Image

ജര്‍മനിയില്‍ വൈദികനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച

Published on 29 July, 2019
ജര്‍മനിയില്‍ വൈദികനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച


ബര്‍ലിന്‍: ജര്‍മനിയില്‍ വൈദികനെ ആക്രമിച്ച് കെട്ടിയിട്ടതിനുശേഷം കവര്‍ച്ച ചെയ്ത സംഭവം പോലീസിന് തലവേദനയാവുന്നു. വെസ്റ്റ് ഫാളിയ നഗരത്തിലെ ബോഹും നഗരത്തിലെ റിംകെ സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ ഇടവക വികാരിക്കാണ് ഈ ദുര്യനുഭവം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വൈദികന്‍ ആക്രമിക്കപ്പെട്ടതും പണാപഹരണത്തിന് ഇരയായതും.

അറുപത്തിയാറുകാരനായ ഫാ.തോമസ് ക്യു. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് യാത്ര കഴിഞ്ഞ് സ്വവസതിയില്‍ തിരിച്ചെത്തിയത്. രാത്രി 11.50 നും ഒരു മണിക്കും ഇടയിലാണ് ആക്രമണം ഉണ്ടായതെന്ന് വൈദികന്‍ പോലീസിനോടു പറഞ്ഞു. മര്‍ദ്ദിച്ചവശനാക്കിയ ശേഷം കെട്ടിയിട്ടിട്ടാണ് അലമാര തുറന്ന് പണം മോഷ്ടിച്ചത്. ഏതാണ്ട് ആയിരത്തില്‍ താഴെ പണം മാത്രമേ അലമാരയിലുണ്ടായിരുന്നുള്ളു. വൈദികന്റെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമി ഓടി രക്ഷപെട്ടിരുന്നു. തുടര്‍ന്നു പോലീസെത്തിയാണ് വൈദികനെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വൈദികനെ ആശുപത്രിയില്‍ നിന്ന് പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. പിറ്റെന്നു ഞായറാഴ്ച രാവിലത്തെ ദിവ്യബലി സമയത്ത് വൈദികന്‍തന്നെ സംഭവം ഇടവകാംഗങ്ങളെ അറിയിച്ചു. അക്രമിക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 

സമാനമായ സംഭവം ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞു വര്‍ഷം ബോഹും നഗരത്തിനടുത്തുള്ള ഹാള്‍ട്ടന്‍ നഗരത്തില്‍ ഒരു മലയാളി വൈദികനെ കെട്ടിയിട്ട് പണാപഹരണം നടത്തിയ സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റുചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക