Image

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ടിക്കറ്റു വച്ച്‌ പ്രദര്‍ശിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Published on 18 June, 2019
 ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ടിക്കറ്റു വച്ച്‌ പ്രദര്‍ശിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള അമൂല്യ രത്‌നങ്ങളും ആഭരണങ്ങളും പുരാവസ്‌തുക്കളും അടക്കമുള്ളവ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറെടുത്ത്‌ സംസ്ഥാന സര്‍ക്കാര്‍. അമൂല്യ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി.


ഇത്‌ സംബന്ധിച്ച കെബി ഗണേഷ്‌ കുമാറിന്റെ ചര്‍ച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീം കോടതി പരിഗണനയിലാണ്‌. അതുകൊണ്ട്‌ സര്‍ക്കാരിന്‌ തീരുമാനം എടുക്കാന്‍ കഴിയില്ല. കോടതി തീരുമാനം വരുന്ന മുറയ്‌ക്ക്‌ മറ്റ്‌ കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ നിധിശേഖരം വിദേശികള്‍ക്കും സ്വദേശികള്‍ക്കും കാണാനുള്ള അവസരമുണ്ടാക്കാന്‍ മ്യൂസിയം ഉണ്ടാക്കണമെന്നായിരുന്നു ഗണേഷ്‌ കുമാറിന്റെ നിര്‍ദ്ദേശം. ടിക്കറ്റില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം ക്ഷേത്രത്തിന്റെ നവീകരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന്‌ ഗണേഷ്‌ കുമാര്‍ നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക