണമെന്നും ഫ്‌ലോറന്‍സ് രാജ്ഞിക്ക് എഴുതി. മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. സൈനിക ആശുപത്രിയുടെ സമീപമുള്ള എല്ലാ മദ്യശാലകളും ഫ്‌ലോറന്‍സിന്റെ നിര്‍ബന്ധപ്രകാരം നിരോധിച്ചു.

ഇന്ന് ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ മുതല്‍ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതുവരെ
എഴുതി സൂക്ഷിക്കുന്ന രേഖകള്‍ക്ക് ആദ്യമായി രൂപവും ഭാവവും നല്‍കിയത് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ആണ്.
നഴ്‌സിംഗ് വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ശേഖരിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗരേഖയായി 'നഴ്‌സിംഗ് സംബന്ധിച്ച കുറിപ്പുകള്‍' എന്ന പുസ്തകവും ഫ്‌ലോറന്‍സ് തയ്യാറാക്കി . ഈ ഗ്രന്ഥം രചിക്കുന്നതിനുവേണ്ടി വിശ്രമം പോലും ഇല്ലാതെ കഷ്ടപ്പെട്ടതിന്റെ ഫലമായി ഫ്‌ലോ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധം ക്ഷീണിതയും ദുര്‍ബലയുമായി തീര്‍ന്നു. എങ്കിലും തളരാത്ത കര്‍മ്മശേഷി ഉപയോഗിച്ച് 1860 ജൂണ്‍ ഇരുപത്തിനാലാം തീയതി, 15 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ചെറിയ സംഘം പെണ്‍കുട്ടികളുമായി ആദ്യത്തെ നഴ്‌സിങ് വിദ്യാലയത്തിന് അവര്‍ ഹരിശ്രീ കുറിച്ചു. തവിട്ടുനിറമുള്ള ഫ്രോക്കും വെളുത്ത ഏപ്രണും വെള്ള തൊപ്പിയും ആയിരുന്നു വേഷം. ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുവാനും ഫ്‌ലോ നിര്‍ദ്ദേശിച്ചു. അവര്‍ നൈറ്റിംഗേല്‍ നഴ്‌സുമാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. സദാചാരത്തിലും സന്മാര്‍ഗത്തിലും ധാര്‍മിക ബോധത്തിലും അധിഷ്ഠിതവും സേവന തല്‍പരരുമായ ഒരു സംഘം നഴ്‌സുമാര്‍ അവിടെ രൂപംകൊണ്ടു.1901ല്‍ ഫ്‌ലോറന്‍സിന് കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. ക്രീമിയ യുദ്ധത്തിനുശേഷം 40 വര്‍ഷം സൈനിക ആരോഗ്യത്തിനും പൊതുജനാരോഗ്യത്തിനും നഗര ശുചീകരണത്തിനും ആശുപത്രിയും നഴ്‌സിങ്ങ് വിദ്യാലയവും സ്ഥാപിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ഫ്‌ലോറന്‍സിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' ബഹുമതി നല്‍കി എഡ്വേര്‍ഡ് ഏഴാമന്‍ ആദരിച്ചു. 1910 ഓഗസ്റ്റ് 13- ല്‍ തൊണ്ണൂറാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചു. ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാര്‍ഗരറ്റ് ചര്‍ച്ചിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ത്യാഗത്തിലായിരുന്നു അവരുടെ കുതിപ്പ് ,സഹനത്തിലായിരുന്നു അവരുടെ സായൂജ്യം, സമര്‍പ്പണത്തിലായിരുന്നു അവരുടെ സാകല്യം.
ജീവിതത്തിലെ ക്ലേശങ്ങള്‍ മറച്ചുവച്ചുകൊണ്ട് വാര്‍ഡുകളില്‍ നിന്നും വാര്‍ഡുകളിലേക്ക് മുഖത്ത് പുഞ്ചിരി വിരിയിച്ച് വെള്ള വസ്ത്രമണിഞ്ഞ് പാറി നടക്കുന്ന ഭൂമിയിലെ മാലാഖമാരുടെ സേവനം ഒരിക്കലെങ്കിലും ആവശ്യം വരാത്ത ആരുംതന്നെ ഇല്ല.
ആഗോളതലത്തില്‍ നഴ്സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം. ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. കഴിഞ്ഞ വര്‍ഷം നിപ വൈറസ് ബാധിച്ച രോഗികള്‍ക്കൊപ്പം ബന്ധുക്കള്‍ പോലും അടുക്കാന്‍ ഭയന്നപ്പോഴും ഫ്‌ലോറന്‍സ് തെളിയിച്ച പ്രകാശത്തിന്റെ വെളിച്ചമാണ് ഇരുട്ടിനെ വകഞ്ഞുമാറ്റിയത്. പിഞ്ചുമക്കളുടെയും ഭര്‍ത്താവിന്റെയും ഒപ്പമുള്ള സന്തോഷപൂര്‍ണ്ണമായ ജീവിതം ത്യജിച്ചുകൊണ്ട് രോഗിയെ പരിചരിച്ച ലിനിയെപ്പോലുള്ളവരിലൂടെ എക്കാലവും ആ മാര്‍ഗ്ഗദീപം പ്രശോഭിക്കും.
മെയ് 12: നഴ്‌സസ് ഡേ (മീട്ടു  റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക