Image

വാടക 990 രൂപ, വൈദ്യുതി, ഭക്ഷണം, ഫോണ്‍സൗകര്യംഅറിയാം മോദി താമസിച്ച രുദ്രഗുഹയെ കുറിച്ച്

Published on 19 May, 2019
വാടക 990 രൂപ, വൈദ്യുതി, ഭക്ഷണം, ഫോണ്‍സൗകര്യംഅറിയാം മോദി താമസിച്ച രുദ്രഗുഹയെ കുറിച്ച്


പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ ധ്യാനിച്ച രുദ്ര ഗുഹയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍. പേരില്‍ ഗുഹയുണ്ടെങ്കിലും ഇതൊരു സ്വാഭാവികഗുഹയല്ല. പകരം മേഖലയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നിര്‍മിച്ച  ഗുഹയാണ്. അതുകൊണ്ടു തന്നെ നിരവധി ആധുനിക സജ്ജീകരണങ്ങള്‍ ഈ ഗുഹയിലുണ്ട്. കരിങ്കല്ലില്‍ കൊത്തി നിര്‍മിച്ച ഗുഹയാണിത്. ഒരു ദിവസം ഈ ഗുഹയില്‍ കഴിയുന്നതിനുള്ള വാടക 990 രൂപയാണ്. കേദാര്‍നാഥില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയാണ് രുദ്രഗുഹ നിര്‍മിച്ചിട്ടുള്ളത്.

ധ്യാനിക്കാന്‍ യോഗ്യമായ ഗുഹകള്‍ നിര്‍മിക്കുന്നത് പ്രദേശത്തെ വിനോദസഞ്ചാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് ഗഡ്‌വാള്‍ മണ്ഡല്‍ വികാസ് നിഗം(ജി എം വി എന്‍) ഇവ നിര്‍മിച്ചത്. അന്ന് മൂവായിരം രൂപയായിരുന്നു പ്രതിദിന വാടക. എന്നാല്‍ സന്ദര്‍ശകരുടെ വരവു കുറഞ്ഞതോടെ വാടക 990 രൂപയാക്കി കുറയ്ക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് മൂന്നുദിവസം ഗുഹ ബുക്ക് ചെയ്യണമെന്ന നിബന്ധന ഉള്‍പ്പടെയുള്ളവ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ടന്ന് ജി എം വി എന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. 

വൈദ്യുതി, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഗുഹയില്‍ ലഭ്യമാണ്. കല്ലുകൊണ്ട് നിര്‍മിച്ച ഗുഹയുടെ വാതില്‍ തടികൊണ്ടുള്ളതാണ്. ഗുഹയ്ക്കുള്ളില്‍ താമസിക്കുന്നയാള്‍ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും രണ്ടുനേരം ചായയും ലഭിക്കും. ഇരുപത്തിനാലു മണിക്കൂറും സഹായിയുടെ സേവനവും ലഭിക്കും.

ഇതിനായി ഗുഹയ്ക്കുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന കാള്‍ ബെല്‍ അമര്‍ത്തിയാല്‍ മതിയാകും. ഗുഹ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലും ധ്യാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതുകൊണ്ടും ഒരു സമയം ഒരാളെ മാത്രമേ ഗുഹയില്‍ താമസിക്കാന്‍ അനുവദിക്കുകയുള്ളു.  താമസിക്കുന്നയാള്‍ക്ക് എന്തെങ്കിലും അടിയന്തര ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി ഗുഹയ്ക്കുള്ളില്‍ ഫോണുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക