Image

പ്രാര്‍ത്ഥനാവിവാദത്തില്‍ യേശുവും പോപ്പും (ഡോ.മാത്യു ജോയിസ്, ലാസ് വേഗസ്)

Published on 05 June, 2019
പ്രാര്‍ത്ഥനാവിവാദത്തില്‍ യേശുവും പോപ്പും (ഡോ.മാത്യു ജോയിസ്, ലാസ് വേഗസ്)
ലോകത്തില്‍ ആകമാനം 2.5 ബില്യണിലധികം   ക്രിസ്ത്യാനികള്‍ നിത്യവും പല പ്രാവശ്യം ഉരുവിടുന്ന സുപ്രധാനമായ കര്‍ത്തൃ പ്രാര്‍ത്ഥന (The Lords Prayer) യെ ചൊല്ലി ഒരു വിവാദം തല ഉയര്‍ത്തിയിരിക്കുന്നു. മാറ്റങ്ങളുടെ പിതാവായി, കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷതയില്‍ വിളങ്ങി ശോഭിക്കുന്ന ബഹു വന്ദ്യ പുരോഹിത ശ്രേഷ്ഠനാണ് പോപ്പ് ഫ്രാന്‍സിസ് . ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയില്‍ പ്രാര്‍ത്ഥനയുടെ മാതൃകയായി യേശു ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കു ചൊല്ലിക്കൊടുത്ത ''സ്വര്‍ഗ്ഗസ്ഥനായ പിതാവേ " എന്നാരംഭിക്കുന്ന ചെറിയ പ്രാര്‍ത്ഥനയില്‍ രൂപവ്യത്യാസം വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നതും വാസ്തവം തന്നെ .

വേദലിഖിതങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് ശഠിക്കുന്നവര്‍ , വേദപുസ്തകത്തിലെ തന്നെ ചില വാക്യങ്ങള്‍ ഉദ്ധരിക്കുന്നതില്‍ പ്രധാനമായത് , പൗലോസ് ശ്ലീഹാ ഗലാത്യര്‍ക്കു എഴുതിയ ലേഖനത്തില്‍ നിന്നുമാണ് .

'എന്നാല്‍  ഞങ്ങള്‍ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.
ഞങ്ങള്‍ മുന്‍പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.(ഗലാത്യര്‍ 1:89).'

വിവാദത്തിനു തിരി കൊളുത്തുന്നതിനു മുന്‍പ്  ഒരു കാര്യം ഓര്‍ക്കണം , വേദവിപരീതമായി ഉപദേശം ഒന്നും കൊണ്ടുവരാനല്ല പോപ്പിന്റെ ഉദ്യമം. അതുകൊണ്ടുതന്നെ കടുംപിടുത്തക്കാരായ യാഥാസ്ഥിതിക വിശ്വാസ്സി  പ്രതിഷേധത്തെ മറികടന്ന്, പോപ്പ് ആ പ്രാര്‍ത്ഥനയില്‍ ചെറിയ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസ്സം അംഗീകാരം നല്‍കിക്കഴിഞ്ഞു. വിശുദ്ധ ബൈബിളിലെ മത്തായിയുടെ സുവിശേഷം 6:13 ലെ പ്രാര്‍ത്ഥനയില്‍  "പരീക്ഷകളില്‍ ഞങ്ങളെ പ്രവേശിപ്പിക്കരുതേ (Lead us not into temptation)" എന്ന വാക്യത്തില്‍ നേരിയ വ്യത്യാസം വരുത്തി 'പരീക്ഷകളില്‍ വീണുപോകാന്‍ ഞങ്ങളെ അനുവദിക്കരുതേ (Do not let us fall into temptation)' എന്നാക്കിയതില്‍ , ഒറ്റ നോട്ടത്തില്‍ വലിയ താത്‌വികമായ പരിവേഷമൊന്നും സാധാരണക്കാരന് ദര്‍ശിക്കാനുമാവില്ല.

മതശാസ്ത്രപരമായി കൂടുതല്‍ സത്യസന്ധമായ തര്‍ജ്ജമയിലൂടെ , ഒരു ചെറിയ മുന്‍തെറ്റ് തിരുത്തലായി കാണാന്‍, 16 വര്ഷങ്ങളിലെ ഗവേഷണങ്ങള്‍ക്കു ശേഷമാണ് പോപ്പിന്റെ ഉപദേശക വൃന്ദം പോപ്പിനെ പ്രേരിപ്പിച്ചതെന്ന് അറിയുമ്പോള്‍ , ഈ മാറ്റത്തിന് പ്രസക്തിയേറുന്നു .

'പരീക്ഷകളിലേക്കും പ്രലോഭനങ്ങളിലേക്കും ഒരു പിതാവ് മക്കളെ നയിക്കയില്ല; പ്രത്യുതാ അവയില്‍നിന്നും ഉടനടി മാറി നില്‍ക്കാനേ സഹായിക്കയുള്ളു. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനെ പരീക്ഷയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍, മുന്‍ തര്‍ജ്ജമ ശരിയായിരുന്നില്ല,' എന്ന് പോപ്പ്  2017 ല്‍ ഓര്‍മ്മിപ്പിച്ചിരുന്നതിന്റെ വ്യക്തമായ പരിണാമമാണ് ഇപ്പോള്‍ വിവാദമാക്കി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് . ഈ പ്രാര്‍ത്ഥനയുടെ ഉറവിടം യേശുക്രിസ്തുവിലാണെന്നതില്‍ ആര്‍ക്കും സംശയമില്ല. അരാമിക് ഭാഷയില്‍ തുടങ്ങി ഹീബ്രു ഗ്രീക്ക് ഭാഷകളില്‍നിന്നും ഇഗ്‌ളീഷിലേക്കും പിന്നീട് ലോകത്തിലെ ആയിരക്കണക്കിന് ഭാഷകളിലേക്ക് പലപ്പോഴായി തര്‍ജ്ജമകള്‍ നടന്നപ്പോള്‍ , വേദപുസ്തകത്തിലെ ചില വാക്യങ്ങള്‍ക്ക്  അര്‍ത്ഥ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നതില്‍ സംശയമില്ല .

ഇഗ്‌ളീഷിലെ തന്നെ തര്‍ജ്ജമയില്‍ , തുടര്‍ന്ന്  പറയുന്നത്  'പൈശാചിക ശക്തികളില്‍നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ  (Deliver us from evil )' എന്നാണ് . ആയതിന്‍ പ്രകാരം പിശാചാണ് ബലഹീനനായ മനുഷ്യനെ പരീക്ഷകളിലേക്ക് വലിച്ചിഴക്കുന്നതെന്ന് വ്യക്തമാണ് . അതുകൊണ്ട് ഈ തര്‍ജ്ജമാന്തരം ഗ്രീക്കിലെ ഉത്ഭവസ്ഥാനത്തുള്ള പ്രാര്‍ത്ഥനയെ മറികടക്കുകയോ, സാരമായ എന്തെങ്കിലും വിശ്വാസധ്വംസനമോ കൊണ്ടുവരുന്നില്ലെന്നത് വിശ്വാസികള്‍ മനസിലാക്കേണം. ഒരു കാര്യം ശരിയാണ് , പരീക്ഷകളും പ്രലോഭനങ്ങളും മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നു, ഇക്കാലത്ത് അവ ഏറെയാണുതാനും . എന്നാല്‍ ദൈവം മനുഷ്യനെ അങ്ങനെയുള്ള പരീക്ഷകളിലേക്ക് നയിക്കുന്നില്ലെന്ന് വിശുദ്ധ വേദപുസ്തകം തന്നെ നമ്മോട് സാക്ഷിക്കുന്നു .

'പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കര്‍ത്താവു തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷിക്കുന്നതുമില്ല.
 ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്ത മോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.
മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു."
 (യാക്കോബ്  1:12).

പാപങ്ങളിലേക്ക് വഴുതിവീഴാന്‍ അനുവദിക്കരുതേ എന്ന് പ്രാര്ഥിക്കുന്നതായിരിക്കും ഉത്കൃഷ്ടം . പ്രാര്‍ത്ഥനയുടെ വാക്കുകളേക്കാള്‍ , പ്രാര്‍ത്ഥിക്കുന്ന വിശ്വാസിയുടെ ഹൃദയശുദ്ധിയും പ്രവര്‍ത്തനങ്ങളും. പൂര്‍ണ്ണമായി അറിയാവുന്ന ദൈവത്തിനു മുമ്പില്‍ ഈ വിവാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് , ക്രിസ്തീയവിശ്വാസികള്‍ അതിനോടൊപ്പം സ്മരിക്കുന്നതും ഉചിതമായിരിക്കും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക