Image

ശ്രദ്ധിക്കണം; ഇന്ത്യയിൽ ജനാധിപത്യം അപകടത്തിൽ തന്നെയാണ്

കലാകൃഷ്ണൻ Published on 19 July, 2019
ശ്രദ്ധിക്കണം; ഇന്ത്യയിൽ ജനാധിപത്യം അപകടത്തിൽ തന്നെയാണ്

ബീഹാറിൽ കഴിഞ്ഞ ദിവസം മൂന്ന് യുവാക്കളെ പശുക്കടത്തിന്റെ പേരിൽ അടിച്ചുകൊല്ലുന്നു. കർണാടകയിൽ കോടികൾ വാരിയെറിഞ്ഞ് എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് ഭരണം അട്ടിമറിക്കുന്നു. യുപിയിൽ പത്ത് പേരെ പോലീസ് വെടിവെച്ച് കൊന്നിടത്ത് സന്ദർശനത്തിന് എത്തിയ  നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരി പ്രീയങ്ക പോലീസിന്റെ കരുതൽ തടങ്കലിലാകുന്നു. ത്രിപുരയിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഔദ്യോഗികമായി തന്നെ കാണാനെത്തിയ സിപിഎം രാജ്യസഭാ എം.പി ഝർണദാസിനോട് അമിത്ഷാ ഏറ്റവും യാതൊരു രാഷ്ട്രീയ ധാർമ്മികതയും പുലർത്താതെ ചോദിച്ചു, ഇനിയെന്തിനാണ് സിപിഎമ്മിൽ പ്രവർത്തിക്കുന്നത് - ബിജെപിയിലക്ക് വേഗം വരുക എന്ന്. 
ഇതൊക്കെ വർത്തമാന ഇന്ത്യയിലെ സംഭവങ്ങളാണ്. ജനാധിപത്യം ഇന്ത്യയിൽ ശോഷിച്ചു പോകുന്നു എന്നതിന് ഇതിൽപ്പരം ഒരു തെളിവ് വേണ്ടതില്ലല്ലോ. ബീഹാറിൽ മൂന്ന് യുവാക്കളെ അടിച്ചുകൊന്നത് ഏതെങ്കിലും ഹിന്ദുത്വസംഘടനകളിലെ ഔദ്യോഗിക കേഡർമാരായിരുന്നില്ല. ഒരു ഗ്രാമത്തിലെ ആൾക്കൂട്ടം അപ്പാടെ ഇളകിവന്ന് അയൽഗ്രാമത്തിൽ നിന്നും വരുകയായിരുന്ന മൂന്ന് പേരെ അടിച്ചുകൊന്നു. അവരുടെ കൈവശം പശുക്കളുണ്ടായിരുന്നു എന്നതാണ് കാരണം. പശുവിനെ മോഷ്ടിച്ചുകൊണ്ടു വരുകയായിരുന്നു എന്നതായിരുന്നു അവർക്ക് നേരെയുള്ള ആരോപണം. ബീഹാർ എല്ലാകാലത്തും സംഘർഷങ്ങളുടെ മണ്ണാണ്. ഹിന്ദു മുസ്ലിം കലാപങ്ങളും, സവർണ്ണ സേനകളുടെ ദളിത് അക്രമങ്ങളും ഏറെ കണ്ടിട്ടുള്ള നാട്. എന്നാൽ സാധാരണ ജോലികൾ ചെയ്ത് ഒരു ദിവസം തള്ളിനീക്കിക്കൊണ്ട് നിൽക്കുന്ന സാധാരണ ജനങ്ങൾ ഒരു നിമിഷം കൊണ്ട് കലാപകാരികളും ക്രിമിനൽസുമാകുന്ന നടക്കുന്ന കാഴ്ച ബീഹാറിന് പോലും പുതിയതാണ്. അതായത് അക്രമം നടത്തിയത് ഏതെങ്കിലും സംഘടനകളുടെ ആളുകളല്ല മറിച്ച് അക്രമം സാധാരണ ജനങ്ങൾ ഏറ്റെടുക്കുന്നു. ഹിസ്റ്റീരിയ ബാധിച്ചത് പോലെ അവർ ഹിന്ദുത്വ ആശയത്തിന്റെ ഉപകരണങ്ങളാകുന്നു. ദളിതനെയും മുസ്ലിമിനെയും ആക്രമിക്കുന്നു. കൊല്ലുന്നു. 
ബീഹാറിൽ അക്രമിക്കപ്പെട്ട ഈ മൂന്ന് പേരെയും സ്ഥലത്ത് പോലീസ് എത്തി ജനക്കൂട്ടത്തിന്റെ കൈയ്യിൽ നിന്നും രക്ഷപെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും മരണപ്പെട്ടിരുന്നു. അതായത് മരണകാരണമായ മർദ്ദനം യാദൃശ്ചികമായിരുന്നില്ല. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് മൂന്ന് പേരെയും മർദ്ദിച്ചത്. ഹിന്ദുത്വ കേഡർമാർ മാത്രമല്ല സാധാരണ ജനം പോലും ഒരു നൊടിയിട കൊണ്ട് പശുവിന്റെ പേരിൽ മറ്റൊരാളെ കൊല്ലുന്ന അവസ്ഥയിലേക്ക് രാജ്യത്തിന്റെ മനോനില മാറിയിരിക്കുന്നുവെങ്കിൽ ജനാധിപത്യം തീർച്ചയായും അപകടത്തിലാണ്. 
രാഷ്ട്രീയ നാടകങ്ങൾ ഏറെ കണ്ടിട്ടുള്ള ഇന്ത്യൻ പൊളിറ്റിക്‌സിൽ പക്ഷെ കർണാടക എല്ലാ രാഷ്ട്രീയ സമാന്യമര്യാദകളെയും ലംഘിക്കുന്ന വിധത്തിലാണ് അരങ്ങേറുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെപ്പോലും ലംഘിച്ച് ഗവർണറെ സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ഉപകരണം പോലെയാക്കി മാറ്റുകയാണ് ബിജെപി ചെയ്യുന്നത്. സഭാ നടപടികൾ എങ്ങനെ കൊണ്ടു പോകണമെന്ന സ്പീക്കറുടെ അധികാരത്തിലേക്ക് ഗവർണർ കടന്നു കയറി സ്പീക്കർക്ക് വിശ്വാസവോട്ടെടുപ്പിന് സമയപരിധിയും അന്ത്യശാസനവും നൽകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യമായിട്ടായിരിക്കും. അത്രമേൽ ഫെഡറൽ സംവിധാനങ്ങളെ തച്ചു തകർക്കുകയാണ് ബിജെപി. അതും തീർത്തും ലാഘവത്തോടെ തന്നെ. 
ഇതേ ലാഘവത്തോടെയാണ് അമിത് ഷാ തന്നെ കാണാനെത്തിയ സിപിഎം രാജ്യസഭാ എം.പിയെ അമിത് ഷാ പരിഹാസച്ചിരിയോടെ ഇടതുപക്ഷത്തിന്റെ കാലം കഴിഞ്ഞു ഇനി ബിജെപിയിലേക്ക് പോരു എന്ന് ക്ഷണിച്ചത്. മരണം വരെ ഇടതുപക്ഷമായിക്കുമെന്ന് ഝർണദാസ് എന്ന സിപിഎം ത്രിപുര എം.പി അമിത്ഷായിക്ക് മുഖമടച്ച് മറുപടി കൊടുത്തു. ഈ രാജ്യത്ത് ശേഷിക്കുന്ന ധാർമ്മിക മര്യാദയുടെയും രാഷ്ട്രീയബോധത്തിന്റെയും വാക്കുകളാണ് ഝർണദാസിലൂടെ പുറത്ത് വന്നത്. എന്നാൽ മറ്റൊരു പാർട്ടിയിലെ എം.പി ഔദ്യോഗിക ആവശ്യത്തിന് തന്നെ കാണാൻ വരുമ്പോൾ ആഭ്യന്തരമന്ത്രി എന്ന സ്ഥാനം മറന്ന് ബിജെപി അധ്യക്ഷൻ മാത്രമായി മാറാൻ എങ്ങനെ അമിത് ഷായിക്ക് കഴിയുന്നു. ഇനി ബിജെപി അധ്യക്ഷനായി മാറുമ്പോൾ തന്നെ ചായസൽക്കാരത്തിന് വിളിക്കുന്ന ലാഘവത്തോടെ ബിജെപിയിലേക്ക് ആളെ വിളിക്കാൻ എങ്ങനെ തോന്നുന്നു. ജനാധിപത്യ ബോധമെന്നത് കേവലം വാക്കായി ചുരുങ്ങുന്നതിന്റെ ലക്ഷണമാണ് അമിത്ഷായുടെ പ്രവൃത്തിയിലൂടെ പുറത്ത് വന്നത്. 
അതു തന്നെയാണ് യു.പിയിലും കണ്ടത്. പ്രീയങ്കാ ഗാന്ധിയെന്ന നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ തനിക്ക് പോലീസ് കസ്റ്റഡിയിൽ പോകേണ്ടി വരുമെന്ന് സ്വപനത്തിൽ കരുതിയിട്ടുണ്ടാവില്ല. പക്ഷെ യോഗി ആദിത്യനാഥിന്റെ യുപിയിൽ പ്രീയങ്കയല്ല ഇനി സോണിയാ ഗാന്ധിയോ മൻമോഹൻ സിങ് പോലുമോ രാഷ്ട്രീയ മര്യാദകൾ മറന്ന് കസ്റ്റഡിയിൽ പോകണ്ടി വന്നേക്കാം. കാരണം ജനാധിപത്യത്തോട് അത്രയ്ക്ക് മമതയെ യോഗിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളു.  ലോക്‌സഭയിൽ ദയനീയമായി പരാജയപ്പെട്ടുവെങ്കിലും കോൺഗ്രസ് ഈ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനം തന്നെയാണ്. ആ പ്രസ്ഥാനത്തിലെ എണ്ണംപറഞ്ഞ നേതാവിനാണ് ഒരു പ്രശ്‌നബാധിത സ്ഥലത്തേക്ക് കടന്നു ചെല്ലുന്നതിന് വിലക്കുണ്ടാകുന്നത്. എന്നാൽ അതൊരു ശക്തമായ വിഷയമായി മാറുന്നില്ല എന്നതാണ് ഈ രാജ്യത്തെ പ്രതിപക്ഷത്തിന്റെ ദയനീയമായ സ്ഥിതി. ഈ നില തീർച്ചയായും മാറ്റപ്പെടേണ്ടതുണ്ട്. രാജ്യമൊരു ഏകാധിപത്യ സംവിധാനത്തിലേക്ക് പോകുന്ന സ്ഥിതി വിശേഷം തീർച്ചയായും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് കരുതണം. 
രാഷ്ട്രീയ വിത്യാസങ്ങൾ മറന്ന് മതേതര പാർട്ടികൾ ഒന്നായി നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. കേവലം ഇലക്ഷൻ കൂട്ടുകെട്ടിന് അപ്പുറത്തേക്ക് രാഷ്ട്രീയ സഖ്യങ്ങളും ഒത്തുചേരലും ഒരുമിച്ചുള്ള സമരപരിപാടികളും മതേതര കക്ഷികളിൽ നിന്നുണ്ടാവണം. അത് പ്രീയങ്കയുടെ കരുതൽ തടങ്കലാണെങ്കിലും കർണാടകയിലെ കുതിരക്കച്ചവടമാണെങ്കിലും ബീഹാറിലെ ആൾക്കൂട്ട കൊലപാതകമാണെങ്കിലും ഈ രാജ്യത്ത് ജനാധിപത്യം പുലരണമെങ്കിൽ ഒരേപോലെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ തിരിച്ചറിവിലേക്ക് അതിവേഗം എത്തുകയാണ് എല്ലാ മതേതര സംഘടനകളും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ചെയ്യേണ്ടത്. 


Join WhatsApp News
josecheripuram 2019-07-19 19:50:58
What about Kerala,The only state where Communist rule,has no law&Order.If the party had Majority,What would be the condition.Then why they blame BJP?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക