Image

എഴുത്തിന്റെ ബഹുവീഥികളിലൂടെ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 06 July, 2019
എഴുത്തിന്റെ ബഹുവീഥികളിലൂടെ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പല ശാഖകളായി വേരൂന്നി പലതരം മണ്ണില്‍ പടര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ വടവൃക്ഷത്തെപ്പോലെയാണ് സാഹിത്യം. എവിടെ വളരുന്നുവോ ആ മണ്ണിന്റെ സ്വഭാവമനുസരിച്ച് അതിന്റെ വളര്‍ച്ചയും വിവിധങ്ങളായിരിയ്ക്കും. എഴുതുവാനുള്ള കഴിവ് എന്ന വരദാനം ഉണ്ടെങ്കില്‍ ഇതിന്റെ ഏതു ശാഖകളിലും നിഷ്പ്രയാസം കയറിയിറങ്ങാന്‍ കഴിയും എന്ന് തെളിയിച്ചിരിയ്ക്കുകയാണ് മൂന്നു സാഹിത്യരൂപങ്ങള്‍ (genres) ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'സഞ്ചാരം സാഹിത്യം സന്ദേശം' എന്ന പുസ്തകത്തിലൂടെ ശ്രീമതി സരോജ വര്‍ഗീസ്.   ഇതില്‍ സഞ്ചാരം എന്ന വിഭാഗത്തില്‍ പേര് സൂചിപ്പിക്കുന്നപോലെ അവര്‍ നടത്തിയ ഉല്ലാസയാത്രകളില്‍ സന്ദര്‍ശിച്ച  രാജ്യങ്ങളെ അക്ഷരങ്ങള്‍ നിരത്തി മനോഹരമായി വായനക്കാര്‍ക്കായി അവര്‍ കാണിച്ചുതരുന്നു. ഇതിലെ 'സുഖ ചികിത്സയും വിനോദസഞ്ചാരവും എന്ന അധ്യായത്തില്‍ പ്രായം കൃത്യമായി പറയുന്നില്ലെങ്കിലും പ്രായാധിക്യത്താല്‍ അവര്‍ക്ക് ചില അസുഖങ്ങള്‍ ഉള്ളതുകൊണ്ട് അതൊക്കെ ചികില്‍സിച്ച് വൈദ്യന്റെ കയ്യില്‍ നിന്നും ഒരു  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  വാങ്ങിയിട്ടാണ് അവര്‍ സഞ്ചാരം ആരംഭിച്ചതെന്നും, എണ്ണയും കുഴമ്പും കഷായങ്ങളും അവര്‍ക്ക് വിനോദയാത്രയില്‍ ഉന്മേഷം നല്‍കി എന്നൊക്കെയുള്ള വിവരണത്തിലൂടെ,  വിശ്രമത്തിനും വിനോദത്തിനും ആവശ്യമായത് ആരോഗ്യമാണെന്നുള്ള അവരുടെ പ്രസ്താവനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതോടൊപ്പം കഴിയുമെങ്കില്‍ ആരോഗ്യമുള്ള കാലമാണ് വിനോദയാത്രയ്ക്ക് ഉചിതം  എന്ന് വായനക്കാര്‍ക്കു നല്‍കുന്ന ഒരു ഉപദേശം കൂടിയാകുന്നു.   

അക്ഷര സ്‌നേഹത്തോടൊപ്പം തന്നെ പ്രകൃതി സൗന്ദര്യത്തെ ആരാധിയ്ക്കുക എന്ന ഒരു കല കുടി ശ്രീമതി സരോജയില്‍ നിലകൊള്ളുന്നുവെന്നു സുഖചികിത്സക്കായി അവര്‍ താമസിച്ചിരുന്ന ചികിത്സ കേന്ദ്രത്തിന്റെ ചുറ്റുമുള്ള പ്രകൃതി രമണീയതയെ ഏതാനും വരികളിലൂടെ ഉദ്ധരിച്ചിരിയ്ക്കുന്നതില്‍ നിന്നും മനസ്സിലാക്കാം.   'പച്ചക്കദളികുലകള്‍ക്കിടക്കിടെ മെച്ചത്തിലെങ്ങനെ പഴുത്ത പഴങ്ങളും. പട്ടണത്തില്‍ നിന്നും ഒഴിഞ്ഞു നിലകൊള്ളുന്ന ആ ചികിത്സ കേന്ദ്രത്തിലെ പച്ചമരുന്നുകളുടെ കാനന ശോഭയില്‍ അവരുടെ ഹൃദയം  കുളിര്‍ കോരുന്നു. പ്രകൃതിയെയും ചുറ്റുപാടിനെയും വളരെ ഹൃദ്യമായ ഭാഷയില്‍ അവര്‍ വിവരിച്ചിരിക്കുന്നത് വായനാസുഖം തരുന്നതാണ്.  കൂടാതെ അക്ഷരങ്ങളില്‍ പൊതിഞ്ഞ നര്‍മ്മം സരോജയുടെ എഴുത്തിന്റെ ഒരു സവിശേഷതയാണ് കടലാസില്‍ പൊതിഞ്ഞ ചോക്കലേറ്റുപോലെ വായിപ്പിച്ച് നുണഞ്ഞു ചിന്തിപ്പിച്ച് ചിരിപ്പിക്കുക എന്ന ഒരു ശക്തി അവരുടെ തൂലികക്കുണ്ട്.  'കാലം കൂട്ടിനു നല്‍കുന്ന അസുഖങ്ങള്‍ വരുംമുമ്പേ'. സ്വന്തം ശാരീരിക പ്രശ്‌നങ്ങളെ ഒരു ഹാസ്യഭാവനയോടെ സാവഹിത്യകാരി നോക്കിക്കാണുന്നു.  മലയാറ്റൂര്‍ പള്ളിയുടെ പടികള്‍ കയറാന്‍ കഴിയാതെ നിസ്സഹായയായി എന്ന വിവരം വായനക്കാരുമായി പങ്കുവയ്ക്കുന്നത് 'ആ മലയടിവാരത്തില്‍ ഞാന്‍ ശരിക്കും മുട്ട് മടക്കി' എന്ന നര്‍മ്മരസത്തോടെയാണ്.  

യാത്രകളെക്കുറിച്ചുള്ള അവരുടെ അഭിപ്രായം രസകരമാണ്. 'ജീവിതയാത്രകള്‍ ഏതോ ശക്തി തീരുമാനിച്ചതും നിയന്തിക്കുന്നതുമാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ അതിന്റെ ലക്ഷ്യം മരണത്തിലേക്കുള്ള ഒരു യാത്ര മാത്രമോ, അതോ ആ യാത്ര സന്തോഷകരമാക്കുന്നതോ എന്ന തീരുമാനം നമ്മളുടേതാണെന്നാണ് എന്റെ അഭിപ്രായം.' എന്നിങ്ങനെയുള്ള വരികളിലൂടെ മനുഷ്യന്റെ ചില ചിന്തകള്‍ താഥ്വികമാണെന്നവര്‍ ഓര്‍മ്മപ്പെടുത്തുന്നു.   

അതേസമയം അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും അവര്‍ വിവരിക്കുന്നു. 'ആറു ദിവസങ്ങള്‍കൊണ്ട് ദൈവം തീര്‍ത്ത ഈ ഭൂമി മുഴുവന്‍ ഒരാളുടെ ആയുസ്സില്‍ ചുറ്റിക്കറങ്ങുക പ്രയാസകരമായിരിയ്ക്കും,, ചില ഓട്ടപ്രദിക്ഷണങ്ങളല്ലാതെ' എന്നുള്ള പ്രസ്താവനയില്‍ നിന്നും ഇത് വ്യക്തമാണ്.  സഞ്ചാരം എന്ന വിഭാഗത്തില്‍ ഹൃദയഹാരിയായ വിവരണങ്ങള്‍ക്ക് അവര്‍ നല്‍കിയിട്ടുള്ള ശീര്‍ഷകങ്ങള്‍ ശ്രീമതി സരോജയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവയാണ്.  'നീലക്കുറിഞ്ഞി പൂത്തപ്പോള്‍' സിംഹപുരിയില്‍ ഒരു വാരം, മലയായില്‍ ഒരു സെരോജാ, 'എന്റെ ചൈനീസ് പര്യടനം' എന്ന പ്രധാന ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാക്കിയുള്ള ഉപശീര്ഷകങ്ങളും ശ്രദ്ധേയമാണ്  ഒരു രാജ്യത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ നമുക്ക് എവിടെയും വായിക്കാം. പക്ഷെ ചില വിവരങ്ങള്‍ നമ്മള്‍ അവിടെ സന്ദര്‍ശിച്ചാല്‍ മാത്രമേ ലഭിക്കയുള്ളു. ശ്രീമതി സരോജ അത്തരം പ്രധാന വിവരങ്ങള്‍ക്കൊപ്പം  അവര്‍ കണ്ട ഓരോ രാജ്യത്തിന്റെയും ഒരു ചെറു വിവരണം നല്‍കിയിട്ടുണ്ട്. ഈ ചെറുവിവരണങ്ങളെക്കൊപ്പം വായനക്കാരില്‍ ഉല്ലാസവും ജിജ്ഞാസയും ഉളവാക്കുന്നതിനുതകുന്ന സഞ്ചരിച്ച രാജ്യങ്ങളിലെ കൗതുക വാര്‍ത്തകള്‍ കഴിയുന്നതും   നമ്മള്‍ക്കായി ശേഖരിച്ച് കൊണ്ടുവന്നിരിയ്ക്കുന്നതും ആസ്വദിയ്കാം   സഞ്ചാരികളോട് ആപ്പിള്‍ വേണമോ എന്ന് ചോദിച്ചുനില്‍ക്കുന്ന മനുഷ്യന്റെ പൂര്‍വ്വികനായ കുരങ്ങന്റെ ചിത്രം രസകരമായി സരോജ അക്ഷരങ്ങള്‍കൊണ്ട് വര്‍ണ്ണിച്ചിരിയ്ക്കുന്നു

ഈ പുസ്തകത്തിന്റെ അടുത്ത ഭാഗമായ സാഹിത്യത്തില്‍ ഒരു വലിയ നോവലിന്റെ മുഴുവന്‍ സത്തയും അടങ്ങുന്ന .  മിനിക്കുട്ടിയെന്ന സൂസമ്മ എന്ന ഒരു  കൊച്ചുനോവലാണ് വായനക്കാര്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നത്.   

മധ്യതിരുവതാംകൂറില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അരങ്ങേറിയിരുന്നു ദൃശ്യങ്ങളുടെ സാക്ഷാത്കാരമാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ പണക്കാരുടെ ചൂഷണങ്ങള്‍ക്ക് വിധേയരായി കണ്ണീരും വേദനയുമായി വിധിയെപ്പഴിച്ച് കഴിഞ്ഞിരുന്നു. ഭാവി ശോഭനമാക്കാന്‍ അവസരങ്ങള്‍ ലഭിച്ചാലും അതെല്ലാം തട്ടിത്തെറുപ്പിക്കാന്‍ അന്നൊക്കെ പണക്കാര്‍ക്ക് കഴിഞ്ഞിരുന്നു. തന്നെയുമല്ല ഒരു സ്ത്രീയുടെ ധനം അവളുടെ ചാരിത്ര്യമാണ്. അത് നശിപ്പിക്കുകയെന്ന അധമ പ്രവര്‍ത്തിയിലൂടെ എത്രയോ പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതം നഷ്ടപ്പെട്ടു. ശ്രീമതി സരോജ വളരെ ലളിതമായി ഈ കഥ ആവിഷ്‌കരിച്ചിരിക്കുന്നു.  എപ്പോഴും നന്മയുടെ ഭാഗത്തായ എഴുത്തുകാരി തന്റെ നായികയെ തിന്മയുടെ ചെളിക്കുണ്ടില്‍ വീണിട്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.    ആധുനിക നോവല്‍ രചനയോട്  ആഭിമുഖ്യം പുലര്‍ത്താന്‍ ശ്രമിക്കാതെ ശ്രീമതി സരോജ തന്റേതായ ശൈലിയില്‍ എഴുതിയ നോവലാണിത്. പാവപ്പെട്ടവരുടെ കണ്ണുനീരിന്റെ ഉപ്പുരസവും പ്രയാസങ്ങളും വായനക്കാര്‍ക്ക് അനുഭവപ്പെടുന്ന രീതിയിലാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നിരാലമ്പയായ ഒരു പെണ്‍കുട്ടിയുടെ കന്യകാത്വം അവള്‍ക്ക് സൂക്ഷിക്കാനാവില്ലെന്ന ദുഃഖസത്യം അവര്‍ വെളിപ്പെടുത്തുമ്പോള്‍ ദരിദ്രരായ പെണ്‍കുട്ടികളെ അത് ഭയാനകമായി സ്വാധീനിച്ചച്ചേക്കാം.  ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചുകിട്ടാത്ത പെണ്‍കുട്ടികളുടെ ഈ അമൂല്യസ്വത്ത് പുരുഷ മേധാവിത്വം പിച്ചിക്കീറുന്ന യാഥാര്‍ഥ്യത്തിലേക്ക് അവര്‍ വായനക്കാരെ കൊണ്ടുപോകുന്നു.

പുസ്തകത്തിന്റെ അവസാനഭാഗമായ മൂന്നാം വിഭാഗം, മനുഷ്യനിലുണ്ടാകുന്ന വിവിധ ഭാവങ്ങളെയും, സമൂഹത്തിന്റെ കണ്മുന്നില്‍ സംഭവിയ്ക്കുന്നതും എന്നാല്‍ ശ്രദ്ധയില്‍ പെടാത്തതുമായ സംഭവങ്ങളെയും ചേര്‍ത്ത് വിവിധതരം സുഗന്ധപുഷ്പങ്ങള്‍ നിറച്ച പൂക്കൂടപോലെ വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിയ്ക്കുന്നു    ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഒരു നേര്‍ചിത്രം കിട്ടുന്നുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ച്, പെണ്ണെഴുത്തിനെ കുറിച്ച്,, എഴുത്തുകാരനും മാധ്യമങ്ങളും എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ഉപന്യാസങ്ങളില്‍ നിന്നും നമുക്ക് അമേരിക്കന്‍ മലയാള സാഹിത്യവും അവിടത്തെ മാദ്ധ്യമങ്ങളും, എങ്ങനെ പുരോഗമിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചും അറിവ് ലഭിയ്ക്കുന്നു. 'ചെറുകഥകളും ചെറുപ്പം', 'മാധവിക്കുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും' എന്നീ ഉപന്യാസങ്ങളില്‍ ശ്രീമതി സരോജയെ ഒരു നിരൂപകയായി കാണാവുന്നതാണ്.  ജീവിതത്തില്‍ താന്‍ നോക്കിക്കണ്ട പല സാഹചര്യങ്ങളെയും വിലയിരുത്തി നന്മകളെയും തിന്മകളെയും വേര്‍ത്തിരിച്ചു കാണിച്ച് സമൂഹത്തെ ഉദ്ധരിയ്ക്കുകയെന്ന ഒരു എഴുത്തുകാരിയുടെ ലക്ഷ്യബോധവും ഇവരുടെ ഓരോ ലേഖനത്തിലും വ്യക്തമാണ്. 'യുവതലമുറ സമൂഹത്തിന്റെ നിര്‍ണ്ണായക ഘടകം' എന്ന ലേഖനത്തില്‍ ജീവിതത്തില്‍ കുട്ടികള്‍ക്ക് അവരുടെ ഭൗതിക അവകാശങ്ങള്‍ മാത്രം നിറവേറ്റി കിട്ടിയാല്‍ പോരാ, അതോടൊപ്പം തന്നെ സ്‌നേഹവും അംഗീകാരവും ലഭിയ്ക്കണം തുടങ്ങിയ വരികള്‍ , 'ആത്മവിശ്വാസം ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഏകമാര്‍ഗം' എന്ന ലേഖനത്തിലെ പരാജയം എന്ന ഭീതി ഹൃദയത്തെ സ്വാധീനിച്ചാല്‍ തീര്‍ച്ചയായും ആത്മവിശ്വാസം നഷ്ടപ്പെടും എന്ന ഉപദേശം, 'മൂല്യാധിഷ്ഠിതാഃ ജീവിതം' എന്നതില്‍ നമുക്ക് എത്ര സമയം ലഭിച്ചു എന്നതിനേക്കാള്‍ ലഭിച്ച സമയം അര്‍ത്ഥപൂര്‍ണ്ണമായും, പ്രയോജനപ്രദമായും വിനിയോഗിച്ചുവോ എന്നതാണ് പ്രധാനം എന്ന വാചകം എന്നിവ ഇതിനുദാഹരണങ്ങളാകുന്നു. പരിസ്ഥിതിയെ അട്ടിമറിച്ചുകൊണ്ട് നമ്മുടെ ശ്യാമസുന്ദര കേരളം മൊട്ടയടിച്ച തലപോലെ പ്രകൃതി ഭംഗി നഷ്ടപ്പെട്ടു നില്‍ക്കുന്നതില്‍ പ്രകൃതി സ്‌നേഹിയായ അവരുടെ മനസ്സ് വിലപിയ്ക്കുന്നു. പാമ്പുകള്‍ക്ക് മാളമുണ്ടോ എന്ന ലേഖനം. മനുഷ്യന് തന്നെയല്ല പാമ്പുകള്‍ക്കുപോലും     ഒരിക്കല്‍ മാളങ്ങള്‍ നഷ്ടപ്പെടുമെന്ന് ക്രാന്തദര്ശിയായ എഴുത്തുകാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.   അധികം നീട്ടിവലിക്കാതെ വളരെ ഹൃസ്വമായി എഴുതിയിട്ടയുള്ള എല്ലാ ലേഖനങ്ങളും നല്ല നിലവാരം പുലര്‍ത്തുന്നതായി അനുഭവപ്പെട്ടു. നമ്മുടെ സമൂഹം മുന്നോട്ടുപോകുമ്പോള്‍ മാനുഷികമൂല്യങ്ങള്‍ നഷ്ടപ്പെടുന്നുവെന്നു ലേഖിക കാണുന്നു. പ്രണയം പോലും അന്നും ഇന്നും മാറിക്കഴിഞ്ഞുവെന്നു അവര്‍ എഴുതുന്നു.
 
നിന്നെ ഞാന്‍ കാണ്മു വിഹഗസ്വരങ്ങളില്‍
നിന്നെ ഞാന്‍ കേള്‍ക്കുന്നു നക്ഷത്രരാശിയില്‍ 
സ്പര്ശിപ്പു നിന്നെ സുഗന്ധത്തിലൂടെ ഞാന്‍. 
ചങ്ങമ്പുഴയുടെ കവിത ഉദ്ധരിച്ചുകൊണ്ട് ഇന്ന് അതെല്ലാം അന്യമായിരിക്കുന്നുവെന്നു ഖേദത്തോടെ പറയുന്നതിനോടൊപ്പം പഴമയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മൂല്യാധിഷ്ഠിത മാറ്റങ്ങള്‍ മനുഷ്യ പുരോഗമനത്തിനു അനിവാര്യമാണെന്നും എഴുത്തുകാരി തൂലികയിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.   
ഹൃദ്യമായ കൂടുതല്‍ സൃഷ്ടികളിലൂടെ അനുഗ്രഹീതയായ എഴുത്തുകാരി ശ്രീമതി സരോജ വര്‍ഗ്ഗീസ്  വായനക്കാരുടെ ഹൃദയത്തില്‍ ഇനിയും ഊര്‍ജ്വസ്വലയായി തുടരാന്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

എഴുത്തിന്റെ ബഹുവീഥികളിലൂടെ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
P R Girish Nair 2019-07-06 10:46:50
പുസ്തക നിരൂപണ സാഹിത്യങ്ങളുടെ കൂട്ടത്തില്‍ ഒരു തികഞ്ഞ മുതല്‍ക്കൂട്ട് തന്നെയാണിത് ശ്രീമതി ജ്യോതി ലക്ഷ്മിക്ക്  തീര്‍ച്ചയായും അഭിമാനിക്കാം. 

ഇതുപോലെയുള്ള അഭിനന്ദനീയമായ അനേകം ഗ്രന്ഥങ്ങള്‍ ശ്രീമതി സരോജ മാഡത്തിൽ നിന്നും ഇനിയും വിരചിതമാകട്ടെ!
Easow Mathew 2019-07-06 11:14:40
Interesting & Informative; A great Book Review of Jyothylakshmy! Congratulations to Saroja Varghese too!  
Sthuthi 2019-07-06 13:03:05
Easow Masihayude sthutiyum undayirikkatte
Sushil 2019-07-07 00:36:00
നല്ല നിരൂപണം. ഇതു പോലുള്ള സാഹിത്യ eniyum പ്രതീക്ഷിക്കുnnuu
Jayasree G Nair 2019-07-07 01:39:28
ശ്രീമതി സരോജ വർഗ്ഗീസിന്റെ സഞ്ചാരം, സാഹിത്യം, സന്ദേശം എന്ന പുസ്തകത്തിനെ ആസ്പദമാക്കി ശ്രീമതി ജ്യോതിലക്ഷ്മിയുടെ അവലോകനം വളരെ ഹൃദ്യമായിരിക്കുന്നു.

ശ്രീമതി സരോജ വർഗ്ഗീസിന്റെ സാഹിത്യത്തിന്റെ വിഭിന്ന പ്രതിഫലനമാണ് ഈ പുസ്തകം. 
അധികം വളച്ചുകെട്ടാതെ കഥാതന്തു വികസിപ്പിച്ചെടുത്ത് പുസ്തകം പൂർണ്ണതയിൽ എത്തിക്കുന്ന ആവിഷ്കാരം എടുത്ത് പറയേണ്ടിയിരിക്കുന്നു. തന്റെ മറ്റു സാഹിത്യ രചനകൾക്കൊപ്പം ഈ പുസ്തകവും സാഹിത്യ പ്രേമികളുടെ കയ്യിൽ സ്ഥാനം പിടിച്ചു എന്നതിൽ സംശയം ഇല്ല.  ഗ്രന്ഥ കർത്താവ് സഹിത്യരംഗത്ത് തിളങ്ങട്ടെ. 

ഗ്രന്ഥകാരിക്കും പുസ്തക അവലോകക്കും ആശംസകൾ.
കണക്കൂര്‍ 2019-07-07 02:36:08
മാനുഷിക മൂല്യങ്ങളില്‍ ഊന്നിയുള്ള രചനകള്‍ കുറഞ്ഞു വരുന്ന കാലഘട്ടത്തില്‍ ഇത്തരം പുസ്തകങ്ങള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. എഴുത്തുകാരിക്കും പരിചയപ്പെടുത്തിയ ജ്യോതിലക്ഷ്മിക്കും ആശംസകള്‍
amerikkan mollakka 2019-07-08 21:05:52
ഇങ്ങള് നിരൂപണം എയ്തിതുടങ്ങിയോ? നല്ലത് 
സാഹിബ . ഇനി മുതൽ ഇങ്ങള് ക്രിട്ടിക് ആൻഡ്  കോളംനിസ്റ് .
പടച്ചോന്റെ കൃപ ഇമ്മിണി ഉണ്ടാകട്ടെ.അപ്പൊ 
അസ്സലാമു അലൈക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക