Image

കോണ്‍ഗ്രസ് ജീവന്മരണ പ്രതിസന്ധിയില്‍(ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 15 June, 2019
കോണ്‍ഗ്രസ് ജീവന്മരണ പ്രതിസന്ധിയില്‍(ദല്‍ഹികത്ത്: പി.വി.തോമസ്)
മരണാസന്നനായ ഒരു രോഗി അറിയണമെന്നില്ല. തന്റെ അവസ്ഥ എത്ര ഗുരുതരം ആണെന്ന്. മരുന്നിലും പരിചരണത്തിലും തീവ്രപരിചരണത്തിലും വേദനസംഹാരിയിലും പിന്നെ വെന്റിലേറ്ററിലും രോഗി ദിവസങ്ങള്‍ തള്ളി നീക്കും. രോഗിയുടെ മരണം ആഗ്രഹിക്കാതെ ജീവനായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു പോലും നിസഹായരായി നിറകണ്ണോടെ നോക്കി നില്‍ക്കുവാനേ സാധിക്കൂ.

കോണ്‍ഗ്രസ് ഇന്ന് ഏതാണ്ട് മരണാസന്ന അവസ്ഥയില്‍ ആണ്.
2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 52 സീറ്റുകള്‍ ആണ്. അതായത് 2014-ല്‍ ലഭിച്ചതിലും വെറും എട്ട് സീറ്റുകള്‍ മാത്രം കൂടുതല്‍. ഇപ്പോഴും ലോകസഭയില്‍ പ്രതിപക്ഷ നേതാവ് ആകുവാന്‍ അര്‍ഹതയില്ല. അതിന് 55 സീറ്റുകള്‍ എങ്കിലും വേണം, അതായത് 545 അംഗങ്ങളുള്ള ലോകസഭയില്‍ 10 ശതമാനം അംഗങ്ങള്‍ എങ്കിലും വേണം. അതും ഇല്ല ഇപ്രാവശ്യവും.

അതും കൂടാതെ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജിയില്‍ ആണ്. പാര്‍ട്ടിയുടെ ഉന്നതാധികാര കമ്മറ്റി ആയ കോണ്‍ഗ്രസ് വര്‍ക്കിം കമ്മറ്റി അത് സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹം അത് പുനഃപരിശോധിക്കുവാന്‍ തയ്യാറല്ല ഇത് എഴുതുന്ന സമയം വരെ. പാര്‍ലിമെന്റ് ജൂണ്‍ 17-ന് കൂടുകയാണ്. പാര്‍ട്ടിക്ക് പല കാര്യങ്ങളും തീരുമാനിക്കേണ്ടതായിട്ടുണ്ട്, ലോകസഭയിലെ  പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ. അതുപോലെ തന്നെ ബി.ജെ.പി. ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഈ വര്‍ഷം നിയമ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന. അവിടെയും കോണ്‍ഗ്രസിന് നിലപാ് എടുക്കേണ്ടതായിട്ടുണ്ട്. പക്ഷേ, നാഥനില്ലാ കളരി പോലെ അത് തെരഞ്ഞെടുപ്പ് പരാജയത്തില്‍ അടിപതറി നിലകൊള്ളുകയാണ്.

എന്താണ് കോണ്‍ഗ്രസിന് ഇന്ന് സംഭവിക്കുന്നത്? അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്? അതും അല്ലെങ്കില്‍ സംഭവിക്കുവാന്‍ പോകുന്നത്? 

134 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും ഉള്ള ഒരു പാര്‍ട്ടി ആണ് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരവും ദേശീയതയും ആയി അത് ഒത്തുനില്‍ക്കുന്നു. സ്വാതന്ത്ര്യാനാന്തര ഇന്‍ഡ്യയിലെ വികസനങ്ങള്‍ക്ക്- സാമ്പത്തികം, ശാസ്ത്രീയം, ബഹിരാകാശം, കാര്‍ഷീകം, വ്യവസായികം, ആണവം- അടിത്തറ ഇട്ടതും കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ആണ്. ബ്രിട്ടീഷ് കോളനിഭരണം കൊള്ളയടിച്ച് പാപ്പരാക്കിയ ഭാരതത്തെ പട്ടിണിയില്‍ നിന്നും സാമ്പത്തീക തകര്‍ച്ചയില്‍ നിന്നും കൈപിടിച്ച് കരകയറ്റിയതും കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ആണ്. ആ പാര്‍ട്ടി ഇന്ന് ഇന്‍ഡ്യയില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.

സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്ത അല്ലെങ്കില്‍ അതിനെ തുരങ്കം വച്ച ശക്തികള്‍ ആണ് ഇന്ന് വീരനായകന്മാര്‍. രാഷ്ട്രപിതാവിനെയും സ്വാതന്ത്രസമര നായകനെയും വധിച്ചവരെ പൂവിട്ടു പൂജിക്കുന്നവരാണ് ഇന്നത്തെ ഭരണ സാരഥികള്‍ എന്നും വേദനയോടെ ഓര്‍മ്മിക്കണം.ജനാധിപത്യത്തിലും തെരഞ്ഞെടുപ്പ് ക്രമത്തിലും ഉള്ള വിശ്വാസം നശിക്കുവാനുള്ള സമയം ആയിട്ടില്ല. പക്ഷേ, എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ഇന്‍ഡ്യയില്‍ ജനാധിപത്യം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബ വാഴ്ചയും- അത് നെഹ്‌റുഗാന്ധി കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ചങ്ങാത്ത മുതലാളിത്ത ജനാധിപത്യാധിനിവേശവും എല്ലാം വ്യാപകം ആയിരിക്കുന്നു.

കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമരകാലത്തെ ദേശീയതയെ സംഘപരിവാറിന്റെ ഹിന്ദുത്വ ദേശീയത കയ്യേറിയിരിക്കുന്നു. അതിനര്‍ത്ഥം കാലം മാറിയിരിക്കുന്നു എന്നതാണ്. വിവിധ സംസ്‌ക്കാര-മത സമന്വയം എന്ന ഭരണഘടന വീക്ഷണം ഇല്ലാതായിരിക്കുന്നു. അല്ലെങ്കില്‍ നാഥുറാം ഗോ്ഡ്‌സെ സമാരാധ്യന്‍ ആവുകയില്ലായിരുന്നു സംഘപരിവാറികളുടെ ഇടയില്‍.

രാഹുല്‍ ഗാന്ധിയുടെ രാജിഭീഷിണിയോ ലോകസഭയില്‍ പ്രതിപക്ഷം നേതൃസ്ഥാനം ലഭിക്കാത്തതോ മാത്രം അല്ല കോണ്‍ഗ്രസിന്റെ തകര്‍ച്ച. അങ്ങനെ ഒരു പാര്‍ട്ടി നാമാവശേഷം ആയി കൊണ്ടിരിക്കുകയാണ്. കുടുംബഭരണം എന്നും ആ പാര്‍ട്ടിയുടെ ശാപമായി സ്വതന്ത്രാനന്തര ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് അതില്‍ നിന്ന് കോണ്‍ഗ്രസിന് രക്ഷപ്പെട്ടുകൂട? ഇപ്പോള്‍ അതിനുള്ള സുവര്‍ണ്ണാവസരം അല്ലേ? ലാല്‍ ബഹദൂര്‍ ശാസ്ത്രിയും നരസിംഹറാവുവും നയിച്ചില്ലേ? ഭരിച്ചില്ലേ? മന്‍മോഹന്‍ സിംങ്ങ് സോണിയഗാന്ധിയുടെ ഒരു തന്ത്രം ആയിരുന്നു. കാരണം പ്രണാബ് മുഖര്‍ജിയെ 2004-ല്‍ പ്രധാനമന്ത്രി ആക്കിയിരുന്നെങ്കില്‍ അദ്ദേഹം സോണിയ ആവശ്യപ്പെടുമ്പോള്‍ രാഹുലിനായി സ്ഥാനം ഒഴിയുകയില്ലായിരുന്നു. പ്രണബ ഒരു രാഷ്ട്രീയക്കാരന്‍ ആണ്. മന്‍മോഹന്‍ സിംങ്ങ് അല്ല. അതുകൊണ്ടാണ് അദ്ദേഹം ഭരണപരമായി വിജയിച്ചെങ്കിലും രാഷ്ട്രീയമായി പരാജയപ്പെട്ടത്. അവിടെ നിന്നും ആണ് സോണിയയുടെയും കോണ്‍ഗ്രസിന്റെയും പരാജയം ആരംഭിച്ചത്. 2014-ല്‍ നരേന്ദ്രമോഡിയെ അധികാരത്തിലേറ്റിയത് ആ പരാജയം ആണ്.

2014-ലെയും 2019 ലെയും തുടര്‍ച്ചയായ അതിദാരുണ പരാജയങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഇന്ന് ഛിന്നഭിന്നം ആണ്. പരാജയത്തിന്റെ കാരണം രാഹുല്‍ഗാന്ധിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി അല്ലാതായിരിക്കുന്നു. സ്ഥാപിത താല്‍പര്യക്കാരായ ഒരു കൂട്ടം വ്യക്തികളുടെ സംഘം ആയി അത് മാറിയിരിക്കുന്നു. മറുവശത്തുള്ള ബി.ജെ.പി. അതല്ല. അതിന് ഒരു അജണ്ട ഉണ്ട്. ഹിന്ദുത്വ അജണ്ട, വികസനത്തില്‍ പൊതിഞ്ഞത്. രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പറഞ്ഞതുപോലെ കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍ ആണ് പ്രധാനം. കമല്‍നാഥിനും അശോക് ഗലോട്ടിനും ചിദംബരത്തിനും സ്വന്തം മക്കളുടെ രാഷ്ട്രീയ ഭാവി ആയിരുന്നു പ്രധാനം. സത്യത്തില്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി ഒറ്റയാള്‍ പട്ടാളം ആയിരുന്നു. കൂടെ സഹോദരി പ്രിയങ്കഗാന്ധിയും ഉണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിച്ചു? അത് ആ പാര്‍ട്ടിയുടെ പരാജയം അല്ലായിരുന്നോ? സംസ്ഥാനങ്ങളിലുള്ള നേതാക്കന്മാരെ ദേശീയതലത്തില്‍ വളരുവാന്‍ അനുവദിക്കുകയില്ല. കാരണം അപ്പോള്‍ കുടുംബവാഴ്ച തകരും. ദേശീയതലത്തില്‍ സോണിയയും രാഹുലും പ്രിയങ്കയും മാത്രം മതി. അതാണ് ഈ തകര്‍ച്ചയുടെ സാരാംശം.

എവിടെ പാര്‍ട്ടിയുടെ സംഘടന ദേശീയതലത്തിലും പ്രാദേശീകതലത്തിലും? പൂജ്യം ഉള്ളിടത്ത് ഗ്രൂപ്പുകളിയാണ്. എവിടെ പാര്‍ട്ടിയുടെ ആദര്‍ശവും അവ നടപ്പിലാക്കുവാനുള്ള ക്രമപരിപാടികളും. ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. മൃദുഹിന്ദുത്വ അതിന് ഉദാഹരണം ആണ്. പാര്‍ട്ടിയുടെ സംഘടന അമ്പേ തകര്‍ന്നിരിക്കുന്നു. തെലുങ്കാനയിലും മഹാരാഷ്ട്രയിലും കൂട്ടത്തോടെ ആണ് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരുവാന്‍ തയ്യാറായി ഇരിക്കുന്നത്. രാജസ്ഥാനില്‍ അശോക് ഗലോട്ടും സച്ചിന്‍ പൈലട്ടും തമ്മില്‍ അടിയാണ്. മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാധിത്യസിന്ധ്യയും തമ്മില്‍ തുറന്ന യുദ്ധം ആണ്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്ങും നവജ്യോദ് സിംങ്ങ് സിദുവും അങ്കത്തില്‍ ആണ്. മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും ഒഡീഷയിലെയും ഝാര്‍ഖണ്ടിലെയും ആസാമിലെയും പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാര്‍ രാജിവച്ചു കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ തകര്‍ച്ച ഇവിടെ ഒതുങ്ങുന്നില്ല. അതിന് അങ്ങനെ വീണ്ടും കണ്ടുപിടിച്ച് സൃ്ഷ്ടിച്ചെടുക്കേണ്ടിയിരിക്കുന്നു. അതിന്റെ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഉള്ള പ്രസക്തി മാറിയിരിക്കുന്നു. കാരണം ഇന്‍ഡ്യ മാറിയിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്നു. മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി മതേതരത്വം. സംഘപരിവാറിന്റെ നിഘണ്ടുവില്‍ ഇന്‍ഡ്യ ഒരു മതേതര ഹിന്ദു രാഷ്ട്രം ആണ്. പക്ഷേ അത് കോണ്‍ഗ്രസിനു അംഗീകരിക്കുവാന്‍ ആകുമോ? ഇതിനെ ചെറുത്തു തോല്‍പിക്കുവാനുള്ള ശക്തി കോണ്‍ഗ്രസിന് ഉണ്ടോ? മറ്റ് മതേതരപാര്‍ട്ടികള്‍ക്ക് ഉണ്ടോ? ഇല്ല എന്നതാണ് ലോകസഭ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചത് അത് ആരോപിക്കപ്പെടുന്നതുപോലെ വ്യാജവും തിരിമറിയും അല്ലെങ്കില്‍.

ഇന്‍ഡ്യയുടെ ജനാധിപത്യം ശക്തം ആകണം. മതേതരത്വവും ശക്തം ആകണം. ഇന്‍ഡ്യക്ക് ശക്തമായ ഒരു പ്രതിപകഷവും ഭരണഘടനാനുസൃതമായ ഭരണം പ്രദാനം ചെയ്യുന്ന ഒരു ഗവണ്‍മെന്റും വേണം. കോണ്‍ഗ്രസ് ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ വളരണം.  അത് കുടുംബവാഴ്ചയിലും രാഹുല്‍ഗാന്ധിയിലും കുടുങ്ങികിടക്കരുത്. അതില്‍ നിന്നും പുറത്തുവരണം. പുനരുജീവിക്കപ്പെട്ട കോണ്‍ഗ്രസിന് ഇന്നും ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ പ്രസക്തിയുണ്ട്.  അതിലെ കടല്‍കിഴവന്മാരെ അടിത്തൂണ്‍ പറ്റിച്ച് വീട്ടിലിരുത്തുക. അതുപോലെ തന്നെ മോഡിയും ഷായും ഈ ജനവിധിയെ ഹിന്ദുത്വ ശക്തികള്‍ക്ക് അഴിഞ്ഞാടുവാനായിട്ടുള്ള അവസരം ആയി കണക്കാക്കരുത്. സര്‍വ്വരുടെയും വികസനവും വിശ്വാസവും ഉറപ്പു വരുത്തണം. മത ദുര്‍മ്മാര്‍ഗ്ഗികളെ കൂച്ചുവിലങ്ങിട്ട് നിയന്ത്രിച്ച് നിറുത്തുക.

കോണ്‍ഗ്രസിന് തിരിച്ചു വരുവാന്‍ ഒന്നില്‍ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. സംഘടനയും ആദര്‍ശവും നേതൃത്വവും കരുത്താര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. സാമ്പത്തീക മേഖലയും മനുഷ്യാവകാശവും മതനിരപേക്ഷതയും അത് കാക്കേണ്ടിയിരിക്കുന്നു പുതിയ ഭരണസംവിധാനത്തില്‍ സാധിക്കുമോ?

കോണ്‍ഗ്രസ് ജീവന്മരണ പ്രതിസന്ധിയില്‍(ദല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
GEORGE 2019-06-15 10:58:07
മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രി പി വി തോമസ് ആദ്യമായി ആണല്ലോ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും വിമർശിക്കുന്നത്.  ഒരു ടോം വടക്കൻ ലൈൻ ആണല്ലോ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക