Image

വിരമിക്കുന്ന ദിവസം തന്നെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു

Published on 18 May, 2019
വിരമിക്കുന്ന ദിവസം തന്നെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിരമിക്കുന്ന ദിവസം തന്നെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുവഴി സര്‍ക്കാരിന് പലിശയിനത്തില്‍ വന്‍തുക ലാഭമുണ്ടാകും. നിലവില്‍ വിരമിച്ച്‌ ദീര്‍ഘനാള്‍ കഴിഞ്ഞാണ് ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ വിരമിച്ച ദിവസം മുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ദിവസം വരെയുള്ള പലിശയും സര്‍ക്കാരിന് ബാദ്ധ്യതയായിരുന്നു. പുതിയ സംവിധാനത്തിലൂടെ അധികബാദ്ധ്യത ഒഴിവാക്കാന്‍ കഴിയും. വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങള്‍ നല്‍കാനായി നടപടികള്‍ മൂന്നായി വിഭജിക്കും.

കേസുകളോ അച്ചടക്ക നടപടിയോ നേരിടുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് വിരമിക്കുന്ന ദിവസം തന്നെ പെന്‍ഷനും കമ്മ്യൂട്ടേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിച്ച്‌ അക്കൗണ്ടന്റ് ജനറലില്‍ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്ന് മേലധികാരി ഉറപ്പാക്കും. വിരമിക്കുമ്ബോള്‍ അച്ചടക്കനടപടി നിലവിലുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനകം മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. മരണപ്പെടുന്ന ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം വൈകിയതിന് കോടതി ഉത്തരവ് വഴി പലിശ നല്‍കേണ്ടി വന്നാല്‍ വൈകാന്‍ കാരണമായ ഉദ്യോഗസ്ഥരില്‍ നിന്ന് ആ തുക ഈടാക്കും. കേസുകളോ അച്ചടക്ക നടപടികളോ ഉള്ളവര്‍ക്ക് അതില്‍ തീര്‍പ്പുണ്ടായ ശേഷമേ ആനുകൂല്യങ്ങള്‍ അനുവദിക്കൂ. അതുവരെ താല്‍ക്കാലിക പെന്‍ഷന്‍ അനുവദിക്കും.

ഓരോ വര്‍ഷവും ജനുവരി ഒന്നു മുതലും ജൂലൈ ഒന്നു മുതലും 18 മാസത്തിനകം വിരമിക്കുന്നവരുടെ പട്ടിക ഓഫീസ് മേലധികാരിക്കും പ്രിസം എന്ന സോഫ്റ്റ് വെയറിലേക്കും നല്‍കണം. പട്ടികയിലുള്ളവര്‍ പെന്‍ഷന്‍ അപേക്ഷ സമയബന്ധിതമായി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ ശുപാര്‍ശ അധ്യയന വര്‍ഷം കഴിയാന്‍ കാത്തുനില്‍ക്കാതെ വിരമിക്കല്‍ തീയതിക്ക് ആറ് മാസം മുന്‍പ് നല്‍കിയെന്ന് സ്ഥാപന അധികാരി ഉറപ്പാക്കണം.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന ശമ്ബള വര്‍ദ്ധനയ്ക്ക് കാത്തുനില്‍ക്കാതെ പെന്‍ഷന്‍ അപേക്ഷ നല്‍കുന്ന സമയത്തെ സേവന വേതന വ്യവസ്ഥകള്‍ അനുസരിച്ച്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തിട്ടപ്പെടുത്തി മേലധികാരി സാങ്‌ഷനിങ് അതോറിറ്റിക്കോ അക്കൗണ്ടന്റ് ജനറലിനോ നല്‍കണം. ജീവനക്കാരന്റെ ഓഫീസ് മാറ്റത്തിന്റെ സമയത്ത് ബാദ്ധ്യതയുണ്ടെങ്കില്‍ അവസാന ശമ്ബള സെര്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും ഉടന്‍ ഈടാക്കുകയും ചെയ്യും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക