Image

ഇനി എല്ലാ വിമര്‍ശനങ്ങളും പിണറായിക്ക് നേരെ

കല Published on 23 May, 2019
ഇനി എല്ലാ വിമര്‍ശനങ്ങളും പിണറായിക്ക് നേരെ

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി സിപിഎം ആലപ്പുഴയില്‍ ഒതുങ്ങുമ്പോള്‍ എല്ലാ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാന്‍ പിണറായി വിജയന്‍ മാത്രം ബാക്കിയാകുന്നു. വിഭാഗിയതയെ ഒടുക്കി സിപിഎമ്മിന്‍റെ കേരളത്തിലെ അവസാന വാക്കായി പിണറായി വിജയന്‍ മാറിയത് മുതല്‍ മുഖ്യമന്ത്രി കസേരയില്‍ ശക്തനായ നേതാവായി തുടരുമ്പോള്‍ ഈ പരാജയത്തെ പകുത്തെടുക്കാന്‍ പാര്‍ട്ടിയിലും ആരും വരാന്‍ പോകുന്നില്ല എന്നത് തീര്‍ച്ചയാണ്. എല്ലാ വിരലുകളും മുഖ്യമന്ത്രിയുടെ നേര്‍ക്ക് നീളുക സ്വാഭാവികം മാത്രം. 
ശബരിമലയിലെ പിണറായിയുടെ തീരുമാനങ്ങള്‍ ഒരു വന്‍ രാഷ്ട്രീയ വീഴ്ചയ്ക്ക് കാരണമായി എന്ന തിരിച്ചറിവ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കും എന്ന് തീര്‍ച്ചയാണ്. രാജ്യമെങ്ങും കോണ്‍ഗ്രസിന് അനുകൂലമായ യാതൊരു തരംഗവും ഇല്ലാതിരുന്നിട്ടും കേരളത്തിലും അല്‍ഭുത വിജയം കോണ്‍ഗ്രസ് സ്വന്തമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പരാജയം മാത്രമാണ്. 
ബിജെപിയെ തീര്‍ത്തും അകറ്റി നിര്‍ത്താന്‍ അപ്പോഴും കേരളീയ ജനത കാണിച്ച രാഷ്ട്രീയ ബുദ്ധി രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളമാകുന്നു. അതുകൊണ്ടു തന്നെ ഈ പരാജയം ഇടതുപക്ഷത്തിന്‍റെ എടുത്തു ചാട്ടങ്ങളുടെയും ധാര്‍ഷ്ട്യത്തിന്‍റെയും വിലയാണ്. കോമാളിയെയും മുതലാളിയെയും കൊലയാളിയെയും പാര്‍ട്ടി സ്ഥാനാര്‍ഥികളാക്കുമ്പോള്‍ ജനം എന്ന യഥാര്‍ഥ്യത്തെ സിപിഎം കണക്കിലെടുത്തില്ലേ എന്നു പോലും തോന്നിപ്പോകും. 
ശബരിമലക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയവര്‍ വര്‍ഗീയ വാദികളല്ല എന്നും പിണറായിക്ക് ഇപ്പോള്‍ ബോധ്യം വരുന്നുണ്ടാകും. അവര്‍ വര്‍ഗീയ വാദികളായിരുന്നുവെങ്കില്‍ കെ.സുരേന്ദ്രനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കളയുമായിരുന്നില്ല. 
എന്നാല്‍ വ്യക്തമായ ഉദ്ദേശശുദ്ധിയോടെ കേരളത്തിലെ ജനം ഇടതു സര്‍ക്കാരിന് ഒരു താക്കീത് നല്‍കിയതായി വേണം മനസിലാക്കാന്‍. പക്ഷെ ഈ താക്കീത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍് തന്നെ ഇടതുപക്ഷത്തിന്‍റെ ഭാവിയാണ് അടച്ചു കളയുന്നത്. നിലവിലെ ഫലപ്രകാരം തമിഴ്നാട്ടില്‍ രണ്ട് സീറ്റുകള്‍ സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ രണ്ടും കേരളത്തില്‍ ഒന്നും. മൊത്തം മൂന്ന് എം.പിമാര്‍. ഒരു കൈയ്യിലെ വിരലുകളില്‍ എണ്ണാന്‍ പോലും തികയാത്ത ഈ നമ്പറുമായി ഇനി സിപിഎം എങ്ങനെ തങ്ങളുടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തെ മുമ്പോട്ടു കൊണ്ടുപോകുമെന്നാണ് പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക