Image

അവന്‍ (കവിത: രാധിക ഭദ്രന്‍ )

രാധിക ഭദ്രന്‍ Published on 20 May, 2019
അവന്‍  (കവിത:  രാധിക ഭദ്രന്‍ )
ചില നേരങ്ങളില്‍ 
ചിലയിടങ്ങളില്‍ 
അവനെ കണ്ടിട്ടുണ്ട് 
ചിലപ്പോളൊക്കെ 
കാണാതെയും 
അവനെ ഓര്‍ക്കാറുണ്ട്. 

ആദ്യമായി അവനെ കണ്ടത് 
മനസ്സു കലങ്ങിമറിഞ്ഞ 
ഒരു പകലിലായിരുന്നു.. 
സിഗ്‌നലിനു കാത്തു നില്കാതെ 
റോഡ് മുറിച്ചു കടക്കവേ 
അപ്പുറത്തൊരു മിന്നായം പോലെ 
മോഹിപ്പിച്ചു ചിരിച്ചത്.. 
നടുവഴിയില്‍, കാലുകള്‍ 
അറിയാതെ തറഞ്ഞതുപോലെ 

മധുരപൊതികള്‍ 
കാത്തുനില്‍ക്കുന്നൊരു  
പിഞ്ചുമുഖം മനസ്സില്‍ 
തിക്കിയപ്പോള്‍ പിന്നെ 
നോക്കാനും മിണ്ടാനും നിന്നില്ല. 
തിരിഞ്ഞു നോക്കി 
ധൃതിയില്‍ നടന്നകലവേ 
ഇനിയും കാണുമെന്നൊരു 
പുഞ്ചിരി അവന്‍ തന്നിരുന്നു. 

പിന്നെ ഒരു ദിവസം 
പൊട്ടന്‍ചിറയുടെ അരികില്‍ 
കയ്യാലയില്‍ പിടിച്ചു നില്കുമ്പോളാണ്, 
പടിഞ്ഞാറ്റതിരില്‍  ആഴങ്ങളില്‍ 
അവന്‍ മുങ്ങാങ്കുഴിയിട്ടു 
കളിച്ചുകൊണ്ടിരിക്കുന്നു..
തണുപ്പിലേക്കിറങ്ങി 
അടിത്തട്ടില്‍ അവനൊപ്പം 
വെള്ളാരങ്കല്ലു പെറുക്കാന്‍ മോഹം,
ഈ കളിക്ക് 
സമയമായില്ലെന്നു ചൊല്ലി 
തിരിച്ചയച്ചാലോ ? 

വേണ്ടെന്നു വച്ചിട്ടും ഇടക്കിടെ 
ആ മുഖം മറനീക്കി വന്നു 
ചിരിച്ചു മയക്കുന്നു. 
പിന്നെ അറിഞ്ഞു 
അവനു പലരുമായും 
ഇടപാടുണ്ടത്രെ..
ഒത്തുചേരാന്‍ വരാറുണ്ടത്രെ..
പിണങ്ങി നില്കുന്നവരെയും 
അനുനയിപ്പിച്ചു കൊണ്ടുപോകാന്‍ 
അവനോളം മിടുക്കുള്ള
മറ്റാരുമില്ലത്രേ.. 

ചിലപ്പോള്‍ അവന്‍ 
എന്നെ ഭയപെടുത്തുന്നു,
മറ്റു ചിലപ്പോള്‍ 
മോഹിപ്പിക്കുന്ന
നിഗൂഢ സൗന്ദര്യമായി 
കൊതിപ്പിക്കുന്നു,
എങ്ങനെ ആവും 
ഞാന്‍ അവനോടു ചേരുക!

അവനെ തേടി ഞാന്‍ പോകണോ, 
പറയാതൊരുനാള്‍ 
അവന്‍ എന്നെ  തേടിവരുമോ, 
അതോ,  വരുമെന്ന് പറഞ്ഞുകൊതിപ്പിച്ചു 
വരാതെ കഷ്ടപെടുത്തുമോ?

അവന്‍ ചുംബിക്കുമ്പോള്‍,
അവന്റെ ആശ്ലേഷത്തിലമരുമ്പോള്‍,
അവന്റെ പ്രണയമേറ്റു വാങ്ങി 
ഞാന്‍ വെന്തുരുകുമോ 
ഉറഞ്ഞു ശിലയാകുമോ ?
എന്റെ വേദനകള്‍ 
അവന്‍ അലിയിച്ചു കളയുമോ 
അവനോടു ചേര്‍ന്നിട്ടും 
വേദനയിറ്റുന്ന വ്രണവും പേറി 
ജന്മാന്തരങ്ങളില്‍ അലയുമോ? 

ആരോടാണ് ചോദിക്കുക, 
ആരാണുത്തരം തരിക?
ആര്‍ക്കും പറയാനറിയാത്ത 
ഒരു രഹസ്യമായി 
അതവശേഷിക്കുന്നു..
എന്തെന്നാല്‍, 
മൃത്യു 
അവന്‍ കൊണ്ടുപോയവരാരും 
മറുപടി പറയാന്‍ 
മടങ്ങി വന്നിട്ടില്ലത്രെ...!

അവന്‍  (കവിത:  രാധിക ഭദ്രന്‍ )
Join WhatsApp News
Jolly Emanuel 2019-05-22 16:20:05
Superb!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക