Image

ഇക്കുറിയും മോദിക്ക് പ്രതിപക്ഷമില്ലായിരുന്നു; എതിരാളികളില്ലാത്ത ഭാഗ്യവാനാണ് നരേന്ദ്രമോദി (2019 ലോക്സഭാ ഇലക്ഷന്‍ അവലോകനം)

കലാകൃഷ്ണന്‍ Published on 24 May, 2019
ഇക്കുറിയും മോദിക്ക് പ്രതിപക്ഷമില്ലായിരുന്നു; എതിരാളികളില്ലാത്ത ഭാഗ്യവാനാണ് നരേന്ദ്രമോദി  (2019 ലോക്സഭാ ഇലക്ഷന്‍ അവലോകനം)


ആരാണ് നരേന്ദ്രമോദിയുടെ എതിരാളി. രാഹുല്‍ ഗാന്ധി മുതല്‍ മായാവതിയും മമതയും കടന്ന് ചന്ദ്രബാബു നായിഡു വരെ നേതാക്കളുടെ ലിസ്റ്റ് നീളും. എന്നാല്‍ ആരായിരുന്നു മോദിക്ക് ഒത്ത എതിരാളി. അങ്ങനെയൊരാള്‍ ഇല്ലായിരുന്നു എന്നത് തന്നെയാണ് സത്യം. എതിരാളികളില്ലാതെ ജയിച്ചു കയറാനായിരുന്നു ഇക്കുറിയും മോദിയുടെ ഭാഗ്യം.
 മതാത്മകതയുടെ തീവ്ര വിഭാഗീയതയുടെ സകല കളികളും ബിജെപി കളിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. എന്തിന് കേരളത്തില്‍പ്പോലും ശബരിമല വിവാദത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചു. യു.പിയിലൊക്കെ പുറത്തറിഞ്ഞതിലേറെ നടന്നിട്ടുണ്ടാകും. രണ്ടാമതായി വികസന നായകന്‍ എന്ന പൊങ്ങച്ചം പറച്ചിലൊക്കെ തന്നെയേ ഉണ്ടായിരുന്നുള്ളു. ബിജെപിയുടെ സാമ്പത്തിക അടിത്തറ വികസിച്ചു എന്നതൊഴിച്ചാല്‍ വലുതായി ഒന്നും രാജ്യം മുന്നോട്ടു നീങ്ങിയിട്ടില്ല തന്നെ. എടുത്ത പറയാനൊന്നുമില്ല. അവിടെ വിഭാഗീയത വോട്ട് നേടിക്കൊടുത്തു. അതൊക്കെ ശരി തന്നെ. 
പക്ഷെ വിഭാഗീയതയുടെ കളി കളിക്കുന്ന ബിജെപിക്ക് അവരെ നയിക്കുന്ന മോദിക്ക് ആരായിരുന്നു എതിരാളി. 
രാഹുല്‍ ഗാന്ധിയോ?
വയനാട്ടിലേക്ക് രക്ഷപെട്ട് എത്തിയത് സൗത്തിനെ പ്രതിനിധീകരിക്കാന്‍ എന്ന് പച്ചനുണ പറഞ്ഞ രാഹുല്‍ ഗാന്ധിയോ. സൗത്തിനെ പ്രതിനിധീകരിക്കാന്‍ കര്‍ണാടകയില്‍ മത്സരിച്ചിരുന്നെങ്കില്‍ അയാള്‍ പാര്‍ലമെന്‍റിന്‍റെ പടി കടക്കില്ലായിരുന്നു. അമേഠിയില്‍ കോണ്‍ഗ്രസിലെ തമ്പുരാക്കാന്‍മാര്‍ എന്നും പരിഹസിച്ച സ്മൃതി ഇറാനി എന്ന മുന്‍ ടെലിവിഷന്‍ നടിയുടെ മുമ്പില്‍ നാണമില്ലാതെ തോറ്റ് തൊപ്പിയിട്ടവനായിരുന്നോ മോദിക്ക് എതിരാളി. മണി ശങ്കര്‍ അയ്യര്‍ മുതല്‍ വി.ടി ബലറാം വരെയുള്ള കോണ്‍ഗ്രസുകാര്‍ക്ക് അങ്ങനെ തോന്നിക്കാണും. പക്ഷെ മോദിക്ക് രാഹുല്‍ വെറുമൊരു പപ്പു മോന്‍ മാത്രമായിരുന്നു. 
പിന്നെ ആരായിരുന്നു മോദിക്ക് എതിരാളി. 
യു.പിയിലെ മഹാഗഡ്ബദ്ധനോ? വെറും തട്ടിപ്പായിരുന്നു മഹാഗഡ്ബദ്ധന്‍ എന്നൊക്കെ പേരിട്ട് വിളിച്ച എസ്.പി ബി.എസ്.പി സഖ്യം. കൊള്ളാവുന്ന ഒരു നേതാവിനെ പിടിച്ച് വാരണാസിയില്‍ മോദിക്കെതിരെ നിര്‍ത്താന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. മോദി താഴെയിറക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് അഖിലേഷ് യാദവോ, മായാവതിയോ വാരണാസിയില്‍ മോദിക്കെതിരെ മത്സരിച്ചില്ല. വാരണാസിയില്‍ മോദിയോട് ജയിക്കുമോ എന്നത് രണ്ടാമത്തെ ചോദ്യം. പക്ഷെ അവിടെ ശക്തനായൊരു നേതാവ് നേരിട്ട് മോദിയെ എതിരിടാന്‍ എത്തിയിരുന്നുവെങ്കില്‍ അത് രാജ്യത്തെ മുഴുവന്‍ ജനതയോടുമുള്ള സ്റ്റേറ്റ്മെന്‍റാകുമായിരുന്നു. നേര്‍ക്ക് നേര്‍ നിന്ന് മോദിയെ പൊളിച്ചു കാട്ടാമായിരുന്നു. പക്ഷെ അവര്‍ ചെയ്തത് ശാലിനി യാദവ് എന്ന അഖിലേഷ് യാദവിന്‍റെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരിയെ പിടിച്ച് മോദിക്കെതിരെ നിര്‍ത്തി. മല്ലയുദ്ധ ഗോദയിലേക്ക് സ്കൂള്‍കുട്ടിയെ ഇറക്കി വിട്ടത് പോലെയായിരുന്നു അത്. ചുമ്മാ മരപ്പാവ പോലെ മത്സരിക്കാന്‍ ഇറങ്ങിയ ശാലിനിക്ക് യാതൊരു പണിയുമെടുക്കാതെ നേടാന്‍ കഴിഞ്ഞത് പതിനെട്ട് ശതമാനം വോട്ട്. അപ്പോള്‍ കൊള്ളാവുന്നൊരു നേതാവ് പോയി നിന്നിരുന്നുവെങ്കിലോ?.
കോണ്‍ഗ്രസും ഒരു പരമ്പര വിഡ്ഡിയായ പഴയ ബിജെപിക്കാരനെ നിര്‍ത്തി വാരണാസിയില്‍ അയാളും നേടി 14 ശതമാനം സീറ്റ്. എങ്കില്‍ കോണ്‍ഗ്രസും എസ്.പി ബിഎസ്പി സഖ്യവും ഒരുമിച്ച് വാരണാസിയിലെങ്കിലും ഒരു പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ മോദി ശരിക്കും വിയര്‍ത്തേനെ. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല. 
എങ്ങനെ പ്രധാനമന്ത്രിയാകാം എന്ന ചിന്തയായിരുന്നു മായാവതിക്ക്. ഒരു ഇരുപത്തിയഞ്ച് സീറ്റ് തികച്ച് കിട്ടിയിട്ട് വേണ്ടേ പ്രധാനമന്ത്രിയാവാന്‍ എന്ന് പാവം ഓര്‍ത്തില്ല. അതിനുള്ള പണിയെടുക്കാനും നടന്നില്ല. എന്നാലും പ്രധാനമന്ത്രിയാവാനുള്ള കൊതി മാത്രമുണ്ടായിരുന്നു. 
ഒരിക്കലും ഇവര്‍ക്കൊന്നും ബിജെപിയുടെ എതിരാളികളാവാന്‍ കഴിയില്ല എന്നും മോദിക്ക് ബദല്‍ നേതാക്കളാവാന്‍ കഴിയില്ല എന്നും തെളിയിക്കുകയാണ് 2019 ഇലക്ഷന്‍. മോദി സത്യത്തില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ നേതാവ് മമതാ ബാനര്‍ജിയാണ്. ബംഗാളില്‍ തൃണമൂലും ബിജെപിയും ഇഞ്ചോടിച്ച് പോരടിച്ചു. യാതൊരു അടിത്തറയുമില്ലാത്ത ബംഗാളില്‍ ബിജെപി അഞ്ചു വര്‍ഷം കൊണ്ട് പതിനെട്ട് സീറ്റ് പിടിച്ചു. ഇത് വന്‍ മുന്നേറ്റം തന്നെയാണ്. 
എന്നാല്‍ ഒരിക്കലും മോദിക്കെതിരെ മമതയെപ്പോലെയുള്ള നേതാക്കള്‍ ജനങ്ങളുടെ മുമ്പില്‍ വരാന്‍ പാടില്ല എന്നതാണ് മതേതര ഇന്ത്യയ്ക്ക് നല്ലത്. തികഞ്ഞ ഗുണ്ടാരാജുമായി ഭരണം മുമ്പോട്ടു കൊണ്ടു പോകുന്ന ഏകാധിപതി മാത്രമാണ് മമതാ ബാനര്‍ജി. തൃണമൂലിന്‍റെ ജംഗിള്‍ രാജാണ് ബംഗാളില്‍. മുമ്പത് ചെയ്തിരുന്നത് സിപിഎം ആയിരുന്നു. അവരെ തകര്‍ത്ത് മമത ജംഗിള്‍ രാജ് നടത്തുന്നു. ഇവിടെ മമത മോദിക്ക് ബദലായി വരുമ്പോള്‍ ഗുണ്ട തെമ്മാടിയോട് ഏറ്റുമുട്ടുന്നത് പോലെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. ഗുണ്ടയാണ് കൂടുതല്‍ കുഴപ്പക്കാരി എന്ന് തത്കാലത്തേക്കെങ്കിലും ജനത്തെ തോന്നിപ്പിച്ചാല്‍ തെമ്മാടിയുടെ കാര്യം എളുപ്പമായി. സ്വയം വെള്ളപൂശിയെടുക്കാം. മോദിക്ക് അത്തരമൊരു വെള്ളപൂശലിന് അവസരം നല്‍കും എന്നത് മാത്രമാണ് മമത ഒരു ദേശിയ രാഷ്ട്രീയ ബിംബമായി അവതരിച്ചാല്‍ സംഭവിക്കുക. 
ഇനിയിപ്പോള്‍ പ്രീയങ്ക ഗാന്ധിയാണ് മോദിയെ പിടിച്ചു കെട്ടാന്‍ പോകുന്നതെങ്കില്‍ ഉള്ളത് പറയാമല്ലോ. ഞാന്‍ എന്‍റെ അമ്മൂമ്മയെപ്പോലെയിരിക്കുന്നു എന്ന നമ്പരുമായി ഇറങ്ങുന്ന പ്രീയങ്ക സത്യത്തില്‍ പോയി  നില്‍ക്കുന്നിടം തച്ചുതകര്‍ക്കുന്ന ഒരു ജൂനിയര്‍ മാന്‍ഡ്രേക്കാണ്. അമേഠിയില്‍ രാഹുലിനെ ഇപ്പോ ജയിപ്പിക്കുമെന്ന് പറഞ്ഞ് പോയി എട്ടു നിലയില്‍ പൊട്ടിച്ച സ്നേഹമുള്ള സഹോദരി. രാഷ്ട്രീയത്തിന്‍റെ എബിസിഡി അറിയാത്ത ഈ മരപ്പാഴിനെയൊക്കെ സാരി ചുറ്റി എത്തിച്ചാല്‍ മോദിയെപ്പോലെ ഒരു പക്കാ ട്രെയിന്‍ഡ് പൊളിറ്റീഷ്യന് ബദലാകുമോ. എന്തൊരു വീഡ്ഡികളാണ് ഈ കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് കമ്മറ്റിയിലൊക്കെ. 
2019ല്‍ ഇല്ലാത്ത ഒരു പ്രതിപക്ഷം ഒരു പ്രതിപക്ഷ നേതാവ് ഇനി 2024ല്‍ മോദിക്ക് മുമ്പിലെത്തുമെന്ന് കരുതുക വയ്യ. അങ്ങനെയൊരാള്‍ ഇതുവരെയും ജന്മം കൊണ്ടതായി ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ വയ്യ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക