Image

ചെകുത്താന്‍ സേവയുടെയും പെണ്‍ പ്രണയത്തിന്റെയും മിസ്റ്റിക് മൗണ്ടന്‍ (ഗോകുല്‍ കൃഷ്ണ)

Published on 15 June, 2019
ചെകുത്താന്‍ സേവയുടെയും പെണ്‍ പ്രണയത്തിന്റെയും മിസ്റ്റിക് മൗണ്ടന്‍ (ഗോകുല്‍ കൃഷ്ണ)
മിസ്റ്റിക് മൗണ്ടന്‍"
ശ്രീപാര്‍വ്വതി
പ്രസാധകര്‍ : മാതൃഭൂമി
വില : 150 രൂപ

ആഗ്‌നസ് നടന്നുകയറിച്ചെന്ന മുറിയുടെ വാതില്‍ മലര്‍ക്കെ തുറന്നാണ് കിടന്നിരുന്നത്. വിചിത്രമായ ഒരു മുറിയായിരുന്നു അത്. ആ കെട്ടിടത്തിലെ ഏറ്റവും വലിയ മുറി. വലിയ കവാടം, വലിയ തൂക്കുവിളക്കുകള്‍.

മറ്റു മുറികളെപ്പോലെ പഴക്കമണമില്ലാത്ത മുറി.

ഒരു മെഴുകുഗന്ധം അപ്പോഴും അവിടെ ഉള്ളതുപോലെ.ആ ഗന്ധം എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ അവിടെയുണ്ടായിരുന്നപോലെ.

ഈ ഗന്ധം എവിടെയോ പരിചിതമാണെന്ന് അവള്‍ക്കു തോന്നി. ആഗ്‌നസ് മൂക്കു വിടര്‍ത്തി അതിനെ പിടിച്ചെടുത്തു.

സവിശേഷമായ ഒരുതരം മെഴുകുതിരിയുടെ ഗന്ധമാണത്. ഇന്ത്യന്‍ നിര്‍മ്മിതിയല്ലാത്ത തരം. വിദേശ നിര്‍മ്മിതമായ മെഴുകു ഗന്ധം.

ഈ ഗന്ധം എപ്പോഴൊക്കെയോ തന്നിലേക്ക് വന്നിട്ടുണ്ടെന്ന് ആഗ്‌നസിനു തോന്നി.

മുറിയുടെ ഒരറ്റത്തായി ഉയര്‍ന്ന ഒരു നീളന്‍ പീഠമുണ്ട്. ഒരാള്‍ക്ക് കയറിക്കിടക്കാന്‍ തക്ക വലിപ്പത്തില്‍. ആ മുറിയിലെ മെഴുകുതിരിക്കാലുകളെല്ലാം ആ പീഠത്തിനു വെളിച്ചം നല്‍കാന്‍ വേണ്ടിയുള്ളതാണെന്ന് ആഗ്‌നസ് തിരിച്ചറിഞ്ഞു.

ആഗ്‌നസ് നടന്നുചെന്ന് പീഠത്തില്‍ മെല്ലെ തൊട്ടു.

എന്തൊക്കെയോ ഉള്‍പ്രേരണയാല്‍ അവളതില്‍ കയറിയിരുന്നു.

പിന്നെ നീണ്ടുനിവര്‍ന്നു കിടന്നു.

സ്വയം ചെയ്യുന്നതാണെങ്കിലും ഒരു അപരബോധം അവളെ പിടികൂടിയപോലെ ഉണ്ടായിരുന്നു ആഗ്‌നസിന്റെ പ്രവര്‍ത്തികള്‍. എന്നാല്‍ ചെയ്യുന്നതെല്ലാം അവള്‍ക്ക് വ്യക്തമായി തിരിച്ചറിവുണ്ടായിരുന്നു താനും.

ഒന്നു കണ്ണടച്ചു തുറന്നപ്പോള്‍ തനിക്ക് മുന്നില്‍ അതിസുന്ദരനായ ഒരാള്‍ നഗ്‌നനായി നില്‍ക്കുന്നത് ആഗ്‌നസ് കണ്ടു.

അവള്‍ ഭയന്നു ചാടിയെഴുന്നേല്‍ക്കുമ്പോഴേക്കും അയാള്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. പീഠത്തില്‍ നിന്ന് എഴുന്നേറ്റു നോക്കുമ്പോള്‍ അതിനുമുകളില്‍ മൂന്നക്ഷരങ്ങള്‍ വലുതായി കൊത്തിവച്ചിരിക്കുന്നത് അവള്‍ കണ്ടു.

'666' (പുസ്തകത്തില്‍ നിന്നും)

*******

"വെല്‍കം റ്റു ദ മിസ്റ്റിക് മൗണ്ടന്‍ ഓഫ് എലീന "

ഫേസ്ബുക്കിലെ സഞ്ചാരി എന്ന ട്രാവല്‍ ഗ്രൂപ്പില്‍ കണ്ടൊരു പരസ്യമാണ്.

സ്ത്രീകള്‍ക്ക് മാത്രമുള്ള ട്രാവല്‍ ഗ്രൂപ്പ് ആയ എലോപ്പ് വഴി എട്ടുപേരോടൊപ്പം ആഗ്‌നസും പോകണം എന്ന് താരായാണ് പറഞ്ഞത്. മഞ്ഞുമൂടികിടക്കുന്ന ഇടുക്കിയിലെ വനങ്ങളിലൂടെ ഒരു ട്രക്കിങ്.ആഗ്‌നസിന്റെ മാനസികാവസ്ഥയില്‍ ഒരു മാറ്റം വേണം എന്ന് കണ്ട് താരയെടുത്ത തീരുമാനം.

എന്നാല്‍ കാടിനുള്ളില്‍ അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. നിഗൂഢതകള്‍ നിറഞ്ഞ ഒരു പള്ളി. നിരോധിത മേഖലയായ "ദ ചര്‍ച്ച് ഓഫ് ഇന്‍സാനിറ്റി".

അതിന്റെ സത്യം അന്വേഷിച്ചുപോയവര്‍ പലരും ചെന്നെത്തിയത് മരണത്തിലേക്കായിരുന്നു. ചിലര്‍ മടങ്ങി വന്നില്ല. മടങ്ങിവന്നവരൊക്കെ പലകാരണങ്ങളാല്‍ ആത്മഹത്യ ചെയ്യപ്പെട്ടു.

ശ്രീപാര്‍വതി എഴുതിയ "മിസ്റ്റിക് മൗണ്ടന്‍" എന്ന നോവലിന്റെ കഥ പോകുന്നത് ഇങ്ങനെയാണ്.

സഹസ്രാബ്ദങ്ങളായി പൂട്ടിക്കിടക്കുന്ന ആ പള്ളിക്കുള്ളിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്ത് കൊണ്ട് വരുന്നത് താരയും ആഗ്‌നസുമാണ്. താരക്ക് ആഗ്‌നസിനോടുള്ള പ്രണയമാണ്.

ഹൊറാര്‍ െ്രെകം ഫിക്ഷന്‍ ഗണത്തില്‍ പെടുത്താവുന്ന നോവല്‍.


ശ്രീപാര്‍വ്വതി എന്ന എഴുത്തുകാരി എനിക്ക് സുപരിചിതയല്ലായിരുന്നു. "മീനുകള്‍ ചുംബിക്കുന്നു" എന്ന ആദ്യ നോവലിലെ കഥാപാത്രങ്ങളുടെ(കഥയുടെ അല്ല) തുടര്‍ച്ചയാണ് മിസ്റ്റിക് മൗണ്ടന്‍ എന്ന് കേട്ടു. ആദ്യത്തെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല(വായിക്കാന്‍ ശ്രമിക്കുന്നതാണ്).

ഒരുപാട് നല്ല റിവ്യൂ കണ്ട് വാങ്ങിയതാണ്.
ജീവിതത്തില്‍ ആദ്യമായാണ് ഒരു നോവല്‍ ഒറ്റ ഇരുപ്പിനു വായിച്ചു തീര്‍ക്കുന്നത്.വളരെ ലളിതമായ ഭാഷയില്‍ തീര്‍ത്ത ഒരു െ്രെകം ഫിക്ഷന്‍.ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇഷ്ട്ടമായി.

പുതു തലമുറയിലെ എഴുത്തുകാരിലേക്ക് എന്റെ വായനശീലം ഇതുവരെ എത്തിനോക്കിയിരുന്നില്ല. ഇത് ആദ്യമായിട്ടാണ്.ഇന്ന് ശ്രീപാര്‍വ്വതി എനിക്ക് പരിചിതയായി കഴിഞ്ഞു.

ലൂസിഫറും ഇല്ല്യൂമിനാറ്റിയും സാത്താന്‍ സേവയും എല്ലാം സുപരിചിതമായും വിപുലമായും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറയുന്ന ഈ കാലത്ത് അതിനോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ഒരു നോവല്‍ കൂടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക