Image

പട്ടി (കവിത: അനീഷ് ചാക്കോ)

Published on 13 July, 2019
പട്ടി (കവിത: അനീഷ് ചാക്കോ)
ഒരു വളര്‍ത്ത് പട്ടിയായിരുന്ന നാളുകളെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛമാണ്

ഒരു കുഞ്ഞു മാംസ കഷണത്തിനോ
മത്സ്യത്തിനോ വേണ്ടി നിറുത്താതെ ചാടി തളര്‍ന്നിട്ടുണ്ട്..

നാലു വാതിലുകളും ഇരട്ട താഴുകളിട്ട് പൂട്ടിയ
എന്റെ യജമാനന്റെ വീടിന് കണ്ണിമ തെറ്റാതെ
കാവലിരിന്നിട്ടുണ്ട് ..

ഇളം കാറ്റു വീശുന്ന രാത്രികളിലെ ഇലയനക്കം കേട്ടു ഞാന്‍ നിറുത്താതെ
കുരച്ചിട്ടുണ്ട്..

കനത്ത വെയിലിലും തോരാ മഴയിലും പടിക്കു പുറത്ത് യജമാനന്റെ വരവും
കാത്തിരിന്നിട്ടുണ്ട്...

എന്നെ ശിക്ഷണ പെടുത്തി ക്രമീകരിച്ച
ചിട്ടവട്ടങ്ങളുടെ അടിമയായി കടിച്ചു പിടിച്ച്
കുരയ്ക്കാതിരിന്നിട്ടുണ്ട്...

ഒരു ശബ്ദം മാത്രം എപ്പോഴും തിരഞ്ഞ്, എന്റെ പേര് വിളിക്കുന്നത് മാത്രം കേള്‍ക്കാന്‍
കാതോര്‍ത്തിരിന്നുട്ടുണ്ട് ...

തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതില്‍ പിന്നെ ഭക്ഷണത്തിനായി നിറുത്താതെ ചാടാറില്ല കുപ്പതൊട്ടികള്‍ ഞാന്‍ തിരഞ്ഞു പിടിക്കും..

മഴയത്തും വെയിലത്തും മേല്‍കൂരകള്‍
അന്വേഷിച്ച് അലഞ്ഞുതിരിയാറില്ല..
തെരുവിനരികുകളെല്ലാം എനിക്ക് വീടാണ്...

എന്നെ കല്ലെടുത്തെറിയുന്ന തെരുവുകളില്‍
നിന്നും കുതറിയോടും , ചിലപ്പോള്‍ തിരിഞ്ഞു നിന്നു കുരക്കും വേദനയിലിത്തിരി മോങ്ങും..

വാതിലുകളില്ലാത്ത ,പേരറിയാത്ത പല തെരുവുകള്‍ക്കും വിളക്കു മരങ്ങള്‍ക്കും
ചുവട്ടില്‍ ഉറങ്ങാതിരിക്കാറുണ്ട്..

ഇരുട്ടു വീണ രാത്രികളില്‍ സ്വാതന്ത്ര്യത്തിന്റെ ഇലയനക്കങ്ങള്‍ക്ക് ഞാനിപ്പോള്‍ കാവലാകാറുണ്ട് ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക