Image

`ദൂരഗോപുരങ്ങള്‍' (മനോഹര്‍ തോമസ്‌)

മനോഹര്‍ തോമസ്‌ Published on 02 May, 2012
`ദൂരഗോപുരങ്ങള്‍'  (മനോഹര്‍  തോമസ്‌)
എഴുത്ത്‌ എന്നും ഈശ്വരന്റെ വരദാനമാണ്‌. അതൊരു തപസ്യയായി എടുത്ത്‌ തന്റെ തട്ടകം ഏതാണെന്ന തിരിച്ചറിവിലൂടെ എഴുതുന്നവര്‍ കാലാനുവര്‍ത്തിയായി നിലനില്‍ക്കും. തന്റെ സൃഷ്‌ടികള്‍ കാലം എങ്ങനെ കൈയ്യാളുന്നു എന്നതിന്റെ തിരിച്ചറിവാണ്‌. ഓരോ എഴുത്തുകാരന്റേയും ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപടി.

തിരക്കുള്ള ജീവിതം, പ്രരാബ്‌ദങ്ങള്‍, സമയക്കുറവ്‌, അലോരസപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഇതിനൊക്കെയിടയിലും സര്‍ഗ്ഗചേതനയുള്ള എഴുത്തുകാരന്‍ താനറിയാതെ സൃഷ്‌ടി നടത്തിക്കൊണ്ടിരിക്കും. അതൊരു ജീവിത ദൗത്യമാണ്‌. എം.ടി `കാഥികന്റെ പണിപ്പുരയില്‍' പറഞ്ഞുതപോലെ `എഴുതാതിരിക്കുക വയ്യ'.

ഈ കുടിയേറ്റ മണ്ണില്‍ എഴുതി തുടങ്ങിയവരേയും എഴുതി പഴകിയവരേയും കണ്ടെത്തി അവരുടെ മാനസീക വ്യാപാരങ്ങളും ഉള്‍ക്കാഴ്‌ചകളും, സ്വപ്‌നങ്ങളും പങ്കിടുകയാണ്‌ മലയാളം ടിവിയുടെ `ദൂരഗോപുരങ്ങള്‍' എന്ന പരിപാടികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇതിനോടകം ഇരുപതോളം എഴുത്തുകാരെ പരിചയപ്പെടുത്തിക്കഴിഞ്ഞു.

മുമ്പൊക്കെ എന്തെങ്കിലും എഴുതിയാല്‍ പ്രസിദ്ധീകരിക്കുക എന്നത്‌ ശ്രമകരമായ ഒരു പരീക്ഷണമായിരുന്നു. കാലം മാറി. ഇന്ന്‌ എന്തെഴുതിയാലും പ്രസിദ്ധീകരിക്കാന്‍ പത്രങ്ങളും, മാസികകളും ഇന്റര്‍നെറ്റ്‌ പത്രങ്ങളുണ്ട്‌, ബ്ലോഗുകളുണ്ട്‌. തിരക്കാര്‍ന്ന ജീവിതത്തിനിടയില്‍ സമയം കുറച്ചെയുത്ത്‌ വായിക്കാനുള്ള സൗകര്യങ്ങളായി.

അപ്പോഴുണ്ടായ ഒരു വലിയ അത്യാഹിതം എഴുത്തിന്റെ ചവറ്‌ കൂമ്പാരങ്ങള്‍ വലുതായി വരുന്നതാണ്‌. കാരണം ഇവിടെ ഒരു സാഹിത്യ വിമര്‍ശന ശാഖ വളര്‍ന്നു വന്നിട്ടില്ല. ആ സമയത്ത്‌ സത്യത്തില്‍ എഴുത്തുകാരന്റെ ഉത്തരവാദിത്തം കൂടുകയാണ്‌. അവന്‍ ഒരു സ്വയം വിമര്‍ശകനാകേണ്ടിയിരിക്കുന്നു.

എഴുത്തുകാരനോട്‌ സംവേദിക്കുമ്പോള്‍ മാത്രമേ ഈ ജീവിത സാഹചര്യങ്ങളില്‍ അവര്‍ അനുഭവിക്കുന്ന സ്വകാര്യ ദുഖങ്ങളെപ്പറ്റിയും, പരിമിതികളെപ്പറ്റിയും ഒക്കെ അറിയാന്‍ ഇടവരികയുള്ളൂ. അതിനുള്ള ഒരു എളിയ ശ്രമമാണ്‌ `ദൂരഗോപുരങ്ങള്‍' എന്ന പരിപാടിയിലൂടെ മലയാളം ടിവി ശ്രമിക്കുന്നത്‌.

ലോകം ആകെ ചുരുങ്ങി ജീവിതം കൂടുതല്‍ യാന്ത്രികമാകുന്നു. അവിടെ എഴുത്തുകാരന്‍ എന്ന സ്വപ്‌നജീവിക്ക്‌ നഷ്‌ടപ്പെടുന്നത്‌ തന്റേതുമായ ഒരു `ഇട'മാണ്‌. ആ സ്വകാര്യതയില്ലാതെ അവന്‌ എഴുതാനാകില്ല. ആ വേദന അവനെ അലോരസപ്പെടുത്തുന്നു. മാത്രമല്ല, കുടിയേറ്റ ഭൂമിയില്‍ സ്വത്തം നഷ്‌ടപ്പെട്ട മനസ്‌. അത്‌ തേടുന്നതിനിടെ കൂടുതല്‍ കുരുങ്ങുന്ന ഏകാഗ്രത. ഇതിനെല്ലാം ഇടയ്‌ക്ക്‌ തന്നെ നീരാളി പോലെ പിടിക്കുന്ന സൃഷ്‌ടിയുടെ വേദന. എന്നിട്ടും അവനെഴുതുന്നു- ഒരു നിയോഗം പോലെ.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ എന്നും രാവിലെയും വൈകുന്നേരവും 8.30-നാണ്‌ മലയാളം ടിവിയിലൂടെ `ദൂരഗോപുരങ്ങള്‍' എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത്‌. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും 917 501 0173 എന്ന നമ്പരില്‍ അറിയിക്കാവുന്നതാണ്‌. ഇതില്‍ ഭാഗഭാക്കാകാന്‍ താത്‌പര്യമുള്ളവര്‍ക്കും ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌.
`ദൂരഗോപുരങ്ങള്‍'  (മനോഹര്‍  തോമസ്‌)`ദൂരഗോപുരങ്ങള്‍'  (മനോഹര്‍  തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക