Image

റോസ് പെറോ ഒരു ടെക്‌സസ് സൈസ്ഡ് മാലാഖ: മുന്‍ ഗവര്‍ണ്ണര്‍ റിക്ക്‌പെറി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 July, 2019
റോസ് പെറോ ഒരു ടെക്‌സസ് സൈസ്ഡ് മാലാഖ: മുന്‍ ഗവര്‍ണ്ണര്‍ റിക്ക്‌പെറി (ഏബ്രഹാം തോമസ്)
റോസ് പെറോ മാനവികതയുടെ മഹത്തായ ഉദാഹരണമായിരുന്നു. ടെക്‌സസ് സൈസ്ഡ് മാലാഖയായിരുന്നു. പറയുന്നത് മുന്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ റിക്ക്‌പെറി. പെറോയുടെ മനുഷ്യസ്‌നേഹം വ്യക്തമാക്കാന്‍ ഒരു സംഭവം വിവരിക്കുന്നു. പെറി ടെക്സ്സ് ഗവര്‍ണ്ണറായിരിക്കുമ്പോള്‍ 2003 ല്‍ 82-ാം എയര്‍ബോണ്‍സേനയില്‍ ഇറാക്കില്‍ വച്ച് വയറിന്റെ കീഴ് ഭാഗത്ത് വെടിയുണ്ടയേറ്റ് മെനിഞ്ചൈറ്റിസ് ബാധിച്ച് വീല്‍ ചെയറിലാകേണ്ടി വന്ന യു.എസ്. ആര്‍മി കോര്‍പ്പറല്‍ അലന്‍ ബാബിന്‍ ജൂനിയറെകുറിച്ച് അറിഞ്ഞു. മുറിവേറ്റതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പെറി അയാളുടെ അമ്മ റോസിയോട് തനിക്ക് എന്തെങ്കിലും സഹായം ചെയ്യാനാവുമോ എന്ന് ചോദിച്ചു. മകനെ ആശുപത്രിക്ക് പുറത്തെത്തിക്കുവാന്‍ ആവശ്യമായ ധനം ഇല്ലാതെ വിഷമിക്കുകയാണെന്ന് റോസി പെറിയോട് പറഞ്ഞു.

കുടുംബത്തോട് യാത്ര പറഞ്ഞ് ഇറങ്ങിയ ഉടന്‍  പെറി പെറോയ്ക്ക് ഫോണ്‍ ചെയ്തു. ആ ഒരൊറ്റ ഫോണ്‍ വിളി മാത്രം പിന്നീട് ഒരു പാട് കാര്യങ്ങള്‍ സംഭവിക്കുവാന്‍ കാരണമായി എന്ന് പെറി പറയുന്നു. ഓസ്റ്റിനില്‍ സ്വന്തം പ്‌ളെയിന്‍ അയച്ച് അടുത്ത ദിവസം തന്നെ ഡാലസിലെ പ്രമുഖ ന്യൂറോളജിസ്റ്റുകള്‍ ഉള്ള സെയില്‍ ലിപ്ഷ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റുവാനും അവിടെ വിദഗ്ദ്ധ ചികിത്സ നല്‍കുവാനും പെറോ ഇടപാട് ചെയ്തു.
ഇന്ന്, വര്‍ഷങ്ങള്‍ക്ക്‌ശേഷം, അലനും മാതാപിതാക്കളും പ്രത്യേകം നിര്‍മ്മിച്ച സ്മാര്‍ട്ട് ഹോമില്‍ കഴിയുന്നു. മുറിവേറ്റ സൈനികര്‍ക്ക് പ്രത്യേക സഹായം നല്‍കുന്ന ഗാരി സിനിസിന്റെ സഹായം ഇവര്‍ക്ക് ലഭിച്ചു. തന്റെ മകനെ സഹായിച്ചവരെ മാലാഖമാരെന്നും പെറോയെ വലിയ മാലാഖ എന്നും റോസി വിളിക്കുന്നു.

ഇത്തരം വിശേഷണങ്ങള്‍ റോസ് പെറോ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. സഹജീവികളോടുള്ള സ്‌നേഹവും അവര്‍ക്ക് ചെയ്യാനാവുന്ന സഹായം ചെയ്യുവാനുള്ള താല്‍പര്യവുമാണ് പെറോയെ നയിച്ചിരുന്നത്., 'ടെക്‌സസില്‍ ജനിച്ചവന്‍, ടെക്‌സസ് വളര്‍ത്തിയവന്‍'  എന്നാണഅ സ്വയം വിശേഷിപ്പിച്ചിരുന്നത്. അതോടൊപ്പം താന്‍ മരിക്കുമ്പോള്‍ 'ടെക്‌സസില്‍ മരിച്ചവന്‍' എന്നും പറയുമായിരിക്കും എന്നൊരു അഭിമുഖത്തില്‍ ഫലിതരൂപേണ പറഞ്ഞിരുന്നു.

സ്വയം വളര്‍ന്ന് വലുതായി വ്യവസായങ്ങള്‍ വളര്‍ത്തി വിറ്റ് ബില്യണറായി മാറിയ റോസ് പെറോ ഒരു സാധാരണ ഉയരമുള്ള (അഞ്ചടി ആറിഞ്ച്) മനുഷ്യനായിരുന്നു. ഡാലസിന് കിഴക്കേ ചെറിയ പട്ടണമായ ടെക്‌സര്‍കാനയില്‍ 1930 ല്‍ ജനിച്ചു. ലുമേറേയും ഗബ്രിയേലുമായിരുന്നു മാതാപിതാക്കള്‍. മൂത്ത സഹോദരന്‍ ഗബ്രിയേല്‍ റോസ് ജൂനിയര്‍ കുട്ടിയായിരിക്കുമ്പോഴേ മരിച്ചു. കുടുംബം ടെക്‌സര്‍കാനയുടെ കവലയില്‍ പഞ്ഞി കച്ചവടം നടത്തിയിരുന്നു. ടെക്‌സര്‍കാനയിലെയും ഡാലസിലെയും സാല്‍വേഷന്‍ ആര്‍മിയുടെ ആസ്ഥാനങ്ങളില്‍ കുടുംബാംഗങ്ങളുടെ പ്രതിമകള്‍ ഉണ്ട്. ടെക്‌സര്‍കാനയിലെ സാല്‍വേഷന്‍ ആര്‍മ്ി ആസ്ഥാനത്ത് പെറോയുടെ ഭാര്യ നല്‍കിയ സംഭാവനയിലൂടെ പണിത ഒരു ചെറിയ പള്ളി(ചാപ്പല്‍) ഉണ്ട്.

8 വയസ്സുള്ളപ്പോള്‍ പെറോ ടെക്‌സര്‍കാന ഗസ്റ്റ് പത്രം വിതരണം ചെയ്തു. 25 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. ടെക്‌സര്‍കാനയിലെ കോളേജ് പഠനത്തിന് ശേഷം 1949 ല്‍ യു.എസ്. നേവല്‍ അക്കാഡമിയില്‍ ചേര്‍ന്നു. ഭാര്യ മാര്‍ഗോട്ടിനെ ഒരു ബ്ലൈന്‍ഡ് ഡേററില്‍ ആയിടയ്ക്ക് കണ്ടെത്തി.

2019 ജൂലൈയില്‍ സ്വയം സൃ്ഷ്ടിച്ച വ്യക്തിത്വങ്ങളില്‍ 10 ല്‍ 10 ഗുണങ്ങളും പെറോയ്ക്ക് ഉണ്ടെന്ന് ഫോബ്‌സ് മാസിക കണ്ടെത്തി. പെറോയുടെ സമ്പത്ത് 4.1 ബില്യണ്‍ ഡോളറാണെന്നും ലോകത്തിലെ 478-ാമത്തെ സമ്പന്നനാണെന്നും മാസിക വിലയിരുത്തി. 32-ാം ജന്മദിനത്തില്‍ ഭാര്യയില്‍ നിന്ന് 1000 ഡോളര്‍ കടം വാങ്ങി ഇലക്ട്രോണിക് ഡേറ്റ സിസ്റ്റം(ഇഡിഎസ്) ആരംഭിച്ചു. 1968 ല്‍ കമ്പനി പബ്ലിക് ആയി. കുറെയധികം വര്‍ഷക്കാലം ധാരാളം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിവരണങ്ങള്‍ രേഖപ്പെടുത്തുന്നതും പേ ചെക്കുകള്‍ സൃഷ്ടിക്കുന്നതും കമ്പനി ഏറ്റെടുത്തിരുന്നു.
1984-ല്‍ ജനറല്‍ മോട്ടേഴ്‌സ് കോര്‍പ്പറേഷന്‍ 2.6 ബില്യണ്‍ ഡോളറോളം നല്‍കി ഇഡിഎസ് വാങ്ങിയപ്പോള്‍ പെറോ ആദ്യമായി ബില്യണറായി അറിയപ്പെട്ടു. പുതിയ കമ്പനികള്‍ക്ക് രൂപം നല്‍കുകയോ അവ ഏറ്റെടുത്ത് വളര്‍ത്തി വലുതാക്കി വലിയ ലാഭത്തിന് വില്‍ക്കുകയോ പെറോ ഒരു പതിവാക്കിയിരുന്നു.

1992 ലും 1996 ലും ഒരു മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1992 ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബില്‍ ക്ലിന്റണ്‍ അന്ന് അര്‍ക്കന്‍സ സംസ്ഥാന ഗവര്‍ണറായിരുന്നു. നഗരത്തിന്റെ കവലയില്‍ ചെറിയ കടത്തുന്നയാള്‍ വാള്‍മാര്‍ട്ട് എങ്ങനെ നടത്താനാണ് എന്ന് പെറോ ക്ലിന്റണെ പരിഹസിച്ചു. 1992 ല്‍ പെറോ 19% വോട്ടുകള്‍ നേടിയതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം എന്ന് ആരോപണം ഉണ്ടായി.
ആരെയും വക വെയ്ക്കാതെ തുറന്നടിച്ച് സംസാരിക്കുക പെറോയുടെ സ്വഭാവമായിരുന്നു. എന്നാല്‍ തികഞ്ഞ മനുഷ്യസ്‌നേഹിയാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട്. ഒപ്പം തികഞ്ഞ രാജ്യസ്‌നേഹിയും ആയിരുന്നു. 89-ാമത്തെ വയസില്‍ 5 മാസം ലൂക്കേമിയ രോഗത്തോട് പടവെട്ടി ജൂലൈ 9ന് പെറോ യാത്രയായി. റോസ്‌പെറോ ജൂനിയര്‍, നാന്‍സി, സൂസാന്‍, കാരലിന്‍, കാതറിന്‍ എന്നിവരാണ് മക്കള്‍. വളര്‍ത്തുമൃഗങ്ങളുടെയും(സ്പിറ്റര്‍ എന്ന ഒട്ടകം ഉള്‍പ്പെടെ) പെയിന്റിംഗുകളുടെയും പ്രതിമകളുടെയും ഒരു വലിയ ശേഖരമുണ്ട് പെറോയുടേതായി. എന്നാല്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. റെമിംഗ്ടണ്‍ റാന്‍ഡിന്റെ ഒരു മാനുവല്‍ ടൈപ്പ്‌റൈറ്റര്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്.

റോസ് പെറോ ഒരു ടെക്‌സസ് സൈസ്ഡ് മാലാഖ: മുന്‍ ഗവര്‍ണ്ണര്‍ റിക്ക്‌പെറി (ഏബ്രഹാം തോമസ്)
Join WhatsApp News
Anthappan 2019-07-18 10:10:45
A dead man is always a good man . Funny politicians. Learned all the trick from Trump
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക