Image

ഗ്‌ലോബല്‍ മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published on 27 July, 2019
ഗ്‌ലോബല്‍ മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

  

ബര്‍ലിന്‍: ജര്‍മനി ലാനമായുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ഇക്കൊല്ലത്തെ അന്താരാഷ്ട്ര പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജിഎംഎഫിന്റെ മുപ്പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന്റെ നാലാം ദിവസമായ ജൂലൈ 23 ന് ചൊവ്വാഴ്ച നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ ബെസ്റ്റ് സ്‌കോളര്‍ എക്‌സലന്‍സ് ആന്റ് ഫിലാന്ത്രോപ്പിസ്റ്റ് അവാര്‍ഡ് ഡോ. ജോസ് വി. ഫിലിപ്പ് (ഇറ്റലി), ഹ്യൂമന്‍ ഡെവലപ്‌മെന്റ് അവാര്‍ഡ് ഡോ.കെ. തോമസ് ജോര്‍ജ് (ഇന്ത്യ), ഫി?ലിം ആന്റ് കള്‍ച്ചറല്‍ അവാര്‍ഡ് ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ് (ദുബായ്) എന്നിവര്‍ ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കലില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജൂലൈ 20 മുതല്‍ 24 വരെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഐഫലിലെ ഡാലം ബില്‍ഡൂംഗ്‌സ് സെന്ററിലാണ് വര്‍ണശബളമായ പരിപാടികള്‍ അരങ്ങേറിയത്.

മൂന്നു കാറ്റഗറിയിലായിട്ടാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ബാബു ഹാംബുര്‍ഗ്, പോള്‍ പ്‌ളാമൂട്ടില്‍, ബേബി കുറിയാക്കോസ് എന്നിവര്‍ പുരസ്‌ക്കാര ജേതാക്കളെ സദസിനു പരിചയപ്പെടുത്തി. 

വിശിഷ്ടാഥിതികളായ ഡോ.ജോസ് വി.ഫിലിപ്പ്, ഡോ.കെ.തോമസ് ജോര്‍ജ്, സോഹന്‍ റോയ്, ഡോ. ബേബി എളംകുന്നപ്പുഴ, ഡോ.കെ.പി.രാജപ്പന്‍ നായര്‍, സിറിയക് ചെറുകാട് എന്നിവര്‍ ഭദ്രദീപം കൊളുത്തി അവാര്‍ഡ്ദാന സായാഹ്നം ഉദ്ഘാടനം ചെയ്തു. സിറിയക് ചെറുകാട് പ്രാര്‍ഥനാഗാനം ആലപിച്ചു. തോമസ് ചക്യാത്ത് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുന്പിളുവേലില്‍, ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, അഗസ്റ്റിന്‍ ഇലഞ്ഞിപ്പിള്ളി, സെബാസ്റ്റ്യന്‍ കോയിക്കര, പീറ്റര്‍ കോപ്പാറ്റ്‌സ്് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. അവാര്‍ഡുകള്‍ സ്വീകരിച്ച ജേതാക്കള്‍ മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി. എല്‍സി വേലൂക്കാരന്‍ നന്ദി പറഞ്ഞു. മേരി വെള്ളാരംകാലായില്‍, വില്യം പത്രോസ് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടായില്‍ ഇറ്റലിയിലെ സാപിയെന്‍സാ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റര്‍നാഷണല്‍ ഡിവിഷനില്‍ പ്രഫസറാണ്. യൂണിവേഴ്‌സിറ്റിലെ ആദ്യത്തെ മലയാളി പ്രഫസറെന്ന സ്ഥാനവും ഇറ്റലിയിലെ ടോര്‍ വെര്‍ഗെട്ട യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറുമാണ് ഡോ.ജോസ്. 

ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവും, എംബിഎ സിസ്റ്റം എന്നതില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഡോ. തോമസ് ജോര്‍ജ് എംഎസ്സി അപ്ലൈഡ് സൈക്കോളജി, എംഫില്‍ സൈക്കോളജി, എംഫില്‍ മാനേജ്‌മെന്റ് എന്നിവയിലും മാസ്റ്റര്‍ ബിരുദവും, എന്‍ജിനിയറിങ്, മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നു എന്ന പ്രബന്ധത്തില്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

മറൈന്‍ എന്‍ജിനീയറായി കരിയര്‍ ആരംഭിച്ച സോഹന്‍ റോയ് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ 2011 ലെ ഹോളിവുഡ് ചിത്രം ഡാം 999 ന്റെ സംവിധായകനാണ്. 2017 ല്‍ പുറത്തിറങ്ങിയ ജാലം എന്ന മലയാളം സിനിമയുടെ നിര്‍മ്മാതാവുകൂടിയാണ് റോയ്. ചെറിയ സ്ഥലത്ത് മികച്ച ഡുവല്‍ 4 കെ മള്‍ട്ടിപ്ലക്‌സ് സ്ഥാപിക്കുന്ന സംരംഭം സോഹന്‍ റോയിയുടേതാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക