Image

കമലഹാസനും രജനികാന്തും തമിഴകത്ത് ഇനി എവിടേക്ക്

കലാകൃഷ്ണൻ Published on 29 July, 2019
കമലഹാസനും രജനികാന്തും തമിഴകത്ത് ഇനി എവിടേക്ക്

തമിഴ് രാഷ്ട്രീയം സിനിമാ രാഷ്ട്രീയമാണെന്ന് പരക്കെ പറയാറുണ്ട്. സിനിമക്കാരെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയാക്കാൻ തമിഴ് ജനത തയാറാകും എന്ന ചരിത്രമാണ് ഇതിന് പിന്നിൽ. എന്നാൽ ഇത് തീർത്തും തെറ്റായൊരു ധാരണയാണ് എന്നതാണ് യഥാർഥ്യം. ദ്രാവീഡ രാഷ്ട്രീയമാണ് എന്നും തമിഴകത്തിന്റെ അടിത്തറ. സിനിമയൊരു ശക്തമായ രാഷ്ട്രീയ കലാരൂപമെന്ന നിലയിൽ തമിഴകത്ത് വികസിച്ചപ്പോൾ അതിന്റെ പ്രതിനിധികളും രാഷ്ട്രീയത്തിൽ കിരീടം വെക്കാത്ത രാജാക്കൻമാരായി മാറി എന്ന് മാത്രം. ഇതിനൊരു അപവാദം ഏറെക്കുറെ ജയലളിത മാത്രമായിരുന്നു. 
ഇന്ന് തമിഴകം ഉറ്റുനോക്കുന്നത് കമലഹാസനെയും രജനികാന്തിനെയുമാണ്. എം.ജി.ആറിന് ശേഷം തമിഴകം കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങൾ രാഷ്ട്രയത്തിലേക്ക് കടക്കുമ്പോൾ തമിഴ് രാഷ്ട്രീയം ഇനി എങ്ങോട്ട് എന്നതാണ് പ്രധാന ചോദ്യം. 
മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയുമായി കമലഹാസൻ സ്വന്തം നിലയ്ക്ക് രംഗത്ത് എത്തുകയായിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു കമലഹാസൻ. എന്നാൽ രജനികാന്തിനെപ്പോലെ പ്രത്യക്ഷമായി ഡിഎംകെ രാഷ്ട്രീയത്തെ സപ്പോർട്ട് ചെയ്തിരുന്നുമില്ല പലപ്പോഴും. എന്ന ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ കാതലായ നിരീശ്വര വാദത്തെ ശക്തമായി പിന്തുടർന്നിരുന്നു. തന്റെ സിനിമകളിലൂടെ ദൈവത്തിന്റെ അസ്ത്വിത്വം തന്നെ പലപ്പോഴും ചോദ്യം ചെയ്തു. എന്നാൽ രജനികാന്ത് എപ്പോഴും ഇതിന്റെ എതിർവശത്തായിരുന്നു. ആത്മീയതായിരുന്നു എപ്പോഴും രജനികാന്തിന്റെ വഴി. ആത്മീയതയിൽ മുഴുകാൻ ഹിമാലയൻ യാത്രകളും മറ്റുമായി എപ്പോഴും ആരാധകർക്ക് മുമ്പിൽ തുറന്ന പുസ്തകം പോലെ രജനികാന്ത് നിന്നു. യുക്തിവാദത്തിന്റെയും ആത്മീയതയുടെയും ഈ വഴി രണ്ടുപേരും തങ്ങളുടെ സിനിമകളിൽ പ്രദർശിപ്പിച്ചു പോന്നു. എന്നാൽ കമൽ ഒരിക്കൽപ്പോലും രാഷ്ട്രീയ പ്രവേശനം പ്രഖ്യപിച്ചിരുന്നില്ല. പക്ഷെ രജനികാന്ത് എപ്പോഴും തന്റെ രാഷ്ട്രീയ താത്പര്യം പുറത്ത് പറയുകയും ചെയ്തിരുന്നു. 
തമിഴകത്തെ ജയലളിത കാലത്ത്  ഈ രണ്ടുപേരുടെയും രാഷ്ട്രീയ താത്പര്യത്തിന് യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. ജയലളിതയോട് ഉരസിയാൽ പിന്നെ സിനിമയിൽ പോലും കഷ്ടകാലമാകുമെന്ന് വ്യക്തമായി അറിയുന്ന രണ്ടുതാരങ്ങളും ജയലളിത കാലത്ത് രാഷ്ട്രയവുമായി ഇറങ്ങാൻ ധൈര്യം കാണിച്ചില്ല. എന്നാൽ ജയലളിതയുടെ അപ്രതീക്ഷിത മരണം തമിഴ് രാഷ്ട്രീയത്തെ നാഥനില്ലാ കളരിയാക്കി. കരുണാനിധിയില്ലാത്ത ഡിഎംകെയും ജയലളിതയില്ലാത്ത അണ്ണാ ഡിഎംകെയും ചുവടുറക്കാതെ നിന്ന് ആടിയപ്പോഴാണ് തങ്ങളുടെ നല്ല അവസരത്തെ കമലും രജനിയും കണ്ടെത്തിയത്. 
മക്കൾ നീതി മയ്യം എന്ന പാർട്ടിയുമായി ഒരു തെന്നിന്ത്യൻ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിച്ചുകൊണ്ട് അരവിന്ദ് കേജരിവാൾ പാർട്ടി മോഡലിലാണ് കമൽ രംഗപ്രവേശനം ചെയ്തതെങ്കിൽ രജനിക്ക് മുമ്പിൽ കൂടുതൽ വ്യക്തമായ പ്ലാനുകളുണ്ട്. ബിജെപിയുടെ അനുഗ്രഹത്തോടെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് രജനികാന്തിന്റെ മാസ്റ്റർ പ്ലാനിലുള്ളത്. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് രജനികാന്ത്. തമിഴകത്തെ ശക്തമായ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് കേരളത്തിൽ ഉള്ളത് പോലെ പോലും ഇറങ്ങാൻ ബിജെപിക്ക് കഴിയില്ല എന്ന് സംഘപരിവാരത്തിന് അറിയാം. എന്നാൽ തമിഴകത്തേക്ക് കടക്കാനുള്ള കുറുക്കുവഴിയാണ് ബിജെപിക്ക് രജനികാന്ത്. രജനികാന്തിന്റെ പാർട്ടിയെ തമിഴകത്തെ മുഖ്യധാരയിലേക്ക് വളർത്തുക. പിന്നീട് അതിന്റെ സഖ്യകക്ഷിയായി ബിജെപി മാറുക. അങ്ങനെയുള്ള മുന്നണിയിലൂടെ തമിഴകത്ത് അധികാരം പിടിക്കുക. ഇതാണ് അമിത് ഷായുടെ തന്ത്രം. രജനിയുടെ പാർട്ടിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതും ബിജെപി തന്നെ. 
എന്നാൽ ചിത്രം മാറിയത് ഡിഎംകെയുടെ ഉയിർപ്പോടെയാണ്. എപ്പോഴും അണ്ണാ ഡിഎംകെയെക്കാൾ ശക്തമായ പാർട്ടി സംവിധാനമുള്ളത് ഡിഎംകെയ്ക്കാണ്. കരുണാനിധിയുടെ മരണത്തിന് ശേഷം ഇനിയെങ്ങോട്ട് എന്ന സംശയത്തിൽ നിന്ന് സ്റ്റാലിൻ ശക്തനായ നേതാവായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിൽ കണ്ടത്. ശക്തമായ പ്രകടനം കാഴ്ചവെച്ച് സ്റ്റാലിൻ ഇനി തമിഴകത്തെ യഥാർഥ ദ്രാവിഡ രാഷ്ട്രീയത്തിന്റെ നേതാവ് താൻ തന്നെയെന്ന് ഉറപ്പിച്ചു. നേതാവിനെ കണ്ടെത്തിക്കഴിഞ്ഞിൽ പിന്നെ ദ്രാവിഡ രാഷ്ട്രീയം എന്നും പടക്കുതിര തന്നെയാണ്. അതുകൊണ്ടു തന്നെ ഡിഎംകയുടെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാകും 2021ൽ തമിഴകത്ത് അധികാരത്തിൽ എത്തുക എന്ന് ഏറെക്കുറെ ഉറപ്പിക്കാം. 
എന്നാൽ പുതിയൊരു രാഷ്ട്രീയ സ്ഥിതി വിശേഷം ഉയർന്നു വരുന്നത് കമൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച ക്യാംപെയിനർ പ്രശാന്ത് കിഷോറിനെ തനിക്കായി ഇറക്കുന്നു എന്നതാണ്. 2014ൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയതിന് പിന്നിലെ ക്യാംപെയിന്റെ സൃഷ്ടാവ് പ്രശാന്ത് കിഷോറാണ്. ബിഹാറിൽ നിതീഷ് കുമാറിനെയും പഞ്ചാബിൽ കോൺഗ്രസിനെയും അധികാരത്തിൽ എത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ. ഇപ്പോഴിതാ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച് വീണ്ടും അൽഭുതം സൃഷ്ടിച്ചു. ഇതേ പ്രശാന്ത് കിഷോർ ഇപ്പോൾ കമലിനായി തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് മക്കൾ നീതി മയ്യം പാർട്ടിക്കുള്ളത്. കമലിന്റെ പ്രഫഷണലിസവും പ്രശാന്ത് കീഷോറിന്റെ തന്ത്രങ്ങളും ചേരുമ്പോൾ പുതിയ അൽഭുതങ്ങൾ സംഭവിച്ചേക്കാം. ആന്ധ്രിയിൽ അത്ഭുതം കാട്ടിയെങ്കിൽ അത് തമിഴകത്തും ഫലിക്കാം. അപ്പോൾ പിന്നെ ഈ കളിയിൽ എവിടെയാകും രജനികാന്തിന്റെ സ്ഥാനം എന്നതാണ് പ്രധാന ചോദ്യം. ഇതിനേക്കാളൊക്കെ വലിയൊരു കളി അമിത്ഷായുടെ ബുദ്ധിയിൽ രജനിക്കായി ഒരുങ്ങുന്നുണ്ടോ എന്ന് കാത്തിരുന്ന് കാണാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക