Image

ഭൂമിഗീതം (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 07 June, 2019
 ഭൂമിഗീതം (രമ പ്രസന്ന പിഷാരടി)
മഴ മായുന്നു ഗ്രീഷ്മം

കുടിച്ചു വറ്റിക്കുന്ന

ഉറവയ്ക്കുള്ളില്‍  കത്തി

യുരുകും നീര്‍ച്ചോലകള്‍

പശ്ചിമഘട്ടത്തിന്റെ

പവിത്രസ്ഥലങ്ങളില്‍

പുത്തനാം മഴുവേറ്റു

മുറിഞ്ഞ  മണ്‍ഗന്ധങ്ങള്‍

രകതമൂറിയ മരച്ചില്ലയെ

 കെട്ടിപ്പിടിച്ചുച്ചത്തില്‍

കരയുന്ന രാപ്പാടിക്കിളിക്കൂട്ടം

തൂവലറ്റൊരു കിളി

ക്കൂടുകള്‍, നരകാഗ്‌നി

തൂവിയ ശ്മശാനങ്ങള്‍, 

കാട്ടിലെ രണാങ്കണം.

സൂര്യകാന്തിയില്‍ പൂക്കള്‍

വിടരുന്നത് കാണ്മാന്‍

സൂര്യന്റെ ഗൃഹം തേടി 

നടക്കും ഭൂമിയ്ക്കുള്ളില്‍

കടലിന്നുപ്പായലിഞ്ഞൊ

ഴുകുന്നതിന്‍  മുന്‍പേ

നദിചൊല്ലുന്നു വിഷം

നുകര്‍ന്നു തളര്‍ന്നു ഞാന്‍

 

* പിപ്പലാന്ത്രിയില്‍, മരണ

പ്പെട്ട മകളുടെ ചിത്രത്തില്‍

തൊട്ടന്നൊരാള്‍ പറഞ്ഞു;

സ്മൃതിയുടെ നിത്യത,

നിസ്വാര്‍ഥതയേറ്റുന്ന

 സ്‌നേഹത്തിന്റെ

വൃക്ഷങ്ങളിതാ ഞാനും

നടന്നു നിനക്കായി.

 

*ഋതുക്കള്‍ മുഖം താഴ്ത്തി

നടന്ന ഭൂവില്‍ വനം

തനിച്ച് നിര്‍മ്മിച്ചൊരാള്‍

 മുന്നിലായ് നടക്കുന്നു

*ആയിരം നിലാവിനെ

കണ്ടൊരു പ്രാണന്‍

നട്ടൊരാല്‍മരത്തണല്‍

ദേശപാതയെ ചുംബിക്കുന്നു

 

 വഴിയില്‍ പതാകകള്‍,

കൈയെഴുത്തുകള്‍

*വീണ്ടുമൊരു തൈനടാം 

എന്ന് കവി പാടുന്നു മുന്നില്‍

അരികില്‍ തെളിയുന്ന

പുതുകൗതുകത്തിന്റെ

ശലഭച്ചിറകുകള്‍,

പ്രാണന്റെ സ്പര്‍ശത്തിലായ്

 ജീവഗന്ധങ്ങള്‍ ഭൂമി

യേകുന്ന ദാനത്തിന്റെ

 പനിനീര്‍മഴത്തുള്ളി...

 

*രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലുള്ള പിപ്പലാന്ത്രി ഗ്രാമത്തില്‍ ഗ്രാമത്തലവനായ ശ്യാം സുര്‍ പാലിവാല്‍ മരിച്ചുപോയ മകളുടെ ഓര്‍മ്മ നിര്‍ത്താനായി ആ ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി ജനിയ്ക്കുമ്പോള്‍ 111 വൃക്ഷത്തൈകള്‍ നടുക എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. കിരണ്‍ നിധി യോജന എന്ന അമൂല്യമായ ഭൂമിയ്‌ക്കേകാവുന്ന ഒരു സ്മരണിക.

 

*അസമിലെ അരുണാ സപേരിയില്‍ മരുഭൂമിപോലൊരു ഉണങ്ങി വരണ്ട നദിക്കരയില്‍  സ്വപ്രയത്‌നത്താല്‍ അത്ഭുതവനം സൃഷ്ടിച്ച, രാജ്യം പദ്മശ്രീ നല്‍കിയാദരിച്ച   ജാദവ് പായംഗ്

 

* ആല്‍ മരങ്ങള്‍ നട്ടുനനച്ച് വളര്‍ത്തിയ സാലുമരദ തിമ്മക്ക

 

കര്‍ണ്ണാടകയില്‍  ബാംഗ്ലൂര്‍ഗ്രാമീണ മേഖലയില്‍ മാഗഡി കുഡൂര്‍ ദേശീയപാതയില്‍

 

ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ

 മീറ്ററോളം ദൂരത്തില്‍  284 ആല്‍രങ്ങള്‍  നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം.

 

*സുഗതകുമാരിയുടെ ഒരു തൈനടാം   എന്ന കവിത.

 ഭൂമിഗീതം (രമ പ്രസന്ന പിഷാരടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക