Image

കലാമണ്ഡലം ക്ഷേമാവതി: കേരളത്തിന്‍റെ കമനീയ നര്‍ത്തകി (വിജയ്. സി.എച്ച്)

Published on 10 July, 2019
കലാമണ്ഡലം ക്ഷേമാവതി: കേരളത്തിന്‍റെ കമനീയ നര്‍ത്തകി (വിജയ്. സി.എച്ച്)
കലാമണ്ഡലം ക്ഷേമാവതി!
ഈ വിശ്വനര്‍ത്തകി കലാകേരളത്തിന്‍റെ രംഗൈശ്വര്യം!
സുഗതകുമാരി ടീച്ചറുടെ 'കൃഷ്ണാ, നീ എന്നെ അറിയില്ല...' എന്ന കവിതയില്‍ ക്ഷേമാവതിയുടെ ലാസ്യവും കരുണവും ലയിച്ചപ്പോള്‍, മോഹിനിയാട്ടത്തിന്, വരാനിരിക്കുന്ന ഒരുനൂറ്റാണ്ടിലെയെങ്കിലും പരിണാമരൂപം, അപ്പോള്‍തന്നെ ലഭിക്കുകയായിരുന്നു!

തിരുത്തി എഴുതപ്പെട്ടത്, ശൃംഗാരം മാത്രമാണു മോഹിനിയാട്ടത്തിന്‍റെ മുന്നിട്ടു നില്‍ക്കുന്ന മുഖമുദ്രയെന്നതും.ഗോപികയുടെ ആഹ്ലാദവും സ്വര്‍ഗ്ഗീയാനുഭൂതിയും, ക്ഷേമാവതി മോഹനനൃത്തത്തില്‍ അരങ്ങു തകര്‍ത്ത് ആവിഷ്ക്കരിക്കുമ്പോള്‍, പ്രേക്ഷകര്‍ ചെന്നെത്തുന്നത് ആത്യന്തിക നിര്‍വൃതിയുടെ പണ്ടൊരിക്കലും കാണാത്തൊരു തീരത്താണ്!

മൃദംഗവും, ഇടക്കയും, വീണയും, ഓടക്കുഴലും വായിക്കുന്ന കലാകാരന്മാരും, പ്രേക്ഷകരോടൊപ്പം, അനിര്‍വ്വചനീയമായൊരു വിസ്മയത്തില്‍ അസന്ദിഗ്ദ്ധമായി അകപ്പെടുകയാണിവിടെ!
ഈ ലേഖകന്‍ ഈയിടെ കാണാനിടയായ ഒരു സ്‌റ്റേജ് പ്രോഗ്രാമിലെ ദൃശ്യങ്ങള്‍ മറക്കാന്‍ ഒരു പ്രേക്ഷകനും കഴിയില്ല!

ശാസ്ത്രീയ നൃത്തത്തിന്‍റെ ഉള്ളറകള്‍ തുറന്നുകണ്ട് ഉള്‍ക്കരുത്തു നേടിയവര്‍ക്കുമാത്രം സാധ്യമാവുന്ന ഈവക തീക്ഷണമായ ദൃശ്യവല്‍ക്കരണങ്ങള്‍ കണ്ടുകഴിഞ്ഞിരിക്കുന്ന കലാസ്‌നേഹികള്‍ക്ക്, ക്ഷേമാവതിയോട് തോന്നുന്ന ഉള്ളഴിഞ്ഞ അടുപ്പം, പരിമിതമായ അര്‍ത്ഥം മാത്രമുള്ള ‘കലാമണ്ഡലം’ എന്ന ഉപചാര പദം കൊണ്ടു നിര്‍വചിക്കാനാവുമോ?

പൂജിതമാണ് ഈ നൃത്തശാഖ, മോഹമുണര്‍ത്തുന്നതാണ് ഇതിന്‍റെ രംഗരൂപം  അന്‍പത്തഞ്ച് വര്‍ഷത്തെ ഉപാസനക്കുശേഷം, ക്ഷേമാവതി ഇന്നതിന്‍റെ മഹാദ്ധ്യാപിക!

“അന്നെനിക്ക് പത്തു വയസ്സായിരുന്നു പ്രായം. നൃത്തത്തില്‍ എന്‍റെ താല്‍പര്യം കണ്ടപ്പോള്‍, വീട്ടുകാര്‍ എന്നെ കലാമണ്ഡലത്തില്‍ ചേര്‍ത്തു. അവിടെ എന്‍റോള്‍മെന്‍റ് നടന്നിരുന്ന സമയമായിരുന്നു അത്,” തന്‍റെ നൃത്ത പഠനത്തിന്‍റെ തുടക്കം ക്ഷേമാവതി പങ്കുവെച്ചു.

ക്ഷേമാവതിയുടെ ഓഡീഷന് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ (കേരള കലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍) ആയിരുന്നെന്ന് എവിടെയോ വായിച്ച ഓര്‍മ്മ.
"അതെ! ഓഡീഷന് ഞാന്‍ കാളിയമര്‍ദ്ദനം ആയിരുന്നു ചെയ്തത്. സദസ്സിലുണ്ടായിരുന്നവര്‍ക്കൊക്കെ ഏറെ ഇഷ്ടപ്പെട്ടു. ഉടനെത്തന്നെ അല്പം പ്രായമുള്ള ഒരാള്‍ എണീറ്റുവന്ന് തലയില്‍ കൈവെച്ച് എന്നെ അനുഗ്രഹിച്ചു. പിറ്റേന്ന് ആ ഫോട്ടോ പത്രത്തില്‍ വന്നു. അപ്പോഴാണ് മനസ്സിലായത്, എന്നെ അനുഗ്രഹിച്ചത് മഹാകവി വള്ളത്തോള്‍ ആയിരുന്നുവെന്ന്!"

ക്ഷേമാവതി സുകൃതം ചെയ്തയാള്‍!
ആരെല്ലാമായിരുന്നു കലാമണ്ഡലത്തിലെ ആരംഭകാല ഗുരുക്കള്‍?
 "ഒരിക്കലേടത്ത് കല്യാണി അമ്മയും, കൃഷ്ണപണിക്കര്‍ ആശാനും, രാവുണ്ണി മേനോനുമൊക്കെയായിരുന്നു. പഴയന്നൂര്‍കാരിയായ തോട്ടശ്ശേരി ചിന്നമ്മു അമ്മയുടെ വിദ്യാര്‍ത്ഥികളായിരുന്നു കല്ല്യാണിക്കുട്ടി അമ്മയും സത്യഭാമയും. ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമായിരുന്നു എന്‍റെ ഗുരുക്കന്മാര്‍.”

“ഞാന്‍ പിന്നീട് മദ്രാസ്സില്‍ പോയി ഭരതനാട്യത്തിലും, കുച്ചുപുടിയിലും അഡ്വാന്‍സ്ഡ് കോഴ്‌സ് ചെയ്തു. മുത്തുസാമി പിള്ളയും, ചിത്ര വിശ്വേശ്വരനും, അടയാര്‍ ലക്ഷ്മണനും ഭരതനാട്യത്തിന്‍റേയും, വേമ്പട്ടി ചിന്നസത്യം കുച്ചുപുടിയുടേയും ഗുരുക്ക9മാര്‍ ആയിരുന്നു," ക്ഷേമാവതി ഓര്‍ത്തെടുത്തു.

ദാസിയാട്ടത്തിന്‍റെ ദുഷ്കീര്‍ത്തിയില്‍നിന്ന്, സമൂഹം അംഗീകരിക്കുന്ന ഒരു ശാസ്ത്രീയ നൃത്തത്തിന്‍റെ അന്തസ്സുള്ള പദവിയിലേക്ക് മോഹിനിയാട്ടത്തെ ഉയര്‍ത്തിയതില്‍ ആര്‍ക്കൊക്കയാണ് നാം കടപ്പെട്ടിരിക്കുന്നത്?

“മഹാകവി തന്നെയാണ് അതിന് ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചതും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയതും. 1927ല്‍ മഹാകവിയും, മുകുന്ദ രാജയും ചേര്‍ന്ന് കേരള കലാമണ്ഡലം സ്ഥാപിച്ചതു മുതല്‍തന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.”

“സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മയുടെ പ്രോത്സാഹനങ്ങളില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട്, കേരളത്തിന്‍റേതായ ഒരു നൃത്തകലാരൂപം പരിഷ്ക്കരിച്ചെടുക്കേണ്ടതുണ്ടായിരുന്നു. സ്വാതിതിരുനാള്‍ ചിട്ടപ്പെടുത്തിയ പദങ്ങളും വര്‍ണ്ണങ്ങളും തന്നെയാണ് മോഹിനിയാട്ടത്തില്‍ ഇന്നും കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്.”

“എന്നാല്‍, തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ചലനങ്ങളും, വശങ്ങളും ഉപേക്ഷിച്ചു. ഹസ്തമുദ്രകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു. നൃത്തം ഇന്നുകാണുന്ന രൂപത്തിലാക്കിയെടുത്ത്, അത് പ്രാബല്യത്തിലാക്കിയതില്‍ ചിന്നമ്മു അമ്മയുടേയും കല്ല്യണിക്കുട്ടി അമ്മയുടേയും പങ്ക് മറക്കാനാവില്ല.”

മോഹിനിയാട്ടം ആകര്‍ഷണീയമായൊരു ദൃശ്യകല. ഇതിന്‍റെ ഉടയാടകളുടേയും, ചമയങ്ങളുടേയും അടിസ്ഥാനവും പരിണാമവും ഒന്നു വിവരിക്കാമോ?

“ആദ്യകാലങ്ങളിലെല്ലാം സാരിയുടുത്ത് നൃത്തം ചെയ്യുമായിരുന്നു. തെന്നിന്ത്യന്‍ ശൈലിയില്‍ അതുവരെ ഉണ്ടായിരുന്നത് ഭരതനാട്യത്തിന്‍റേയും, കുച്ചുപുടിയുടേയും വേഷങ്ങള്‍ ആയിരുന്നല്ലൊ. തമിഴ് നാടിന്‍റേയും ആന്ധ്രയുടേയും പരമ്പരാഗതമായ രീതികള്‍ അടിസ്ഥാപ്പെടുത്തിയുള്ളതാണ് ഇവ.”

“എന്നാല്‍, വേഷവിധാനത്തില്‍ നമുക്ക് കഥകളിയുടെ അടിത്തറ നേരത്തെതന്നെ ഉണ്ടായിരുന്നു. മുണ്ടും നേരിയതും, അല്ലെങ്കില്‍ സെറ്റ് മുണ്ട്, മലയാളി പെണ്ണുങ്ങളുടെ ആഡ്യത്വം തുളുമ്പുന്ന വേഷമാണ്. ചിരകാലമായുള്ള നമ്മുടെ കുലീനമായ ആചാരങ്ങള്‍തന്നെയാണ് കസവു മുണ്ടും ബ്ലൗസും, തലമുടി ഇടതുഭാഗംചെരിച്ചു മേലെ വട്ടക്കെട്ട് കെട്ടി മുല്ലപ്പൂ ചുറ്റുന്നതുമൊക്കെ.”

“കേരളത്തനിമയൂന്നി, വസ്ത്രധാരണരീതിയിലും, അതിന്‍റെ നിറത്തിലും, കേശാലങ്കാരത്തിലും, ചമയങ്ങളിലും, ആഭരണങ്ങളിലും ഘട്ടം ഘട്ടമായി മികവ് വരുത്തിയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നതിലെത്തിയത്. നമ്മുടെ പാരമ്പര്യത്തില്‍നിന്നും ഒട്ടും വിട്ടുപോകാതെത്തന്നെയാണു വസ്ത്ര രൂപീകരണം നടന്നിട്ടുള്ളത്.”

പഠിപ്പുകഴിഞ്ഞതിനുശേഷം, പ്രേക്ഷകരുടെ മുന്നില്‍ കിട്ടിയ ഏറ്റവും വലിയ സ്‌റ്റേജ് ഏതായിരുന്നു? മേജര്‍ എക്‌സ്‌പോഷര്‍ എന്നൊക്കെ പറയാറില്ലേ...

“1973ല്‍ മഹാരാജാസ് കാളേജ് ഗ്രൗണ്ടില്‍ നടന്ന ഒമ്പതാമത് കോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍! വലിയൊരു ദേശീയ സംഭവമായിരുന്നു കൊച്ചിയില്‍ നടന്നത്. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റ് ആയിരുന്ന പൊന്‍കുന്നം വര്‍ക്കി സാറിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ സ്‌റ്റേജ് ഷോ ചെയ്തു.”

“വര്‍ക്കി സാര്‍ ആകെ എനിക്ക് ഓഫര്‍ ചെയ്തത് പ്രശസ്തിയായിരുന്നു. അതു വേണ്ടുവോളമുണ്ടായി! മലയാള പത്രങ്ങളിലും ഇംഗ്‌ളീഷ് പത്രങ്ങളിലും നല്ല കവറേജ് ആയിരുന്നു. ഒരുപാട് ഫോട്ടോസും, പ്രിവ്യൂസും, റിവ്യൂസുമൊക്കെ. തലക്കെട്ടുകള്‍ ഫ്രന്‍റ് പേജില്‍തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ബെര്‍ളിനില്‍ വെച്ചുനടന്ന വേള്‍ഡ് യൂത്ത് ഫെസ്റ്റിവെലില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം കിട്ടിയത്.”

ക്ഷേമാവതി ഒരേ സ്‌റ്റേജില്‍, മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയും ഒന്നിനു പുറകെ മറ്റൊന്നായി അവതരിപ്പിച്ചുവെന്നത് വന്‍ പത്രവാര്‍ത്തയായിരുന്നല്ലൊ. മോഹിനിയാട്ടം ഒരു കവിതയാണ്, ഓരോ ചുവടും അതിന്‍റെ ഓരോ വരിയും! സാഹിത്യ രചനയുമായി ഇത്രയും ഔപമ്യം മറ്റൊരു നൃത്തശാഖക്കുമില്ല. ഭരതനാട്യത്തിനും കുച്ചുപ്പുടിക്കും തനതായ ശൈലീ വിശേഷണങ്ങളുമുണ്ട്. ഏതിലായാലും നര്‍ത്തകി തന്‍റെ കലയില്‍ അലിഞ്ഞുചേരുകയാണ്! വൈകാരികഭാവം ഒന്നിന്‍റേതില്‍നിന്ന് മറ്റൊന്നിന്‍റേതിലേക്ക് പൊടുന്നനെ മാറ്റാന്‍ കഴിയുമോ?

“ഇതു പൊതുവേയുള്ളൊരു സംശയമാണ്. മൂന്നിലും ഒരുപോലെ പ്രാഗല്‍ഭ്യമുള്ള നര്‍ത്തകിക്കു, പരസ്പരം ാശഃൗു ഒന്നും കൂടാതെ മൂന്നും തുടര്‍ച്ചയായി ചെയ്യാവുന്നതേയുള്ളൂ.”

“എന്നാല്‍, ഏത് ഓഡറില്‍ ചെയ്യണമെന്നതു ഗൗരവമുള്ളകാര്യമാണ്. മോഹിനിയാട്ടത്തിന്‍റെ കോസ്റ്റ്യൂം, പ്രത്യേകിച്ച് കേശാലങ്കാരം, സമയമെടുത്തുചെയ്യേണ്ടതാണ്. അതിനാല്‍ മോഹിനിയാട്ടം ആദ്യം ചെയ്യണം. വേഷമണിഞ്ഞ് ഇരിക്കാമല്ലൊ. കുച്ചുപ്പുടി അവസാനവും  തളികയില്‍ കയറേണ്ടതല്ലെ… വക്കില്‍ പാദം ഓടിക്കുന്നതിനാല്‍ വേദനയുണ്ടാവും.”

“മോഹിനിയാട്ടത്തിന്‍റേതില്‍നിന്ന്, ഭരതനാട്യത്തിന്‍റേതിലേക്ക് ഡ്രസ്സ്മാറാന്‍ എനിക്ക് 10 മിനുട്ട് മതി. അതിലും കുറവുമതി ഭരതനാട്യത്തില്‍നിന്ന് കുച്ചുപ്പുടിയിലേക്കുമാറാന്‍. ഈ ഗേപ്പില്‍ ശിഷ്യരുടെ ഒരു എൈറ്റം ഇടും. ഇത്രയും സമയം ധാരാളമാണ് മൂഡു മാറാന്‍. വാസ്തവത്തില്‍, കോസ്റ്റ്യൂം കാണുമ്പോള്‍തന്നെ ആ നൃത്തത്തിലേക്കു കലാകാരിയുടെ വൈകാരികഭാവം മാറാന്‍തുടങ്ങും. എന്‍റെ മൂന്നു പെര്‍ഫോര്‍മന്‍സുകളിലും ഒരു ാശഃൗു ഉും ഇല്ലായെന്നുതന്നെയാണ് നൃത്ത പണ്ഡിതരും നിരൂപകരും വിലയിരുത്തിയിട്ടുള്ളത്.”

ക്ഷേമാവതിയുടെ കലാജീവിതത്തില്‍ (ഭര്‍ത്താവും പ്രശസ്ത സിനിമാ സംവിധായകനുമായിരുന്ന) പവിത്രന്‍റെ സ്വാധീനം?

“ഗസല്‍സ് കേള്‍ക്കാനും, പിന്നീടതിനു കോറിയോഗ്രാഫി ചെയ്യാനുമൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചത് പവിയാണ്. ആദ്യം ഗസല്‍സ് എനിക്ക് തീരെ മനസ്സിലായിരുന്നില്ല. പവി വിവരിച്ചുതരുമായിരുന്നു.”

“മനസ്സിലായിത്തുടങ്ങിയപ്പോള്‍, ഗസല്‍സ് എന്നെ വല്ലാതെ ആകര്‍ഷിച്ചു തുടങ്ങി. ‘ഖമയ ൃമമ േസശ മേിവമശ...’ (ആശാ ഭോസലെഹരിഹരന്‍ ആല്‍ബം) ഞാന്‍ കോറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ചു. ഒരു സെന്‍സേഷന്‍ ആയിരുന്നു അത്! ഹിന്ദുസ്ഥാനി ഗസലില്‍ ഞാന്‍ നൃത്തംചെയ്യുമെന്ന് ആരും കരുതിക്കാണില്ല! ഇങ്ങിനെയൊരു വഴിത്തിരിവ് ജീവിതത്തില്‍ ഉണ്ടായത് പവിയുടെ പ്രോത്സാഹനം കൊണ്ടുമാത്രമാണ്. പിന്നീട്, ഇതുപോലെയുള്ള വേറേപലതും വിജയകരമായി ചെയ്യാനും സാധിച്ചു.”

“ഒരു ദുഃഖം മാത്രം – പവിയുടെ പ്രചോദനം കൊണ്ടു സ്വായത്തമാക്കിയ ‘ഖമയ ൃമമ േസശ മേിവമശ...’ ഞാന്‍ അരങ്ങില്‍ പെര്‍ഫോം ചെയ്യുന്നതുകാണാനുള്ള ആയുസ്സ് ദൈവം പവിക്കു കൊടുത്തില്ല...”

ഇതുവരെ എത്ര കൃതികള്‍ നൃത്ത സംവിധാനം ചെയ്തു അരങ്ങേറിയിട്ടുണ്ട്?

“ഇരുനൂറില്‍ കൂടുതലുണ്ട്. വള്ളത്തോള്‍, ചെറുശ്ശേരി, കുമാരനാശാന്‍, രാമപുരത്തു വാരിയര്‍, സുഗതകുമാരി മുതലായവരുടെ പ്രശസ്ത കവിതകളെല്ലാം ചെയ്തിട്ടുണ്ട്.”

മോഹിനിയാട്ടത്തിനുള്ള കൃതികള്‍ തിരഞ്ഞെടുക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടോ?

“കവിതയായാലും, പാട്ടായാലും, ഫോക് ആയാലും മോഹിനിയാട്ടത്തിന്‍റെ മന്ദഗതിയിലുള്ളതും, എന്നാല്‍ ഗാംഭീര്യമുള്ളതുമായ, ചുവടുവയ്പുകള്‍ക്കു യോജിക്കുന്നതായിരിക്കണം അതിന്‍റെ സാഹിത്യപരമായ നിര്‍മ്മിതി. പ്രേക്ഷകരുമായി പെട്ടെന്നു വൈകാരികമായ വിനിമയം നടത്താന്‍ പറ്റുന്നതുമായിരിക്കണം അതിന്‍റെ പ്രമേയം. എന്നാലെ മോഹിനിയാട്ടത്തിന്‍റെ കോറിയോഗ്രാഫി വിജയിക്കുകയുള്ളൂ.”

കൈരളിയുടെ പൈതൃകം തുടിക്കുന്ന മാന്യവേദികളുടെ 'ശ്രീ' യാണിന്നു ക്ഷേമാവതി. അധികൃതര്‍ അടിവരയിട്ടുവോ? മുഖ്യമായ അംഗീകാരങ്ങളും പുരസ്കാരങ്ങളും...

“2011ല്‍ പത്മശ്രീ ലഭിച്ചു. ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചത് ഇരുപത്തൊമ്പതാം വയസ്സിലാണ്. കലാമണ്ഡലത്തിന്‍റെ മോഹിനിയാട്ടത്തിനുള്ള പുരസ്കാരം 1993ല്‍. 1999തിലാണ്, മോഹിനിയാട്ടത്തിനുള്ള കേന്ദ്ര നാടക അക്കാദമി പുരസ്കാരം കിട്ടിയത്. 2002ല്‍ മോഹിനിയാട്ടത്തിന് കലാദര്‍പ്പണയുടെ കലാശ്രീ അവാര്‍ഡ്. 2008ല്‍, നൃത്ത നാട്യ പുരസ്കാരം.”

“പിന്നെ, കുറെ സീനിയര്‍ ഫെലോഷിപ്പുകളും, എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്ഥാനങ്ങളുമൊക്ക തന്നിട്ടുണ്ട്.”

“കേരളത്തെ പ്രതിനിധാനം ചെയ്ത് ഡെല്‍ഹിയിലും, ഇന്ത്യയെ പ്രതിനിധാനം ചെയ്ത്, ഹെല്‍സിങ്കി, പാരീസ്, ബെര്‍ലിന്‍, താഷ്‌കെന്‍റ് മുതലായ പല വിദേശ കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ചെന്നു അരങ്ങേറി പല സമ്മാനങ്ങളും നേടിയിട്ടുമുണ്ട്.”

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ശാസ്ത്രീയ നൃത്തങ്ങളിലൊന്നായ മോഹിനിയാട്ടത്തിന്‍റെ നവോത്ഥാനത്തിനും പുനര്‍ രൂപീകരണത്തിനും, പരിഷ്ക്കാരങ്ങള്‍ക്കുമൊക്കെ സാക്ഷ്യം വഹിച്ചയാളാണല്ലൊ ക്ഷേമാവതി. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍, യഥാര്‍ത്ഥത്തില്‍, ശാസ്ത്രീയ നൃത്തങ്ങളെ നെഞ്ചിലേറ്റുന്നുണ്ടോ?

“ഉണ്ട്. പക്ഷെ, മുമ്പുണ്ടായിരുന്ന ആ ഡെഡിക്കേഷന്‍ ഇപ്പോള്‍ എല്ലാര്‍ക്കുമില്ല. എന്നിരുന്നാലും, മോഹിനിയാട്ടം പഠിക്കാന്‍ എന്‍റടുത്ത് ധാരാളം പേര്‍ വരുന്നുണ്ട്. പെട്ടെന്ന് എന്തെങ്കിലും പഠിച്ച് അരങ്ങേറ്റം നടത്തണം. ഞാന്‍ ചെയ്യുന്നതൊക്കെ അവര്‍ക്ക് ഇപ്പോള്‍ത്തന്നെ ചെയ്യണം. ആര്‍ക്കും ക്ഷമയില്ല!”
“ചിലര്‍ക്ക് ഗസല്‍ ചെയ്യണം, പഴയതൊന്നും പറ്റില്ല."
"ഞാന്‍ പറയാറുണ്ട്, ഞാന്‍ ചെയ്യുന്നുവെന്നുകരുതി നിങ്ങള്‍ ചാടിക്കേറി ചെയ്യരുതെന്ന്."
"മോഹിനിയാട്ടത്തിന്‍റെ രാഗം സോപാനമാണ് – എല്ലാം പടിപടിയായി മാത്രം മുന്നോട്ടു പോകുന്നത്.”
കലാമണ്ഡലം ക്ഷേമാവതി: കേരളത്തിന്‍റെ കമനീയ നര്‍ത്തകി (വിജയ്. സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക