Image

തോൽവി കനത്തതല്ല: കോണ്‍​ഗ്രസ് ; സംസ്ഥാനഘടകങ്ങളിൽ രോഷവും അമർഷവും

Published on 26 May, 2019
തോൽവി കനത്തതല്ല: കോണ്‍​ഗ്രസ് ; സംസ്ഥാനഘടകങ്ങളിൽ രോഷവും അമർഷവും

ന്യൂഡൽഹി
കേരളം ഒഴികെ ഒരു സംസ്ഥാനത്തും എംപിമാരുടെ എണ്ണം രണ്ടക്കം തികയ‌്ക്കാൻ കഴിയാതിരുന്നിട്ടും തകർച്ച അംഗീകരിക്കാതെ കോൺഗ്രസ‌് നേതൃത്വം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം ദാരുണമല്ലെന്നും പ്രതീക്ഷിച്ച  നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നേയുള്ളൂവെന്നുമാണ് പ്രവർത്തകസമിതി യോഗത്തിനുശേഷം മുതിർന്ന നേതാവ‌് എ കെ ആന്റണി പ്രതികരിച്ചത്. കോണ്‍​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽനിന്ന‌് വിട്ടുനിന്നു.  രാഹുൽ അധ്യക്ഷസ്ഥാനം രാജിവയ‌്ക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും പ്രവർത്തകസമിതി അംഗീകരിച്ചില്ല.

രാഹുലിനും അദ്ദേഹത്തിന്റെ വിശ്വസ‌്തരായ എഐസിസി ഭാരവാഹികൾക്കും നേരെ ദേശീയതലത്തിലും സംസ്ഥാനഘടകങ്ങളിലും അമർഷം പുകയുകയാണ്. കേരളത്തിൽനിന്നുള്ള ചില നേതാക്കളാണ‌് അധ്യക്ഷനു ചുറ്റുമുള്ളത‌്. രാഷ്ട്രീയ ഗതിവിഗതികൾ മനസ്സിലാക്കി തന്ത്രം ആവിഷ‌്കരിക്കാന്‍ നേതൃത്വത്തിനായില്ലെന്നാണ് വിമര്‍ശം. തമിഴ‌്നാട‌് മാതൃകയിലുള്ള മുന്നണി ദേശീയതലത്തിൽ രൂപീകരിച്ച‌് മത്സരിച്ചിരുന്നെങ്കിൽ ഫലം വ്യത്യസ‌്തമായേനെ. കേരളത്തിലെ കാര്യങ്ങൾമാത്രം പരിഗണിച്ചുള്ള നീക്കങ്ങളാണ‌് തെരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിലുണ്ടായത‌്. ഉമ്മന്‍ചാണ്ടിക്ക് ചുമതലയുള്ള ആന്ധ്രപ്രദേശിലും കെ സി വേണു​ഗോപാലിനു ചുമതലയുള്ള കർണാടകത്തിലും കോൺഗ്രസ‌് തകർന്നടിഞ്ഞു.

രാഹുൽ വയനാട്ടിൽ മത്സരിച്ചത‌് ദേശീയതലത്തിൽ തിരിച്ചടിയായെന്നാണ‌് മഹാരാഷ്ട്ര, ഉത്തർപ്രദേശ‌്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കൾക്കുള്ളത‌്. 
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ‌്  ചവാനെപ്പോലുള്ള നേതാക്കൾ തെരഞ്ഞെടുപ്പ‌് ഘട്ടത്തിൽത്തന്നെ ഇക്കാര്യം തുറന്നടിച്ചിരുന്നു. എൻസിപി അധ്യക്ഷൻ ശരദ‌് പവാറും  രാഹുലിന്റെ വയനാട‌ന്‍ മത്സരത്തിൽ അതൃപ‌്തി പ്രകടിപ്പിച്ചു. സുരക്ഷിതമണ്ഡലം തേടിപ്പോയ രാഹുൽ അമേഠിയിൽ പരാജയപ്പെടുകയും ചെയ‌്തു. യുപിയില്‍ സോണിയ മത്സരിച്ച റായ‌്ബറേലിയിൽമാത്രമാണ‌് കോൺഗ്രസ‌് ജയിച്ചത‌്.

പതിമൂന്ന‌് സംസ്ഥാനങ്ങളിൽ കോൺഗ്രസിന‌് ഒറ്റ എംപിപോലുമില്ല. എട്ട‌് സംസ്ഥാനങ്ങളിൽ ഒരാൾവീതമാണുള്ളത‌്. മഹാരാഷ്ട്ര, ഛത്തീസ‌്ഗഢ‌്, മധ്യപ്രദേശ‌് എന്നിവിടങ്ങളിൽ രണ്ട‌ുവീതം എംപിമാരുള്ള പാർടിയായി. കേരളം, തമിഴ‌്നാട‌്, പഞ്ചാബ്‌ എന്നിവിടങ്ങളിലെ പ്രകടനമാണ‌് 52 എംപിമാരിൽ എത്തിച്ചത‌്. മുൻ മുഖ്യമന്ത്രിമാരായ അശോക‌് ചവാൻ, സുശീൽകുമാർ ഷിൻഡെ (മഹാരാഷ്ട്ര), വീരപ്പ മൊയ‌്‌ലി (കർണാടകം), ഷീല ദീക്ഷിത‌് (ഡൽഹി), ഭൂപീന്ദർസിങ‌് ഹൂഡ (ഹരിയാന), ഹരീഷ‌് റാവത്ത‌് (ഉത്തരാഖണ്ഡ‌്), ദിഗ‌്‌വിജയ‌് സിങ‌് (മധ്യപ്രദേശ‌്), നബാം തുകി (അരുണാചൽപ്രദേശ‌്), മുകുൾ സാങ‌്മ (മേഘാലയ) എന്നിവർക്ക‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ദേശീയതലത്തിൽ ഏകോപിതമായ പ്രചാരണം സംഘടിപ്പിക്കുന്നതിൽ നേതൃത്വം  പൂർണമായും പരാജയപ്പെട്ടെന്നാണ‌് വിവിധ സംസ്ഥാനഘടകങ്ങൾ കരുതുന്നത‌്. പിസിസി അധ്യക്ഷന്മാരുടെ രാജി ഇതിന്റെ പ്രതിഫലനമാണ‌്.പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തണമെന്ന് പ്രവർത്തകസമിതി യോഗത്തിൽ നേതാക്കള്‍ പറഞ്ഞു.

താൻ ഒഴിയുന്നതാണ‌് കോൺഗ്രസിന‌് നല്ലതെന്നും അധ്യക്ഷസ്ഥാനത്ത‌്  ‘ഗാന്ധികുടുംബത്തിനു’ പുറത്തുനിന്നുള്ള ആൾ വരണമെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഈ സാഹചര്യത്തിൽ പാർടിയെ നയിക്കാൻ രാഹുലിനേക്കാൾ മെച്ചപ്പെട്ട ആരുമില്ലെന്ന‌് അംഗങ്ങൾ അഭിപ്രായപ്പെട്ടു. രാഹുൽ അധ്യക്ഷപദവിയിൽ തുടരണമെന്ന‌് യോഗം ഏകകണ‌്ഠമായി തീരുമാനിച്ചു. പാർടിയിൽ ആവശ്യമായ മാറ്റങ്ങൾ  വരുത്താൻ രാഹുലിനെ യോഗം ചുമതലപ്പെടുത്തി. രാഹുലിന്റെ നേതൃശേഷിയിൽ പാർടിയിൽ ആർക്കും സംശയമില്ലെന്ന‌് മുതിർന്ന നേതാവ‌് ഗുലാം നബി ആസാദ‌് യോഗത്തിനുശേഷം മാധ്യമങ്ങളോട‌് പറഞ്ഞു. 

പരാജയത്തെക്കുറിച്ച‌് യോഗം വിശദമായി ചർച്ച ചെയ‌്തില്ലെന്ന‌് ‌എ കെ ആന്റണി അറിയിച്ചു. കൂടുതൽ കാര്യങ്ങൾ പിന്നീട‌് പരിശോധിക്കും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ‌് ധൈര്യം കൈവെടിയുന്നില്ലെന്ന‌് രൺദീപ‌്സിങ‌് സുർജെവാല  പറഞ്ഞു. പാർടിയിൽ അഴിച്ചുപണി നടത്തുമെന്ന‌് കെ സി വേണുഗോപാൽ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക