ഇറാൻ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ മൂന്ന് മലയാളികളും ഉള്ളതായി റിപ്പോർട്ട്. കപ്പൽ ജീവനക്കാരനായ 23പേരിൽ 18പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്ന് പേർ മലയാളികളാണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. മൂന്ന് മലയാളികളും എറണാകുളം സ്വദേശികളാണ്. കളമശേരിയുള്ള ഡിജോ പാപ്പച്ചനാണ് ഇതിലൊരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിജോയുടെ പിതാവിന് കമ്പിനി ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം ലഭിക്കുകയുണ്ടായി. ഒരു മാസം മുമ്പാണ് ഡിജോ ഈ കപ്പലിൽ ജോലിക്ക് കയറിയത്. രണ്ട് ദിവസം മുമ്പ് വരെ ഡിജോയുമായി വീട്ടുകാർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു.
കപ്പൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ കസ്റ്റഡിയിലാണുള്ളത്. ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. ഹോർമുസിൽ ഇറാൻ ഈ കപ്പൽ പിടിച്ചെടുത്ത ശേഷം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കപ്പലിന്റെ ഉടമസ്ഥരായ കമ്പിനി അറിയിച്ചിരുന്നു.