Image

സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)

Published on 06 June, 2019
സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)
സീറോ മലബാര്‍ സഭയുടെ പാരമ്പര്യം തോമ്മാശ്ലീഹായുടെ കാലംതൊട്ടു തുടങ്ങുന്നുവെന്ന് കേരളസുറിയാനി ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. പതിനാറാം നൂറ്റാണ്ടുവരെ ഭൂരിഭാഗം ക്രിസ്ത്യാനികളും നെസ്‌തോറിയന്‍ പൈതൃകം പിന്തുടര്‍ന്നിരുന്നു. 1923-ല്‍ സീറോ മലബാര്‍ സഭയുടെ അസ്തിത്വം ഔദ്യോഗിമായി വത്തിക്കാന്‍ അംഗീകരിച്ചു. 1993-ല്‍ വത്തിക്കാന്‍, സീറോ മലബാര്‍ സഭയെ എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തി. വളര്‍ന്നു വന്ന ഈ സഭയില്‍ 32 രൂപതകളിലായി പതിനായിരത്തില്‍പ്പരം പുരോഹിതര്‍ ആത്മീയ ശുശ്രുഷ ചെയ്യുന്നു.

മലബാര്‍ ക്രിസ്ത്യാനികള്‍ അഥവാ സിറോ മലബാര്‍ ക്രിസ്ത്യാനികള്‍ കിഴക്കിലെയും പൗരസ്ത്യ നാടുകളിലെയും പേര്‍ഷ്യയുടെയും സിറിയായുടെയും ആരാധന ക്രമങ്ങള്‍ ആചരിച്ചിരുന്നതുകൊണ്ടാണ് അവരെ അങ്ങനെ അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യയില്‍ നിന്നു വന്നിരുന്ന ബിഷപ്പുമാരുടെ കീഴിലായിരുന്നു ആദ്യകാലത്തെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വന്ന കാലത്ത് സുറിയാനി ക്രിസ്ത്യാനികള്‍ ബാബിലോണിയന്‍ പാത്രിയാക്കീസുമാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ സഭാ സംബന്ധമായ ഭാഷ സുറിയാനിയായിരുന്നു. ഭാരതീയ സാഹചര്യങ്ങള്‍ അനുസരിച്ച് കുര്‍ബാന ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ചരിത്രകാരുടെ കണക്കുകൂട്ടലില്‍ നാലാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ കൃസ്തുമതം പ്രചരിച്ചിരുന്നുവെന്നാണ്.

പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ കത്തോലിക്കരുടെമേല്‍ പാശ്ചാത്യ സംസ്‌ക്കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. അത് നാട്ടു ക്രിസ്ത്യാനികളുടെയിടയില്‍ പ്രതിക്ഷേധങ്ങള്‍ക്കിടയായി. 1653-ല്‍ നടന്ന കൂനന്‍ കുരിശ് സത്യമെന്നറിയപ്പെടുന്ന പ്രതിക്ഷേധം പോര്‍ട്ടുഗീസ് മിഷ്യനറിമാര്‍ക്കെതിരായുള്ള പ്രതികരണമായിരുന്നു. മതഭ്രാന്തരായ പോര്‍ട്ടുഗീസ് മിഷ്യനറിമാര്‍ ക്രിസ്ത്യാനികളുടെ മേല്‍ ലാറ്റിന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതുവരെ കല്‍ദായ ബിഷപ്പുമാരായിരുന്നു നൂറ്റാണ്ടുകളായി ക്രിസ്ത്യന്‍ സമൂഹങ്ങളെ സേവനം ചെയ്തുകൊണ്ടിരുന്നത്. 1896-ല്‍ ആദ്യത്തെ സീറോ വികാരിയാത്ത് സ്ഥാപിച്ചു. ഭൂരിഭാഗം കത്തോലിക്കരും ജെസ്യൂട്ട് പുരോഹിതരെ അനുസരിച്ച് ജീവിച്ചെങ്കിലും നല്ലൊരു ശതമാനം കത്തോലിക്കര്‍ മതം ഉപേക്ഷിച്ച് പോവുകയും ചെയ്തു. അങ്ങനെ പിരിഞ്ഞു പോയവര്‍ ഒരു വിഭാഗം കാലാന്തരത്തില്‍ സീറോ മലങ്കര സഭയുണ്ടാക്കി മടങ്ങിവരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടായപ്പോള്‍ അവര്‍ റോമിനോട് ചേരുകയുമുണ്ടായി.

1886ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ കൊടുങ്ങല്ലൂരുള്ള വേറൊപ്പള്ളി മെത്രോപ്പോലീത്തന്‍ അതിരൂപതയില്‍ നിന്നും സുറിയാനി സഭയെ വേര്‍പെടുത്തി. സീറോ മലബാര്‍ കത്തോലിക്കര്‍ക്കായി പ്രത്യേകം വികാരിയത്തുകള്‍ ഏര്‍പ്പെടുത്തി. ഇംഗ്ളീഷുകാരനായ 'അഡോള്‍ഫ് മെഡിക്കോട്ട്' തൃശൂര്‍ രൂപതയുടെയും ഫ്രഞ്ചുകാരനായ ഈശോ സഭയിലെ അംഗം ബിഷപ്പ് ചാറല്സ് ലെവീഞ്ഞ് ചങ്ങനാശേരി രൂപതയുടെയും ചുമതലകള്‍ വഹിച്ചു. സുറിയാനി സമൂഹം വിദേശ മെത്രാന്മാരില്‍ തൃപ്തരല്ലാത്തതുകൊണ്ടു നാട്ടു മെത്രാനുവേണ്ടി വീണ്ടും റോമ്മിലേക്ക് പെറ്റിഷന്‍ അയച്ചുകൊണ്ടിരുന്നു. അവസാനം 1896ല്‍ തൃശൂരും എറണാകുളവും ചങ്ങനാശേരിയും നാട്ടു മെത്രാന്മാര്‍ക്കുള്ള രൂപതകളായി റോം അംഗീകരിച്ചു. മാര്‍ ജോണ്‍ മേനാച്ചേരി തൃശൂരും, മാര്‍ അലോഷ്യസ് പഴേപറമ്പില്‍ എറണാകുളത്തും, മാര്‍ മാത്യു മാക്കില്‍ ചങ്ങനാശേരിയിലും മെത്രാന്മാരായി നിയമിതരായി. 1911ല്‍ തെക്കുംഭാഗം കത്തോലിക്കര്‍ക്കായി കോട്ടയം രൂപതയുണ്ടായപ്പോള്‍ 'മാക്കില്‍ മെത്രാന്‍' കോട്ടയത്തെ രൂപതയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷം മാര്‍ തോമസ് കുരിയാളശേരി ചങ്ങനാശേരി രൂപതയുടെ മെത്രാനായി സ്ഥാനം വഹിച്ചു.

ആശയവൈരുദ്ധ്യങ്ങള്‍മൂലം സീറോ മലബാര്‍സഭ പതിറ്റാണ്ടുകളായി രണ്ടുചേരികളിലായി നിലകൊള്ളുന്നു. പൂര്‍വിക പിതാക്കന്മാര്‍ മുതല്‍ ആചരിച്ചുവന്നിരുന്ന കുരിശിന്റെ സ്ഥാനത്ത് സെന്റ് തോമസ് കുരിശു സ്ഥാപിച്ചത് വിവാദമായിരുന്നു. അലങ്കാരങ്ങള്‍ നിറഞ്ഞ കുരിശായതിനാല്‍ സെന്റ് തോമസ് കുരിശിനെ 'താമരകുരിശ്' എന്നും വിശേഷിപ്പിക്കുന്നു. ആദ്യനൂറ്റാണ്ടുകളില്‍ സഭയുടെ പാഷണ്ഡികള്‍ ഉപയോഗിച്ചിരുന്ന കുരിശായിരുന്നു താമരകുരിശ്. സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ ക്രിസ്തുവിന്റ രൂപമില്ലാത്ത അലംകൃതമായ ഈ കുരിശിനെ തിരസ്‌ക്കരിച്ചു കഴിഞ്ഞു. മെസൊപ്പൊട്ടോമിയയില്‍ നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാഷണ്ഡിത്വം കല്പിച്ചിരുന്ന മാനിക്കേയന്‍ വിഭാവന ചെയ്ത കുരിശായി സെന്റ് തോമസ് കുരിശിനെ വീക്ഷിക്കുന്നു. സെന്റ് തോമസ് കുരിശിന് യാതൊരുവിധ പാഷണ്ഡിത്വവും ഇല്ലെന്ന് കുരിശിനെ പ്രായോഗികമാക്കിയ ചങ്ങനാശേരി രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന പവ്വത്ത് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റെല്ലാ കുരിശുകളുംപോലെ താമരയുടെ പടങ്ങള്‍ ലിഖിതം ചെയ്ത കുരിശുകളും പൂര്‍ണ്ണമായും പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസം ഉള്‍ക്കൊള്ളുന്നതെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. സെന്റ് തോമസാണ് ഈ കുരിശിന്റെ രൂപം ആവിഷ്‌ക്കരിച്ചതെന്നും വിശ്വസിക്കുന്നു.

വിശ്വാസികളില്‍ നല്ലൊരു വിഭാഗം സെന്റ് തോമസ് കുരിശിനെ മാനിക്കേയന്‍ (Manichaeus) എന്ന പാഷണ്ഡിയെ സ്വാധീനിച്ചിരുന്ന കുരിശായും വിലയിരുത്തി. ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ലെന്നും മാലാഖമാര്‍ സ്വര്‍ഗത്തിലേക്ക് നേരിട്ട് ഉയര്‍ത്തിക്കൊണ്ടുപോയിയെന്നുമുള്ള വിശ്വാസമായിരുന്നു ഈ പാഷണ്ഡിക്കുണ്ടായിരുന്നത്. മാനിക്കേയന്‍സിന് സഭാ ഭൃഷ്ട് കല്പിച്ചിട്ടുണ്ടായിരുന്നു. പ്രതിക്ഷേധക്കാരെ സീറോ മലബാര്‍ സഭയില്‍ ലത്തീനാചാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരായി ബിഷപ്പ് പവ്വത്തില്‍ കാണുകയും അവര്‍ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തു.

വിവാദമായ കുരിശില്‍ താമര ഇതളുകളും ഒരു പ്രാവ് തലകീഴായുള്ള പടവും ഉണ്ട്. ഈ കുരിശ് 1548-ല്‍ മൈലാപ്പൂരില്‍ നിന്ന് പോര്‍ട്ടുഗീസ് മിഷ്യനറിമാര്‍ കണ്ടെടുക്കുകയായിരുന്നു. സീറോ മലബാര്‍ സഭയുടെ വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥങ്ങളില്‍ കുരിശിന്റെ പടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പളളി, ചങ്ങനാശേരി, പാലാ രൂപതകളില്‍ സെന്റ് തോമസ് കുരിശുകള്‍ മാത്രമേ പള്ളികളിലും ആചാരങ്ങള്‍ക്കായും ഉപയോഗിക്കാറുള്ളൂ. ഉയിര്‍പ്പിന്റെ പ്രതീകമെന്നു കുരിശിനെ അനുകൂലിക്കുന്നവര്‍ കരുതുന്നു. പൗരസ്ത്യസഭകള്‍ ക്രിസ്തുവിന്റെ രൂപമടങ്ങിയ കുരിശിനെ വണങ്ങുന്നില്ലെന്നും പരിശുദ്ധാത്മാവിനാണ് സ്ഥാനം നല്‍കുന്നതെന്നും പവ്വത്ത് വാദിക്കുന്നു. വാസ്തവത്തില്‍ ഈ കുരിശ് എന്തെന്നോ അതിന്റെ അര്‍ത്ഥമെന്തെന്നോ ഒരു വിശ്വാസിക്കും അറിയില്ല. പഠിച്ചിട്ടുമില്ല.

സഭയ്ക്കുള്ളില്‍ ഈ കുരിശുമൂലം ഉണ്ടാക്കിയ കലഹങ്ങളും ബുദ്ധിമുട്ടുകളും വളരെയേറെയാണ്. ഇടയന്മാരും പുരോഹിതരും പരസ്പ്പരം ശണ്ഠ കൂടുന്നതുമൂലം വിശ്വാസികള്‍ ഇനിയെന്തെന്നുള്ള വൈകാരിക ചോദ്യങ്ങളുമായി കടുത്ത സമ്മര്‍ദ്ദത്തിലാണ്. സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകള്‍ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളില്‍ കര്‍ദ്ദിനാള്‍, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികള്‍ ആശങ്കയിലാണ്.

1983 മാര്‍ച്ച് ഇരുപത്തിനാലാം തിയതി ശബരിമലയിലുള്ള അയ്യപ്പന്റെ പൂങ്കാവനത്തില്‍ നിന്നും ആരോ സെന്റ് തോമസ് കുരിശു കുഴിച്ചിട്ടിരുന്നത് കണ്ടെത്തി. അത് സെന്റ് തോമസ് നാട്ടിയ കുരിശായി പത്രവാര്‍ത്തകളിലും നിറഞ്ഞു. അതുമൂലം നിലയ്ക്കലേക്കുള്ള ക്രിസ്ത്യാനികളുടെ തീര്‍ത്ഥാടന പ്രവാഹവും ആരംഭിച്ചു. നിലയ്ക്കല്‍ മഹാദേവ അമ്പലത്തിന് സമീപം ഒരു പൗരാണിക പള്ളിയുണ്ടായിരുന്നുവെന്ന് പ്രചരണങ്ങളും തുടങ്ങി. വാസ്തവത്തില്‍ ഹിന്ദുക്കള്‍ക്ക് അങ്ങനെയുള്ള ചരിത്രത്തെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അയ്യപ്പന്റെ പൂങ്കാവനത്തിനു സമീപമുള്ള റോഡിന് സെന്റ് തോമസ് റോഡ് എന്ന് പേരുമിട്ടു. അന്ന് കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. കുരിശു കണ്ട സ്ഥലത്തേക്കുള്ള പ്രവേശന കവാടം പോലീസും ക്രിസ്ത്യന്‍ വോളന്റീയര്‍മാരും തടഞ്ഞിരുന്നു.

ഭാരതീയ സംസ്‌കാരങ്ങളേയും ഹൈന്ദവാചാരങ്ങളെയും സീറോ മലബാര്‍ സഭ പിന്തുടരുന്നുണ്ട്. വിവാഹാചാരങ്ങള്‍, വീട് വെഞ്ചരിപ്പ്, മരിച്ചടക്ക ശേഷം ഏഴാം ദിവസമുള്ള ഭക്ഷണം കൊടുക്കല്‍ ആദിയായവകള്‍ ഹിന്ദുപാരമ്പര്യങ്ങളാണ്. ലത്തീന്‍ ആചാരപ്രകാരം ബുധനാഴ്ച്ചകളില്‍ ആഘോഷിച്ചിരുന്ന വിഭൂതിദിനം തിങ്കളാഴ്ച ദിനത്തിലാക്കി. നാല്‍പ്പത് നോമ്പായി ആചരിച്ചിരുന്ന നോമ്പുകള്‍ അമ്പത് ദിവസങ്ങളാക്കി. അതേസമയം നിരവധി പുരോഹിതരും അത്മായരും ലത്തീന്‍ ആചാരങ്ങളെ മുറുകെ പിടിച്ചു. നാനൂറു വര്‍ഷങ്ങളായി സഭ പുലര്‍ത്തി വന്നിരുന്ന ആചാരങ്ങള്‍ മാറ്റം ചെയ്യുന്നതില്‍ ശക്തമായ എതിര്‍പ്പുകളും നേരിടേണ്ടി വന്നു.

1986-ല്‍ കല്‍ദായ പാരമ്പര്യമനുസരിച്ചുള്ള പ്രാര്‍ത്ഥനാക്രമങ്ങള്‍ സീറോ മലബാര്‍ സഭ എഴുതിയുണ്ടാക്കി. പുതിയതായി രചിച്ച പ്രാര്‍ത്ഥനകളും ആരാധനക്രമങ്ങളും റോം അംഗീകരിക്കുകയും ചെയ്തു. ഭൂരിഭാഗം സീറോ മലബാര്‍ കത്തോലിക്ക വിശ്വാസികളും പുതിയ ആരാധനാക്രമങ്ങളെയും കല്‍ദായ വാദങ്ങളെയും എതിര്‍ത്തു. കുര്‍ബാന ക്രമങ്ങളിലുള്ള തര്‍ക്കങ്ങള്‍ സഭയില്‍ ഇന്നും നിലകൊള്ളുന്നു. ആചാരങ്ങള്‍ക്കും പ്രാര്‍ത്ഥനാക്രമങ്ങള്‍ക്കും നാളിതുവരെ ഐക്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഒരു ഗ്രൂപ്പ് പാരമ്പര്യമായി നിലനിന്നിരുന്ന പ്രാര്‍ത്ഥനാക്രമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും മറ്റുചിലര്‍ പാരമ്പര്യത്തില്‍ അധിഷ്ടിതമായ രീതികള്‍ക്ക് മാറ്റങ്ങള്‍ വരുത്തി സഭയെ നവീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഭാരതീയ ചൈതന്യം ഉള്‍ക്കൊണ്ടുള്ള പ്രാര്‍ത്ഥനാരീതികളും ഇഷ്ടപ്പെടുന്നു. യുക്രേനിയന്‍ സഭപോലെ സീറോ മലബാര്‍ സഭയും ബിഷപ്പുമാരെ വാഴിക്കാനുള്ള അധികാരത്തിനായും സ്വതന്ത്രസഭയ്ക്കായുള്ള പദവി നേടുന്നതിനായും ശ്രമങ്ങള്‍ തുടരുന്നു.

ഭൂമിയിടപാടിലെ അഴിമതിയും ക്രമക്കേടുകളും മൂലം കേരള ഹൈക്കോടതി സീറോ മലബാര്‍ സഭയുടെ അധിപനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ്. കര്‍ദ്ദിനാള്‍ കൂടാതെ മറ്റു മൂന്നുപേരും ഈ കേസില്‍ പ്രതികളായുണ്ട്. പ്രാഥമികമായ തെളിവുകള്‍ കിട്ടിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വസ്തു വില്‍പ്പനയില്‍ നികുതി വകുപ്പിനെ വെട്ടിച്ചുവെന്ന് പറഞ്ഞു മൂന്നു കോടി രൂപ സര്‍ക്കാരിന് നികുതിയടക്കാനും നോട്ടീസ് കിട്ടിയിരുന്നു. അതില്‍ സഭയുടെ വക 51 ലക്ഷം രൂപ പിഴയായി സര്‍ക്കാരില്‍ അടയ്ക്കുകയും ചെയ്തു. മാര്‍ ആലഞ്ചേരിയും സിനഡും ഒരു വ്യാജരേഖയുടെ പേരില്‍! സത്യദീപം എഡിറ്ററായ പോള്‍ തേലെക്കാടനെതിരെ കേസ് കൊടുത്തിരിക്കുന്നു. അനേക മാസത്തെ അന്വേഷണശേഷം ഡോക്യൂമെന്റുകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ വ്യാജ ഡോക്യൂമെന്റുകള്‍ക്കുള്ള ഉത്തരവാദിത്വം ആര്‍ക്കെന്നുള്ളതിനും തെളിവുകളില്ല. അങ്ങനെ ആദ്ധ്യാത്മികതയുടെ വെളിച്ചത്തില്‍ സംഭവിക്കരുതാത്തത് പലതും സഭയ്ക്കുള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. തലമുറകളായി പൂര്‍വിക പിതാക്കന്മാര്‍ മുതല്‍ സഭാമക്കളില്‍ നിന്നും പിരിച്ചെടുത്ത വന്‍കിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകര്‍ച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കില്‍ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാര്‍ നേതൃത്വത്തിനുള്ളത്. മൊത്തത്തില്‍ സഭയെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

സീറോ മലബാര്‍ സഭയിലെ പുരോഹിതരുടെ കുത്തഴിഞ്ഞ ജീവിതചര്യമൂലം 'അധാര്‍മ്മികത' സഭയിലുടനീളം വ്യാപിച്ചു കഴിഞ്ഞു. ഭൂമി വിവാദം, അഭിഷിക്തര്‍ വ്യക്തിപരമായി സമ്പത്തു സമ്പാദിച്ചുവെന്ന ഡോക്യൂമെന്റുകള്‍, വ്യജരേഖ വിവാദങ്ങള്‍, കോഴ കോളേജുകള്‍, കന്യാസ്ത്രി മഠങ്ങളിലെ ക്രൂരതകള്‍, മഠങ്ങളിലെ പെരുകി വരുന്ന ആത്മഹത്യകള്‍, പുരോഹിതരുള്‍പ്പെട്ട കൊലകള്‍, ആത്മീയ പണം തട്ടിപ്പ്, അണ്‍ എയ്ഡ് സ്‌കൂളിലെ അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള കൊള്ള, സര്‍ക്കാരില്‍നിന്നും കൊടുക്കുന്ന അദ്ധ്യാപകരുടെ ശമ്പളം കൈപ്പറ്റിയിട്ട് അവരെക്കൊണ്ട് പകുതി ശമ്പളത്തില്‍ ജോലിചെയ്യിപ്പിക്കുക, നേഴ്സുമാരെ സമയപരിധിയില്ലാതെ കഠിനാദ്ധ്വാനം ചെയ്യിപ്പിച്ചശേഷം തുച്ഛമായ ശമ്പളം നല്‍കികൊണ്ടു ഹോസ്പിറ്റലുകളില്‍ തീവെട്ടിക്കൊള്ള നടത്തുക മുതലായവകള്‍ സഭയുടെ അധാര്‍മ്മികതകളുടെ ചൂണ്ടുപലകകളാണ്. ഷോപ്പിംഗ് കോംപ്ലെക്‌സും മരാമത്തുപണികളും ആഡംബരപ്പള്ളികളും പള്ളി പൊളിക്കലും, ശവക്കോട്ട, കപ്പേളകള്‍ പുതുക്കിപ്പണിയലും കല്ലറകള്‍ക്ക് ലക്ഷക്കണക്കിന് രൂപ വിലമേടിക്കലും വ്യവസായ പ്രമുഖരായ പുരോഹിതരുടെ മേല്‍നോട്ടത്തില്‍ നടത്തുന്നു. പാവപ്പെട്ടവരും ദരിദ്രരും മരിച്ചാല്‍ ശവത്തിനുവരെ വില പറയും. ശവമടക്ക് നിഷേധിച്ച കഥകള്‍ നിരവധിയുണ്ട്.

മാടത്തരുവിക്കേസിലെ പ്രതി ബെനഡിക്റ്റ് ഓണംകുളം മുതല്‍ ബിഷപ്പ് ഫ്രാങ്കോവരെയുള്ള പീഡന കഥകള്‍ സഭയുടെ സന്മാര്‍ഗിക നിലവാരത്തെ താഴ്ത്തിക്കെട്ടിയിരുന്നു. പതിന്നാലു വയസുള്ള പെണ്ണിനെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ ഫാദര്‍ റോബിനെ കുറ്റക്കാരനായി കോടതി വിധിച്ചതുമൂലം അദ്ദേഹം ജയില്‍ശിക്ഷ അനുഭവിക്കുന്നു. കുഞ്ഞിന്റെ പിതൃത്വം പതിനാലുകാരി അമ്മയുടെ അപ്പനില്‍ സ്ഥാപിക്കാനുള്ള റോബിന്റെ ശ്രമവും പരാജയപ്പെട്ടു. അഭയാക്കേസ് കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങളായും തീരുമാനങ്ങള്‍ കാണാതെ നിലകൊള്ളുന്നു. ഇന്നുവരെയും അഭയയുടെ കൊലപാതകത്തിലെ നിഗുഢതകള്‍ കണ്ടുപിടിക്കാന്‍ നിയമത്തിന് കഴിഞ്ഞിട്ടില്ല. രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും കൊലപാതകത്തില്‍ പങ്കാളികളായിരുന്നുവെന്ന് കണ്ടെത്തി. പുരോഹിതരെയും കന്യാസ്ത്രിയെയും 2008 നവംബറില്‍ അറസ്റ്റ് ചെയ്യുകയും അവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു.

കല്‍ദായ വാദത്തിനെതിരായി തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് നാളിതുവരെ ഒരു പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. 'ഞങ്ങള്‍ കല്ദായക്കാരല്ല, ഇന്ത്യക്കാരാണ്' എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി പതിമൂന്ന് രൂപതകളിലുള്ള ആയിരക്കണക്കിന് പുരോഹിതരും കന്യാസ്ത്രികളും തെരുവുകളില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഭാരതീയ ചിന്താധാരയിലുള്ളവരും കല്‍ദായ ചിന്താഗതിക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായിരിക്കുകയാണ്. നാലാം നൂറ്റാണ്ടില്‍ മെസൊപ്പെട്ടോമിയയില്‍ നിന്നും 'ക്‌നായാ തൊമ്മന്‍' എന്ന ഒരു യഹൂദ ക്രിസ്ത്യാനി വന്നെത്തിയെന്നും അതുവഴി കിഴക്കേ സിറിയക്കാരുടെ കുടിയേറ്റമുണ്ടായെന്നും കല്‍ദായ വാദികളുടെ ഉത്ഭവം ആരംഭിച്ചുവെന്നും ചരിത്രകാര്‍ എഴുതിയിരിക്കുന്നു. എന്നാല്‍ കല്‍ദായ വാദികള്‍ ഈ തത്ത്വത്തെ എതിര്‍ക്കുന്നു. ക്‌നാനായ തൊമ്മന്‍ വന്നത് എട്ടാം നൂറ്റാണ്ടിലെന്നും കല്‍ദായ ചിന്താഗതികള്‍ സെന്റ് തോമസിന്റെ കാലം മുതലുണ്ടായിരുന്നുവെന്നും വാദിക്കുന്നു.

വാസ്തവത്തില്‍ സഭയുടെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ സഭയുടെ സ്വത്തുക്കളെല്ലാം ഒരു ചാരിറ്റബിള്‍ സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളില്‍ സഭയ്ക്ക് സര്‍ക്കാരില്‍ നികുതികള്‍ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ചില സഭകള്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിലെ കണക്കുകള്‍ പാസാക്കുന്നത് അംഗങ്ങളോ ജനറല്‍ ബോഡിയോ ആയിരിക്കില്ല. സഭയുടെ വരുമാനക്കണക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രജിസ്റ്റര്‍ ഓഫിസില്‍ ബോധിപ്പിച്ചാല്‍ തന്നെയും ഒരു വിശ്വാസിക്ക് അതിന്റെ കണക്ക് ലഭിക്കില്ല. കണക്കില്ലാത്ത വിദേശപ്പണം ചാരിറ്റബിളിന്റെ മറവില്‍ റിസേര്‍വ് ബാങ്കിനുപോലും ചോദ്യം ചെയ്യാന്‍ അവകാശമില്ല.

സഭയുടെ കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു അറുതി കണ്ടെത്താന്‍ ചര്‍ച്ച് ആന്‍ഡ് പ്രോപ്പര്‍ട്ടി ആക്ട് (Church and property act) സഹായകമാകും. ചര്‍ച്ച് ആക്ട് നിയമം ആയാല്‍ സഭാ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ട്രിബുണല്‍ കൈകാര്യം ചെയ്തുകൊള്ളും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുന്നുവെന്നാണ് ചര്‍ച്ച് ആക്റ്റിന്റെ പ്രസക്തി. ഞായറാഴ്ച പിരിവുകളുടെ കണക്കുകള്‍ എത്ര കിട്ടിയെന്ന് പള്ളിയില്‍ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ചെലവഴിച്ചുവെന്നുള്ള വിവരങ്ങള്‍ ഇവര്‍ പുറത്തു വിടുകയുമില്ല. സര്‍ക്കാരില്‍ നിന്നും വളഞ്ഞ വഴികളില്‍ പണം നേടാറുണ്ട്. പണം വരുന്നുവെന്ന് അറിയാമെന്നല്ലാതെ പണം എവിടെ പോവുന്നുവെന്ന് ആര്‍ക്കും നിശ്ചയമില്ല. ഓഡിറ്റ് ചെയ്ത കണക്കുകള്‍ വിശ്വാസികള്‍ക്കായി പ്രസിദ്ധീകരിക്കുകയുമില്ല.

ചര്‍ച്ച് ആക്റ്റ് നടപ്പാക്കുന്നതിനെതിരെ പുരോഹിതരും ബിഷപ്പുമാരും പ്രതിക്ഷേധങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്! അല്‌മെനികളുടെ ഗുണത്തിന് വേണ്ടിയല്ല, സഭാസ്വത്തിന്മേല്‍ പുരോഹിതര്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം അവരെ അലട്ടുന്നു. സര്‍ക്കാരിന് സാമ്പത്തിക ലാഭമില്ലെങ്കിലും സര്‍ക്കാരില്‍ നിന്നുമുള്ള ഓഡിറ്റിങ്ങിനെ അവര്‍ ഭയപ്പെടുന്നു. ചര്‍ച്ച് ആക്റ്റ് പാസായാല്‍ പള്ളികള്‍ക്കും രൂപതകള്‍ക്കുമുള്ള വരുമാന സ്രോതസുകളെപ്പറ്റിയുള്ള ശരിയായ കണക്കുകള്‍ കൊടുക്കേണ്ടി വരും. ഹൈറേഞ്ചിലും, കിഴക്കും പടിഞ്ഞാറും ഇന്ത്യ മുഴുവനുമായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങളും ബില്യണ്‍ കണക്കിന് രൂപ സ്വത്തു വകകളും സഭയ്ക്കുണ്ട്. അതിന്റെയെല്ലാം കണക്കുകള്‍ വിശ്വാസികളുടെ മുമ്പില്‍ നിരത്തേണ്ടിയും വരും. മുന്‍സുപ്രീം കോടതി ജഡ്ജി അന്തരിച്ച ശ്രീ വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മിറ്റി തയാറാക്കിയ കേരള ചര്‍ച്ച് ആക്റ്റ് ബില്‍ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെത്രാന്‍ലോകം ഗൌനിക്കുന്നില്ലെങ്കില്‍ സ്വേച്ഛാധിപത്യം തുടരുവാന്‍ പുരോഹിതര്‍ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാന്‍. ചര്‍ച്ച് ആക്റ്റിനെ എതിര്‍ക്കുന്ന പുരോഹിതര്‍ തങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതില്‍നിന്നും മനസിലാക്കേണ്ടത്?
സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)സീറോ മലബാര്‍ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
ഉറച്ച കത്തോലിക്കാ വിശ്വാസി 2019-06-06 18:18:09
nothing new in this article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക