Image

കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്ന മഹാസംഭവം

ഇമലയാളി ടീം. Published on 28 July, 2019
കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്ന മഹാസംഭവം
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നിത്യേന പുറത്തിറക്കുന്ന കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ ആദ്യം കണ്ടപ്പോഴേ തോന്നിയിരുന്നു, ഒരു സംഭവമാണെന്ന്. കാരണം, പത്രത്തിന്റെ അതേ കെട്ടും മട്ടും. അതേ രൂപകല്‍പ്പന. ഏതാണ്ട് അതു പോലെ തന്നെയിരിക്കുന്ന എഡിറ്റോറിയല്‍ ടീം. അവരുടെ അക്ഷീണ പ്രയത്‌നം. എല്ലാവരും ഉറക്കത്തിലാണ്ടു കിടക്കുമ്പോള്‍ ഉറക്കം വെടിഞ്ഞ് പത്രം ഉണ്ടാക്കുന്നതിന്റെ അതേ കഷ്ടപ്പെടല്‍, അതും ഈ അമേരിക്കയില്‍ നിന്ന്. ഈ ക്രോണിക്കിള്‍ ടീമിനെ സമ്മതിച്ചേ തീരൂ. 

ഓരോ ദിവസത്തെയും സംഭവവികാസങ്ങള്‍ ചൂടും ചൂരും നഷ്ടപ്പെടുത്താതെ ഫോട്ടോകള്‍ സഹിതമാണ് പിറ്റേന്ന് പുലര്‍ച്ചെ കോണ്‍ഫറന്‍സ് പങ്കാളികള്‍ക്ക് നല്‍കുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്നത്. അതിനു വേണ്ടി ഒരു ടീം തന്നെ പ്രവര്‍ത്തിച്ചിരുന്നത്. ഫാ. ഷിബു ഡാനിയേലായിരുന്നു ഇത്തവണത്തെ ചീഫ് എഡിറ്റര്‍. കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്‌സും ഫോട്ടോഗ്രാഫര്‍മാരുടെയും പിന്തുണയും ക്രോണിക്കിളിനു കൂട്ടായുണ്ടെന്നു മാധ്യമപ്രവര്‍ത്തകനും ക്രോണിക്കിളിന്റെ സ്ഥിരം എഡിറ്ററുമായ ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. നാലു ദിവസത്തോളം രാത്രിയെ പകലാക്കി ജോലിയെടുത്തു, ഓരോ ദിവസം രാത്രി പതിനൊന്നു മണിവരെയുള്ള പരിപാടികള്‍ പിറ്റേന്നു പുലര്‍ച്ചെ പുറത്തിറങ്ങുന്ന പ്രിന്റ് എഡീഷനില്‍ പ്രസിദ്ധീകരിച്ചു. കേവലം രണ്ടു മണിക്കൂര്‍ മാത്രമായി ഉറക്കത്തെ പരിമിതപ്പെടുത്തി കൊണ്ടാണ് ഈ ഭഗീരഥ പ്രയത്‌നം നിര്‍വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി മേന്മയേറിയ പേപ്പറിലെ വര്‍ണ്ണശബളമായ പ്രിന്റിങ്ങിനു പുറമേ, കോണ്‍ഫറന്‍സിനു വേണ്ടിയുള്ള മൊബൈല്‍ ആപ്പിലും ക്രോണിക്കിള്‍ ലഭ്യമാക്കിയിരുന്നു.

അമേരിക്കയില്‍ പല കോണ്‍ഫറന്‍സുകള്‍ നടക്കാറുണ്ടെങ്കിലും അവിടെയൊന്നും ഇത്തരമൊരു ന്യൂസ് ലെറ്റര്‍ കണ്ടിട്ടില്ല. അതു കൊണ്ട് തന്നെ ഈ കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ ഒരു സംഭവമല്ല, മഹാസംഭവം തന്നെയാണെന്നു പറയാതെ വയ്യ. കാരണം, അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു വല്ലാത്ത പുതുമ തന്നെ. ഇവിടെ മാത്രമല്ല ലോകത്തൊരു കോണ്‍ഫറന്‍സിലും ഇങ്ങനെയൊരു ന്യൂസ് ലെറ്റര്‍ ഈ വിധത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും തോന്നുന്നില്ല. 

തുടര്‍ച്ചയായ ആറു വര്‍ഷമാണ് ഇത്തവണ ഈ ക്രോണിക്കിള്‍ പുറത്തിറങ്ങുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ പോര്‍ട്ടോ അലീഗ്ര സമ്മിറ്റില്‍ (ബ്രസീല്‍) മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു പങ്കെടുത്തപ്പോള്‍ അവിടെ ഇത്തരമൊരു ന്യൂസ് ലെറ്റര്‍ കണ്ടതാണ് ഇത്തരമൊരു ന്യൂസ് ലെറ്ററിനു പ്രചോദനമായതെന്നു തുമ്പയില്‍ പറഞ്ഞു. അവിടെ ഡബ്ല്യുസിസിയുടെ അനേക പ്രവര്‍ത്തകരുടെ സഹകരണവും ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ആ ആശയമാണ് കോണ്‍ഫറന്‍സില്‍ ഇങ്ങനെയൊരു ന്യൂസ് ലെറ്റര്‍ തുടങ്ങിവയ്ക്കാന്‍ കാരണമായത്. 

ഫിലഡല്‍ഫിയയില്‍ നിന്നുള്ള ഷേബാലിയച്ചന്റെ പിന്തുണയോടു കൂടിയായിരുന്നു ആദ്യലക്കം പ്രസിദ്ധീകരിച്ചത്. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അകമഴിഞ്ഞ പിന്തുണയും ക്രോണിക്കിളിന്റെ വിജയത്തില്‍ നിസ്തൂലമായ പങ്ക് വഹിക്കുന്നുണ്ടെന്നും തുമ്പയില്‍ പറഞ്ഞു.
കോണ്‍ഫറന്‍സ് പങ്കാളികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിയ ക്രോണിക്കിളിന്റെ പേജുകള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കാണുന്നതിനും വായിക്കുന്നതിനുമായി ഞങ്ങള്‍ ഇവിടെ പിഡിഎഫ് ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കുന്നു. (ഇമലയാളി ടീം.) 




കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്ന മഹാസംഭവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക