Image

സൈക്കിള്‍ ദിനം (മീട്ടു റഹ്മത്ത് കലാം)

Published on 03 June, 2019
സൈക്കിള്‍ ദിനം (മീട്ടു റഹ്മത്ത് കലാം)
2018 ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ജൂണ്‍ 3 ലോക ബൈസൈക്കിള്‍ ദിനമായി ആചരിക്കാന്‍ തീരുമാനമെടുക്കുന്നത്. 2 ശതാബ്ദങ്ങളായി പരിസ്ഥിതിക്ക് ദോഷം വരാതെ നിലകൊള്ളുന്ന വാഹനം എന്ന നിലയിലാണ് സൈക്കിള്‍ ആദരം അര്‍ഹിക്കുന്നത്.

പുതിയത് വരുമ്പോള്‍, പഴയ പലതിനും വഴിമാറി കൊടുക്കേണ്ടി വരും. എന്നാല്‍ എത്ര ദൂരം പിന്നിട്ടാലും, ഒരു ഘട്ടമെത്തുമ്പോള്‍ വേരുകള്‍ തേടി ഒരു പിന്‍നടത്തം ആവശ്യമാണ്. മനുഷ്യ ജീവിതത്തോട് 'ലക്ഷ്വറി' എന്ന വാക്ക് ചേര്‍ത്ത് വയ്ക്കാന്‍ തുടങ്ങിയതുമുതല്‍ ഒരുകാലത്ത് ജനകീയമായിരുന്നതൊക്കെ തലമുറകള്‍ പോകെപ്പോകെ വിസ്മൃതിയിലാണ്ടു. സൈക്കിളുകള്‍ക്ക് പറയാനുള്ളതും അത്തരത്തില്‍ ഒരു കഥയാണ്.

സൈക്കിളുകളുടെ ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ് ആദ്യമായി സൈക്കിള്‍ നിര്‍മ്മിച്ചത്, പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ടായതോടെ ലോക വ്യാപകമായി സൈക്കിള്‍ പ്രസിദ്ധനായി. 

ബാരണ്‍ കാള്‍വോണ്‍ ഡ്രെയിസ് ആണ് ആദ്യ സൈക്കിള്‍ പുറത്തിറക്കിയത് . ചക്രങ്ങളെ മുന്‍പോട്ട് തള്ളുന്നതിലൂടെ വാഹനം നീങ്ങുന്ന രീതിക്കാണ് ദാന്തി ഹോഴ്‌സ് എന്ന് പേരുണ്ടായിരുന്ന സൈക്കിള്‍ 1818 -ന്
പാരീസില്‍ വെച്ച് അവതരിപ്പിച്ചത് . 1860 ന് മുന്‍പായി ഫ്രഞ്ചുകാരായ പിയറെ മിചോക്‌സും പിയറെ ലാല്ലെമെന്റും ചേര്‍ന്ന് മുന്‍വശത്തെ ടയറുകളില്‍ രണ്ട് പെഡലുകള്‍ നല്‍കിക്കൊണ്ടുള്ള സൈക്കിളിന്റെ പുതിയ രൂപം പുറത്തിറക്കി. വെലോസിപ്പെഡെ എന്നാണ് അതിന് പേരിട്ടത്. മരത്തടിയും ഇരുമ്പുംകൊണ്ട് നിര്‍മ്മിച്ച വെലോസിപ്പെഡെ ഉയരം കൂടിയ സീറ്റിന്റെ രീതിയും തുല്യമല്ലാത്ത ഭാരത്തിന്റെ വിതരണവും കാരണം ഓടിക്കാന്‍ ബുദ്ധിമുട്ടുള്ളതായിരുന്നു. ഇംഗ്ലണ്ടുകാരനായ ജെ.കെ സ്റ്റാര്‍ലി പെഡല്‍ പിന്നിലേക്കാക്കുകയും, ചങ്ങലകള്‍ ഉപയോഗിക്കുകയും ചെയ്തതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു.1885 -ല്‍ സ്റ്റാര്‍ലി നിര്‍മ്മിച്ച റോവറാണ് ആദ്യ ആധുനിക സൈക്കിള്‍ ആയി അറിയപ്പെടുന്നത്. തുടര്‍ന്ന് സൈക്കിളുകളില്‍ യാത്രാ സുഖത്തിനായി പല മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടു. കുട്ടികള്‍ക്കായുള്ള കളിപ്പാട്ടമെന്ന രീതിയിലും മിലിറ്ററി ഉപയോഗത്തിനും റേസിംഗിനും വിവിധ മോഡലുകള്‍ ഇറങ്ങി.

ഹെന്റി ഫോര്‍ഡ് കാര്‍ വിഭാവനം ചെയ്തതും റൈറ്റ് സഹോദരന്മാര്‍ വിമാനം ഡിസൈന്‍ ചെയ്തതുമെല്ലാം ബൈസൈക്കിള്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് എന്നത് മറന്നുകൂടാ.

ലോകാരോഗ്യ സംഘടന പറയുന്നത്
സ്വപ്നങ്ങള്‍ക്ക് അര്‍ഥവ്യാഖ്യാനങ്ങളുണ്ട്. ഒരാളുടെ സ്വപ്നത്തില്‍ സൈക്കിള്‍ കടന്നുവന്നാല്‍ ജീവിതം സന്തുലിതാവസ്ഥയില്‍ മുന്നേറാന്‍ പോകുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. പുരോഗതിയുടെയും സഹനത്തിന്റെയും ഗ്രഹണശക്തിയുടെയും പ്രതീകമാണ് സൈക്കിള്‍.

മനുഷ്യന്റെ ആരോഗ്യവുമായി ചേര്‍ത്തു സൈക്കിളിന് ഒരുപാട് ഗുണങ്ങള്‍ ഉള്ളതായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.

ഒരു ചുറ്റുവട്ടത്തില്‍ പോയിവരാനും എണ്ണക്കാശില്ലാതെയും ശരീരവ്യായാമത്തിനുമൊക്കയായി പ്രായഭേദമന്യേ പലരും ഇന്നു സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. ജീവിത ശൈലീരോഗത്തിന്റെ പേരില്‍ ശരീരമനക്കിയുള്ള ചില വ്യായാമത്തിനു ഡോക്ടര്‍മാര്‍ സൈക്കിള്‍ സവാരി നിര്‍ദേശിക്കുന്നുമുണ്ട്. സൈക്കിള്‍ ചവിട്ടിയാല്‍ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും തന്നെ ഇളകും.
ഓക്‌സിജന്‍ കൂടുതല്‍ ഉപയോഗിക്കുന്ന വ്യായാമങ്ങളാണ് എയ്‌റോബിക് വ്യായാമങ്ങള്‍. നടത്തവും ജോഗിങ്ങും പോലെ തന്നെ ഹൃദയധമനികള്‍ക്ക് ഏറ്റവും നല്ലതാണ് സൈക്‌ളിങ്ങും. ശരീരത്തിനു മുഴുവനായും ലഭിക്കുന്ന വ്യായാമം തന്നെയാണ് സൈക്‌ളിങ്. സൈക്കിള്‍ ചവിട്ടുന്നതോടെ വയര്‍, അരക്കെട്ട്, കാല്‍ മസിലുകള്‍ ഉള്‍പ്പെടുന്ന മിഡില്‍ ബോഡിക്ക് ഉറപ്പ് കൂടുന്നു .നടത്തവും സൈക്‌ളിങ്ങും താരതമ്യം ചെയ്തു നോക്കുമ്പോള്‍ കൂടുതല്‍ കാലറി എരിയിച്ചു കളയുന്നത് സൈക്‌ളിങ്ങിലൂടെയാണ്. പ്രമേഹസാധ്യതയും രക്തസമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സൈക്കിളിംഗിലൂടെ സാധിക്കും. ഒരുതരം പാരിസ്ഥിതിക ദോഷങ്ങളും ഉണ്ടാകുന്നില്ല എന്നതാണ് എടുത്തുപറയാവുന്ന മറ്റൊരു മേന്മ.

നെതര്‍ലന്‍ഡ്‌സ് : സൈക്ലിസ്റ്റുകളുടെ സ്വര്‍ഗം

കൗമാരം പിന്നിടുന്നതോടെ സൈക്കിളിനോട് ഗുഡ്ബൈ പറഞ്ഞ് ബൈക്കിനെ പ്രേമിക്കുന്നവരും കാറില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റാറ്റസ് സൈക്കിളുമായി നടന്നാല്‍ കിട്ടില്ലെന്ന് കരുതുന്നവരും വികസിത രാജ്യമായ നെതര്‍ലന്‍ഡ്‌സിനെക്കുറിച്ച് അറിയണം. ആംസ്റ്റര്‍ഡാം ഉള്‍പ്പെടെയുള്ള ഡച്ച് നഗരങ്ങള്‍, സൈക്ലിസ്റ്റുകളുടെ സ്വര്‍ഗ്ഗമാണ്.ബൈക്ക് ബൂമും കാറുകളുടെ എണ്ണത്തിലെ വര്‍ധനവും 1970ല്‍ വാഹനാപകടങ്ങളിലൂടെ
അഞ്ഞൂറോളം കുട്ടികളുടെ ജീവന്‍ അപഹരിക്കാന്‍ കാരണമായി എന്നത് ശ്രദ്ധയില്‍പ്പെട്ടത് മുതലാണ് സൈക്കിളുകളെ മുറുകെ പിടിക്കാം എന്ന ചിന്ത നെതര്‍ലന്‍ഡ്‌സില്‍ ഉടലെടുത്തത്. പുറംമോടിയെക്കാള്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് വികസനം എന്ന തിരിച്ചറിവ് ലക്ഷ്യംകണ്ടു.12 കാരനും 65 കാരനും ഒരേമനസ്സോടെ സൈക്കിളിനെ പ്രണയിക്കുന്നതിന് നെതര്‍ലന്‍ഡ്‌സ് ഗവണ്‍മെന്റ് സ്വീകരിക്കുന്ന ഗതാഗത നിയമങ്ങളുടെ സ്വാധീനം വലുതാണ്. സൈക്കിള്‍ പാതകളും ട്രാക്കുകളും പ്രത്യേകമായി ഒരുക്കിയിട്ടുള്ളതിനാല്‍ 96% ജനവിഭാഗവും തങ്ങളുടെ യാത്രകള്‍ക്ക് സൈക്കിള്‍ ആണ് ഉപയോഗിക്കുന്നത്. സൈക്കിള്‍ പാതകള്‍ക്ക് പ്രത്യേക ട്രാഫിക് സിഗ്‌നല്‍ ഒരുക്കിയിരിക്കുന്നത് ജനങ്ങള്‍ക്ക് സൗകര്യപ്രദമാണ്. മോട്ടര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള ഫിയറ്റ് സ്ട്രാറ്റ് എന്ന് അറിയപ്പെടുന്ന റോഡുകളില്‍ സൈക്കിളില്‍ മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്. 

കാര്‍ പാര്‍ക്കിങ്ങിനേക്കാള്‍ സൈക്കിള്‍ പാര്‍ക്കിങ്ങിന് രാജ്യം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത് സൈക്കിളുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. എത്ര തിരക്കുണ്ടായാലും വളച്ചും തിരിച്ചും വെട്ടിച്ചുമൊക്കെ സൈക്കിള്‍ യാത്രക്കാരനു വഴി തടസ്സങ്ങളെ അതിജീവിക്കാം. റിപ്പയറിങ്ങിനും മറ്റുമായി പാഴ്ചെലവുകളുമില്ല. എവിടേയും കൊണ്ടുപോകാം , ഒതുങ്ങിയിരുന്നുകൊള്ളും എന്ന സൗകര്യവുമുണ്ട്. വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും ആളുകളുടെ ആരോഗ്യം ഉറപ്പുവരുത്താനും സൈക്ലിംഗ് ജീവിതചര്യ ആക്കിയതുകൊണ്ട് സാധിക്കുന്നു എന്ന് ഡച്ചുകാര്‍ ഒരേ സ്വരത്തില്‍ പറയും.
ബൈസൈക്കിള്‍ ടൂറിസം പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഡച്ച് നാഷണല്‍ സൈക്കിള്‍ നെറ്റ്വര്‍ക്ക് രൂപംകൊണ്ടതോടെ സൈക്ലിസ്റ്റുകള്‍ക്ക് മണിക്കൂറില്‍ 18 കിലോമീറ്റര്‍ പിന്നിടാനുള്ള സാഹചര്യവും ഒരുങ്ങി.

നരേന്ദ്രമോദി നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ പ്രധാനമന്ത്രി സ്‌നേഹത്തോടെ സമ്മാനിച്ചതും ഒരു ബൈസൈക്കിള്‍ ആയിരുന്നു എന്നതും ആ രാജ്യം സൈക്കിളിന് നല്‍കുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു.
പാശ്ചാത്യരെ എന്തിനും ഏതിനും അനുകരിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാതൃകയാക്കാവുന്ന ഒന്നാണ് നെതര്‍ലന്‍ഡ്‌സിലെ സൈക്കിള്‍ പ്രേമം.' ഒരു വീട്ടില്‍, ഒരു സൈക്കിള്‍ ' എന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പായാല്‍ ഇന്ധന വിലവര്‍ദ്ധനവ്, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി നമ്മുടെ രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
പഴയകാല നൊസ്റ്റാള്‍ജിയയില്‍ നിന്ന് മുന്നേറ്റത്തിനുള്ള സൈക്കിള്‍ മുഴങ്ങട്ടെ...
സൈക്കിള്‍ ദിനം (മീട്ടു റഹ്മത്ത് കലാം) സൈക്കിള്‍ ദിനം (മീട്ടു റഹ്മത്ത് കലാം) സൈക്കിള്‍ ദിനം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക