Image

നെട്ടൂരിലെ യുവാവിന്റെ കൊലപാതകം: സംശയം ഒഴിവാക്കാന്‍ നായയെയും കൊന്നിട്ടു

Published on 11 July, 2019
നെട്ടൂരിലെ യുവാവിന്റെ കൊലപാതകം: സംശയം ഒഴിവാക്കാന്‍ നായയെയും കൊന്നിട്ടു


കൊച്ചി: നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ കൊന്ന് :തുപ്പില്‍ താഴ്ത്തിയ കേസില്‍ പ്രതികള്‍ കേസില്‍ പെടാതിരിക്കാന്‍ ആസൂത്രണം ചെയ്തത് വന്‍ കുതന്ത്രങ്ങള്‍. അര്‍ജുനെ പറ്റി ചോദിക്കുന്നവരോട് ഇവര്‍ എല്ലാവരും ഒരേ മറുപടി തന്നെ നല്‍കിയന്‌നാണ് സൂചന. പൊലീസ് ചോദ്യം ചെയ്തപ്പോഴും പിടികൊടുക്കാതെ പിടിച്ചു നിന്നു. അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട്ടിലേയ്ക്കുള്ള ഒരു ലോറിയില്‍ കയറ്റിവിട്ടതായിരുന്നു ഒരു തന്ത്രം. സ്വാഭാവികമായും പൊലീസ് അന്വേഷണം മൊബൈല്‍ സിഗ്‌നലുകളെ പിന്തുടര്‍ന്നായിരിക്കുമെന്നതിനാലാണ് ഇത് ചെയ്തത്.

മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും ഇവര്‍ തന്നെയാണെന്നാണ് വിലയിരുത്തല്‍. മൃതദേഹത്തിന്റെ ദുര്‍ഗന്ധം പുറത്തു വന്നാലും നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാനായിരുന്നു ഇത്. മരിച്ച  അര്‍ജുന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പ്രതികളുടെ സംഘത്തില്‍ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങള്‍ പുറത്തു വന്നത്. ഈ വിവരം പൊലീസില്‍ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നീളുന്നത് ലഹരി മാഫിയയിലേക്കാണ്. എറണാകുളം കേന്ദ്രീകരിച്ച് പടര്‍ന്നു പന്തലിക്കുന്ന ലഹരി മാഫിയയുടെ കണ്ണികളാണ് കൊല്ലപ്പെട്ട യുവാവും അക്രമികളും എന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട അര്‍ജുന്റെ പേരില്‍ പനങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ തന്നെ നിരവധി കേസുകളുണ്ട്. ഇതിനു പുറമേ മറയൂരില്‍ ലഹരിമരുന്നു കേസില്‍ പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും അടങ്ങുന്ന സംഘള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരിമരുന്ന് എത്തിക്കുകയും വിതരണം ചെയ്തിരുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക