Image

മറവിക്കൂടാരങ്ങള്‍ (കവിത: സീന ജോസഫ്)

Published on 07 July, 2019
മറവിക്കൂടാരങ്ങള്‍ (കവിത: സീന ജോസഫ്)
ഇരുള്‍ വന്നു വിളിക്കുമൊരു ജാലകം ചാരെ
ഇലപൊഴിയും മരങ്ങളും ശിശിരവും മൂകസാക്ഷികള്‍.
ഒരു പേടമാന്‍ തിരിഞ്ഞു നിന്നെന്നെയുറ്റു നോക്കി,
മിന്നല്‍പ്പിണരായി മാഞ്ഞുപോകുന്നു, ഓര്‍മ്മകള്‍ പോലെ!

പഴകിയ ആല്‍ഷൈമേഴ്‌സ് രോഗമാണെനിക്കത്രേ,
വാക്കിലും നോക്കിലും പൊരുത്തക്കേടുകള്‍ തന്നെയത്രേ!
നിത്യവുമാരോ ഉണര്‍ത്തുന്നു, തീറ്റുന്നു, പോറ്റുന്നു.
ആരേയുമറിയാതെ മനമുഴറുന്നു, പരിഭ്രമിക്കുന്നു!

എന്നുമോരോരോ മുഖങ്ങള്‍ വന്നുപോകുന്നു
പുഞ്ചിരിക്കളഭം ചാര്‍ത്തിയോര്‍, സങ്കടം കവിള്‍ കറുപ്പിച്ചവര്‍,
എരിയുമാത്മരോഷം മൗനമായ് ചൂടുന്നവര്‍!
അറിയില്ലെനിക്കാരേയും, അതോ മറന്നു പോയതോ?!

ഓര്‍മ്മകള്‍ ഭാരമെന്നാരോ പറഞ്ഞല്ലോ
മറവി അനുഗ്രഹമെന്നാരോ സമാശ്വസിക്കുന്നു
ഓര്‍മ്മകള്‍ കിനാവള്ളിയായ് മാഞ്ഞുപോകുമ്പോള്‍
വിസ്മൃതി തമോഗര്‍ത്തമായി കാത്തുനില്‍ക്കുമ്പോള്‍
ഓര്‍മ്മച്ചിന്തുകള്‍ അമൂല്യമെന്നറിയുന്നു ഞാന്‍!

സ്ഥലകാലവിഭ്രാന്തിയില്‍ മനമുഴറുമ്പോള്‍
വാര്‍ദ്ധക്യം ബാല്യമായ് പകര്‍ന്നാടുന്നു.
ജീവിതയാത്രയില്‍ സ്‌നേഹപ്പൊതിച്ചോര്‍
ഊട്ടിയവരൊക്കെയും പോയ്മറഞ്ഞുവോ?

ഒരു നിറജീവിതം ജീവിച്ചു കാണണം ഞാനും
ഓര്‍മ്മതന്നിലക്കീറില്‍ ഒന്നുമേ ബാക്കിയില്ല!
കരള്‍ തൊട്ടവനും കൈപിടിച്ചു വളര്‍ന്നവരുമെവിടെ?
കണ്ണീര്‍ തുടച്ചവരും കൂടെച്ചിരിച്ചവരുമെവിടെ?

ഒരു തരി ഓര്‍മ്മ ശേഷിപ്പിനായെന്റെ-
മിഴികളില്‍ തിരയുന്നവരില്‍ ഞാനും!
തോല്‍വിക്കയ്പ്പുനീരിറക്കി, പാഴ്പ്പുഞ്ചിരി പുതച്ച്,
ഞാന്‍ മുഖം തിരിക്കവേ, ചുറ്റിലും നെടുവീര്‍പ്പുകള്‍,
''ആരേയും തിരിച്ചറിയുന്നില്ലല്ലോ'' അടക്കം പറച്ചിലുകള്‍,
പ്രതീക്ഷ കൈവിട്ടവര്‍ യാത്രയാകുന്നു!

ചിന്തകള്‍ വല്ലാതെ കെട്ടുപിണയുന്നു
നെഞ്ചിലൊരു കൊടുങ്കാറ്റ് ചുറ്റിത്തിരിയുന്നു
കണ്‍കോണിലൊരു നീര്‍മണിയെത്തിനോക്കുന്നു
ഭാവശൂന്യം നിലാവതില്‍ നോക്കി മുഖം മിനുക്കുന്നു!
Join WhatsApp News
Eldho Paul 2019-07-07 17:53:41
Well written. Great job👍
Joseph 2019-07-08 16:07:34
യുവ കവയത്രിയുടെ ഈ കവിത അൽസെമിഴ്‌സിനെപ്പറ്റിയാണ്. കവയത്രിക്ക് ഈ മറവി രോഗം വരാൻ പ്രായമായിട്ടില്ല. ആരുടെയോ രോഗം കണ്ടു കവിത ഭാവനയിൽ നിന്ന് എഴിയാതായിരിക്കാം. എന്നാലും 'പേടമാനും' പ്രകൃതിയും സ്നേഹിച്ചവരെയുമൊക്കെ മറവി കൂടാതെ കവിതയിൽ ചേർത്തിട്ടുണ്ട്. കവിതയുടെ ഉള്ളിലേക്ക് നോക്കിയിട്ടും വലിയ മറവിയൊന്നും രചനയിൽ കാണുന്നില്ല. 

അല്സേമേഴ്‌സിനെ ഞാൻ ഭയപ്പെടുന്നു. ഓർമ്മകൾ മുഴുവൻ നശിച്ച് ഒരു വാഴപ്പിണ്ടിപോലെ ജീവിക്കരുതേയെന്നും ആഗ്രഹമുണ്ട്. അടുത്ത ദിവസങ്ങളായി എനിക്കും നല്ല മറവിയാണ്‌. ഇത് പാരമ്പര്യ രോഗമെന്നും പറയുന്നു. എഴുതുമ്പോഴും മനസ്സിൽ അടുക്കി വെച്ചിരിക്കുന്നത് പലതും വിട്ടുപോവുന്നു. കവിത എഴുതാൻ അറിയത്തുമില്ല. 

എന്റെ 'അമ്മ മരിച്ചതും ഈ രോഗം വന്നാണ്. അവസാനകാലം ഞാൻ കൂടെ ഒരു മാസം താമസിച്ചിട്ടും എന്നെ ഓർമ്മിക്കാൻ അമ്മച്ചിക്ക് സാധിച്ചില്ല. സ്വന്തം മകനെ ഓർമ്മിക്കുന്നില്ലല്ലോ എന്നറിഞ്ഞപ്പോൾ അടക്കാൻ പാടില്ലാത്ത ദുഃഖവും അന്നുണ്ടായി. അന്നത്തെ എന്റെ വെക്കേഷൻ പാഴായല്ലോയെന്നും ഓർത്തു. 

1955-ൽ മരിച്ചുപോയ എന്റെ അമ്മാച്ചന്റെ പേരും വിളിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ അമ്മച്ചി എന്റെയടുത്തു വരുന്നതും ഓർക്കുന്നു. സ്വന്തം മകനെ ഒരു 'അമ്മ മറന്നുപോവുന്ന ഒരു സ്ഥിതിവിശേഷം അന്നൊക്കെ ചിന്തിക്കാൻപോലും സാധിക്കില്ലായിരുന്നു. 

അൾസൈമേഴ്‌സ് പിടിപെട്ട 'പ്രസിഡന്റ് റീഗൻ' വൈറ്റ് ഹൌസിൽ ചുമതലയേറ്റിരുന്ന കാലങ്ങളൊക്കെ അദ്ദേഹം മറന്നു പോയിരുന്നു. അതുപോലെ നിരവധി പ്രസിദ്ധരായവരും ഈ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. 

വായനക്കാരെ ചിന്തിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്ന ഭാവനയിൽ നെയ്തെടുത്ത സീനായുടെ കവിതയ്ക്ക് അനുമോദനങ്ങൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക