Image

ഖസാക്കിന്റെ ഇതിഹാസ വിശുദ്ധഗ്രാമം (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 10 July, 2019
ഖസാക്കിന്റെ ഇതിഹാസ വിശുദ്ധഗ്രാമം (രമ പ്രസന്ന പിഷാരടി)
യാക്കര  പുഴയെന്നൊരു  പുഴയെ ഒരിക്കല്‍  പോലും  ശ്രദ്ധിക്കാതിരുന്നത് കവികളും, എഴുത്തുകാരും അവരുടെ തൂലികയിലേയ്ക്ക് ഭാരതപ്പുഴയെ  നിളയെ കൂടുതല്‍  ആവഹിച്ചതിനാലാവണം. വിശേഷാലങ്കാരങ്ങളാല്‍  നിള എന്നും  ദേവപരിവേഷവുമായി  ഒഴുകുമ്പോള്‍  മറ്റു  നദികളുടെ  വിശുദ്ധഹൃദയമറിയാന്‍   ആകസ്മികമായ ചില യാത്രകളുണ്ടാകും. അങ്ങനെയൊരു  യാത്രയിലാണ് ഖസാക്കിന്റെ ഇതിഹാസത്തിനരികില്‍ ഒഴുകുന്ന  യാക്കരയെ കൂടുതല്‍ ശ്രദ്ധിക്കാനിടയായത്.

തസ്രാക്കിലെ   കഥാഫെസ്റ്റിലേയ്ക്ക് ഖസാക്കിന്റെ സൃഷ്ടികര്‍ത്താവിന്റെ ജന്മദിനത്തില്‍  പോകാനിടയായപ്പോഴാണ്  യാക്കരപ്പുഴയെ ശ്രദ്ധിച്ചത്. തസ്രാക്കിലേയ്ക്ക്  തിരിയുന്ന   വഴിയോരത്ത് ദേശപാതയിലെ ഹരിതപശ്ചാത്തലത്തില്‍   തെളിഞ്ഞ വരികള്‍ 'യാക്കരപ്പുഴ'.(ഭാരതപ്പുഴയുടെ കൈവഴി യാക്കരയിലെ ഗ്രാമത്തിന് യാക്കരപ്പുഴയാണ്) 

വഴിയമ്പലം കടന്ന് തസ്രാക്കിന്റ  ഗര്‍ഭഭൂമിയിലേയ്ക്ക് നടന്ന് കയറുമ്പോള്‍ മനസ്സ് കുളിരുന്ന ഹരിതാഭമായ  പ്രപഞ്ചത്തിന്റെ   വാതില്‍. തെളിമയാര്‍ന്ന  ശുദ്ധ വായുവിന്റെ ആവേഗം. നെല്‍പ്പാടങ്ങള്‍ക്കിടയിലെ ചെറിയ ടാര്‍ റോഡിനിരുവശവും  ലോകഫുട്‌ബോളിന്റെ ആവേശത്തിമിര്‍പ്പിന്റെ  നിറഞ്ഞ  കട്ടൗട്ടുകള്‍. 

ചെറിയ ചെറിയ കടകള്‍.  ആമ്പല്‍പ്പൂ വിരിയും പുഴയോരം.  നിറഞ്ഞ നെല്‍വയലുകള്‍. നഗരത്തിന്റെ തിരക്കില്ലാതെ   ഇതിഹാസത്ത്റ്റിന്റെ തെളിയോളങ്ങള്‍  പ്രളയകാലത്തെ ആലിലപോലെ  ഒഴുകി  നടക്കുന്നു. തട്ടമിട്ട ഉമ്മമാര്‍, കമുക് തൊപ്പി ധരിച്ച കര്‍ഷകര്‍, സ്‌ക്കൂള്‍ യൂണിഫോമിട്ട കുട്ടികള്‍, നഗരത്തിന്റെ യാതൊരു കലര്‍പ്പുമില്ലാതെ സാധാരണജീവിതം നയിക്കുന്ന  ഗ്രാമീണര്‍.

'ഖസാക്കിന്റെ ഇതിഹാസം' എന്ന ശീര്‍ഷകം ആദ്യമായി കേള്‍ക്കാനിടയായ ശൈശവത്തില്‍ ഖസാക്ക് ഒരു  ബൈബിള്‍ കഥയായിരിക്കും  എന്നാണ് കരുതിയത്.  ഖസാക്കിനെ  വായിച്ചത്  കോളേജ് പഠനകാലത്താണ്. സത്യത്തില്‍  പാലക്കാടന്‍ സ്‌ളാംഗ് അത്രയ്‌ക്കൊന്നും വശമില്ലാതിരുന്നതിനാല്‍ വളരെയേറെ സമയമെടുത്താണ് വായിച്ചത്.  ഷോഡയും,  ഐശും, ഷ്‌കോളും അങ്ങനെ പോകുന്ന കഥയിലെ സംസാരഭാഷ അത്രയ്ക്ക് അനായാസമായി  വായിച്ചറിയാനാവാത്ത ഒരവസ്ഥാവിശേഷം അന്നുണ്ടായി.

തസ്രാക് എന്ന ഖസാക്കിലേയ്ക്ക് വീണ്ടും നടന്ന് കയറിയത്  പുനര്‍വായനയുടെ  ആധികാരികതയുമായാണ്. ഖസാക്കിലെ  പ്രകൃതി  ഒരു റീഹാബിലിറ്റേഷന്‍  സെന്റര്‍ ആണ്.  മനസ്സിലെ  നിലാവിന്റെ ചെറിയ കറുത്ത  പാടുകള്‍ പോലും  തുടച്ച് നീക്കാനാവും  വിധം  വിശുദ്ധിയുള്ള  ഭൂമി.  സ്വര്‍ഗ്ഗം  പോലൊരിടം..

നിറഞ്ഞ നെല്‍വയലുകള്‍.  വാഹനങ്ങള്‍ അതിവേഗതയില്‍ പോകുന്ന ദേശപാതയുടെ  പാലക്കാട്  കിനാശേരി  റോഡില്‍ നിന്ന്  തണ്ണീര്‍പ്പന്തലിലേയ്ക്ക് അവിടെ നിന്ന്  കനാല്‍ പാലവും  കടന്ന് തസ്രാക്കിലേയ്ക്കുള്ള  ഇതിഹാസവഴി.   അവിടെയൊരു സ്വര്‍ഗ്ഗഗ്രാമമുണ്ടെന്ന്, എഴുത്തിന്റെ സ്വപ്നഭൂമിയുണ്ടെന്ന് ആരോ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു.  സൗഹൃദത്തിന്റെ പുതിയ ഭൂഖണ്ഡം. സന്തോഷത്തിന്റെ അനുഭവകാലങ്ങള്‍. മഴ പനിനീര്‍തൂവി ഇടയ്ക്കിടെ വിരുന്നെത്തുന്നു.  നെന്മാറയില്‍ നിന്ന് വന്ന സ്‌ക്കൂള്‍ കുട്ടികള്‍ പുസ്തകം ചോദിച്ചുവരുന്നു.  മുസ്തഫയും ആദിത്യയും ഒരു ബുക്ക് രണ്ടാള്‍ക്കുമായി  ഓട്ടോഗ്രാഫ്  ചെയ്തു  വാങ്ങുന്നു.

രണ്ട് ദിവസത്തെ സാഹിത്യ ജന്മദിനാഘോഷം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. മുഖപുസ്തകപരിചയമുള്ള സൗഹൃദങ്ങളെ നേരിട്ട് കാണാനായി. പ്രസംഗങ്ങളുടെ പ്രചണ്ഡവാതങ്ങളില്ലാതെ സാഹിത്യത്തിന്റെ അനുഭവകാലം.  പുസ്തകങ്ങളുടെ ഇടനാഴിപ്പുരകള്‍. വൈശാഖന്‍ മാഷ്, കവി മധുസൂദനന്‍ നായര്‍, സുസ്‌മേഷ് ചന്ദ്രോത്ത്, ആഷാമേനോന്‍, ബെന്യാമിന്‍, ബി എം സുഹ്‌റ, സന്തോഷ് എച്ചിക്കാനം പ്രശസ്തരോടൊപ്പം ബംഗ്‌ളൂരില്‍ നിന്ന്, കല, ബ്രിജി കേരളത്തിലെ ഷൈന്‍, തുളസി കേരളശ്ശേരി, രാധാകൃഷ്ണന്‍ രാമശ്ശേരി.

കഥാഫെസ്റ്റിന്റെ കോര്‍ഡിനേറ്റര്‍ രാജേഷ് മേനോന്‍, ചെറുകഥാകൃത്ത് സി ഗണേഷ് മാഷ്, ടി ഐ ശങ്കരനാരായണന്‍. സര്‍ഗാത്മകതയുടെ സാഹിത്യപ്രവാഹങ്ങള്‍ കൈവഴികളായി മഹാസമുദ്രങ്ങള്‍ തേടിയൊഴുകിയ രണ്ട് ദിനങ്ങള്‍.

തസ്രാക്കിലിരുന്ന് കഥവായിക്കാനായ ഭാഗ്യത്തിന്റെ അനുഭവകാലം.  കഥയിലൊരു കഥയുണ്ടാകാം. കല്പനകളും അറിവുകളും. ചെറിയ എഴുത്തിടങ്ങളെ തുടച്ച് മിനുക്കുന്ന കൂട്ടായ്മ. ഇനിയും പോകണം തസ്രാക്കിലേക്ക്. പ്രകൃതി അവിടെ സ്‌നേഹപൂര്‍വ്വം സന്തോഷപൂര്‍വ്വം വരൂ വരൂ എന്ന് പറയുന്നുണ്ട്. പ്രപഞ്ചത്തിന്റെ ലയം, സംഗീതത്തിന്റെ മര്‍മ്മരം, ഹിരണ്മയഗിരികളുടെ കിരീടങ്ങള്‍ തസ്രാക്ക് സ്വപ്നഗ്രാമമാണ്. ഇതിഹാസത്തെ കുറിച്ച് കൂടുതലെഴുതാനാവില്ല. വായനക്കാര്‍ക്കറിയുന്നതില്‍ കൂടുതല്‍ ഖസാക്കിനെക്കുറിച്ചെന്തെഴുതാനാണ്., എങ്കിലും അറിയാതെയെങ്കിലും ജീവസന്ത്രാസത്തിന്റെ മര്‍മ്മരങ്ങളിലൂടെ രവിയും, അള്ളാപ്പിച്ചാമൊല്ലാക്കയും,  ഖാലിയാരും,  മൈമുനയും,  കുട്ടാടന്‍ പൂശാരിയും  പത്മയും, ചെതലിയും അപ്പുക്കിളിയും അവരുടെതായ ഉള്‍ക്കാഴ്ച്ചകളില്‍ ഹൃദയം തൊട്ട് നമ്മോട് സംവദിക്കും.

ഖസാക്കിന്റെ സൃഷ്ടികര്‍ത്താവിന്റെ ജന്മദിനത്തില്‍ കവി മധുസൂദനന്‍ നായരുടെ പ്രപഞ്ചതാളലയം പോലെ മനോഹരമായ പ്രഭാഷണം. സര്‍വ്വകലാശാലകളില്‍ വര്‍ഷങ്ങളോളം പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഒരു പ്രസംഗത്തില്‍ നിന്ന് ലഭിച്ചതിന്റെ സന്തോഷം. മധുസൂദനന്‍ നായര്‍ സാറിന് പുതിയ കവിതാസമാഹാരം കുചേലഹൃദയത്തിന്റെ കോപ്പി  കൊടുത്തപ്പോള്‍ ഇങ്ങനെയൊരാളെപ്പറ്റി ധാരാളം കേട്ടിരിക്കുന്നു എന്നൊരത്ഭുതം, സന്തോഷം  പറഞ്ഞറിയിക്കാനാവില്ല.

സാഹിത്യകാരന്‍ സക്കറിയുടെ മൃദുഹിന്ദുത്വവാദമുയര്‍ത്തിയ  ഒ വി ഉഷ  സക്കറിയ സംവാദം. സിനിമാഭ്രാന്തുമായി മൈഥിലി എന്ന സിനിമയില്‍ മുഖം കാട്ടിയെന്ന് പറഞ്ഞ് നെന്മാറയിലെ സ്‌കൂള്‍ കുട്ടി അതുല്‍ അരികില്‍ കൂടി. ഞങ്ങള്‍ ഹോളിന് പുറത്തുള്ള  ഇടനാഴിയിലിരുന്നു. കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത നിഷ്ങ്കളങ്കതയും  സന്തോഷം നിറഞ്ഞ മുഖവുമുള്ള അതുല്‍ എന്ന സക്കൂള്‍കുട്ടിയ്ക്ക് കലശലായ സിനിമാഭ്രാന്ത്.

അകത്ത് ശ്രീ സക്കറിയും ഓ വി ഉഷയും സദസ്സും വേദിയും തമ്മിലുള്ള തീക്കനല്‍ സംവാദം.  കൈയിലെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കോപ്പിയില്‍ അതുലിനോട് ഓട്ടോഗ്രാഫിടാന്‍ പറഞ്ഞു. ഒരു കൗതുകം. അല്പം അതിശയത്തോടെ അതുല്‍ കുമാര്‍ 2/7/2018 എന്ന് ഭംഗിയുള്ള ഒരോട്ടോഗ്രാഫ് അതുല്‍ ഇതിഹാസപുസ്തകത്തിലിട്ടു.. അതുലിന്റെ അനിയത്തിയ്‌ക്കൊരു കവിതപുസ്തകം വേണം 'അര്‍ദ്ധനാരീശ്വരമെന്ന' കവിത അനിയത്തിക്കുട്ടിയ്ക്ക് കൊടുത്തു.  പല പുസ്തക കൗണ്ടറില്‍ നിന്ന് പുസ്തകം വാങ്ങിച്ചപ്പോള്‍ എന്റെ കൗണ്ടറില്‍ നിന്ന് വാങ്ങുന്നില്ലേ എന്ന് ചോദിച്ചു വന്ന സൗഹൃദം.. സ്‌കൂള്‍ ലൈബ്രറയില്‍ പണ്ട് വായിച്ച ഒയ്യാരത്ത് ചന്ദുമേനോന്റെ  ഇന്ദുലേഖ അവിടെ  നിന്ന് വാങ്ങി. 

'മാലിനീവിധമായ ജീവിതം' കഥാകാരന്‍ സുസ്‌മേഷിന്റെ കൈയൊപ്പിട്ട് വാങ്ങി. ഫേസ് ബുക്കില്‍ കണ്ട ചിത്രത്തിലൂടെ മാലിനീവിധമെന്നൊരു പുസ്തകത്തെയറിഞ്ഞിരുന്നു. എന്താണ് മാലിനീവിധമെന്നാലോചിച്ചിരുന്നു.  ശീര്‍ഷകത്തിന്റെ പ്രത്യേകത കൊണ്ടാവാം  ആ കഥ അവിടെയിരുന്നു തന്നെ വായിച്ചു. മാലിനിയെന്ന പേരുകാര്‍ വീട്ടില്‍ നിറഞ്ഞതും പിന്നീട് അവര്‍ ചുരുങ്ങിപ്പോയതും  എങ്ങനെയെന്ന് പറയുന്ന ചരിത്രം വായിച്ചപ്പോഴാണ് കഥയെഴുത്തിന്റെ ഇന്ദ്രജാലം മാലീനിവിധത്തിലുണ്ടെന്ന് മനസ്സിലായത്.  പ്രശസ്തരുടെയും, എഴുതിത്തുടങ്ങിയവരുടെയും പുസ്തകങ്ങള്‍ വാങ്ങി. കഥാ ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ രാജേഷ് മേനോന്റെ മുണ്ടൂരില്‍ നിന്നും തിരിയുന്ന വളവുകള്‍, ബിനോയ് ബാലന്റെ മരണമരം, ഷോര്‍ട്ട് സൈറ്റില്‍ വച്ച കണ്ണട എന്ന അവതാരികയോടെ ശരത്ബാബുവിന്റെ സിലബസില്ലാത്തത്.. എച്ചിക്കാനത്തിന്റെ ജമന്തികള്‍, സുഗന്ധികള്‍..

പിന്നീട് രുചികരമായ ഉച്ചഭക്ഷണം. തിരികെയെത്തിയപ്പോള്‍ വൈശാഖന്‍ മാഷിനെ കണ്ടു.  ബാംഗ്‌ളൂരില്‍ നിന്നെത്തിയ കഥാസ്‌നേഹികളെ സാര്‍ അന്വേഷിച്ചു.  കലയോടൊപ്പം പോയി സാറിനെ കണ്ടു. മറ്റൊരു സന്തോഷം.  

തസ്രാക്ക് എന്ന ചെറിയ ഗ്രാമം ഒരു ഭൂഖണ്ഡമായി ഇതിഹാസമായി മുന്നില്‍ നില്‍ക്കുമ്പോള്‍  ഇതിഹാസകാരന്റെ പ്രതിമയുള്ള പൂമുഖമുറ്റത്ത് കല്ലുപാകിയ നടവഴിയില്‍, നെല്‍പ്പാടങ്ങള്‍ നൃത്തം ചെയ്യുന്ന ചുറ്റതിരുകളില്‍ യോദ്ധാക്കളെപോലെ നില്‍ക്കുന്ന പനമരങ്ങളില്‍,  അതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന പാലക്കാടന്‍ മലനിരകളില്‍ എല്ലാമെല്ലാം ഇതിഹാസം അതിന്റെതായ കൈമുദ്ര പതിപ്പിച്ചിരിക്കുന്നു, മൈനകള്‍ ഭയലേശമന്യേ പാറിനടക്കുന്നു. ഇനിയുമുണ്ടാകാമിവിടെ കഥയും, കൈവഴികളുമെന്ന് കാറ്റിന്റെ വയലിന്‍.

രവിയുടെ തസ്രാക്കിനെ തേടി ഖസാക്കിലൂടെ  ഇനിയും പുതുതലമുറ എത്തിച്ചേരും.  ഒ വി വിജയനെന്ന എഴുത്തുകാരന്‍ അവിടെ കാലാതീതമായ ഇതിഹാസമായി നിലകൊള്ളും. സര്‍ഗാത്മകതയുടെ വിജയം. സൃഷ്ടിയുടെ ഔന്നത്യം.

കല്ലുപാകിയ നടവഴികളിലൂടെ നെല്‍പ്പാടങ്ങള്‍ കണ്ട്, ഐക്കരപ്പുഴയ്ക്കരികിലൂടെ തിരികെ പോരുമ്പോള്‍ കഥയുടെ, മര്‍മ്മരം,  മുഴക്കം.. കാറ്റിന്റെ, മഴയുടെ പ്രകൃതിലയം.. തസ്രാക്കിന്റെ പാലക്കാടന്‍ഗന്ധം.... ഇതിഹാസം..

ഒരിക്കല്‍ കൂടി പോകാന്‍ മനസ്സാഗ്രഹിക്കുന്ന ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന  സാഹിത്യപ്രതിഭയുടെ ഇതിഹാസഗ്രാമം.....

ഖസാക്കിന്റെ ഇതിഹാസ വിശുദ്ധഗ്രാമം (രമ പ്രസന്ന പിഷാരടി)ഖസാക്കിന്റെ ഇതിഹാസ വിശുദ്ധഗ്രാമം (രമ പ്രസന്ന പിഷാരടി)ഖസാക്കിന്റെ ഇതിഹാസ വിശുദ്ധഗ്രാമം (രമ പ്രസന്ന പിഷാരടി)ഖസാക്കിന്റെ ഇതിഹാസ വിശുദ്ധഗ്രാമം (രമ പ്രസന്ന പിഷാരടി)
Join WhatsApp News
p r girish nair 2019-07-10 09:23:11
പാലക്കാടൻ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന കൊച്ചു
ഗ്രാമം. ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ, പരിഷ്‌കാരം ഒട്ടും ഇല്ലാത്ത  നിഷ്കളങ്കരായ ഗ്രാമവാസികൾ......  
കഥകൾ ഉറങ്ങുന്ന ഗ്രാമം.  ഒരിക്കൽ സന്ദർശിച്ചവരെ പിന്നെയും മാടിവിളിക്കുന്ന
ഗ്രാമം ...

വിവരണം ഗംഭീരം.
ജോസഫ് നമ്പിമഠം 2019-07-10 15:15:39
രമ പിഷാരടിക്ക്‌ അഭിനന്ദനങ്ങൾ. മനോഹരമായ വിവരണം. എന്നെങ്കിലും പോകണം തസ്‌റാക്കിലേക്ക്, എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ പോയതുപോലെ ആയി!
Pisharody Rema 2019-07-11 13:55:53
Thank you Josephji and Girish Ji for your kind remarks  about Thasrak.. It is a great place indeed.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക