Image

സേതുമാധവന്റെ പതനത്തിന്‌ സാക്ഷിയായ ആ ആല്‍മരം ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നു; വൈറലായി കുറിപ്പ്‌

Published on 10 July, 2019
 സേതുമാധവന്റെ പതനത്തിന്‌ സാക്ഷിയായ ആ ആല്‍മരം ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നു;  വൈറലായി കുറിപ്പ്‌


 ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത 'കിരീടം' തീയേറ്ററുകളിലെത്തിയത്‌ 1989 ജൂലൈ ഏഴിനായിരുന്നു. കിരീടത്തിലെ ഓരോ രംഗവും  കിരീടം പാലവും ആല്‍മരവുമൊക്കെഇന്നും മലയാളിയുടെ മനസ്സിലുണ്ട്‌..

തലസ്ഥാനത്ത്‌ ചിത്രീകരിച്ച  സിനിമയിലെ ലൊക്കേഷനുകള്‍ ഇപ്പോഴും ആ സിനിമയുമായി ചേര്‍ത്താണ്‌ അറിയപ്പെടുന്നത്‌. കാലമേറെയായെങ്കിലും മലയാളികളുടെ മനസിലെ നൊമ്‌ബരമാണ്‌ സിബിമലയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്‌ത കിരീടം എന്ന ചിത്രം. 

ഹെഡ്‌ കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും മകന്‍ സേതുമാധവനും ഇന്നും മലയാളിയുടെ ഉള്ളിലെ നോവാണ്‌.കിരീടം സിനിമയില്‍ ഇടം പിടിച്ച വെള്ളായണികായലിന്‌ സമീപത്തെ പാലം പിന്നീട്‌ അറിയപ്പെട്ടത്‌ കിരീടം പാലം എന്നാണ്‌.

 അടുത്തിടെ പുനര്‍നിര്‍മ്മിച്ച കിരീടം പാലത്തിന്‌ തിലകന്റെ പേര്‌ നല്‍കിയ ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കിരീടം സിനിമയുടെ ക്‌ളൈമാക്‌സ്‌ ചിത്രീകരിച്ച തലസ്ഥാനത്തെ കാഞ്ഞിരംമൂട്‌ എന്ന സ്ഥലത്തെ ആല്‍മരമാണ്‌ ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്‌. 

അച്ഛനെ രക്ഷിക്കാനായി കൊലപാതകിയാകേണ്ടിവന്ന സേതുമാധവനായി മോഹന്‍ലാല്‍ പകര്‍ന്നാടിയ ക്‌ളൈമാക്‌സില്‍ എല്ലാം നഷ്ടപ്പെട്ട്‌ ആല്‍മരത്തിന്‍ ചുവട്ടില്‍ നിശബ്ദനായി ഇരിക്കുന്ന സീനുണ്ട്‌. ഈ ആല്‍മരമാണ്‌ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്‌.

കിരീടം സിനിമ ഇറങ്ങി മുപ്പതാണ്ടുകള്‍ പിന്നിട്ടിട്ടും, ചുറ്റിലും വികസന പ്രവര്‍ത്തനങ്ങള്‍ പല രൂപമാറ്റങ്ങള്‍ വരുത്തിയിട്ടും തേടിയെത്തുന്നവര്‍ക്ക്‌ തണലൊരുക്കി നില്‍ക്കുന്ന ആല്‍മരത്തിന്റെ ചിത്രവും കിരീടവുമായുള്ള ബന്ധവും ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്‌ അരുവിക്കര എം.എല്‍.എ ശബരീനാഥനാണ്‌.

ഫേസ്‌ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണരൂപം

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്‌സ്‌ രംഗം ചിത്രീകരിച്ചത്‌ ആര്യനാട്‌ കാഞ്ഞിരമൂട്ടിലാണ്‌. എല്ലാം നഷ്ടപ്പെട്ട്‌ ആല്‍മരത്തിന്‍ ചുവട്ടില്‍ നിശബ്ദനായി ഇരിക്കുന്ന സേതുമാധവന്‍ ഇന്നും മലയാളികള്‍ക്ക്‌ ഒരു നൊമ്‌ബരമാണ്‌.

മുപ്പത്‌ വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട്‌ ജംഗ്‌ഷന്‍ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്‌. പക്ഷേ ഈ മാറ്റങ്ങള്‍ക്ക്‌ നടുവിലും എല്ലാവര്‍ക്കും തണലേകികൊണ്ട്‌ ജംഗ്‌ഷനില്‍ ആ ആല്‍മരം ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക