Image

കൈ എങ്കില്‍ കൈ, പടം കൊട് (ഡോ: എസ്.എസ്. ലാല്‍)

Published on 27 July, 2019
കൈ എങ്കില്‍ കൈ, പടം കൊട് (ഡോ: എസ്.എസ്. ലാല്‍)
എം.ബി.ബി.എസ്. കഴിഞ്ഞിട്ട് മെഡിക്കല്‍ കോളേജില്‍ കുറച്ചുനാള്‍ സര്‍ജറിയില്‍ ഒരു പരിശീലനത്തിന് പോയിരുന്നു. DipNB പരീക്ഷ എഴുതാനുള്ള പരിശീലനമായിരുന്നു. പിന്നീടത് ഉപേക്ഷിച്ച് ഞാന്‍ എന്‍റെ പുതിയ വഴിക്കു പോയി.

എന്‍റെ പഠനമല്ല ഇന്നത്തെ വിഷയം. എക്‌സ്‌റേ ആണ് നായകന്‍. ആയിടയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ വാര്‍ഡില്‍ നടന്ന ഒരു സംഭവം.

വാര്‍ഡില്‍ കിടന്ന ഒരു നാട്ടുമ്പുറത്തുകാരന്‍ അമ്മാവന്‍. അയാള്‍ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജായി തിരികെപ്പോകുന്ന ദിവസം. രാവിലത്തെ റൗണ്ട്‌സില്‍ പ്രൊഫസര്‍ അയാളെ പേരുവെട്ടി വിടാന്‍ പറഞ്ഞിരുന്നു. അക്കാലത്ത് ശസ്ത്രക്രിയക്ക് പേര് ചേര്‍ക്കുന്നത് പ്രൊഫസറും ഒടുവില്‍ എല്ലാം കഴിഞ്ഞ് പേര് വെട്ടി വിടുന്നത് വല്ല ഹൗസ് സര്‍ജനും ആയിരിക്കും. ഒടുവിലത്തെ ആ വെട്ടിന് വലിയ ശക്തി വേണ്ടല്ലോ.

ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ ചെയ്തതായിരുന്നു അമ്മാവന്. റൗണ്ട്‌സ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകാനായി പായും തലയിണയും ഒക്കെ പൊതിഞ്ഞ് അമ്മാവന്‍റെ ഭാര്യയും മക്കളുമൊക്കെ റെഡി. ഒരു വലിയ കൂടയില്‍ കുറെ പാത്രങ്ങളും. അന്നൊക്കെ അങ്ങനെയായിരുന്നു. കൂട്ടിരുപ്പുകാര്‍ രോഗിയുടെ കട്ടിലിനു താഴെ കിടക്കാനുള്ള പായും തലയിണയും ഒക്കെ കൊണ്ടുവരും. പിന്നെ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും. ഉറക്കവും ഭക്ഷണവും തന്നെ പ്രധാനം. കൂട്ടിരുപ്പുകാര്‍ മറ്റെന്തു ചെയ്യാനാണ്? അക്കാലത്തൊക്കെ ചികിത്സ കഴിഞ്ഞ് പോകുമ്പോള്‍ രോഗി ക്ഷീണിച്ചും കൂട്ടിരുപ്പുകാര്‍ തടിവച്ചു വീര്‍ത്തും ഇരിക്കും. ഇപ്പോഴും അതൊക്കെ മാറിക്കാണാന്‍ ഇടയില്ല. പ്രത്യേകിച്ചും പാവങ്ങളായ നാട്ടുമ്പുറത്തുകാര്‍ക്കിടയില്‍.

"രോഗി വീട്ടില്‍ പോകാന്‍ കൂട്ടാക്കുന്നില്ല." സിസ്റ്റര്‍ ഹൗസ് സര്‍ജനെ കണ്ടു പറഞ്ഞു. എല്ലാരേം യാത്രയാക്കേണ്ടത് സിസ്റ്ററാണല്ലോ. "അയാളുടെ എക്‌സ്‌റേ പടം കൂടി വേണമെന്നയാള്‍ പറയുകയാണ്."

ആയിടയ്ക്ക് എക്‌സ്‌റേയ്ക്ക് രണ്ടുരൂപ അടയ്ക്കണമായിരുന്നു. അതിനാല്‍ എക്‌സ്‌റേ തിരികെ വേണമെന്ന് അയാള്‍. ഒപ്പമുണ്ടായിരുന്ന പല രോഗികളും പേരുവെട്ടി തിരികെ പോയപ്പോള്‍ കയ്യില്‍ എക്‌സ്‌റേ ഉണ്ടായിരുന്നത് അമ്മാവന്‍ കണ്ടിരുന്നു.

അത് പതിവായിരുന്നു. ഓപ്പറേഷന്‍ നടത്തുന്നത് ഹെര്‍ണിയക്ക് എന്നല്ല ഏതു ഭാഗത്താണെങ്കിലും നെഞ്ചിന്‍റെ എക്‌സ്‌റേ എടുക്കും. അതൊരു നടപടിയാണ്. ഓപ്പറേഷന് വേണ്ടി മയക്കാന്‍ (ബോധം കെടുത്താന്‍) രോഗി യോഗ്യനാണോ എന്ന പരിശോധനയുടെ കൂടി ഭാഗമാണത്. അനസ്‌തേഷ്യ കൊടുക്കുന്ന ഡോക്ടര്‍ ഈ എക്‌സ്‌റേ, ഇസിജി തുടങ്ങിയ രേഖകള്‍ കൂടി പരിശോധിച്ചിട്ടാണ് രോഗിയെ മയക്കാന്‍ അനുവാദം നല്‍കുക. രോഗികളെ ഔദ്യോഗികമായി മയക്കാനുള്ള അനുവാദം അനസ്‌തേഷ്യാ ഡോക്ടര്‍മാര്‍ക്ക് മാത്രമായിരുന്നു .മെഡിക്കല്‍ കോളേജില്‍ അന്നൊക്കെ രോഗിയെ എന്നല്ല ആരെയും മയക്കാന്‍ അറിയുന്ന ഡോക്ടര്‍മാര്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ധാരാളം ഉണ്ടായിരുന്നു. കാരണം ശമ്പളം കുറവായിരുന്നു. ഇപ്പോ അതൊക്കെ മാറിക്കാണും. ശമ്പളവും കൂടി.

പറഞ്ഞുവന്നത്, നെഞ്ചിന്‍റെ ഈ എക്‌സ്‌റേ നോര്‍മല്‍ ആണെങ്കിലാണ് താമസമില്ലാതെ ശസ്ത്രക്രിയ നടക്കുക. അല്ലെങ്കില്‍ മറ്റു പരിശോധനകളോ ചികിത്സയോ ഒക്കെ വേണ്ടിവരും. നോര്‍മല്‍ ആണെങ്കില്‍ ഈ പാവം എക്‌സ്‌റേയെക്കൊണ്ട് പിന്നീട് വലിയ പ്രയോജനമൊന്നുമില്ല. പക്ഷേ, അമ്മാവന്‍ വിട്ടില്ല. കാശ് കൊടുത്ത് എടുത്ത ഫോട്ടോ പടമാണ്. അതാര്‍ക്കും വെറുതെ കൊടുക്കില്ല. അമ്മാവന്‍ സീരിയസ് ആണ്.

ഹൗസ് സര്‍ജനും പി.ജി. വിദ്യാര്‍ത്ഥിയായ ഒരു ഡോക്ടറും പ്രൊഫസറുടെ മുറിയാകെ തപ്പി. ആ എക്‌സ്‌റേ അവിടെയെങ്ങും കാണാനില്ല. രോഗി മുറിയുടെ പുറത്ത് കാവലായി. അവിടെ നിന്ന് ചെറുതായി ഒച്ചവെക്കാനും തുടങ്ങി. കഥ കേള്‍ക്കാന്‍ ചുറ്റും ആളും കൂടി. ഭക്ഷണവും ഉറക്കവും മാത്രമായി ബോറടിച്ച ചില കൂട്ടിരിപ്പുകാര്‍ക്ക് ഉത്സാഹമായി. രോഗിയ്ക്ക് ചെറിയ രാഷ്ട്രീയ പിന്തുണയും ഉണ്ടായി. അല്ലെങ്കിലും ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എല്ലാ കാര്യങ്ങളും തലകീഴാണെന്ന് ഒരാള്‍ ഉറക്കെ പറയുന്നുമുണ്ടായിരുന്നു.

അപ്പോഴാണ് പ്രൊഫസര്‍ എവിടെ നിന്നോ വീണ്ടും മുറിയില്‍ എത്തിയത്. പുറത്തെ കൂട്ടവും വര്‍ത്തമാനവുമൊക്കെ കണ്ടിട്ട് കാര്യമെന്താണെന്ന് പ്രൊഫസര്‍ അന്വേഷിച്ചു. അതിനിടെ അമ്മാവനും മുറിയില്‍ കയറി. പരാതിയുമായി.

"ഈയാളുടെ എക്‌സ്‌റേ തിരികെക്കൊടുക്കാത്തതെന്താ?" അമ്മാവന്‍റെ പരാതി കേട്ട ശേഷം പ്രൊഫസര്‍ ചോദിച്ചു.

"അത് കാണാനില്ല സാര്‍." ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞു.

"അതില്ലാതെ ഞാന്‍ പോകില്ല സാര്‍" അമ്മാവനും പറഞ്ഞു.

പ്രൊഫസര്‍ യുവ ഡോക്ടര്‍മാരെ തറപ്പിച്ചു നോക്കി.

"ആരു പറഞ്ഞു? ഞാനത് ഇന്ന് രാവിലെയും ഇവിടെ കണ്ടതാണല്ലോ". ഇതും പറഞ്ഞ് പ്രൊഫസര്‍ അലമാരയ്ക്കുള്ളില്‍ നിന്നും ഒരു എക്‌സ്‌റേ എടുത്ത് അമ്മാവന്‍റെ കയ്യില്‍ കൊടുത്തു.

"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ. എനിക്കറിയാമായിരുന്നു ഇതിവിടെത്തന്നെ കാണുമെന്ന്. സാര്‍ വന്നതുകൊണ്ട് ഇത് കിട്ടി."
എക്‌സറേയുമായി വിജയശ്രീലാളിതനായി അമ്മാവന്‍ തിരികെ പോയി.

ഹൗസ് സര്‍ജനെയും പി.ജി. ഡോക്ടറെയും നോക്കി പ്രൊഫസര്‍ കണ്ണിറുക്കി. ജൂനിയര്‍ ഡോക്ടര്‍മാര്‍ അപ്പോഴും വാപൊളിച്ചു നില്‍ക്കുകയായിരുന്നു. ആരുടെയോ ഒടിഞ്ഞ കൈയുടെ പഴയൊരു എക്‌സ്‌റേ ആണ് പ്രൊഫസര്‍ അമ്മാവന് കൊടുത്തത്. രോഗിയെ മയക്കുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ അന്നൊക്കെ അങ്ങനെയായിരുന്നു.

തന്‍റെ നെഞ്ചിന്റ എക്‌സ്‌റേ തന്നെ വേണമെന്ന് അമ്മാവനും വാശി പിടിച്ചില്ലായിരുന്നല്ലോ. കൈ എങ്കില്‍ കൈ. എക്‌സ്‌റേ കൊട്. അതിനി ഒടിഞ്ഞ കൈ ആയാല്‍ ആര്‍ക്ക് എന്തു ചേതം.

അറിയിപ്പ്: ഇത് എക്‌സ്‌റേയുടെ കഥയാണ്. എക്‌സ്‌റേയുടെ മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക