Image

മസ്തിഷ്കജ്വരം : ബിഹാറിലെ കുട്ടികളുടെ മരണത്തില്‍ സുപ്രീംകോടതി ഇടപെടുന്നു

Published on 19 June, 2019
മസ്തിഷ്കജ്വരം : ബിഹാറിലെ കുട്ടികളുടെ മരണത്തില്‍ സുപ്രീംകോടതി ഇടപെടുന്നു

മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക്കജ്വരം ബാധിച്ച്‌ പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 150 ലേക്ക് കടക്കാറായി . മസ്തിഷ്ക്കജ്വരം ബാധിച്ച കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ പൊതുതാല്പര്യഹര്‍ജി നല്‍കി. കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഒഡീഷ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച്‌ സൂക്ഷമ പരിശോധന നടത്താനും തീരുമാനിച്ചു.

സംസ്ഥാനത്ത് രണ്ട് ആശുപത്രികളിലായി 418 കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 93 കുട്ടികളും കേജ്രിവാള്‍ ആശുപത്രിയില്‍ 19 പേരുമാണ് മരിച്ചത്. കുട്ടികള്‍ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശിക്കും. . പോഷകാഹാര കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ കൂടുതലായി കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണകാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്.

ലിച്ചിപ്പഴങ്ങളിലെ മെതിലിന്‍ സൈക്ലോപ്രൊപൈല്‍ ഗ്ലൈസിന്‍ എന്ന പദാര്‍ത്ഥം മതിയായ പോഷകാഹാരം കിട്ടാത്ത കുട്ടികളുടെ ശരീരത്തിലേക്ക് കടക്കുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ കുറവുണ്ടാകുന്നതായും നേരത്തെ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മരിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരും ഭക്ഷണത്തിന്റെ ദൗര്‍ലഭ്യം മൂലം ലിച്ചിപ്പഴങ്ങള്‍ കഴിച്ചതായി ‍ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ലിച്ചിപ്പഴങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. 400 ല്‍ പുറത്ത് കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക